
ഡെല്‍ഹിയിലെ ഐപിഎസ് ഓഫീസര്‍ അസ്ലം ഖാന്‍ തന്‍റെ പകുതി ശമ്പളം എല്ലാ മാസവും നല്‍കുന്നത് ഒരു കുടംബത്തിനാണ്. അവരുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു കുടുംബത്തിന്.
ആ വീട്ടിലെ ഗൃഹനാഥന്‍ മാന്‍സിങ്ങ് കുറച്ചു മാസങ്ങള്‍ക്ക് മുമ്പാണ് കൊല്ലപ്പെട്ടത്. ട്രക്ക് ഡ്രൈവറായിരുന്ന മാന്‍സിങ്ങ് അധ്വാനിയും കുടുംബത്തിനു വേണ്ടി സമ്പാദിക്കാനാഗ്രഹിക്കുന്നവനും അവരെയെല്ലാം ഏറെ സ്നേഹിക്കുന്നവനുമായിരുന്നു. മരുമകളുടെ വിവാഹത്തിനായി ഒരു 80,000 രൂപയും അദ്ദേഹം കരുതിയിരുന്നു. ഒരിക്കല്‍ ജോലി കഴിഞ്ഞ് കുറേ ദിവസങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് വരികയായിരുന്നു മാന്‍സിങ്ങ്. വലിയ പരിചയമില്ലാത്ത വഴിയിലൂടെയായിരുന്നു വരവ്. വഴിയില്‍ വച്ച് രണ്ട് കൊള്ളക്കാര്‍ അദ്ദേഹത്തെ പിടിച്ചുനിര്‍ത്തി. കയ്യിലുള്ളതെല്ലാം നല്‍കാനാവശ്യപ്പെട്ടു. എന്നാല്‍, മാന്‍സിങ്ങ് കൊടുക്കാന്‍ തയ്യാറായില്ല. അതോടെ അദ്ദേഹത്തെ ഉപദ്രവിച്ചവശനാക്കി ഉള്ളതെല്ലാമെടുത്ത് കൊള്ളക്കാര്‍ സ്ഥലംവിട്ടു. മാന്‍സിങ്ങ് ആ രാത്രി തന്നെ അവിടെക്കിടന്ന് മരിച്ചു.
അതോടെ അദ്ദേഹത്തിന്‍റെ ഭാര്യ ദര്‍ശന്‍ കൗര്‍, മക്കളായ ബല്‍ജീത്ത് കൗര്‍, ജസ്മീത് കൗര്‍, അസ്മിത് കൗര്‍ അവരുടെ മുത്തശ്ശി എന്നിവരടങ്ങിയ ആ കുടുംബം അനാഥമായി.
പഠനം പോലും മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്ന അവസ്ഥയില്‍ നിന്നപ്പോഴാണ് അസ്ലം ഖാന്‍ ഐപിഎസ് അവരെ വിളിക്കുന്നത്. എല്ലാ മാസവും ഒരു തുക അവരുടെ പഠനച്ചെലവിനും ജീവിതച്ചെലവിനും നല്‍കാമെന്ന് അവര്‍ പറയുകയായിരുന്നു.
ആരുമല്ലാതിരുന്ന അവരുടെ കഥയറിഞ്ഞ ഈ ഓഫീസര്‍ സ്വയം സഹായിക്കാന്‍ മുന്നോട്ട് ചെല്ലുകയായിരുന്നു. ഇപ്പോള്‍ അസ്ലം ഖാന്‍ തന്‍റെ ശമ്പളത്തിന്‍റെ പകുതി എല്ലാ മാസവും അവര്‍ക്കയച്ചുകൊടുക്കുന്നു. ബല്‍ജീത് കൗര്‍ പറയുന്നു. ' നമ്മളിതുവരെ പരസ്പരം കണ്ടിട്ടുപോലുമില്ല. മിക്കപ്പോഴും വിളിക്കും. പഠനത്തെ കുറിച്ചാണ് കൂടുതലും സംസാരിക്കുന്നത്. എനിക്കും വലുതായാല്‍ അവരെപ്പോലെ ഒരു ഐപിഎസ് ഓഫീസറായി ഡെല്‍ഹി പോലീസിനു വേണ്ടി പ്രവര്‍ത്തിക്കണം.'
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം