എല്ലാം ശരിയായി; പൊലീസും

സിന്ധു സൂര്യകുമാര്‍ |  
Published : May 14, 2018, 06:31 AM ISTUpdated : Jun 29, 2018, 04:29 PM IST
എല്ലാം ശരിയായി; പൊലീസും

Synopsis

ഭരണത്തിന്റെ തുടക്കത്തിൽ പി ജയരാജനടക്കമുള്ള നേതാക്കൾ  പൊലീസിനോട് പ്രതിഷേധിച്ചിരുന്നു എല്ലാം ശരിയാക്കിയപ്പോൾ പൊലീസുകാരെല്ലാം പാർട്ടിക്കാരായി

ഒന്നര മണിക്കൂർ ഇടവേളയിൽ നടന്ന രണ്ട് കൊലപാതകങ്ങളിൽ ഇല്ലാതായവരുടെ ഭാര്യമാരുടെ വാക്കുകൾ കേരളം കേട്ടതാണ്.  ഇനിയങ്ങോട്ട് മാതാപിതാക്കളെ സംരക്ഷിച്ച് കുഞ്ഞുങ്ങളെ വളർത്തി വലുതാക്കേണ്ട ഉത്തരവാദിത്തമുള്ള രണ്ട് സ്ത്രീകൾ. സിപിഎമ്മുകാർ കൊല്ലാൻ വരുന്നേ എന്നിങ്ങനെ പറയാൻ കുമ്മനത്തിനും കൂട്ടർക്കും എന്തവകാശമാണുള്ളത്? ഇപ്പോൾ ഈ അരുംകൊല തുടങ്ങിയത് ആർഎസ്എസുകാരല്ലെ? ഇനിയെങ്കിലും അമിത്ഷായുടെ സമാധനയാത്രയിൽ വെള്ളക്കൊടി ഉയർത്താൻ പോകാൻ നാണം വരില്ലേ കുമ്മനത്തിന്? സംഘപരിവാറിന്റെ അക്രമരാഷ്ട്രിയം, ബാബുവേട്ടന്റെ അരുംകൊല എന്നൊന്നും സിപിഎം സൈദ്ധാന്തികരും കണ്ണീർ പൊഴിക്കരുത്. കൊലപ്പെടുത്തിയത് ബാബുവിനെ മാത്രമല്ല, ഷമേജിനെയും കൂടിയാണ്.  കൊലയ്ക്കുപകരം കൊല നടത്തിക്കഴിഞ്ഞ് ആദ്യകൊലയെപ്പറ്റി മാത്രം പറഞ്ഞുകൊണ്ടിരിക്കുന്നത് കാപട്യമാണ്, മനുഷ്യത്വമില്ലായ്മയാണ്.  ഇനിയെങ്കിലും രാഷ്ട്രീയകാരണങ്ങളാൽ കൊലനടത്തരുത് എന്ന് പറയുന്നില്ല. രാഷ്ട്രീയപക മൂത്ത് കൊല്ലണം എന്ന് തോന്നുന്നവർ ഇത്തിരി മൂപ്പെത്തിയ നേതാക്കളെ കണ്ടുപിടിക്കണം. അതല്ലേ ഹീറോയിസം. കൊല്ലിക്കാനും ആയുധം കൊടുക്കാനും കുറേ നേതാക്കൻമാർ, അവർക്ക് അധികാരത്തിന്റെ സുരക്ഷിതത്വവും സംരക്ഷണവും. കൊല്ലാനും ചാകാനും കുറേ പ്രവർത്തകർ, അവർക്ക് വേണ്ടി കണ്ണീരൊഴുക്കാനും പേടിക്കാനും സ്വന്തം കുടുംബാംഗങ്ങളും. കുമ്മനവും കോടിയേരിയും ഈ നാണംകെട്ട രീതിയവസാനിപ്പിക്കാൻ ഇനിയെങ്കിലും ശ്രമിച്ചില്ലെങ്കിൽ നാട് വലിയ വില കൊടുക്കേണ്ടിവരും.

