ദലിത് പീഡനം: യുഎന്‍ സമിതിയില്‍ ആഞ്ഞടിച്ച് ഇന്ത്യന്‍ വനിതാ സംഘടന

Web Desk |  
Published : Jun 22, 2018, 05:26 PM ISTUpdated : Jun 29, 2018, 04:19 PM IST
ദലിത് പീഡനം: യുഎന്‍ സമിതിയില്‍  ആഞ്ഞടിച്ച് ഇന്ത്യന്‍ വനിതാ സംഘടന

Synopsis

സര്‍വേ പ്രകാരം  ഉയര്‍ന്ന ജാതിയില്‍ പെട്ട 19.7 ശതമാനം സ്ത്രീകളാണ് ശാരീരിക പീഡനത്തിനിരയായത്. അതേസമയം ദളിത് സ്ത്രീകളില്‍ 33.2 ശതമാനം പേര്‍ പീഡനത്തിനിരയാവുന്നു

ജനീവ: ഇന്ത്യയില്‍ ദളിതര്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ ശ്രദ്ധയില്‍ പെടുത്തി ഇന്ത്യയിലെ വനിതാ ദളിത് സംഘടന. ജനീവയില്‍ അടുത്തെയിടെ നടന്ന ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൌണ്‍സിലിലാണ് ഇന്ത്യയിലെ ദളിതരനുഭവിക്കുന്ന പീഡനങ്ങളും വിവേചനവും പ്രവര്‍ത്തകര്‍ തുറന്നുകാണിച്ചത്. 

ദളിത് സ്ത്രീകളുടെയും, പെണ്‍കുട്ടികളുടേയും അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ദളിത് മഹിളാ അധികാര്‍ മഞ്ച് പ്രവര്‍ത്തകരാണ് സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിച്ചത്. ദളിത് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ചൂണ്ടിക്കാണിച്ച പ്രവര്‍ത്തകര്‍, അവര്‍ തയ്യാറാക്കിയ ഡോക്യുമെന്‍ററിയും പ്രദര്‍ശിപ്പിച്ചു. 

2017 -ല്‍ ഹരിയാനയില്‍ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന പതിനേഴുകാരിയുടെ ജീവിതമാണ് ഡോക്യുമെന്‍ററിയിലുണ്ടായിരുന്നത്. പ്രതികളില്‍ ഇനിയും ശിക്ഷിക്കാത്തവരുണ്ട്. അയാളെ ശിക്ഷിക്കാനും, നഷ്ടപരിഹാരം കിട്ടാനും കാത്തിരിക്കുകയാണ് പെണ്‍കുട്ടിയുടെ കുടുംബം. സംഘടനയുടെ ജനറല്‍ സെക്രട്ടറി ആശ കൊട് വാള്‍, ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുകയും സമ്മേളനത്തില്‍ സംസാരിക്കുകയും ചെയ്തു. 

നാഷണല്‍ ഫാമിലി ഹെല്‍ത്ത് സെന്‍റർ നടത്തിയ സര്‍വേ പ്രകാരം ഇന്ത്യയിലെ ഉയര്‍ന്ന ജാതിയില്‍ പെട്ട 19.7 ശതമാനം സ്ത്രീകളാണ് ശാരീരിക പീഡനത്തിനിരയായത്. എന്നാല്‍, അതേസമയം ദളിത് സ്ത്രീകളില്‍ 33.2 ശതമാനം പേര്‍ പീഡനത്തിനിരയാവുന്നുണ്ട്. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ദളിതർക്കെതിരെ നടക്കുന്ന അക്രമം 66 ശതമാനമാണ് കൂടിയത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്ക് പ്രകാരമാണിത്. 

'ഇത് രേഖപ്പെടുത്തിയ കണക്കുകള്‍ മാത്രമാണ്. ഇതിലും കൂടുതലായിരിക്കും യഥാര്‍ത്ഥ കണക്കുകള്‍. നിയമസംവിധാനങ്ങളും ഭരണകൂടവുമെല്ലാം സഹകരിക്കാത്തതുകൊണ്ടാണ് ദളിതര്‍ക്കുനേരെയുള്ള അക്രമങ്ങള്‍ കൂടുന്നത്.  അത് നിയമസംവിധാനങ്ങള്‍ക്കെല്ലാം നാണക്കേടാണെ'ന്നും റിപ്പോര്‍ട്ട് പറയുന്നു. 

' ജാതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ ഐക്യരാഷ്ട്രസഭ ഗുരുതരമായ മനുഷ്യാവകാശപ്രശ്നമായി കണ്ടിരുന്നോ, ഇന്ത്യ ഇതിനെ ഗുരുതരമായ മനുഷ്യാവകാശലംഘനമായാണ്  കാണുന്നത്. കാരണം ഏറ്റവും കൂടുതല്‍ ദളിതര്‍ താമസിക്കുന്ന രാജ്യമാണ് ഇന്ത്യ'യെന്നും ആശ കൊട് വാള്‍ സമ്മേളനത്തില്‍ പറഞ്ഞു. 

യു.എന്നിന്‍റെ ന്യൂനപക്ഷാവകാശങ്ങള്‍ക്കു വേണ്ടിയും സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടിയും പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ ഭാരവാഹികളടക്കം നിരവധി പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

എങ്ങനെയെല്ലാമാണ് ഇന്ത്യയിലെ ദളിതര്‍ വിവേചനം നേരിടുന്നത് എന്നതിനെ കുറിച്ച് സുപ്രീം കോടതിയില്‍ അഡ്വക്കേറ്റായ വൃന്ദ ഗ്രോവര്‍ വിശദമായി സംസാരിച്ചു. സ്കൈപ്പിലൂടെയാണ് വൃന്ദ ഗ്രോവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. ദളിത് സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും നേരെ അക്രമം നടത്തുന്നവരെ ശിക്ഷിക്കാത്തതാണ് അക്രമം ഇത്രകണ്ട് കൂടാന്‍ കാരണമെന്ന് അവര്‍ പറഞ്ഞു. 


 

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

click me!

Recommended Stories

വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് യുകെയിൽ 30,000 രൂപ പിഴ!
ബോളിവുഡ് ഗാനത്തിന് ചുവടുവെച്ച് യുഎസ് പ്രൊഫസർ; ന‍ൃത്തം ഏറ്റെടുത്ത് നെറ്റിസെന്‍സ്