പണമില്ലാത്ത കാലം വരുമോ?

By അരുണ്‍ അശോകന്‍First Published Nov 15, 2016, 12:01 PM IST
Highlights

മൂന്നര സഹസ്രാബ്ദത്തോളമായി വിവിധ തരത്തിലുള്ള പണത്തിന്റെ ഉപയോഗം മനുഷ്യനോടൊപ്പം ഉണ്ടെന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്.  അതിന് മുമ്പ് സാധനങ്ങള്‍ പരസ്പരം കൈമാറുന്ന ബാര്‍ട്ടര്‍ സമ്പ്രദായമായിരുന്നു.  സേവനങ്ങള്‍ക്ക് പകരമായി ചില വസ്തുക്കള്‍ കൈമാറുന്ന സാഹചര്യവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലിനിന്നിരുന്നു. ഉദാഹരണത്തിന് വലിയൊരു മാമത്തിനെ കൊന്നു നല്‍കുന്നതിന് പ്രതിഫലമായി ഒരു കോടാലി നല്‍കുന്നതായിരുന്നു പതിനായിരം വര്‍ഷം മുന്‍പുള്ള ചൈനയിലെ രീതി. കാലക്രമത്തില്‍ വേറെ പല സേവനങ്ങള്‍ക്കും ഇത്തരം കോടാലികള്‍ പകരം നല്‍കുന്ന സമ്പ്രദായം നിലവില്‍ വന്നു.  ചില ജീവികളുടെ പല്ലുകള്‍, അപൂര്‍വമായ കക്കത്തോടുകള്‍ അങ്ങനെ പലതും ഇതിന് സമാനമായ രീതിയില്‍ ലോകത്ത് ഉപയോഗിക്കപ്പെട്ടു. ഈജിപ്ഷ്യന്‍, മെസപ്പൊട്ടോമിയന്‍ സംസ്‌കാരങ്ങള്‍ സ്വര്‍ണവും വെള്ളിയും ഇത്തരത്തില്‍ കൈമാറ്റം ചെയ്തിരുന്നുവെന്നാണ്  ചരിത്രകാരന്‍മാര്‍ പറയുന്നത്.

എന്നാല്‍ ഇന്ന് കാണുന്ന തരത്തിലെ പണത്തിന്റെ ആദ്യ രൂപം പിറവിയെടുത്തത് ക്രിസ്തുവിനും 600 വര്‍ഷം മുമ്പ് തുര്‍ക്കിയിലാണ്.  അന്നത്തെ ലിഡിയയിലെ രാജാവായ ആലാറ്റിസ് ആണ് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും അയിര് കൂട്ടിച്ചേര്‍ത്ത് ആദ്യ നാണയങ്ങള്‍ ഇറക്കിയത്. ഈ നാണയങ്ങളില്‍ 55 ശതമാനം സ്വര്‍ണവും 45 ശതമാനം വെള്ളിയുമാണ് അടങ്ങിയിരുന്നത്. ചെറിയ തോതില്‍ ചെമ്പ് ഉണ്ടായിരുന്നെന്നും പറയപ്പെടുന്നു.  എന്നാല്‍ ലിഡിയയില്‍ സ്വര്‍ണനാണയം ഇറങ്ങുന്ന  അതേ സമയത്തോ അതിന് മുന്‍പോ ഇന്ത്യയിലും ചൈനയിലും നാണയങ്ങള്‍ രൂപമെടുത്തിരുന്നുവെന്നും വാദമുണ്ട്.  സിന്ധൂ നദീതട സംസ്‌കാര പ്രദേശത്ത് നിന്ന് ചില മുദ്രകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇത് നാണയങ്ങളുടേതാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല.  പക്ഷെ ഉത്തരേന്ത്യയില്‍ ജനപഥങ്ങള്‍ രൂപമെടുത്ത കാലം മുതല്‍ വെള്ളിയിലുള്ള നാണയങ്ങള്‍ പ്രചാരത്തില്‍ വന്നിട്ടുണ്ട്. 

നാണയങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്നെന്ന് പറയുമ്പോഴും  കേരളത്തിലെ സാധാരണക്കാര്‍ പണ്ട് മുതലേ ഇത് ഉപയോഗിച്ചിരുന്നുവെന്ന് അര്‍ത്ഥമില്ല.

മൗര്യ, ശതവാഹന, ഗുപ്ത കാലഘട്ടം ആകുന്നതോടെ സ്വര്‍ണനിര്‍മ്മിതമായവ ഉള്‍പ്പെടെ നാണയങ്ങള്‍  വന്‍തോതില്‍ ഉപയോഗിക്കപ്പെട്ടു. ദക്ഷിണേന്ത്യയില്‍  പല്ലവന്‍മാരും ചാലൂക്യരും ചോള പാണ്ഡ്യന്‍മാരും നാണയങ്ങള്‍ ഇറക്കിയിട്ടുണ്ട്. കേരളം അന്ന് ചേര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നുവെന്നാണ് ചരിത്രകാരന്‍മാരുടെ വാദം , അമ്പും വില്ലും മുദ്രണം ചെയ്ത നാണയങ്ങളാണ് ചേരന്‍മാര്‍ പുറത്തിറക്കിയിരുന്നത്.   ഗ്രീക്ക്, റോമന്‍, ചൈനീസ്  സംസ്‌കാരങ്ങളുമായി നടന്നിരുന്ന വ്യാപാരം ഈ നാണയങ്ങള്‍ക്കെല്ലാം പ്രേരണ നല്‍കിയിരിക്കാന്‍ സാധ്യതയുണ്ട്. നാണയങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്നെന്ന് പറയുമ്പോഴും  കേരളത്തിലെ സാധാരണക്കാര്‍ പണ്ട് മുതലേ ഇത് ഉപയോഗിച്ചിരുന്നുവെന്ന് അര്‍ത്ഥമില്ല.  പരമാധികാരിയായിരുന്ന പെരുമാളിന് കിട്ടിയിരുന്ന ആട്ടക്കോളെന്ന വാര്‍ഷിക നികുതി മുതല്‍ അമ്പലത്തിലെ കഴകക്കാരനുള്ള പ്രതിഫലമടക്കം സാധാരണ ജോലിക്കാരനുള്ള കൂലി വരെ കേരളത്തില്‍ നെല്ലളവിലായിരുന്നുവെന്നാണ് പണ്ഡിതമതം.
 
നാണയങ്ങളുടെ കാര്യം വിട്ട് നമുക്ക് ഇന്നത്തെ പ്രശ്‌നത്തിലേക്ക് വരാം.  ഇന്ന് ഇന്ത്യ അനുഭവിക്കുന്ന പ്രശ്‌നത്തിന് കാരണം ചൈനാക്കാരാണ്.  വേറൊന്നുമല്ല അവരാണ് പേപ്പര്‍ നോട്ടുകള്‍ കണ്ടുപിടിച്ചത്.  എഡി 600 കള്‍ മുതല്‍ 900 വരെ ചൈനയില്‍ നിലനിന്ന ടാങ് സാമ്രാജ്യത്തിന്റെ കാലത്താണ് പേപ്പര്‍ നോട്ടുകളുടെ രൂപത്തിലുള്ള പണം പ്രാബല്യത്തില്‍ വരുന്നത്.  1455 വരെ അത് നിലനില്‍ക്കുകയും ചെയ്തു. പണപ്പെരുപ്പത്തെ തുടര്‍ന്ന് പിന്‍വലിക്കപ്പെട്ട നോട്ടുകള്‍ പിന്നെ നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് ചൈനയില്‍ പുനഃസ്ഥാപിക്കപ്പെട്ടത്.  

