
2015 സെപ്തംബര്‍ 15
ഇരമ്പികുതിച്ചു കൊണ്ട് ദുബായ് കൊച്ചി എയര്‍ഇന്ത്യ എക്‌സ്പ്രസ്സ് നെടുമ്പാശ്ശേരിയുടെ നിലം തൊടുമ്പോള്‍! രാത്രി 10:40. സീറ്റ് ബെല്‍റ്റുകള്‍ സ്വതന്ത്രമാകുന്ന ശബ്ദങ്ങള്‍ക്കിടയ്ക്ക് സിം മാറ്റിയിട്ട് ഫോണ്‍ പരിശോധിക്കാനുള്ള തിരക്കിലായിരുന്നു ഞാന്‍. നാശം. കഴിഞ്ഞ തവണ പോകുമ്പോള്‍ എടുത്ത പുതിയ ഐഡിയ സിം ആണ് ഇപ്പൊ റേഞ്ച് കിട്ടുന്നില്ല. ഹോസ്പിറ്റലിലെ അവസ്ഥ എന്തായി എന്നറിയാതെ വീര്‍പ്പുമുട്ടുന്നു.
'ദാ... ചേട്ടായി ഇതില്‍നിന്നും വിളിച്ചോളൂ... '
കഴിഞ്ഞ 4 മണിക്കൂര്‍ നേരം പരസ്പരം മിണ്ടാതിരുന്ന സഹയാത്രിക! ആശ്വാസത്തിന്റെ ചെറുചിരി സമ്മാനിച്ച് ഫോണ്‍ വാങ്ങി സുഭാഷ് അളിയനെ വിളിച്ചു. ഇല്ല മാറ്റമൊന്നും ഇല്ല. അച്ഛന്‍ ഇപ്പോഴും അതേ അവസ്ഥയില്‍ തന്നെയാണ്. ഒരു കോള്‍ കൂടി എന്ന് ആംഗ്യം കാണിച്ചപ്പോള്‍ ചെറുചിരി കൊണ്ടായിരുന്നു അവളുടെ മറുപടി.
ശ്രീചേട്ടന്‍ പുറത്തു കാത്ത് നില്‍പ്പുണ്ടാകുമെന്ന് അച്ചു പറഞ്ഞിരുന്നു.
'ഞാന്‍ പുറത്തുണ്ട്, ഡ്യൂട്ടി കഴിഞ്ഞതിനാല്‍ അകത്തു വരാന്‍ പറ്റില്ല, കസ്റ്റംസ് ക്ലിയറന്‍സ് കഴിഞ്ഞ് ഉടനെ പ്രി പെയിഡ് ടാക്‌സി കൗണ്ടര്‍ കാണും, അവിടെന്നു ടാക്‌സി ബുക്ക് ചെയ്‌തോളൂ'
എന്റെ ശബ്ദം തിരിച്ചറിഞ്ഞ ഉടനെ ശ്രീ ചേട്ടന്റെ ഒറ്റശ്വാസത്തിലുള്ള മറുപടി വന്നു. നന്ദിയോടെ ഫോണ്‍ തിരികെ കൊടുത്ത് ബാഗുമെടുത്ത് പുറത്തേക്കു നടക്കുമ്പോള്‍ അവള്‍ ചോദിച്ചു.
'ആരാ ഹോസ്പിറ്റലില്‍? എന്താ പറ്റിയേ?'
പതിഞ്ഞ ശബ്ദത്തില്‍ അച്ഛന്റെ സര്‍ജറി വിശേഷങ്ങള്‍ ചുരുക്കി വിവരിച്ചുകൊണ്ട് വിമാനത്തിന് പുറത്തേക്കു നടന്നു. എമിഗ്രേഷനും കടന്നു ലഗേജ് കണ്‍വെയര്‍ ബെല്‍റ്റിന്റെ അരികിലേക്ക് നടക്കുമ്പോള്‍ എന്റെ സങ്കടം ഏറ്റെടുത്തെന്ന പോലെ അവളും എന്നെ സമാശ്വസിപ്പിച്ചു.
'എന്റെയും കൂടി പ്രാര്‍ത്ഥനകള്‍ കൂടെയുണ്ട്, ചേട്ടായി ധൈര്യമായിരിക്കൂ... '
ബാഗും എടുത്ത് ടാക്‌സി ബുക്ക് ചെയ്ത് പുറത്തു കടന്നയുടനെ ശ്രീചേട്ടനും കണ്ണന്‍ മോനും ഓടിയെത്തി. വലിയ ബാഗും എടുത്ത് ചേട്ടന്‍ പ്രീപെയിഡ് സ്റ്റാന്റിലേക്ക് വേഗം നടന്നു. വലിയ ചെക്കനായല്ലോ എന്ന് പറഞ്ഞ് കണ്ണനെ ചേര്‍ത്ത് പിടിച്ചപ്പോഴും സദാചിരിക്കുന്ന കണ്ണനും ചിരിക്കാനൊരു പിശുക്ക്. അവനും എന്റെ യാത്രയുടെ ഉദ്ദേശമറിഞ്ഞിട്ടുണ്ടാകുമല്ലോ.
