‘മുത്തുമാലയിടാത്ത പെണ്ണ്‌ ചീത്ത.. ഒരു ചെക്കനും തിരിഞ്ഞു നോക്കില്ല' ഓരോരോ ആചാരങ്ങള്‍!

By Babu RamachandranFirst Published Feb 13, 2019, 12:32 PM IST
Highlights

സ്വാഭാവികമായും വരുന്നൊരു സംശയമുണ്ട്.. എന്തിനാണിങ്ങനെ മുത്തുമാലകൾ കൊണ്ട് കഴുത്തു നിറച്ച് നടക്കുന്നതെന്ന്.. അതിന്‌ ഇവിടത്തെ
പെൺകുട്ടികൾക്കിടയിൽ നിന്നു തന്നെ കിട്ടുന്ന ഉത്തരമിതാണ്‌. ‘മുത്തുമാലയിടാത്ത പെണ്ണ്‌ ചീത്തപ്പെണ്ണാണ്‌.. അവളെ ഒരു ചെക്കനും തിരിഞ്ഞു
നോക്കില്ല'', ’ മുത്തില്ലെങ്കിൽ പെണ്ണ്‌ പട്ടിയെപ്പോലെയാ കാണാൻ”, പെണ്ണുങ്ങൾക്ക് പരസ്പരം അഭിമാനപൂർവ്വം പ്രദർശിപ്പിക്കാനുള്ള എന്തോ
ആണിവിടെ മുത്തുമാലകൾ. 

ജീവിതത്തിൽ നമ്മളെ സ്വാധീനിക്കുന്ന പലതുമുണ്ട്. അധിനിവേശങ്ങൾ..  നമ്മൾ കാണുകയും, കേൾക്കുകയും, വായിക്കുകയും ചെയ്യുന്ന പലതും.. അങ്ങനെ  നിരന്തരം മാറുന്ന നമ്മൾ, തലമുറ പലതുപിന്നിടുമ്പോൾ, നമുക്കു പിന്നിൽ കൈവിട്ടുപോരുന്ന ചിലതുണ്ട്. നമ്മുടെ തനതു വാഴ്‌വുകള്‍. ഒന്നിനും വഴിപ്പെടാതെ ഇന്നും തുടരുന്ന ചില ജീവിതങ്ങളിലേക്ക് തിരിച്ചുവെച്ച ഒരു നേർക്കണ്ണാടി..

തുർക്കാനാ വാറിയേഴ്സിലെ സമ്പൂർണ്ണ പുരുഷ സങ്കല്പ്പത്തെക്കുറിച്ച് കഴിഞ്ഞതവണ പറഞ്ഞല്ലോ. അതുപോലെ തന്നെ രസകരമാണ്‌ ഇവരുടെ സമ്പൂർണ്ണ സ്ത്രീ സങ്കല്പവും. ആൺകുട്ടികൾ, പെറ്റുവീഴുന്നതു മുതൽ നടക്കാറാവും വരെ ഒരു ചരടിൽ കോർത്ത മുത്തുകൾ ധരിക്കും. കഴുത്തിലും, കൈത്തണ്ടകളിലും, കാലിലും, അരയിലുമൊക്കെ. അതിന്റെ നിറവും, ഉണ്ടാക്കിയിരിക്കുന്ന വസ്തുവും ഒക്കെ കുട്ടിയുടെ അച്ഛന്റെ ജാതി-ഉപജാതി തുടങ്ങിയവ സൂചിപ്പിക്കുന്നതാവും. ഉദാഹരണത്തിന്‌ ഗിസിജി ഗോത്രത്തിലെ കുട്ടികൾ വെള്ള ഗ്ലാസ് മുത്തുകൾ ധരിക്കുമ്പോൾ, കിക്കാട്ടാപ്പ് ജാതിക്കാർ ‘ഗിവോട്ട’ എന്ന മരത്തിൽ തീർത്ത ബീഡ്സ് ആവും ധരിക്കുക.