ചൈനയില്‍ നിന്ന് യൂറോപ്പിലേക്കും പിന്നീട് കോളനിവത്കരണം  വഴി ഇന്ത്യയിലേക്കും നോട്ടുകളെത്തി.  പതിനെട്ടാം നൂറ്റാണ്ടിലാണ് ഇന്ത്യയില്‍ നോട്ടുയുഗത്തിന്റെ തുടക്കം. അന്ന് ബാങ്കുകള്‍ നേരിട്ട് നോട്ടിറക്കുന്നതായിരുന്നു രീതി. കല്‍ക്കട്ടയില്‍ സ്ഥാപിതമായ ബാങ്ക് ഓഫ് ഹിന്ദൊസ്ഥാന്‍ ആണ് ഇന്ത്യയില്‍ ആദ്യനോട്ട് ഇറക്കിയത്. 1861 ലെ പേപ്പര്‍ കറന്‍സി ആക്ടിലൂടെ ബ്രിട്ടീഷ് കൊളോണിയല്‍ സര്‍ക്കാര്‍ ഇത് നേരിട്ട് ഏറ്റെടുത്തു.  അങ്ങനെ വിക്ടോറിയ സീരിസ് നോട്ടുകള്‍ ഇന്ത്യയില്‍ പ്രചരിക്കപ്പെട്ടു. കൊളോണിയല്‍ കാലഘട്ടത്തില്‍ ഫ്രഞ്ചുകാരും പോര്‍ച്ചുഗീസുകാരും ഇന്ത്യയിലെ അവരുടെ കോളനികളില്‍ നോട്ടുകള്‍ ഇറക്കിയിരുന്നു.  ഇന്ത്യയില്‍ നോട്ടിറക്കാനുള്ള അധികാരത്തോടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമാകുന്നത് 1935 ലാണ് . 1934 ല്‍ പാസാക്കപ്പെട്ട റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് അനുസരിച്ചായിരുന്നു ഇത്. ജോര്‍ജ് ആറാമന്‍ രാജാവിന്റെ ചിത്രത്തോടെയുള്ള നോട്ടുകളാണ് റിസര്‍വ് ബാങ്ക് ആദ്യം ഇറക്കിയത്. സ്വാതന്ത്ര്യാനന്തരം ഇറങ്ങിയ ആദ്യനോട്ടില്‍ സാരനാഥിലെ അശോകമുദ്രയാണ് ഉണ്ടായിരുന്നത്. പിന്നെ ഇറങ്ങിയ നോട്ടുകളില്‍ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, തഞ്ചാവൂരിലെ ബൃഹദേശ്വരം ക്ഷേത്രം അങ്ങനെ പല ചിത്രങ്ങള്‍ ഇടം പിടിച്ചു. 

ഇന്ന് ഇന്ത്യ അനുഭവിക്കുന്ന പ്രശ്‌നത്തിന് കാരണം ചൈനാക്കാരാണ്.  വേറൊന്നുമല്ല അവരാണ് പേപ്പര്‍ നോട്ടുകള്‍ കണ്ടുപിടിച്ചത്.  

ഗാന്ധി ആദ്യമായി നോട്ടില്‍ വരുന്നത് 1969ലാണ്. ഗാന്ധിയുടെ നൂറാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് ഇറക്കിയ നോട്ടില്‍ സേവാ ആശ്രമത്തിന് മുന്നിലിരിക്കുന്ന ഗാന്ധിയുടെ ചിത്രമാണ് ഉണ്ടായിരുന്നത്. കണ്ണടവച്ച, സുസ്‌മേര വദനനായ ഗാന്ധിയുടെ മുഖം നോട്ടിലെത്തുന്നത്  1987ലാണ് . 1946ല്‍ വൈസ്രോയി ഹൗസിന് മുന്നില്‍ ഫെഡ്‌റിക് വില്യം പെതിക് ലോറന്‍സ് പ്രഭുവിന് ഒപ്പം നില്‍ക്കുന്ന ഗാന്ധിയുടെ ഫോട്ടോയില്‍ നിന്ന് മുഖം മാത്രം നോട്ടില്‍ ചേര്‍ക്കുകയായിരുന്നു.  ഈ നോട്ടിലും സിംഹമുദ്ര തന്നെയായിരുന്നു വാട്ടര്‍മാര്‍ക്ക്. ഇതിന് മാറ്റം വരുന്നത് 1996ല്‍ ഇറങ്ങിയ മഹാത്മാ ഗാന്ധി സീരിസ് നോട്ടുകളിലാണ്. കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങളിലൂടെ  ഇറങ്ങിയ ഇവയിലൂടെ ഗാന്ധി ചിത്രമായും വാട്ടര്‍മാര്‍ക്കായും നോട്ടുകളില്‍ ഇരിപ്പുറപ്പിച്ചു. 2005ല്‍ ഈ നോട്ടുകളില്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി.  ഇതില്‍  ഒരു വലിയ അളവ് നോട്ടുകളാണ് പെട്ടെന്ന് വെറും പേപ്പര്‍ കടലാസുകള്‍ ആയി മാറിയത്.   ഒരാഴ്ചയോളം നോട്ടുകള്‍ കയ്യില്‍ കിട്ടാതിരുന്നപ്പോഴാണ് എന്താണ് സത്യത്തില്‍ പണം എന്ന് പോലും ജനം ചിന്തിച്ച് പോയത് .
 
