'ഇതാ നിന്റെ പശു.. ആട്.. ഒട്ടകം.. പകരം, ഞങ്ങൾക്ക് ആയുസ്സും ആരോഗ്യവും സൗഖ്യവും മഴയും തന്നേക്കണം'

By Babu RamachandranFirst Published Feb 15, 2019, 12:57 PM IST
Highlights

ആകാശവാസിയാണ്‌ ‘അകുജ്’. അഥവാ ആകാശം തന്നെയാണെന്നും പറയാം. മലകൾക്കു മുകളിലും അകുജ് താമസമുണ്ട്.. പ്രത്യേകിച്ചും തുർക്കാനയിൽ മഴപെയ്യിക്കുന്ന മലകൾക്കുമുകളിൽ. ഏതിനും, 'മഴ' എന്നതാണ്‌ അകുജിന്റെ അസ്തിത്വം. ഇടിയിലും മിന്നലിലുമൊന്നും ഇവർ അകുജിന്റെ സാന്നിധ്യം കാണുന്നില്ല. കാരണം, ഇവർക്കറിയാം.. മഴയില്ലാതെയും ഇടിയും മിന്നലുമുണ്ടാവാം. പക്ഷേ, അകുജില്ലാതെ മഴപെയ്യില്ലല്ലോ..! 

ജീവിതത്തിൽ നമ്മളെ സ്വാധീനിക്കുന്ന പലതുമുണ്ട്. അധിനിവേശങ്ങൾ..  നമ്മൾ കാണുകയും, കേൾക്കുകയും, വായിക്കുകയും ചെയ്യുന്ന പലതും.. അങ്ങനെ  നിരന്തരം മാറുന്ന നമ്മൾ, തലമുറ പലതുപിന്നിടുമ്പോൾ, നമുക്കു പിന്നിൽ കൈവിട്ടുപോരുന്ന ചിലതുണ്ട്. നമ്മുടെ തനതു വാഴ്‌വുകള്‍. ഒന്നിനും വഴിപ്പെടാതെ ഇന്നും തുടരുന്ന ചില ജീവിതങ്ങളിലേക്ക് തിരിച്ചുവെച്ച ഒരു നേർക്കണ്ണാടി..

ദി 'കമ്പ്ളീറ്റ്' ഗോഡ് 

തുർക്കാനക്കാരുടെ ദൈവ വിശ്വാസം വളരെ ലളിതമാണ്‌. ദൈവമായിട്ട് പ്രധാനമായും ഒരാളേയുള്ളൂ..‘അകുജ്’എന്നാണ്‌ ദൈവത്തിന്റെ പേര്‌. ആകാശത്തോ അല്ലെങ്കിൽ മലമുകളിലോ ഒക്കെയാണ്‌ താമസമെന്നാണ്‌ വെപ്പ്. നേരിട്ട് പ്രാർത്ഥിച്ചാൽ കേൾക്കും. ഇടനിലക്കാരും അവൈലബിളാണ്‌. പൂശാരിമാർ ഇവിടെയുമുണ്ട്. പിന്നെ അവരുടെ തന്നെ തലമുതിർന്ന കാർന്നോന്മാരും അല്ലെങ്കിൽ മരിച്ചുമണ്ണടിഞ്ഞ പൂർവ്വികരും വഴിക്കും പ്രാർത്ഥനകൾ നീക്കാം. വരണ്ടതരിശുനിലങ്ങളിൽ കഴിഞ്ഞുപോരുന്ന മറ്റ് ജനതകളെപ്പോലെ ഇവരും ദൈവത്തിന്റെ തിരിച്ചുള്ള കമ്മ്യൂണിക്കേഷന്റെ അടയാളങ്ങളായി കാണുന്നത് അവർക്ക് അവശ്യം വേണ്ടുന്ന ഒന്നിന്റെ റേഷനിംഗുമായി ബന്ധപ്പെടുത്തിയാണ്‌. ‘മഴ’.. ദൈവം സന്തുഷ്ടനാണെങ്കിൽ മഴപെയ്യും.. വരൾച്ച ദൈവകോപത്തിന്റെ നേർലക്ഷണമാണ്‌. ദൈവം തുർക്കാനനോട് കോപിച്ചാൽ മഴയെ പിടിച്ചുനിർത്തിക്കളയും. 