ദിവസങ്ങളോളം മിനക്കെട്ടാണ്‌ കുട്ടി ഒരു മാലയ്ക്കുള്ള മുത്ത് സമ്പാദിക്കുന്നത്

എന്നാൽ സ്ത്രീകൾക്ക്, മാല ഒരു ഒബ്സെഷന്നാണ്‌. ചുമൽ മുതൽ അങ്ങ് ചെവിയോളം നിറഞ്ഞു കിടക്കുന്ന മുത്തുമാലകൾ പെൺകുട്ടികളുടെ സ്വപ്നമാണ്‌. കഴുത്തനക്കാനാവാത്തത്ര മാലയുമിട്ട് ഒരു സ്ത്രീ നടന്നു വരുന്നത് മറ്റു പെണ്ണുങ്ങൾ അസൂയയോടെ നോക്കിനില്ക്കും. പരമാവധി ഒരു പത്തു കിലോ വരെയൊക്കെ വരും ഇവരുടെ കണ്ഠാഭരണങ്ങളുടെ ഭാരം. ഈരും പേനും ചെള്ളുമൊന്നും കേറിമേയാതിരിക്കാൻ നിത്യം എണ്ണയിട്ട് മിനുക്കുകയും ചെയ്യണം ഈ മാലക്കൂട്ടം. ഇരുപത്തിനാലു മണിക്കൂറും ഇതു ധരിച്ചുതന്നെയാണ്‌ നടപ്പിവരുടെ എന്നു പറഞ്ഞു കേൾക്കുന്നു. 

ദിവസത്തിന്റെ ഏറ്റവും ചൂടുള്ള സമയത്ത്, അതായത് രാവിലെ ഒരു 10 മണിമുതൽ ഉച്ചക്ക് ഒരു 3-4 മണിവരെ ഇവർ മരത്തണലുകളിലിരുന്ന് പരസ്പരം ‘ഗ്രൂമിങ്ങി’ലായിരിക്കും. മാല അഴിച്ച് കോർക്കുക, എണ്ണയിടുക അങ്ങനെയങ്ങനെ. ഈ സംഭവം അത്ര ചീപ്പാണെന്നൊന്നും കരുതരുത്.. സോമാലികൾ തുറന്നിട്ടുള്ള കടകളിൽ വില്ക്കുന്നുണ്ട് ഇത്. ഒരു പെൺകുട്ടിക്ക് വേണ്ടുന്ന മൊത്തം സെറ്റിന്‌ പകരം, ( കറൻസി സിസ്റ്റത്തോട് വലിയ മമതയില്ലാത്ത തുർക്കാനൻ) കൊടുക്കുന്നത് തന്റെ കയ്യിലുള്ള വിവിധ കാലികളുടെ ഒരു കോമ്പിനേഷൻ ആയിരിക്കുൻ. ഉദാ. 2 ഒട്ടകം + 4 ആട് + ഒരു പശു അല്ലെങ്കിൽ 10 ആട്+മൂന്ന് ഒട്ടകം + 3 പശു എന്നിങ്ങനെ. കാലികളെ വില്ക്കുന്ന ഇടത്തെ ലഭ്യതയ്ക്കനുസരിച്ച് അവയുടെ വ്യാപാരമൂല്യവും വ്യത്യസ്തമായിരിക്കും. അങ്ങനെ ഒന്നിച്ച് വാങ്ങാൻ പാങ്ങില്ലാത്ത പെൺകുട്ടികൾ അന്നന്നത്തെ ആട്ടിൻപാൽ, അവർക്ക് കുടിക്കാൻ കൊടുക്കുന്നത് ത്യജിക്കും. എന്നിട്ട് കിലോമീറ്ററുകൾ നടന്നു ചെന്ന്, സോമാലിയുടെ കടയിൽ അന്നത്തെ പാൽ കൊടുത്ത് ഒരു മുത്ത് വാങ്ങും. അങ്ങനെ ദിവസങ്ങളോളം മിനക്കെട്ടാണ്‌ കുട്ടി ഒരു മാലയ്ക്കുള്ള മുത്ത് സമ്പാദിക്കുന്നത്. 

സ്വാഭാവികമായും വരുന്നൊരു സംശയമുണ്ട്.. എന്തിനാണിങ്ങനെ മുത്തുമാലകൾ കൊണ്ട് കഴുത്തു നിറച്ച് നടക്കുന്നതെന്ന്.. അതിന്‌ ഇവിടത്തെ പെൺകുട്ടികൾക്കിടയിൽ നിന്നു തന്നെ കിട്ടുന്ന ഉത്തരമിതാണ്‌. ‘മുത്തുമാലയിടാത്ത പെണ്ണ്‌ ചീത്തപ്പെണ്ണാണ്‌.. അവളെ ഒരു ചെക്കനും തിരിഞ്ഞു നോക്കില്ല'', ’ മുത്തില്ലെങ്കിൽ പെണ്ണ്‌ പട്ടിയെപ്പോലെയാ കാണാൻ”, പെണ്ണുങ്ങൾക്ക് പരസ്പരം അഭിമാനപൂർവ്വം പ്രദർശിപ്പിക്കാനുള്ള എന്തോ ആണിവിടെ മുത്തുമാലകൾ. 