എന്താണ് പണം എന്ന് മനസ്സിലാക്കാന്‍ പസഫിക് സമുദ്രത്തിലെ യാപ് എന്ന ദ്വിപ് വരെ ഒന്നു പോകാം. പടിഞ്ഞാറന്‍ പസഫിക്കിലെ ദ്വീപരാഷ്ട്ര സമൂഹമായ ഫെഡറേറ്റഡ്  സ്റ്റേറ്റ്‌സ് ഓഫ് മൈക്രൊനേഷ്യയിലെ  ഒരു ദ്വീപ് ആണ് യാപ്.  11,000ത്തോളമാണ് ഇവിടത്തെ ജനസംഖ്യ. സാംസ്‌കാരികമായി വളരെ വൈവിധ്യം പുലര്‍ത്തുന്ന യാപ് ജനതയുടെ ഗ്രാമങ്ങളില്‍ പോയാല്‍ അസാധാരണ വലിപ്പത്തിലുള്ള ചില കല്‍വളയങ്ങള്‍ വീടുകള്‍ക്ക് മുന്നില്‍ സ്ഥാപിച്ചിരിക്കുന്നത് കാണാം. റായ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ കല്‍വളയങ്ങളായിരുന്നു  ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലം വരെ യാപ്പിലെ പണം. ഗ്രാമുകളില്‍ തുടങ്ങി മെട്രിക് ടണ്ണുകള്‍ വരെ ഭാരമുള്ള റായ്കള്‍ ഇവിടെ ഉപയോഗത്തിലുണ്ടായിരുന്നു. നൂറുകണക്കിന് കിലോ മീറ്ററുകള്‍ അകലെയുള്ള ദ്വീപില്‍ നിന്നാണ് റായ് കല്ലുകള്‍ അതിസാഹസികമായി യാപ്പില്‍ എത്തിച്ചിരുന്നത് .  റായ് എത്തിക്കാന്‍ എത്രമാത്രം കഷ്ടപ്പാടുണ്ടോ , അത്രയും മൂല്യം കൂടും. റായ് എത്തിക്കാനുള്ള ശ്രമത്തില്‍ കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടാല്‍ ആ റായുടെ മൂല്യം അത്ര കൂടുതലാണെന്നതാണ് യാപ്പിലെ നിയമം.    ഒരാളുടെ ഉടമസ്ഥതയില്‍ നിന്ന് മറ്റൊരാളുടെ ഉടമസ്ഥതയിലേക്ക് റായ് മാറുമ്പോള്‍ അതിന്റെ സ്ഥാനം മാറ്റേണ്ട ആവശ്യം യാപ്പില്‍ ഇല്ല.  എവിടെയിരുന്നാലും റായുടെ ഉടമ ആരാണെന്ന് യാപ്പുകാര്‍ക്ക് കൃത്യമായി അറിയാം. യാപ്പിലേക്ക് എത്തിക്കുന്നതിനിടയില്‍ കടലിന് അടിയില്‍ മുങ്ങിപ്പോയ ഒരു റായ് പോലും  ഉപയോഗത്തില്‍ ഉണ്ടായിരുന്നുവെന്നതാണ് യാപ്പിന്റെ ചരിത്രം. അതായത് പണമെന്നത് പരസ്പരവിശ്വാസത്തിന്റെ ഭൗതിക രൂപം മാത്രമാണ്.  ഇതിന് പകരമായി ഇത്ര വസ്തു അല്ലെങ്കില്‍ ഇന്ന സേവനം കിട്ടുമെന്ന വിശ്വാസം .  

