
ഇനി അല്‍പ്പം ജാതിപറയാം. എല്‍ഡിഎഫും യുഡിഎഫും പയറ്റുന്നത് ജാതിരാഷ്ട്രീയമാണ്. എല്‍ഡിഎഫ് അത് നല്ല ബുദ്ധി ഉപയോഗിച്ച് കണക്കുകൂട്ടി കളിക്കും. ബുദ്ധിയും തന്ത്രവുമില്ലാതെ യുഡിഎഫ് അപ്പപ്പോള്‍ അവസരവാദമെടുക്കും. യുഡിഎഫിന്റെ ബുദ്ധിശൂന്യതയും എല്‍ഡിഎഫിന്റെ അതിബുദ്ധിയും ചേരുമ്പോള്‍ ബിജെപിക്ക് അത്യാവശ്യം വളരാനുള്ള മണ്ണും വളവും കിട്ടുന്നു. ചുരുക്കത്തില്‍ ഇതാണ് കേരള രാഷ്ട്രീയം.
കേരളത്തില്‍ കോണ്‍ഗ്രസിന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണി മതേതര സ്വഭാവത്തോടെ അടിച്ചുകയറ്റി. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എം.എം. ഹസ്സന്‍ മൂവര്‍ സംഘം പി.കെ. കുഞ്ഞാലിക്കുട്ടിയേയും കെ.എം. മാണിയേയും മാത്രം വിശ്വാസത്തിലെടുത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയെ അപമാനിച്ചു. പണ്ട് നടത്തിയ സംഘടനാ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഇക്കാലം വരെ അധികാരവും പദവിയും മാത്രം അനുഭവിച്ചിട്ടുള്ള ഇവര്‍ പാര്‍ട്ടിയെ പെട്ടിയിലാക്കിയ ആ നിമിഷത്തിലും ആലോചിച്ചത് സ്വന്തം കാര്യം മാത്രമാണെന്നതില്‍ അദ്ഭുതമില്ല.
രാജ്യസഭാസീറ്റ് വിവാദത്തില്‍ കേന്ദ്രസ്ഥാനത്ത് ഉമ്മന്‍ചാണ്ടിയാണ്. എല്ലാ കുതന്ത്രങ്ങളുടെയും ആശാനാണ് ഉമ്മന്‍ചാണ്ടിയെന്ന് പി.ജെ. കുര്യനടക്കം പഴയ പടക്കുതിരകളും, പേരെടുത്തു പറയാതെ യുവനിരയും, സ്ഥാനം കിട്ടാത്ത നേതാക്കളും പറയുമ്പോള്‍ ഉമ്മന്‍ചാണ്ടിയെ പിന്തുണയ്ക്കാന്‍ പഴയ വിശ്വസ്തര്‍ തമ്പാനൂര്‍ രവിയും ബെന്നി ബഹനാനുമില്ല, അനുയായി പി.സി. വിഷ്ണുനാഥില്ല, എ ഗ്രൂപ്പുകാരില്ല. എന്നാലും ഉമ്മന്‍ചാണ്ടിയെ കുറച്ചുകാണണ്ട. ഇപ്പോഴും കരുത്തനാണ്. കോണ്‍ഗ്രസ് നേതാക്കളില്‍ ആളുകളെ ആകര്‍ഷിക്കുന്ന അപൂര്‍വം ചിലരിലൊരാളാണ്. പദവിയുണ്ടെങ്കിലും ഇല്ലെങ്കിലും പ്രവര്‍ത്തകരുടെ ആവേശമാണ്. കെ. കരുണാകരന്റെ കുലംമുടിച്ച കാഞ്ഞ ബുദ്ധി ഇപ്പോഴും തലയിലുണ്ട്. എവിടെ എപ്പോള്‍ ഏതു കരു നീക്കണമെന്നറിയുന്ന പ്രായോഗികവാദിയാണ്. സീറ്റു നല്‍കി മാണിയെ കോണ്‍ഗ്രസുകാരെക്കൊണ്ട് ഒന്നുകൂടി വെറുപ്പിച്ച്, രമേശിനെ കൂട്ടുപ്രതിയാക്കി ദുര്‍ബലനാക്കി ഉമ്മന്‍ചാണ്ടി വിചാരിച്ച കാര്യം നടത്തി. ഉമ്മന്‍ചാണ്ടിയെ അവഗണിച്ചോ, ചെറുതായിക്കണ്ടോ കേരളത്തില്‍ കോണ്‍ഗ്രസിന് മുന്നോട്ടുപോകാനാവില്ല. ആ കളികള്‍ ദില്ലിയിലെ കോണ്‍ഗ്രസുകാര്‍ കാണാനിരിക്കുന്നതേയുള്ളൂ.