മലകൾക്കു മുകളിലും അകുജ് താമസമുണ്ട്

പിന്നെ അദ്ദേഹത്തിന്റെ ‘പ്ളാനിംഗ്’. അതങ്ങനെ സാധാരണക്കാർക്കൊന്നും അറിയാനൊക്കില്ല. അതിന്മേൽ ‘വൈ-ഫൈ ആക്സസ്സ്’ കിട്ടിയിട്ടുള്ള ഒരു കൂട്ടരുണ്ട്. ദൈവത്തിന്റെ പ്ളാനിങ്ങിനെക്കുറിച്ച് ക്കുറിച്ച് സ്വപ്നങ്ങളിൽ അറിവു കിട്ടുന്ന ഇവർ വഴി, ജീവിതത്തിന്റെ സുപ്രധാന ഘട്ടങ്ങളിൽ, ജനനം, വിവാഹം, മരണം എന്നിങ്ങനെയുള്ള അവസരങ്ങളിൽ ദൈവത്തിനെ വിളിയോട് വിളിയാണ്‌ തുർക്കാനർ. അല്ലാത്തപ്പൊഴൊന്നും ദൈവമെന്നൊരു മനുഷ്യൻ മേലെയുണ്ടെന്നേ ഓർക്കുകയോ നിത്യം പ്രാർത്ഥിച്ച് ശല്യം ചെയ്യുകയോ ഇല്ല ഇവർ. 

ആകാശവാസിയാണ്‌ ‘അകുജ്’. അഥവാ ആകാശം തന്നെയാണെന്നും പറയാം. മലകൾക്കു മുകളിലും അകുജ് താമസമുണ്ട്.. പ്രത്യേകിച്ചും തുർക്കാനയിൽ മഴപെയ്യിക്കുന്ന മലകൾക്കുമുകളിൽ. ഏതിനും, 'മഴ' എന്നതാണ്‌ അകുജിന്റെ അസ്തിത്വം. ഇടിയിലും മിന്നലിലുമൊന്നും ഇവർ അകുജിന്റെ സാന്നിധ്യം കാണുന്നില്ല. കാരണം, ഇവർക്കറിയാം.. മഴയില്ലാതെയും ഇടിയും മിന്നലുമുണ്ടാവാം. പക്ഷേ, അകുജില്ലാതെ മഴപെയ്യില്ലല്ലോ..! അകുജ് എന്ന വാക്കുതന്നെ ആകാശം എന്നർത്ഥം വരുന്ന ‘നകുജ്’ എന്ന വാക്കിൽ നിന്നും ഉത്ഭവിച്ചതാണ്‌. ദയാലുവാണ്‌ അകുജ്, എന്നാൽ കോപിച്ചാൽ ജീവനെടുക്കാനും അകുജിന്‌ മടിയില്ല.പക്ഷേ, ദൈവത്തെ ആസ്പദമാക്കി ഒരു സൃഷ്ടിസങ്കല്പം ഇവർക്കില്ല. ദൈവത്തിന്‌ ആകെ ഒരു പണിയേയുള്ളു. മഴപെയ്യിക്കുക..! 

ആകാശത്ത് അകുജിനെക്കൂടാതെ വേറെയും ഒരു സംഭവം കൂടിയുണ്ട്. ഗിയപ്പാൻ അഥവാ ആത്മാക്കൾ എന്നൊക്കെ വിളിക്കുന്നു. ക്ഷാമം, വരൾച്ച, വെള്ളപ്പൊക്കം, പകർച്ചവ്യാധികൾ അങ്ങനെ എന്ത് വിനാശങ്ങൾ വന്നാലും അവർ ഇവർക്കുരണ്ടിനും മൃഗബലി നടത്തുന്നു. ഇതിനോടനുബന്ധിച്ചാണ്‌ നമ്മുടെ സ്വപ്നത്തിൽ വെളിച്ചപ്പെടുന്ന മന്ത്രവാദിമാരുടെ മാർക്കറ്റ്.. ഇവർ ഒന്നുകിൽ ദൈവത്തിന്റെ ഉദ്ദേശമെന്തെന്ന് സ്വപ്നത്തിൽ കണ്ട് പറയും. അലെങ്കിൽ, അല്പം മെലോഡ്രാമ ഇഷ്ടപ്പെടുന്നവരാണെങ്കിൽ ബലികൊടുത്ത മൃഗത്തിന്റെ കുടൽ മാല നോക്കിയോ, അല്ലെങ്കിൽ പുകയിലയിൽ നോക്കിയോ, മാല, കല്ല് അങ്ങനെ പലവിധം സാധനങ്ങൾ നോക്കിയോ വായിച്ചെടുക്കുന്നു. ചിലർ ചെരുപ്പുകൾ ടോസ്സ് ചെയ്യുമ്പോൾ വീഴുന്ന രീതി വെച്ച് പറയുന്നു. 

