
ലോകത്ത് പല രാജ്യങ്ങളിലും ആളുകൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് വിവാഹത്തിന് താല്പര്യം കുറഞ്ഞുവരികയാണ് എന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. 2023 -ൽ യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റൺ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പറയുന്നത്, ലോകജനസംഖ്യയുടെ 89 ശതമാനം പേരും വിവാഹനിരക്ക് കുറയുന്ന ഒരു രാജ്യത്താണ് താമസിക്കുന്നത് എന്നാണ്. പല രാജ്യങ്ങളിലും യുവാക്കൾക്ക് മൊത്തത്തിൽ വിവാഹത്തോട് വിമുഖതയുണ്ടെന്നും അതിന് വിവിധ കാരണങ്ങളാണ് എന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു.
കാരണങ്ങളെന്ത്?
സാമ്പത്തികമായി വരുമാനമില്ലാത്ത സ്ത്രീകളെ സുരക്ഷിരാക്കാനും, കുട്ടികളെ പ്രസവിച്ച് വളർത്താനും, കുടുംബത്തെ നോക്കാനും ഒക്കെയായിട്ടാണ് പലരും പഴയ കാലങ്ങളിൽ വിവാഹത്തെ കണ്ടിരുന്നത്. ഒരുമിച്ച് ജീവിതം കെട്ടിപ്പടുക്കുക, കാര്യങ്ങളെല്ലാം പരസ്പരം പങ്കുവയ്ക്കുക, കൂട്ടുത്തരവാദിത്തമായി കുടുംബത്തെ കാണുക തുടങ്ങിയ കാര്യങ്ങളൊന്നും വിശാലാർത്ഥത്തിൽ അന്ന് ചർച്ചയായില്ല.
സാമ്പത്തിക സ്വാതന്ത്ര്യം
ഇന്ന് സ്ത്രീകൾ ജോലിക്ക് പോകുന്നുണ്ട്, സ്വന്തമായി വരുമാനമുണ്ടാക്കുന്നുണ്ട്. ഇക്കാര്യങ്ങളിലെല്ലാം തുല്ല്യത കൈവന്നുവെങ്കിലും പലപ്പോഴും വീടിന്റെ അകത്തേക്ക് സൂക്ഷ്മാർത്ഥത്തിൽ ഈ തുല്ല്യത (Equality) എത്തിയിട്ടില്ല. ഇപ്പോഴും വീട്ടിലെ കാര്യങ്ങൾ -കുട്ടികളെ നോക്കുക, പാചകം ചെയ്യുക, വീട് വൃത്തിയാക്കുക, അലക്കുക തുടങ്ങിയ ജോലികളെല്ലാം തന്നെ സ്ത്രീകൾ മാത്രമായി ചെയ്യേണ്ടി വരും.
ജോലിക്ക് പോകുന്നുണ്ടെങ്കിലും ഭർത്താവിനെ ശമ്പളം ഏല്പിക്കുകയും ചെലവിനുള്ള തുക പോലും ചോദിച്ച് വാങ്ങേണ്ടിയും വരുന്ന സ്ത്രീകളുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഇതിനേക്കാളുപരി സ്വയം ജോലി ചെയ്ത് സ്വയം ജീവിക്കുന്നതല്ലേ എന്ന ചിന്തകളും സ്ത്രീകളിലുണ്ടായിട്ടുണ്ട്. അതിൽ പ്രധാനം സ്വന്തം സ്വാതന്ത്ര്യം വിവാഹിതയായതുകൊണ്ട് മാത്രം മറ്റൊരാളെ ഏല്പിക്കാനും ആവശ്യാനുസരണം ചോദിച്ചു വാങ്ങാനും പല സ്ത്രീകളും തയ്യാറല്ല എന്നതും ആവാം.