 ഇന്നത്തെ അവസ്ഥയില്‍ നിന്ന് പണത്തിന് ഭാവിയില്‍ എന്ത് മാറ്റം സംഭവിക്കും?  അപൂര്‍വം ചിലരുടെ മനസ്സില്‍ മാത്രം ഉണ്ടായിരുന്ന ഇത്തരം ചിന്തകള്‍ നോട്ട് അസാധുവാകല്‍ നടപടിയോടെ താഴേക്കിടയിലേക്കും പകര്‍ന്നിരിക്കുകയാണ്.

ഇന്നത്തെ അവസ്ഥയില്‍ നിന്ന് പണത്തിന് ഭാവിയില്‍ എന്ത് മാറ്റം സംഭവിക്കും?  അപൂര്‍വം ചിലരുടെ മനസ്സില്‍ മാത്രം ഉണ്ടായിരുന്ന ഇത്തരം ചിന്തകള്‍ നോട്ട് അസാധുവാകല്‍ നടപടിയോടെ താഴേക്കിടയിലേക്കും പകര്‍ന്നിരിക്കുകയാണ്. നോട്ടുകള്‍ ഇല്ലാതെ എങ്ങനെ ജീവിക്കാം എന്ന് ഒരു വലിയ വിഭാഗം ചിന്തിച്ച് തുടങ്ങിയെന്ന് അര്‍ത്ഥം . ഉയര്‍ന്ന വരുമാനക്കാരുടെ കയ്യില്‍ മാത്രമല്ല സാധാരണക്കാരുടെ കൈകളിലേക്കും എത്തിത്തുടങ്ങിയ ക്രെഡിറ്റ് കാര്‍ഡുകളാണ് ഇതിനുള്ള ഉത്തരം. ഒപ്പം മൊബൈല്‍, ഇന്റര്‍നെറ്റ് കൈമാറ്റങ്ങളും .  എന്നാല്‍ ഇത് മാത്രമല്ല അതിനുമപ്പുറം ക്രിപ്‌റ്റോ കറന്‍സി എന്നൊരു സാധ്യത കൂടി തുറന്നുകിടപ്പുണ്ട്. ബിറ്റ് കോയിന്‍ എന്ന പേരില്‍ മെല്ലെ ഈ സാധ്യതകളെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. .
 
അതിവിദൂരഭാവിയില്‍ അല്ലാതെ പണം മരണപ്പെടുമെന്ന് വാദിക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞര്‍ ഉണ്ട്. 'ഡെത്ത് ഓഫ് മണി' എന്ന പേരില്‍ അമേരിക്കന്‍ സാമ്പത്തിക വിദഗ്ദ്ധനായ ജിം റിക്കാര്‍ഡ്‌സ് ഒരു പുസ്തകം പോലും എഴുതിയിട്ടുണ്ട്. പേപ്പറുകളുടെയും  നാണയങ്ങളുടെയും രൂപത്തിലുള്ള പണത്തിന്റെ മരണമാണ് ഇവര്‍ പ്രവചിക്കുന്നത്, പക്ഷെ പണമെന്ന വിശ്വാസത്തിന് മാനവരാശിയോടൊപ്പം അല്ലാതെ മരണം സംഭവിക്കില്ല . അങ്ങനെ നോക്കുമ്പോള്‍ പണത്തിനും  സഭവിക്കാനിരിക്കുന്നത് മരണമല്ല, അത് മനുഷ്യരാശിയോടൊപ്പമുള്ള പരിണാമം മാത്രമാണ്.

click me!