സഖാവ് ലോകനാഥ് ബെഹ്റയുടെ കീഴിൽ സംസ്ഥാന പൊലീസ് ചുവപ്പണിഞ്ഞ് കേഡർ സേനയായി എന്ന് ചില ദുഷ്ടശക്തികൾ പറയുന്നുണ്ട്.  അസൂയയാണ്, അസൂയ. അല്ലെങ്കിലും ആരെങ്കിലും എന്തെങ്കിലും നല്ലത് പറഞ്ഞാൽ കുറ്റം കണ്ടുപിടിക്കുന്നത് പത്രക്കാരുടെ സ്വഭാവമാണ്. പിണറായി വിജയൻ ഭരിക്കുന്പോൾ പൊലീസ് പിന്നെ കാവിയുടുക്കണോ? സഖാവ് ബെഹ്റ അഭിമാനിക്കണം. പൊലീസ് ഇങ്ങനെ തന്നെയാണ് പെരുമാറേണ്ടത്.

സിപിഎം സംസ്ഥാന സമ്മേളനത്തിൽ രക്തസാക്ഷി അനുസ്മരണം നടത്താറുണ്ട്. സിപിഎം ഭരിക്കുന്ന കാലത്ത് പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ അതനുകരിക്കുമ്പോൾ എന്തിനാണിത്ര പുകില്? ഉമ്മൻചാണ്ടി ഭരിക്കുമ്പോൾ അസോസിയേഷൻ കോൺഗ്രസ് ഭരിക്കും, പിണറായി മുഖ്യമന്ത്രിയാകുമ്പോൾ അസോസിയേഷൻ സിപിഎം ഭരിക്കും.  ഇതിനെയല്ലേ ഭരണം എന്നുപറയുന്നത്. പൊലീസുകാരുടെ കോട്ടയം  ജില്ലാസമ്മേളനത്തിൽ വി എൻ വാസവനല്ലാതെ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രസംഗിക്കണോ?  സംസ്കാരിക സംഘടനാനേതാക്കളെയും പ്രവർത്തകരെയും പൊലീസ് സമ്മേളനത്തിൽ പങ്കെടുപ്പിക്കുന്നത് വളരെ നല്ലതാണ്. പൂരപ്പാട്ട്. തെറിവിളി, ചവിട്ടിക്കൂട്ടൽ, ഭീഷണി തുടങ്ങിയ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ഉണർവേകാനുള്ള വഴിയാണിത്.

രാഷ്ട്രീയവത്കരിക്കപ്പെടുന്നു, നടപടിയെടുക്കണം, ഇത് അച്ചടക്കലംഘനമാണ് എന്ന് ഡിജിപിക്ക് റിപ്പോർട്ട് നൽകിയത് സംസ്ഥാനത്തെ ഇന്റലിജൻസ് മേധാവിയാണ്.  പക്ഷെ സഖാവ് ബെഹ്റ അതിൽ നടപടിയെടുക്കാതെ നേരെ ഐജിമാരുടെ തലയിലേക്ക് വച്ചുകൊടുത്തു. മോളിലുള്ള സർക്കാരിനെയും താഴെയുള്ള പൊലീസുകാരെയും ഒരുപോലെ പേടിക്കുന്ന വിചിത്രമായ അവസ്ഥയിലാണ് സഖാവ് ബെഹ്റ. ബെഹ്റ തന്നെ സ്ഥിരീകരിച്ച ഇന്‍റലിജൻസ് റിപ്പോർട്ടിനെ പരസ്യമായി പൊലീസുകാർ തള്ളിപ്പറഞ്ഞാലും മിണ്ടാനാവില്ല.  

ഭരണത്തിന്റെ തുടക്കത്തിൽ പി ജയരാജനടക്കമുള്ള സിപിഎം നേതാക്കൾ  പാർട്ടിക്കെതിരെ തിരിഞ്ഞ പൊലീസിനോട് പ്രതിഷേധിച്ചിരുന്നു.  എല്ലാം ശരിയാക്കിയപ്പോൾ പൊലീസുകാരെല്ലാം പാർട്ടിക്കാരായി. ഭരണനേട്ടം അല്ലാതെന്താ? ഇപ്പോഴാണ് ജനമൈത്രി പൊലീസായത്.