കരിയറിലെ അവസരങ്ങൾ
പഴയതുപോലെയല്ല, സ്ത്രീകൾക്ക് കരിയറിൽ ഒരുപാട് അവസരങ്ങളാണ് ഇന്നുള്ളത്. സകല മേഖലകളിലും ഇന്ന് സ്ത്രീകളും പുരുഷന്മാർക്കൊപ്പം ജോലി ചെയ്യുന്നുണ്ട്. ഇത് സ്ത്രീകളുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും വെല്ലുവിളികളുണ്ടെങ്കിലും കരിയറിൽ കൂടി വളരാനുള്ള അവരുടെ സാധ്യതകൾ വിപുലമാവുകയും ചെയ്തു. അതോടെ വിവാഹമാർക്കറ്റിലെ പഴഞ്ചൻ ആശയങ്ങളോട് സ്ത്രീകൾ സമരസപ്പെടില്ല എന്ന അവസ്ഥ വന്നിട്ടുണ്ട്.
2023 -ലെ ഒരു ലിങ്ക്ഡ്ഇൻ റിപ്പോർട്ട് കാണിക്കുന്നത് 62% ഇന്ത്യൻ സ്ത്രീകളും വിവാഹത്തേക്കാൾ പ്രാധാന്യം നൽകുന്നത് തങ്ങളുടെ കരിയറിനാണ് എന്നാണ്.
സാമൂഹികമായ മാറ്റങ്ങൾ
ലോകമെമ്പാടും സാമൂഹികമായ മാറ്റങ്ങൾ അനുദിനം സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്. വളരെ മെല്ലെയാണെങ്കിലും വീട്, കുടുംബം, വ്യവസ്ഥിതി, ബന്ധങ്ങൾ, ഐഡന്റിറ്റി തുടങ്ങിയ കാര്യങ്ങളിലും ഈ മാറ്റം പ്രകടമാണ്. സ്ത്രീകളെ കരുതലോടെ നോക്കേണ്ടുന്ന, വീട് പരിപാലിക്കേണ്ടുന്ന ആൾ പുരുഷനാണ് എന്നും മുന്നോട്ടുള്ള ജീവിതത്തിന് അത് അത്യാവശ്യമാണ് എന്നുമുള്ള ചിന്താഗതി മാറിത്തുടങ്ങി.
വിവാഹം എന്നതിന് പകരം 'പാർട്‍ണർഷിപ്പ്' (Partnership) എന്ന വാക്കും ഭർത്താവ്, ഭാര്യ എന്നിവയ്ക്ക് പകരം 'പങ്കാളി' അഥവാ 'പാർട്‍ണർ' (Partner) എന്ന വാക്കും വ്യാപകമായി ഉപയോഗിക്കുന്നുണ്ട് ഇന്ന്. വാക്കിൽ മാത്രമല്ല, പല സ്ത്രീകളും ഇന്ന് ഒരു വിവാഹത്തിൽ ആഗ്രഹിക്കുന്നത് എല്ലാത്തരത്തിലുമുള്ള പങ്കാളിത്തവും പങ്കാളിയെയും ആണ്. ഈ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ പലപ്പോഴും പുരുഷന്മാർക്ക് സാധിക്കാറില്ല. അത് സമൂഹത്തിന്റെ കാഴ്ച്ചപ്പാടുകളുമായിത്തന്നെയാണ് ബന്ധപ്പെട്ടിരിക്കുന്നത്.
കുടുംബവും സുഹൃത്തുക്കളും
ഇന്ന് പല സ്ത്രീകളും വീടിനകത്ത് മാത്രമല്ല പുറത്തും നല്ല ബന്ധങ്ങളുണ്ടാക്കുന്നവരാണ്. എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ ഓടിച്ചെല്ലാനും ഓടിവരാനുമുള്ള ബന്ധങ്ങൾ പലർക്കും ഉണ്ട്. കാര്യങ്ങൾ പരസ്പരം പങ്കുവയ്ക്കാനും അത്യാവശ്യഘട്ടങ്ങളിൽ കൂടെ നിൽക്കാനും ആളുകളുണ്ട്. സമാനസ്വഭാവവും ഇഷ്ടങ്ങളും ഉള്ളവരുടെ ഗ്രൂപ്പുകളുണ്ട്. ഇതെല്ലാം വിവാഹം എല്ലാ തരത്തിലും യോജിച്ച പങ്കാളിയെ കണ്ടെത്തിയാൽ മാത്രം നടക്കേണ്ടുന്ന ഒന്നാണ് എന്ന ചിന്ത സ്ത്രീകളിലുണ്ടാക്കിയിട്ടുണ്ട്.