പെണ്ണുങ്ങളുടെ 'മാലക്കനം' ആണുങ്ങൾക്കും പ്രധാനമാണ്‌. എവിടെയെങ്കിലും വിരുന്നിനു ചെല്ലുമ്പോൾ മറ്റുള്ളവർ പറയും, “ദാ.. ആ കാണുന്നത് ഇന്നയാളുടെ ഭാര്യയാണ്‌.. നോക്ക്, എത്ര മാലയാ കഴുത്തിലെന്ന്.”. കഴുത്തൊഴിഞ്ഞു ചെല്ലുന്ന പെണ്ണുങ്ങളുടെ ഭർത്താക്കന്മാരെ ജനം പുച്ഛിക്കുമത്രേ.. കല്യാണം കഴിച്ചു ചെല്ലുമ്പോൾ, പെണ്ണ്‌ തന്റെ കയ്യിലുള്ള മുത്തുകൾ ഭർത്താവിന്റെ വീട്ടിലെ പെണ്ണുങ്ങൾക്ക് കൊടുക്കണം. തിരിച്ച് പുതിയ മുത്തുള്ള മാല കിട്ടും.. മൂന്ന് മാലക്ക് തിരിച്ച് ഒരു മാലയയെന്നാണ്‌ വിനിമയ മൂല്യം.

ഈ മുത്തുകളിൽ വേറെയും ചില കോഡിംഗ് സമ്പ്രദായങ്ങൾ ഉണ്ടെന്നും പറഞ്ഞു കേൾക്കുന്നു

പിന്നെയുമുണ്ട് ഒരു കോഡിങ്ങ് മുത്തിൽ.. ഒരു പ്രത്യേകതരം മാലയുണ്ട്, അലങ്കായിറ്റ് എന്നു പറയും.. നാലഞ്ച് ചുവന്ന മുത്തുകൾ, നാലഞ്ച് മഞ്ഞ മുത്തുകൾ പിന്നെ വീണ്ടും നാലഞ്ച് ചുവപ്പ് ഇടക്കിടെ ലെതറിന്റെ കഷ്ണങ്ങൾ, ഇങ്ങനെ ക്രമീകരിച്ച മാല ഇടണമെന്നുണ്ടെങ്കിൽ, പെണ്ണിന്റെ വിവാഹം കഴിഞ്ഞ് ചുരുങ്ങിയത് ഒരു വർഷമെങ്കിലും ആവണം, മിനിമം ഒരു കുഞ്ഞിനെയെങ്കിലും പെറ്റിരിക്കണം. പെൺകുട്ടികൾക്ക് വിവാഹ സമയത്ത് തിരിച്ചിങ്ങോട്ടാണ്‌ ധനാഗമനം. കഴുത്തിലുള്ള മുത്തിന്റെ എണ്ണത്തിനനുസരിച്ച് പെണ്ണിന്റെ അച്ഛനു കിട്ടുന്ന കാലികളുടെ എണ്ണവും കൂടുമത്രേ.. 

ഇതിനൊക്കെ പുറമേ ഇവർക്ക് ഈ മുത്തുകളിൽ വേറെയും ചില കോഡിംഗ് സമ്പ്രദായങ്ങൾ ഉണ്ടെന്നും പറഞ്ഞു കേൾക്കുന്നു. മരുഭൂമിയിൽ കാലി മേച്ചുകൊണ്ടിരിക്കേ ‘തണലിന്മേലുള്ള അവകാശം’, തൊഴിലെടുക്കാനുള്ള ഇടത്തിന്റെ അവകാശം അങ്ങനെ പലതും ഇവർ ഈ മുത്തുമാലകളിൽ കോഡ് ചെയ്തു വെച്ചിട്ടുണ്ടത്രേ..

തുര്‍ക്കാനയിലെ കംപ്ലീറ്റ് മാന്‍ ആകാന്‍

click me!