ഇങ്ങനെയൊക്കെയാണ് പ്രവാസം നമുക്ക് പ്രിയപ്പെട്ടതാകുന്നത്...

By Deshantharam SeriesFirst Published Dec 30, 2018, 2:36 PM IST
Highlights

രണ്ടുമാസം പ്രിയപ്പെട്ടവരോടൊപ്പം അവധിയാഘോഷിക്കാൻ പോയതാണ് അവൻ. ജീവിതത്തിന്റെ എല്ലാ സന്തോഷങ്ങളും കെടുത്തി "തലതെറിച്ച" പുതിയ തലമുറയുടെ ഇരുചക്രവാഹനം അവന്റെ ജീവിതത്തിലേക്ക് ഒരിക്കലും മായ്ച്ചു കളയാൻ പറ്റാത്ത കറുത്ത നിഴലായി എത്രപെട്ടെന്നാണ് കടന്നു വന്നത്. 

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

ഡിസംബർ ആഘോഷങ്ങളുടെ മാസമാണ്, പൊള്ളുന്ന ചൂടിൽ നിന്ന് തണുപ്പിന്റെ ആശ്വാസങ്ങളിലേക്ക് ഓരോ പ്രവാസിയും ജീവിച്ചു തുടങ്ങുന്ന മാസം. നാടും പ്രിയപ്പെട്ടവരും അകലെയാണെന്ന വ്യസനങ്ങളിൽ നിന്ന് ഇത്തിരിനേരമെങ്കിലും സന്തോഷങ്ങളുടെ സംഗീതങ്ങളിൽ ലയിക്കുന്ന കാലം. ഷോപ്പിംഗ് മാളുകളിലെ കെട്ടുകാഴ്ച്ചകൾക്കും വലിയ ഹോട്ടലുകളിലെ ആഘോഷങ്ങൾക്കും ഇടയിൽ എവിടെയും പറയാതെ പോകുന്ന ചില ജീവിതങ്ങളുടെ ആഘോഷങ്ങളുണ്ട്. നിറം മങ്ങിയ ചുവരുകളുള്ള, പേരറിയാ പ്രവാസിയുടെ തേങ്ങലുകൾ പോലെ ഞെരങ്ങി തുറക്കുന്ന വാതിലുകളുള്ള, വ്യാഴാഴ്ച്ചകളിലെ രാത്രികളിൽ മാത്രം ജീവിച്ചു തുടങ്ങുന്ന, സ്വപ്ങ്ങളിൽ മാത്രം എന്നും ക്രിസ്മസ് നക്ഷത്രങ്ങൾ വിരിയിക്കുന്ന സാധാരണക്കാരായ പ്രവാസികളുടെ ആഘോഷങ്ങൾ.

ദിബ്ബയിലെ ഞങ്ങളുടെ ക്രിസ്മസ് ആഘോഷങ്ങൾ ഉണരുക രാജേഷിന്റെ റൂമിലായിരുന്നു. പ്രിയപ്പെട്ട സുഹൃത്തുക്കൾ സമ്മാനിക്കുന്ന ഭക്ഷണത്തിനോടൊപ്പം വീഞ്ഞും പാട്ടും ബഹളങ്ങളുമായി ഡിസംബറിലെ ആഘോഷങ്ങൾ. ദിബ്ബ മുഹല്ലബിലെ സിനിമാ കഥാ ചർച്ചകളിലേക്ക് തമാശകളും അനുഭവങ്ങളുമായി കടന്ന് വരാറുള്ള രാജേഷ്.

പ്രവാസത്തിന്റെ തിരക്കുകളിൽ പൊരുതി മുന്നേറുന്നതിനിടക്ക് കിതച്ചു നിന്ന്, നാടിന്റെ യാഥാർഥ്യങ്ങളിലേക്ക് ഇറങ്ങി നടക്കേണ്ടി വന്ന പ്രിയ സുഹൃത്ത്. രാജേഷിനെയും മുഹല്ലബിലെ അവന്റെ വ്യാഴാഴ്ച്ച വില്ലയെയും സ്മരിക്കാതെ ഡിസംബറിനെ കുറിച്ചുള്ള ഓർമ്മകൾ പൂർത്തിയാകില്ല.

എത്ര സുന്ദരമായിരുന്നു കഴിഞ്ഞ ഡിസംബർ വരെയുള്ള ഓരോ ക്രിസ്മസ് ആഘോഷങ്ങളും

രണ്ടു ദിവസം കാണാതിരുന്നാൽ അറ്റുപോകുന്ന പ്രവാസലോകത്തെ സൗഹൃദങ്ങളിൽക്കിടയിൽ ഇപ്പോഴും മറക്കാനാകാത്ത ഒരുപിടി നന്മയുടെ ഓർമ്മകൾ ബാക്കി വെച്ച് താല്പര്യമില്ലാതിരുന്നിട്ടും പ്രവാസത്തിന്റെ കരുതിവെക്കലുകളിൽ നിന്നും ഇറങ്ങി നടന്നു പോകുകയായിരുന്നു അവൻ. 