ആ കളികള്‍ ദില്ലിയിലെ കോണ്‍ഗ്രസുകാര്‍ കാണാനിരിക്കുന്നതേയുള്ളൂ.
ഒരിക്കല്‍ക്കൂടി രാജ്യസഭയുടെ ഉപാധ്യക്ഷനാകാന്‍ തന്ത്രങ്ങള്‍ പയറ്റിനോക്കിയിരുന്നു പി.ജെ. കുര്യന്‍. ആ മനുഷ്യനാണ് ഈ ഗതി. കേരളത്തില്‍ നിന്ന് ദില്ലിയിലേക്ക് ഉമ്മന്‍ചാണ്ടിയെ പറിച്ചെടുത്തത് അതിന്റെ നിഴലില്‍ വാടിപ്പോയവര്‍ വെയിലും വെള്ളവും കിട്ടി വളരാനാണ്. അങ്ങനെയൊഴിവാക്കാനാവില്ല, പാര്‍ട്ടി ഇപ്പോഴും തന്റെ കാല്‍ക്കീഴിലാണെന്ന് ഒരു സ്ഥാനവും വേണ്ടെന്ന് പറഞ്ഞ് മാറിനിന്ന് എഐസിസി ജനറല്‍ സെക്രട്ടറി പദം സ്വീകരിച്ച ഉമ്മന്‍ചാണ്ടി തെളിയിച്ചിരിക്കുന്നു.
വിശ്വസ്തരുടെ രാജ്യസഭാ സീറ്റിനൊക്കെവേണ്ടി കലാപമുണ്ടാക്കി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി നാണംകെടുത്തിയ ഉമ്മന്‍ചാണ്ടി ഇപ്പോഴത് ദാനം ചെയ്തത് രമേശ് ചെന്നിത്തല വിദൂരഭാവിയില്‍ സ്വപ്നം കാണുന്ന മുഖ്യമന്ത്രിക്കസേര തട്ടിത്തെറിപ്പിക്കാന്‍ മാത്രമാണ്.
ആഭ്യന്തരമന്ത്രിയായിരുന്ന രമേശ്, ത്വരിതാന്വേഷണം തുടങ്ങിവച്ച് വഷളാക്കിയതാണ് ബാര്‍കോഴക്കേസ് എന്ന് കെ എം.മാണിക്കറിയാം. ആരോപണത്തില്‍ നിന്ന് അടൂര്‍ പ്രകാശും രമേശ് തന്നെയും മുക്തരായ കഥയും മാണിക്കറിയാം. മുന്നണിയില്‍ നിന്ന് പോകാനും മന്ത്രിസ്ഥാനം പോകാനും അപമാനിതനാകാനും കാരണക്കാരനായ രമേശ് ചെന്നിത്തലയോട് ക്ഷമിക്കാന്‍ കെ.എം.മാണിക്ക് ബുദ്ധിമുട്ടായിരുന്നു. ആ സാഹചര്യം ഉമ്മന്‍ചാണ്ടിയും പി.കെ. കുഞ്ഞാലിക്കുട്ടിയും നന്നായി ഉപയോഗിച്ചു. രമേശിന്റെ പ്രതിപക്ഷനേതൃസ്ഥാനം അംഗീകരിക്കാനാവാതെ ദില്ലിയിലേക്ക് മാറിയ പി.കെ. കുഞ്ഞാലിക്കുട്ടി, കിട്ടിയ അവസരം ഉപയോഗിക്കുന്നത് തെറ്റാണോ? അതുപയോഗിച്ച് കുഞ്ഞാലിക്കുട്ടി പൊട്ടിച്ച ആദ്യവെടിയാണ് രഹസ്യഅജണ്ട പരസ്യമാക്കിയത്.