ലിവിംഗ് ടു ഗെദർ
വിവാഹത്തിന് പകരം മറ്റ് ബദലുകൾ തേടുന്നവരും ഇന്ന് ഒരുപാടുണ്ട്. ഒരുമിച്ച് ജീവിച്ച് നോക്കി ശരിയാകുമെങ്കിൽ മാത്രം വിവാഹം എന്ന കാഴ്ച്ചപ്പാടിലൂടെ മുന്നോട്ട് പോകുന്നവർ ഇന്നൊരു പുതിയ കാഴ്ചയല്ല. ചില ബന്ധങ്ങളെല്ലാം വിവാഹത്തിൽ എത്തുന്നുണ്ടെങ്കിലും വിവാഹത്തിലെത്തിച്ചേരാത്ത എത്രയോ ബന്ധങ്ങളുണ്ട്.
സാമ്പത്തികമായ പ്രതിസന്ധികളും ഭയവും
അതേസമയം, ഇതൊന്നുമല്ലാത്ത കാരണങ്ങളും ഉണ്ട് വിവാഹത്തോടുള്ള വിമുഖതയ്ക്ക് പിന്നിൽ. ചില രാജ്യങ്ങളിൽ ജീവിതച്ചെലവ് കുത്തനെ കൂടുന്നതും ഒരു കുടുംബവുമായി മുന്നോട്ട് പോകാനും കുട്ടികളെ വളർത്താനും പറ്റിയ സാഹചര്യമുണ്ടോ എന്ന ആശങ്കയുമെല്ലാം യുവാക്കളെ വിവാഹത്തിൽ നിന്നും പിന്നോട്ട് വലിക്കുന്നുണ്ട്.
എന്തിനേറെ പറയുന്നു, പ്രകൃതിദുരന്തവും രോഗവും കാലാവസ്ഥാവ്യതിയാനവും വരെ വിവാഹം, കുടുംബം എന്നീ കാര്യങ്ങളിൽ തീരുമാനമെടുക്കുമ്പോൾ ആളുകളെ സ്വാധീനിക്കുന്ന അവസ്ഥയുണ്ടിന്ന്.
വിവാഹം കഴിക്കാത്ത യുവാക്കൾ; ജനനനിരക്കിലെ ആശങ്ക
വിവാഹം കഴിക്കാത്തതും കുഞ്ഞുങ്ങളില്ലാത്തതും രാജ്യത്തെ ജനസംഖ്യയെ ബാധിക്കുന്നു എന്ന ആശങ്കയുമായി മുന്നോട്ട് പോകുന്ന രാജ്യങ്ങളും ഉണ്ട്. ഉദാഹരണത്തിന്, ജപ്പാനിൽ യുവാക്കളെ വിവാഹം കഴിക്കുന്നതിനും, കുടുംബവും കുട്ടികളുമായി ജീവിക്കാനും പ്രോത്സാഹിപ്പിക്കാൻ സർക്കാർ തന്നെ മുന്നോട്ട് വരുന്നുണ്ട്.
ജപ്പാനിലെ ചിൽഡ്രൻ ആൻഡ് ഫാമിലീസ് ഏജൻസി കുറച്ച് വർഷം മുമ്പ് 25 -നും 34 -നും ഇടയിൽ പ്രായമുള്ള അവിവാഹിതരായ ആളുകളിൽ നടത്തിയ ഒരു സർവേ പറയുന്നത് പലരും പങ്കാളികളെ കണ്ടെത്താനുള്ള ശ്രമം പോലും നടത്തുന്നില്ല എന്നാണ്.
നഗരങ്ങളിലെ ഉയർന്ന ജീവിതച്ചെലവ്, നല്ല ജോലികളില്ലാത്തത്, പങ്കാളികൾക്ക് ഇരുവർക്കും ജോലി ഉണ്ടായാൽ മുന്നോട്ട് പോകുമ്പോഴുള്ള ബുദ്ധിമുട്ട്, കുട്ടികൾ ജനിച്ചശേഷം സ്ത്രീകൾക്ക് ജോലിസ്ഥലത്തേക്ക് മടങ്ങിച്ചെല്ലാനാവുമോ എന്നുള്ള ആശങ്ക തുടങ്ങിയവയെല്ലാം ജപ്പാനിലെ യുവാക്കളിൽ വിവാഹം കഴിക്കാനോ കുടുംബവുമായി മുന്നോട്ട് പോകാനോ മടിയുണ്ടാക്കുന്ന അവസ്ഥയിലാക്കിയിട്ടുണ്ട്.