ഇവർക്ക് പ്രവചനം മാത്രമല്ല, രോഗങ്ങളുടെ കാരണം കണ്ടെത്തലും ചികിത്സ നിർദ്ദേശിക്കലും ഒക്കെ ഉത്തരവാദിത്വങ്ങളായുണ്ട്. ഇവർ ഇങ്ങനെ സ്വപ്നത്തിൽ അകുജിനെ കണ്ടുതുടങ്ങുന്നത് ഒരു സുപ്രഭാതം മുതൽക്കാണ്‌. ഒന്നുമറിയാതെ ഉറങ്ങിക്കിടക്കുന്ന തിരഞ്ഞെടുക്കപ്പെട്ട തുർക്കാനനെ അകുജ് ഉറക്കത്തിൽ എണീപ്പിച്ച് കൊണ്ടുപോവുമത്രേ.. ഒരു പാട് പച്ചപ്പും, മരങ്ങളുമൊക്കെയുള്ള ഒരിടത്തേക്ക്. ഒക്കെക്കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തുമ്പൊഴും നമ്മുടെ പ്രവാചകന്റെ അമ്പരപ്പ് മാറിയിട്ടുണ്ടാവില്ല. ആ അനുഭവം വീട്ടുകാരോടും ബന്ധുക്കളോടുമെല്ലാം പങ്കുവെക്കപ്പെടും. മുമ്പ് ഇതുപോലെ പ്രവാചകനായിട്ടുള്ള ഏതെങ്കിലും ഒരാളിന്റെയടുത്ത് കൊണ്ടുപോയി മേൽപ്പറഞ്ഞതിന്റെ സത്യാവസ്ഥ ബോധ്യപ്പെടേണ്ടതുണ്ട് അംഗീകാരത്തിനുമുമ്പ്. തട്ടിക്കൊണ്ടുപോയത് അകുജ് തന്നെയാണെന്ന് ഉറപ്പിച്ചുകഴിഞ്ഞാൽ പിന്നെ ഔദ്യോഗികമായി അയാൾ പ്രവാചകനും സ്വപ്നദർശകനും ഒക്കെ ആവുകയായി. 

ഒരിക്കലും തങ്ങളുടെ ഇഷ്ടജനങ്ങളെ വിട്ട് പോവാറില്ല പൂർവ്വികർ എന്നും അവർ സമാധാനിക്കുന്നു

ഇവരുടെ മൃഗബലികൾ വളരെ നേർവഴിക്കുള്ളതാണ്‌.. ‘അകുജ്.. ഇതാ നിന്റെ പശു.. ആട്..ഒട്ടകം..’ - ‘ ഞങ്ങൾക്ക് ആയുസ്സും ആരോഗ്യവും സൗഖ്യവും മഴയും തന്നേക്കണം പകരം. '' അത്രേയുള്ളൂ പ്രാർത്ഥന. വറുത്ത ഇറച്ചിയുടെ മണം അകുജിനെ സന്തോഷിപ്പിക്കുമെന്നാണ്‌ ഇവരുടെ ഒരു വിശ്വാസം. മഴപോലെ ഇവർക്ക് പവിത്രമാണ്‌ തണലും.. ശുഭകാര്യങ്ങൾ പലതും അവർ മരത്തണലിലാണ്‌ ചെയ്യുക. നാട്ടുകൂട്ടങ്ങൾ, സദ്യകൾ, വിവാഹം, അലങ്കാരപ്പണികൾ. ആയുധനിർമ്മാണം ഒക്കെയും മരത്തണലുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. 

മരണശേഷം ആകാശത്തേക്ക് ദൈവത്തിങ്കലേക്ക് ആത്മാക്കളുടെ ആവി പറന്നുപോവുമെന്നൊക്കെയാണ്‌ പൊതുവേയുള്ള വിശ്വാസമെങ്കിലും, ഒരിക്കലും തങ്ങളുടെ ഇഷ്ടജനങ്ങളെ വിട്ട് പോവാറില്ല പൂർവ്വികർ എന്നും അവർ സമാധാനിക്കുന്നു. നല്ല പൂർവ്വികർക്ക് ബന്ധുക്കൾക്കുവേണ്ടി അകുജുമായി സംസാരിക്കാൻ കഴിയും.. അകുജിനെ പറഞ്ഞ് സന്തോഷിപ്പിച്ച് മഴപെയ്യിക്കാനാവും.. അസുഖങ്ങൾ സുഖപ്പെടുത്താനാവും.. അങ്ങനെ പലതും..ദൈവത്തിനും തുർക്കാനർക്കും ഇടയ്ക്കുള്ള ഒരു കണ്ണിയായി പ്രവാചകർക്കൊപ്പം, പലപ്പോഴും ഈ പൂർവ്വികാത്മാക്കളും വർത്തിക്കുന്നു.

തുര്‍ക്കാനയിലെ കംപ്ലീറ്റ് മാന്‍ ആകാന്‍

‘മുത്തുമാലയിടാത്ത പെണ്ണ്‌ ചീത്ത.. ഒരു ചെക്കനും തിരിഞ്ഞു നോക്കില്ല' ഓരോരോ ആചാരങ്ങള്‍!

click me!