പ്രതിപക്ഷ നേതാവായി തുടരണമെങ്കില്‍ രമേശ് ചെന്നിത്തല കുഞ്ഞാലിക്കുട്ടിക്കും കെ.എം.മാണിക്കും മുന്നില്‍ കീഴടങ്ങണം. കഴിഞ്ഞ തവണ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു കൈ നോക്കാന്‍ ആലോചിച്ചിരുന്ന രമേശിന് പ്രതിപക്ഷനേതൃസ്ഥാനമെങ്കിലും കൊണ്ടുനടക്കാതെ വയ്യല്ലോ?
കോണ്‍ഗ്രസിന് 22 എം.എല്‍.എമാര്‍, ലീഗിന് 18, കേരളകോണ്‍ഗ്രസിന് ആറ്. കുഞ്ഞൂഞ്ഞ് മാണി സഖ്യത്തിന് ആകെ 24. കോണ്‍ഗ്രസിനേക്കാള്‍ രണ്ട് അധികം. ലീഗിന്റെയും കേരള കോണ്‍ഗ്രസിന്റെയും ഔദാര്യത്തിലാണ് രമേശ് ചെന്നിത്തലയുടെ കസേര എന്നര്‍ത്ഥം. മാണിയെ യുഡിഎഫിലെത്തിക്കുകയെന്നത് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ലക്ഷ്യമൊന്നുമല്ല. കെ.എം.മാണിയും മകനും യുഡിഎഫില്‍ ഉറച്ച് നില്‍ക്കുമെന്ന വിശ്വാസം കുഞ്ഞാലിക്കുട്ടിക്കുമുണ്ടാവില്ല. ഉമ്മന്‍ചാണ്ടിയാണ് കോണ്‍ഗ്രസില്‍ കുഞ്ഞാപ്പയുടെ കൂട്ട്. ഇനിയൊരിക്കല്‍ക്കൂടി യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രിസ്ഥാനം ബുദ്ധിമുട്ടാകുമെന്ന് കുഞ്ഞാലിക്കുട്ടിക്കറിയാം. എങ്കില്‍പ്പിന്നെ ഒരു കൈ നോക്കാം. അതാണ് കാര്യം.
ആ അവസരം പി.കെ. കുഞ്ഞാലിക്കുട്ടി ഉപയോഗിക്കുകയാണ്
കേരളത്തില്‍ കോണ്‍ഗ്രസ് ക്ഷീണിച്ചതിന്റെ ഉത്തരവാദിത്തം ആദ്യം ഉമ്മന്‍ചാണ്ടിക്കും പിന്നെ രമേശ് ചെന്നിത്തലയ്ക്കും അതുകഴിഞ്ഞ് വി.എം. സുധീരനടക്കം മറ്റുള്ളവര്‍ക്കുമാണ്. സംഘടന ശക്തിപ്പെടുത്താന്‍ ശ്രമിക്കാതെ ഇവര്‍ സ്വന്തം പദവിയും അതിനായി ഗ്രൂപ്പ് നിര്‍മ്മാണവും കുതന്ത്രങ്ങളും പയറ്റി. ഇരിക്കുന്ന കൊമ്പ് മുറിച്ച് ഈ ഗതിയിലായിട്ടും പാഠം പഠിച്ചിട്ടില്ലാത്തവര്‍. ആ അവസരം പി.കെ. കുഞ്ഞാലിക്കുട്ടി ഉപയോഗിക്കുകയാണ്. മുന്നണിയില്‍ ഇത്ര വലിയ തീരുമാനങ്ങളെടുപ്പിക്കാന്‍ കഴിഞ്ഞ പികെ കുഞ്ഞാലിക്കുട്ടിയാണ് യുഡിഎഫിന്റെ കണ്‍വീനര്‍ ആകാന്‍ ഏറ്റവും യോഗ്യന്‍. ചോദിച്ചില്ലെങ്കില്‍ക്കൂടി ആ സ്ഥാനം പി.കെ. കുഞ്ഞാലിക്കുട്ടിയെ ഏല്‍പ്പിക്കാന്‍ ഉമ്മന്‍ചാണ്ടി മുന്‍കയ്യെടുക്കണം.