മുഖ്യമന്ത്രി പിണറായി വിജയന് അറിയാഞ്ഞിട്ടാണ്. പൊലീസിന് സ്വന്തം ശൈലിയുണ്ട്.  അത് അപ്പക്കണ്ടവനെ അപ്പാന്ന് വിളിക്കലല്ല, അഞ്ചു കൊല്ലം കൂടുന്പോൾ ചായ്‍വ് മാറ്റുന്ന ശൈലിയാണത്. തനതായി വികസിപ്പിച്ചെടുത്ത ശൈലി. മുകൾത്തട്ടുതൊട്ട് താഴേത്തട്ടുവരെ  ഇതാണ് ശൈലി.  അതു ചിലപ്പോൾ ചെങ്കുപ്പായമിട്ട് ഡിജിപിയുടെയും മുഖ്യന്റെയും മുന്നിൽ വന്നിരിക്കുന്നത് വരെയുള്ള വാലാട്ടലാകും എന്നുമാത്രം.  പൊലീസിന്റെ ഭാഗത്തെ വീഴ്ചകൾ കാണുന്പോൾ ചിലർ പറയാറുണ്ട്, ഇതിൽ കാവി സ്വഭാവമാണ് , സംഘപരിവാർ സെല്ലുകളാണ് എന്നൊക്കെ.  ആ സിദ്ധാന്തക്കാർക്ക് സന്തോഷിക്കാം , കാവി ദാ ചുവപ്പായിട്ടുണ്ട്. അല്ലെങ്കിലും കാവിയിൽ നിന്ന് ചുമപ്പിലെത്താൻ വല്യദൂരമില്ലാത്ത കാലമല്ലേ.  എന്തും കാവിവത്കരിക്കാൻ നോക്കുന്നുവെന്ന് ബിജെപിയെ കുറ്റം പറയുന്നവരാണ് അച്ചടക്കവും നിഷ്പക്ഷതയും പുലർത്തി നിയമപാലനം നടത്തേണ്ട പൊലീസ് സേനയെ സിപിഎമ്മുകാരാക്കുന്നത്. പൊലീസുകാർ കോൺഗ്രസുകാരും ബിജെപിക്കാരും ആകരുത്, സിപിഎം ആയിക്കോട്ടെ എന്ന നിലപാട് നിയമവിരുദ്ധമാണ്, അംഗീകരിക്കാനാവാത്തതാണ്.

യോഗി ആദിത്യനാഥിന്റെ യുപിയിൽ ബസ് സ്റ്റാന്റും റെയിൽവെ സ്റ്റേഷനും കാവിച്ചായമടിച്ചപ്പോൾ നമ്മളിവിടെ പൊലീസുകാരെ ചെങ്കുപ്പായമിടീച്ചു. കാവിവത്കരണത്തെ ചെറുക്കാൻ ഇതൊക്കെയാണ് വഴികളെന്ന് കരുതുന്ന രാഷ്ട്രീയബോധ്യം ദുരന്തമെന്നല്ലാതെ എന്തുപറയാൻ. അൽപ്പം കൂടി കഴിയുമ്പോൾ സമ്മേളനത്തിൽ ചുമപ്പും നീലയും കാവിയും പ്രത്യേക ബ്ലോക്കായിരിക്കും. അതാണ് കേരള പൊലീസിന്റെ അച്ചടക്കം. സഖാവ് ലോക്നാഥ് ബെഹറ അഭിമാനത്തോടെ, സഖാവ് രമൺ ശ്രീവാസ്തവയെ അനുസ്മരിക്കട്ടെ. ഇതൊന്നും അച്ചടക്ക ലംഘനമാണെന്ന് സഖാവ് ബെഹ്റയ്ക്ക് തോന്നുന്നുണ്ടാവില്ല. ബെഹ്റയ്ക്ക് തോന്നാത്തതൊന്നും ആഭ്യന്തരമന്ത്രി സഖാവ് വിജയനും തോന്നേണ്ട കാര്യമില്ല. സഖാക്കളുടെ ഭരണത്തിൽ പൊലീസ് സഖാക്കൾ നിയമം നടപ്പാക്കുമ്പോൾ സാധാരണക്കാർക്ക് ആശങ്കയുണ്ടാകും. അതിൽ കാര്യമില്ല. രാഷ്ട്രീയം നോക്കി നിരപരാധിയെ വീട്ടിൽ നിന്ന് പാതിരാത്രി പിടിച്ചുകൊണ്ടുപോയി ചവിട്ടിക്കൊല്ലുന്നത് അവകാശമായി കാണുന്ന ഉളുപ്പില്ലാത്തവരാണ്.  അവരിപ്പോൾ പരസ്യമായി ചെങ്കുപ്പായമിട്ടു എന്നേയുള്ളൂ. 

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

click me!

Recommended Stories

അതിരാവിലെ എഴുന്നേറ്റ്, അഞ്ച് കുട്ടികളെ വിളിച്ചുണർത്തി, ഭക്ഷണം നൽക്കുന്നു; പക്ഷേ, അവർ 'നോർമ്മലല്ലെ'ന്ന് നെറ്റിസെൻസ്
നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്