രാജേഷിന്റെ "അൽഖദീം എ സി റിപ്പയറിങ്" ബോർഡുള്ള പിക്ക് അപ്പ് വാഹനത്തിൽ ഞങ്ങൾ ബസാറിലേക്ക് ഇറങ്ങും. രാജേഷും അഖിലും സുനിലും മുഹാഷും റഫീഖ് പ്രവാസിയും ഇടക്കൊക്കെ സംവിധായകൻ ആസിഫും തബ്രീസും ഡിസംബറിലെ ആഘോഷങ്ങളിലെ താരങ്ങളാണ്. സുനിൽ ഉണ്ടാകുന്ന ബിരിയാണി, രാജേഷ് സംഘടിപ്പിക്കുന്ന വീഞ്ഞ്. അഖിലിന്റെ നാടൻപാട്ട്, മുഹാഷിന്റെ മാപ്പിള പാട്ട്, തബ്രീസിന്റെ രാഷ്ട്രീയം... എത്ര സുന്ദരമായിരുന്നു കഴിഞ്ഞ ഡിസംബർ വരെയുള്ള ഓരോ ക്രിസ്മസ് ആഘോഷങ്ങളും.

രണ്ടുമാസം പ്രിയപ്പെട്ടവരോടൊപ്പം അവധിയാഘോഷിക്കാൻ പോയതാണ് അവൻ. ജീവിതത്തിന്റെ എല്ലാ സന്തോഷങ്ങളും കെടുത്തി "തലതെറിച്ച" പുതിയ തലമുറയുടെ ഇരുചക്രവാഹനം അവന്റെ ജീവിതത്തിലേക്ക് ഒരിക്കലും മായ്ച്ചു കളയാൻ പറ്റാത്ത കറുത്ത നിഴലായി എത്രപെട്ടെന്നാണ് കടന്നു വന്നത്. അവധിയുടെ സായാഹ്നങ്ങളിൽ കുടുംബത്തോടൊപ്പം യാത്രചെയ്യവേ എതിരെ വന്ന, ജീവിതം വികലമായി ആഘോഷിക്കുന്ന പുതിയ തലമുറയിലെ യുവാക്കളുടെ അശ്രദ്ധമായ ഡ്രൈവിൽ തകർത്തെറിഞ്ഞത് നമ്മുടെ കൂട്ടുകാരന്‍റെ പ്രിയപ്പെട്ടവരോടൊത്തുള്ള സന്തോഷത്തോടെയുള്ള ജീവിതമായിരുന്നു.

ഇപ്പോഴും അപകടത്തിന്റെ ആഴങ്ങളിൽ നിന്നും പൂർണ്ണമായും മുക്തമാവാതെ പ്രവാസത്തിന്റെ പഴയ ഓർമകളെ കുറിച്ച് നാട്ടിൽ നിന്നും വാട്സ് ആപ്പ് വഴി, ഓർമ്മകളിൽ വ്യസനങ്ങളും നൊമ്പരങ്ങും മറക്കാൻ ശ്രമിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട രാജേഷ്. സൂഫി ഫ്‌ളാറ്റിലെ മൗനത്തിന്റെ ഇലക്കീറിനുള്ളിൽ ഇപ്പോഴുള്ളത് കുറേ ശീതരക്ത സ്മരണകൾ മാത്രം...

ജീവിതം ആഘോഷിക്കാൻ കൂടിയുള്ളതാണ്

ജീവിതത്തിന്റെ ഓരോ പ്രവാസ ദൂരവും ഓടിക്കിതച്ച് തളരുന്നതിനിടക്ക് മുഹല്ലബിലെ രാജേഷിന്റെ വില്ലയും അവന്റെ "അൽഖദീം എ സി റിപ്പയറിങ് " ബോർഡുള്ള പിക്ക് അപ്പ് വാനിലെ യാത്രയും ഇപ്പോഴും മറക്കാനാവാത്ത നന്മയുള്ള ഓർമയായി പൂത്തു നിൽക്കുന്നു. ഇരുണ്ട നിറമുള്ള കമ്പിളി ചൂടിൽ നിന്നും സ്വപ്നങ്ങളിലേക്ക് ഇറങ്ങി നടക്കുമ്പോൾ നോവുകളിൽ ഓർമ്മകൾ തങ്ങി നിന്ന് മുന്നോട്ട് നടക്കാനാവാതെ വിതുമ്പുമ്പോൾ, സൂഫി ഫ്‌ളാറ്റിന്റെ തുറന്നിട്ട നീല ജാലത്തിലൂടെ ഇരുണ്ട ആകാശം തിളങ്ങുന്നു. അകലെ കണ്ണുചിമ്മുന്ന ക്രിസ്മസ് നക്ഷത്രങ്ങൾ മഞ്ഞു നനഞ്ഞ വഴിയിലൂടെ നടന്നു നീങ്ങുന്ന വെയിൽ ജീവിതങ്ങൾ. അദൃശ്യമായ സൂഫീ സംഗീതം മഞ്ഞ വെളിച്ചം...

ആകാശത്ത് തെളിയുന്ന നക്ഷത്രങ്ങൾ പ്രതീക്ഷകളാണ്... ഇനി വരാനുള്ള ഏതെങ്കിലും ഡിസംബറിൽ പഴയത് പോലെ രാജേഷും സുനിലും അഖിലും തബ്രീസും ആസിഫും  റഫീക്കും ഈ പ്രവാസത്തിന്റെ തണുത്ത നന്മകളിൽ മുഹല്ലബിലെ രാജേഷിന്റെ വില്ലയിൽ ഒത്തുകൂടുമെന്ന പ്രതീക്ഷ. പാട്ടും ബീഫും വീഞ്ഞും തമാശയും സിനിമയും... അതെ, ജീവിതം ആഘോഷിക്കാൻ കൂടിയുള്ളതാണ്. മനസ്സിൽ നന്മയുള്ള സുഹൃത്തുക്കളുടെ കൂടെയുള്ള ആഘോഷം.

click me!