വിനീതനായ ജനപ്രതിനിധി. സിപിഎമ്മിന് വളരെയേറെ സ്‌നേഹമുള്ള നേതാവ്. കേരളത്തിന്റെ മുഖ്യമന്ത്രിസ്ഥാനവും ഭാവിയില്‍ അലങ്കരിക്കാന്‍ തന്ത്രജ്ഞനായ കുഞ്ഞാലിക്കുട്ടിക്ക് കഴിയട്ടെ. ഇടതുസര്‍ക്കാരിനെതിരെ മുസ്ലീം ലീഗും കുഞ്ഞാലിക്കുട്ടിയും നയിച്ച പ്രക്ഷോഭങ്ങള്‍ ആരെങ്കിലും ഒന്നെണ്ണിപ്പെറുക്കിയെടുക്കണം. ലീഗംഗങ്ങള്‍ നിയമസഭയില്‍ സിപിഎം മന്ത്രിമാര്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളും ചോദ്യശരങ്ങളും പട്ടികയാക്കി നോക്കണം. ഇങ്ങനെയും പ്രതിപക്ഷത്തിരുന്ന് മിടുക്കരാകാമെന്ന് കേരളത്തിന് കാണിച്ചുതന്നവരാണ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മുസ്ലീംലീഗുകാര്‍. ഇനി സവര്‍ണ ഫാസിസ്റ്റ് ഹിന്ദുത്വ പാര്‍ട്ടിയെന്നൊക്കെ പറയുന്ന ബിജെപിക്കെതിരെ, കേന്ദ്രസര്‍ക്കാരിനെതിരെ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ലീഗ് നടത്തിയ പ്രതിഷേധങ്ങള്‍ എന്തൊക്കെയാണെന്ന് കൂടി കണക്കെടുക്കണം. വോട്ടെടുപ്പ് ദിനം വൈകി പാര്‍ലമെന്റിലെത്തിയതൊക്കെ ചെറുത്. കൂടുതല്‍ സംശയമുള്ളവര്‍ ഇ.ടി. മുഹമ്മദ് ബഷീര്‍, എം.കെ. മുനീര്‍, കെ.എം. ഷാജി, പി.കെ. ഫിറോസ് അല്ലെങ്കില്‍ പി.വി. അബ്ദുള്‍ വഹാബ് ആരോടെങ്കിലു രഹസ്യമായി ചോദിച്ചുമനസ്സിലാക്കണം. പറഞ്ഞുവരുന്നത് പി. കെ. കുഞ്ഞാലിക്കുട്ടിയുടെ ലക്ഷ്യത്തെയും തന്ത്രങ്ങളെയും പറ്റിയാണ്. ഇത്തവണ മത്സരിക്കാന്‍ നാല് സീറ്റ് കൂടുതല്‍ ചോദിക്കാനൊരുങ്ങുകയാണ് കേരള കോണ്‍ഗ്രസ്. സ്വാഭാവികമായും ലീഗും ചോദിക്കും. ലീഗും കേരള കോണ്‍ഗ്രസും ചേര്‍ന്നാല്‍ കോണ്‍ഗ്രസിനേക്കാള്‍ സീറ്റുകിട്ടുമെങ്കില്‍ രമേശ് ചെന്നിത്തലയെ നേതാവായി അംഗീകരിക്കേണ്ടിവരില്ല, ഭരണപക്ഷത്തിലായാലും പ്രതിപക്ഷത്തായാലും. ആ ലക്ഷ്യത്തിലേക്കാണ് കുഞ്ഞൂഞ്ഞിന്റെയും കുഞ്ഞുമാണിയുടെയും കയ്യും പിടിച്ച് കുഞ്ഞാപ്പ നീങ്ങുന്നത്.