പല രാജ്യങ്ങളിലും പലപല സാഹചര്യങ്ങൾ കൊണ്ടാണ് ആളുകൾ വിവാഹിതരാവാൻ മടിക്കുന്നത്.
ഇന്ത്യയിലെ സ്ത്രീകൾ
ഇന്ത്യയിലെ സ്ത്രീകളും വിവാഹത്തേക്കാളുപരി ഇന്ന് കരിയറിന് പ്രാധാന്യം നൽകുന്നുണ്ട്. വിവാഹം സ്ത്രീകളെ സുരക്ഷിതരാക്കാനുള്ളതാണ് എന്ന പഴഞ്ചൻ ചിന്താഗതി മാറി പരസ്പരബഹുമാനത്തോടെ ഒരുമിച്ച് മുന്നോട്ടുപോകാനും ഒരുമിച്ച് വളരാനുമുള്ള ഒന്നായിട്ടാണ് ഇന്ന് പലരും വിവാഹത്തെ കാണുന്നത്.
സ്ത്രീകളുടെ പല ആവശ്യങ്ങളും (Demands) സമ്മതിക്കാൻ പുരുഷന്മാർ ഇന്നും തയ്യാറല്ല. വീട്ടിലെ ജോലികൾ തുല്ല്യ ഉത്തരവാദിത്തത്തോടെ ചെയ്യുക, കുട്ടികളെ നോക്കുന്നതടക്കമുള്ള കാര്യങ്ങളിൽ തുല്ല്യ പങ്കാളിത്തം, ജോലിയോ സ്വാതന്ത്ര്യമോ വേണ്ടെന്നുവച്ചുള്ള ജീവിതം സാധ്യമല്ല തുടങ്ങിയ കാര്യങ്ങളിലെല്ലാം സ്ത്രീകൾക്ക് അഭിപ്രായങ്ങളുണ്ട്.
തുടരെത്തുടരെയുണ്ടാവുന്ന സ്ത്രീധന മരണങ്ങളും ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനങ്ങളുമെല്ലാം വാർത്തകളായി മുന്നിലെത്തുമ്പോൾ സ്ത്രീകളിലുണ്ടാകുന്ന ആശങ്കകളും ചെറുതല്ല. അത്തരം ഒരു ജീവിതത്തിന് താല്പര്യമില്ല എന്ന് തന്നെയാണ് സ്ത്രീകളുടെ നിലപാട്.
സ്വാതന്ത്ര്യത്തിന് തന്നെയാണ് ലോകമെമ്പാടും പല സ്ത്രീകളും ഇന്ന് മുൻതൂക്കം നൽകുന്നത്. സ്വന്തം ജീവിതത്തിന് മറ്റാരോടെങ്കിലും നിരന്തരം ഉത്തരം പറയാൻ അവർ ആഗ്രഹിക്കുന്നില്ല എന്ന് അർത്ഥം.
എന്തൊക്കെ പറഞ്ഞാലും, ഇന്നും സാമൂഹികപരമായ പല വെല്ലുവിളികളും സ്ത്രീകൾക്ക് മുന്നിലുണ്ട്. വിവാഹം വേണ്ട എന്ന തീരുമാനം കൈക്കൊള്ളാനോ, സങ്കല്പത്തിനൊത്ത ഒരാളെ വിവാഹത്തിനായി കണ്ടെത്താനോ ഇന്നും അവർക്ക് ചിലപ്പോൾ സാധിക്കാറില്ല. എങ്കിലും, ലോകമെമ്പാടും സ്ത്രീകളുടെ വിവാഹത്തെ കുറിച്ചും പങ്കാളികളെ കുറിച്ചുമുള്ള സങ്കല്പം (Concept) മാറുന്നുണ്ട് എന്ന കാര്യത്തിൽ സംശയമില്ല.