അരക്കെട്ടിലും കഴുത്തിലും ഒളിപ്പിച്ച 'രഹസ്യായുധം'; സയനൈഡ് രാഷ്‌ട്രീയമാക്കിയ തമിഴ്‌പുലികള്‍

By Web TeamFirst Published Oct 5, 2019, 3:55 PM IST
Highlights

പൊലീസ് പിടിയിലാകുമെന്ന് ഉറപ്പായതോടെ കൈയില്‍ കരുതിയ സയനൈഡ് വിഴുങ്ങി ശിവകുമാരന്‍ ആത്മഹത്യ ചെയ്തു. പുലികള്‍ക്കിടയില്‍ ശിവകുമാരന്‍റെ മരണം വലിയ പ്രചോദനമായി. ശിവകുമാരനില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് തമിഴ്പുലികള്‍ സയനൈഡ് കൊണ്ടുനടക്കാന്‍ തുടങ്ങിയതെന്ന് പ്രഭാകരന്‍ പിന്നീട് വെളിപ്പെടുത്തി.

ലയാളിയുടെ പൊതുഇടങ്ങളില്‍ സയനൈഡ് എന്ന മാരക വിഷത്തെക്കുറിച്ച് ചര്‍ച്ചയാകുന്നത് ശ്രീലങ്കന്‍ പുലികളുടെ പ്രതാപകാലത്താണ്. യാഥാര്‍ത്ഥ്യത്തോടൊപ്പം നിറംപിടിപ്പിച്ചതും അതിശയോക്തി കലര്‍ന്നതുമായ നിരവധി കഥകള്‍ പത്രങ്ങളിലൂടെയും അല്ലാതെയും മലയാളി അറിഞ്ഞു. എല്‍ടിടിഇ രഹസ്യങ്ങള്‍ പുറത്തുപോകാതിരിക്കാനായി നേതാവ് വേലുപ്പിള്ളൈ പ്രഭാകരന്‍ തന്‍റെ അണികളെ സയനൈഡ് ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു എന്നത് വാസ്തവമാണെന്ന് വ്യക്തമാക്കുന്ന നിരവധി വെളിപ്പെടുത്തലുകള്‍ പിന്നീടുണ്ടായി. 

1974ലാണ് ശ്രീലങ്കയില്‍ സയനൈഡ് എന്ന കൊടും വിഷം രാഷ്ട്രീയ അടയാളമായി മാറുന്നത്. സിംഹള ആധിപത്യത്തിനെതിരെ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിക്കുകയും ഉന്നതരെ വധിക്കാന്‍ പദ്ധതിയിടുകയും ചെയ്ത പൊന്‍ ശിവകുമാരനാണ് സയനൈഡ് ആയുധമാക്കുന്നത്. 23ാം വയസ്സിലായിരുന്നു ശിവകുമാരന്‍ സയനൈഡ് വിഴുങ്ങി ആത്മഹത്യ ചെയ്തത്. തമിഴ് പോരാട്ടത്തിന്‍റെ ആദ്യ രക്ത സാക്ഷിയായും ശിവകുമാരന്‍ വാഴ്ത്തപ്പെട്ടു. ഡെപ്യൂട്ടി മന്ത്രി സോമവീര ചന്ദ്രസിരിയടക്കം രണ്ടുപേരെ ബോംബ് വച്ച് കൊല്ലാന്‍ ശ്രമിച്ചതിന് ശിവകുമാരനു വേണ്ടി പൊലീസ് ലങ്കയാകെ അരിച്ചുപെറുക്കുകയായിരുന്നു.

പൊന്‍ ശിവകുമാരന്‍

സയനൈഡുമായിട്ടായിരുന്നു ശിവകുമാരന്‍റെ സഞ്ചാരം. പിടികൊടുക്കില്ലെന്ന വാശിയായിരുന്നു അതിന് പിന്നില്‍. 1974 ജൂണ്‍ നാലിന് കോപ്പായിലെ പീപ്പിള്‍സ് ബാങ്ക് കൊള്ളയടിക്കാനുള്ള ശ്രമത്തിനിടയില്‍ ശിവകുമാരനെ പൊലീസ് കണ്ടു. പൊലീസ് പിടിയിലാകുമെന്ന് ഉറപ്പായതോടെ കൈയില്‍ കരുതിയ സയനൈഡ് വിഴുങ്ങി ശിവകുമാരന്‍ ആത്മഹത്യ ചെയ്തു. പുലികള്‍ക്കിടയില്‍ ശിവകുമാരന്‍റെ മരണം വലിയ പ്രചോദനമായി. ശിവകുമാരനില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് തമിഴ്പുലികള്‍ സയനൈഡ് കൊണ്ടുനടക്കാന്‍ തുടങ്ങിയതെന്ന് പ്രഭാകരന്‍ പിന്നീട് വെളിപ്പെടുത്തി.

വേലുപ്പിള്ളൈ പ്രഭാകരന്‍ കൂട്ടാളികളോടൊപ്പം

ശത്രുവിന്‍റെ മുന്നില്‍ കീഴടങ്ങി, പീഡനങ്ങളേറ്റ് സംഘടനയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിനേക്കാള്‍ ഭേദം മരണം തന്നെയാണെന്ന് പുലികള്‍ കരുതി. ശിവകുമാരന്‍റെ മരണം വിശുദ്ധവത്കരിക്കാനും തമിഴ്പുലികളെ അനുകൂലിക്കുന്നവര്‍ ശ്രമിച്ചതോടെ സയനൈഡ് വാരിയേഴ്സ് ശക്തമായി. ഏകദേശം 3000ത്തോളം വനിതാ പുലികള്‍ സയനൈഡ് വാരിയേഴ്സില്‍ അംഗമായിരുന്നെന്ന് വനിതാ വിഭാഗം നേതാവായിരുന്ന അഡെലെ ബാലസിംഗം വെളിപ്പെടുത്തിയിരുന്നു. അങ്ങനെ പിടിക്കപ്പെടുന്നതിന് മുമ്പ് സയനൈഡ് വിഴുങ്ങി ആത്മഹത്യ ചെയ്യുക എന്നത് തമിഴ്പുലികളുടെ സിദ്ധാന്തമായി മാറി. പിന്നീട് നിരവധി പുലികളാണ് സയനൈഡ് വിഴുങ്ങി ആത്മഹത്യ ചെയ്തത്. 

click me!