ഇതിനല്ലേ കോണ്‍ഗ്രസിലെ ജനാധിപത്യം എന്നു പറയുന്നത്.
ഉമ്മന്‍ചാണ്ടിയുടെ കുലംകുത്തി സ്വഭാവവും പി.കെ. കുഞ്ഞാലിക്കുട്ടിയുടെ കുതന്ത്രങ്ങളും കെ. എം.മാണിയുടെ കുബുദ്ധിയും വിശദീകരിക്കുമ്പോള്‍ ഒരാളുടെ ഭൂലോകപരാജയത്തെപ്പറ്റിക്കൂടി പറയണം, രമേശ് ചെന്നിത്തല. ഒരു പ്രതിപക്ഷനേതാവ് എങ്ങനെ ആയിരിക്കരുത് എന്നതിനുദാഹരണമാണ് രമേശ് ചെന്നിത്തല. ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ മികച്ച മാതൃക. രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവായിരിക്കുന്നതാണ് ഭരണപക്ഷത്തിന് നല്ലത്.
ചെങ്ങന്നൂരിലെ പരാജയം അന്വേഷിക്കാന്‍ കെ.പി.സി.സി. കമ്മീഷനെ വല്ലതും വയ്ക്കുകയാണെങ്കില്‍ കുറച്ചുനേതാക്കളുടെ ഫോണ്‍ രേഖകള്‍ കൂടി പരിശോധിക്കാന്‍ പറയണം. അപ്പോഴറിയാം തനിനിറം. ഇപ്പോള്‍ ഫേസ്ബുക്കിലൊക്കെ ഉറഞ്ഞുതുള്ളുന്ന ചിലര്‍ ചെങ്ങന്നൂരിലെ ഉത്തരവാദിത്തം സ്വയം നിറവേറ്റിയതെങ്ങനെ എന്നുകൂടി പരിശോധിക്കണം. കോണ്‍ഗ്രസ് യഥാര്‍ത്ഥത്തില്‍ വലിയ ഗതികേടിലാണ്. താഴേത്തട്ടില്‍ സംഘടനാ സംവിധാനമില്ല. ഡിസിസി തലത്തിലൊക്കെയുള്ളത് ഗ്രൂപ്പുകാര്‍. പിന്നെ സ്ഥാനമോഹികളാണെന്ന് മറച്ചുവച്ച് തത്വം പറയുന്ന യുവനേതാക്കള്‍, നൂലില്‍ കെട്ടിയിറങ്ങിവന്നവര്‍. ഇവരെയെല്ലാം നയിക്കാന്‍ രമേശ് ചെന്നിത്തല. സ്വന്തമായി നേതൃത്വം നല്‍കി നടത്തിയ കേരളയാത്ര പോലും വിജയിപ്പിക്കാനാകാത്ത കെ.പി.സി.സി അധ്യക്ഷന്‍ എം.എം. ഹസ്സന്‍. ഇവരെയെല്ലാം വച്ച് കേരളത്തില്‍ സിപിഎമ്മിനേയും കേന്ദ്രത്തില്‍ ബിജെപിയേയും ചെറുക്കാനിറങ്ങുന്ന രാഹുല്‍ഗാന്ധിയുടെ ആത്മവിശ്വാസത്തിനാണ് കേന്ദ്രസര്‍ക്കാര്‍ ഭാരതരത്‌നം കൊടുക്കേണ്ടത്.
രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ ഗതികേടുകൊണ്ട് സമ്മതിച്ചതാണെന്ന് തുറന്നുപറയാന്‍ രമേശ് ചെന്നിത്തലയ്ക്കാവില്ല. ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും കൂടിയുണ്ടാക്കിയ എലിക്കെണിയില്‍ വീണുപോയെന്ന് സമ്മതിക്കുന്നത്, ബുദ്ധിയില്ലെന്ന് സമ്മതിക്കുന്നതിന് തുല്യമാണല്ലോ? ഇതൊക്കെയാണെങ്കിലും ഇവരൊക്കെ പറയുന്ന ഒരു കാര്യം സത്യമാണ്, മുന്നണിയുടെ കെട്ടുറപ്പ്. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് സിറ്റിംഗ് സീറ്റില്‍ മത്സരിച്ചാല്‍ ജോസ് കെ. മാണിയെ കോണ്‍ഗ്രസുകാര്‍ കാലുവാരുമെന്ന് ഉറപ്പാണ്. ജോസ്‌മോന്റെ ഭാവിയാണ് കെ. എം. മാണിയുടെ പ്രധാനലക്ഷ്യം. ജോസ് മോന്‍ യുവാവാണ്, ബെല്‍റാമും ഷാഫിയുമൊക്കെ സമ്മതിച്ചേ പറ്റൂ. കാലുവാരി ബുദ്ധിമുട്ടേണ്ട ആവശ്യം കോട്ടയത്തെ കോണ്‍ഗ്രസുകാര്‍ക്ക് ഉണ്ടാവില്ലല്ലോ എന്ന് ഡിസിസി അധ്യക്ഷന്‍ ജോഷി ഫിലിപ്പിനും ആശ്വസിക്കാം. ഇതല്ലേ ഞങ്ങ പറഞ്ഞ കെട്ടുറപ്പ്. ഒരു വെടിക്ക് ആറു പക്ഷികള്‍. പി.ജെ. കുര്യനെ ഒതുക്കി, രമേശിനെ തറപറ്റിച്ചു, ജോസ്‌മോന്റെ ഭാവി സംരക്ഷിച്ചു, കുഞ്ഞാലിക്കുട്ടിക്ക് പ്രതീക്ഷ കൂടി, ഉമ്മന്‍ചാണ്ടിയുടെ പകയും കുറഞ്ഞു, ഹസ്സന് അടുത്തൊരു പദവിയുമുറപ്പിച്ചു. ഇതിനല്ലേ കോണ്‍ഗ്രസിലെ ജനാധിപത്യം എന്നു പറയുന്നത്.
ഇനി അല്‍പ്പം ജാതിപറയാം. എല്‍ഡിഎഫും യുഡിഎഫും പയറ്റുന്നത് ജാതിരാഷ്ട്രീയമാണ്. എല്‍ഡിഎഫ് അത് നല്ല ബുദ്ധി ഉപയോഗിച്ച് കണക്കുകൂട്ടി കളിക്കും. ബുദ്ധിയും തന്ത്രവുമില്ലാതെ യുഡിഎഫ് അപ്പപ്പോള്‍ അവസരവാദമെടുക്കും. യുഡിഎഫിന്റെ ബുദ്ധിശൂന്യതയും എല്‍ഡിഎഫിന്റെ അതിബുദ്ധിയും ചേരുമ്പോള്‍ ബിജെപിക്ക് അത്യാവശ്യം വളരാനുള്ള മണ്ണും വളവും കിട്ടുന്നു. ചുരുക്കത്തില്‍ ഇതാണ് കേരള രാഷ്ട്രീയം.
മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യന്‍ സമുദായം കോണ്‍ഗ്രസില്‍ നിന്നകന്നുകഴിഞ്ഞു. എല്‍ഡിഎഫിന്റെ കണക്കുകൂട്ടിയുള്ള മുന്നേറ്റത്തിലാണ് ക്രിസ്തീയ സഭകള്‍ക്ക് മേലുണ്ടായിരുന്ന സ്വാധീനം കോണ്‍ഗ്രസിന് നഷ്ടമായത്. തിരുവല്ല അംഗം മാര്‍ത്തോമക്കാരന്‍ മന്ത്രി, ആറന്‍മുള അംഗം ഓര്‍ത്തഡോക്‌സ് സഭയുടെ താത്പര്യം, റാന്നി അംഗം ക്‌നാനായ കത്തോലിക്കന്‍, ചെങ്ങന്നൂരില്‍ സി.എസ്.ഐ സഭാംഗം, ഇടുക്കി എം.പി. കത്തോലിക്കന്‍, കൊച്ചിയില്‍ നിന്നൊരു ലത്തിന്‍ കത്തോലിക്ക എംഎല്‍എ, മൂവാറ്റുപുഴ, കോതമംഗലം, ആലപ്പുഴ, കുട്ടനാട് ഇടത് എംഎല്‍എമാര്‍ ആരൊക്കെ എന്ന് നോക്കണം. അതൊരു ഭാഗം. മറുഭാഗത്ത് യുഡിഎഫില്‍ നിന്ന് പോന്ന ബാലകൃഷ്ണപിള്ള , വീരേന്ദ്രകുമാര്‍ മുതല്‍ കോവൂര്‍ കുഞ്ഞുമോന്‍ വരെയുള്ളവരുടെ സാന്നിധ്യം. ഇടത് അനുകൂലമായ എന്‍എസ്എസ് സമദൂരം. ബിഡിജെഎസിനെ എന്‍ഡിഎയില്‍ നിര്‍ത്തി വെള്ളാപ്പള്ളിയുടെ എസ്എന്‍ഡിപിയുമായി ഉണ്ടാക്കിയ രഹസ്യബന്ധം, കെഎം മാണിയെ കൂടെക്കൂട്ടാന്‍ നടത്തിയ ശ്രമങ്ങള്‍. എല്‍ഡിഎഫിന്റെ ജാതിതന്ത്രങ്ങളുടെ മുന്നില്‍ പരുങ്ങുകയാണ് യുഡിഎഫ്.
ചെങ്ങന്നൂരിലെ ഓര്‍ത്തഡോക്‌സ് ബിഷപ്പ് അനുകൂലമല്ലെന്ന് തോന്നിയപ്പോള്‍ എംഎല്‍എയെ ഇറക്കി തിരുവനന്തപുരം ബിഷപ്പിനെ എത്തിച്ച് അന്തരീക്ഷം അനുകൂലമാക്കിയ എല്‍ഡിഎഫിന് മുന്നില്‍ ക്രിസ്തീയ സഭകള്‍ കുമ്പിടുമ്പോള്‍ ഉള്ള മണ്ണ് ഒലിച്ചുപോകാതിരിക്കാന്‍ യുഡിഎഫും ജാതിക്കളി കളിക്കുന്നു. വര്‍ഗീയ ധ്രുവീകരണം എന്ന് ബിജെപിയെ കുറ്റം പറയുമ്പോള്‍ വന്‍തോതിലുളള ഇടത് വലത് ധ്രുവീകരണങ്ങളും കാണാതെ പോകാനാവില്ല. ഇടതു മുന്നണി ഇടതുസിദ്ധാന്തങ്ങള്‍ക്കപ്പുറമുള്ള റിയല്‍ പൊളിറ്റിക്‌സ് കളിക്കുമ്പോള്‍ പ്രത്യേകിച്ചൊരു ധാരണയുമില്ലാതെയാണ് യുഡിഎഫ് കളി. ധാരണയോടെ ബിജെപി ഹിന്ദുത്വ കാര്‍ഡും ഇറക്കുന്നു.
അതിനോടകം ജോസ്‌മോന്‍ താമരക്കുമ്പിളിലാകാതെ നോക്കണമെന്നു മാത്രം.
അഞ്ചാം മന്ത്രി വിവാദത്തിന് ശേഷം രമേശ് ചെന്നിത്തലയുടെ കേരളയാത്രയും അതു കഴിഞ്ഞിട്ടും താക്കോല്‍ സ്ഥാനം വൈകിയതും, പിന്നീട് കിട്ടിയതും നാം കണ്ടു. അഞ്ചാം മന്ത്രിയില്‍ യുഡിഎഫ് ഏറ്റെടുത്ത ജാതി സമ്മര്‍ദ്ദം ന്യൂനപക്ഷ മതമുന്നണിയെന്ന പേര് ചാര്‍ത്തലിലെത്തി. അതിന്റെ രണ്ടാം പതിപ്പാണ് ഇപ്പോഴത്തേത്. തലമുതിര്‍ന്ന നേതാവ് ആര്‍എസ്എസ് ആസ്ഥാനത്തുപോയി ആര്‍എസ്എസ് പ്രവര്‍ത്തകരോട് ആഹ്വാനം നടത്തുന്ന കാലമാണിത്. ഹെഡ്‌ഗേവാര്‍ ഭാരതാംബയുടെ വീരപുത്രനെന്ന് പറയുമ്പോഴും ഗാന്ധിജിയെ മറന്നുപോകുന്ന കാലം. മോന്തായം തന്നെ വളഞ്ഞതാണ്. പിന്നെ ബാക്കി കാര്യം പറയേണ്ടതില്ലല്ലോ? കേരളത്തില്‍ ഘടകകക്ഷികളുടെ ബലമില്ലെങ്കില്‍ കാര്യമായൊരു ശക്തിയുമില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറും. ഘടകകക്ഷികള്‍ സാമര്‍ത്ഥ്യമുള്ളവരായതുകൊണ്ടും കോണ്‍ഗ്രസ് നേതാക്കള്‍ സ്വാര്‍ത്ഥരായതുകൊണ്ടും പാര്‍ട്ടിയുടെ വളര്‍ച്ച പടവലങ്ങാക്കോലമായി. ഒടുവില്‍ ആ ഘടകകക്ഷികള്‍ കോണ്‍ഗ്രസിന് മുകളില്‍ കയറുന്ന സ്ഥിതി.
ഇത് ഉടനെയൊന്നും തീരാത്തതാണ് കുഞ്ഞാപ്പയ്ക്ക് നല്ലത്. കുരുവംശം തമ്മില്‍ത്തല്ലി നശിക്കട്ടെ. ഇടത്തേയ്‌ക്കൊരു പാത തുറക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് ബുദ്ധിമുട്ടുണ്ടാവില്ല. കൂടെ ജോസ്‌മോനെയും വിളിക്കണം. അതിനോടകം ജോസ്‌മോന്‍ താമരക്കുമ്പിളിലാകാതെ നോക്കണമെന്നു മാത്രം.
നേതൃമാറ്റം ആവശ്യപ്പടുകയെന്നത് ചെറിയ കാര്യമല്ല. പക്ഷെ അതുപറയാന്‍ ബല്‍റാമിനൊപ്പം അധികം പേരുണ്ടാവില്ല. പാര്‍ട്ടിക്കമ്മിറ്റി ചേരുമ്പോള്‍ ഇവരൊക്കെ വിശദീകരണം അംഗീകരിക്കും. ചില്ലറ മുറുമുറുപ്പ് കാണിച്ച് സ്വന്തം കസേരകള്‍ ഭദ്രമാക്കും. തമ്മില്‍ത്തല്ലി തൊഴുത്തില്‍ക്കുത്ത് നടത്തി പല്ലിടകുത്തി നാറ്റിക്കുന്ന ഈ കലാപം ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഒടുങ്ങുമ്പോള്‍ പ്രവര്‍ത്തകര്‍ മണ്ടന്‍മാരാകും. ആകെയുള്ള ഗുണം കുറേ ഉള്ളറക്കഥകള്‍ പുറത്തുവന്നു എന്നതാണ്. അങ്ങോട്ടുമിങ്ങോട്ടും ചില കൂറുമാറ്റങ്ങള്‍ ഉണ്ടായി എന്നതാണ്.
അപ്പോഴും ഒന്നവശേഷിക്കും, ജനാധിപത്യം ധാരാളമുള്ള കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടിയെ ആര്‍ക്കും അവഗണിക്കാനാവില്ല. ആര്‍ക്കും ഒഴിവാക്കാനാവില്ല.
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.