'നേരെ ഹോസ്പിറ്റലിലേക്ക് വിട്ടോളൂ, എല്ലാം ശരിയാകും പേടിക്കാതിരിക്ക്'
രണ്ടു കൈകളും കൂട്ടിപിടിച്ച് ആശ്വസിപ്പിച്ച് ശ്രീചേട്ടന്‍ എന്നെ യാത്രയാക്കി.
കാറില്‍ കയറി ഹോസ്പിറ്റലിന്റെ അഡ്രസ്സ് പറഞ്ഞു കൊടുത്ത് ഡ്രൈവറുടെ ഫോണ്‍ വാങ്ങി സുഭാഷ് അളിയനെ ഒന്ന് കൂടെ വിളിച്ച് തിരികെ വിളിക്കാന്‍ പറഞ്ഞു. എവിടെയെത്തി എന്ന ചോദ്യത്തോടെ അളിയന്‍.
'പുറപ്പെട്ടിട്ടേ ഉള്ളൂ 12 മണിയാകും അവിടെയെത്താന്‍. എന്താണ് ഇപ്പോഴത്തെ അവസ്ഥ. ഡയാലിസിസ് തുടങ്ങിയോ?'
മറുതലയ്ക്കല്‍ കുറച്ചുനേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം 'ശ്രീജൂ'എന്നൊരു പതിഞ്ഞ വിളി ... ബിജുവല്ലേ അത്!
എടാ നീ ഇതുവരെ പോയില്ലേ?
രാവിലെ വന്നതല്ലേ?, വീട്ടില്‍ ദിവ്യയും പിള്ളേരും തനിച്ചല്ലേ?
എന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടി ധൃതിയിലുള്ള അവന്റെ ചോദ്യങ്ങളായിരുന്നു.
'നീ നേരെയിങ്ങോട്ടു തന്നെയല്ലേ വരുന്നേ? പെട്ടന്ന് വാ... അടുത്ത ഡയാലിസിസ് തുടങ്ങും മുമ്പ് ഇവിടെയെത്തണം..'
ഇന്നലെ സര്‍ജറി കഴിഞ്ഞത് മുതല്‍ക്കേ അവന്‍ അവിടെയുണ്ട്. സുഖദു:ഖങ്ങളില്‍ പ്രീഡിഗ്രി കാലം മുതല്‍ ഒരുമിച്ചുള്ളവന്‍. പാറമേക്കാവിലെ തൃപ്പ തൊഴാനും പൂരത്തിന്റെ ഇലഞ്ഞിത്തറയിലെ മേളക്കാറ്റിലും തെക്കോട്ടിറക്കത്തിലെ തിരക്കിലും എന്ന് വേണ്ട കുറ്റൂര്‍പാടത്തെ തോട്ടിറമ്പിലിരുന്ന് ഒന്നിച്ചൊരു ബിയറിനും എന്നും കൂടെയുള്ളവന്‍. ബിജു എനിക്ക് മാത്രമുള്ള പ്രിയസ്‌നേഹിതന്‍ അല്ല, ഞങ്ങള്‍ എല്ലാ സുഹൃത്തുക്കള്‍ക്കും അവനെ കുറിച്ചിങ്ങനെ പറയാന്‍ ഒരുപാട് കാണും. ചെന്നിറങ്ങുമ്പോള്‍ ബിജുവും അളിയനും പാര്‍ക്കിങ്ങിലെ അരമതിലില്‍ തന്നെ ഇരുപ്പുണ്ടായിരുന്നു...
ഒരിക്കലും ഞങ്ങള്‍ക്കു മുന്നില്‍ കരയാത്ത പതറാത്ത ആ കണ്ണുകള്‍....
ഒന്നും മിണ്ടാതെ എന്നെ ചേര്‍ത്ത് പിടിച്ച് നേരെ റൂമിലേക്ക്. അമ്മയും അനിയത്തിമാരും എന്നെയും കാത്തിരിക്കുകയാണ്.പിന്നെ നേരെ എന്നെയൊരിക്കല്‍ കൂടിയൊന്നു കാണണമെന്ന് കൊതിച്ച അച്ഛനരികിലേക്ക്. എന്നെയൊന്ന് കാണണമായിരുന്നു എന്ന് ഓപറേഷന് തൊട്ടു മുന്‍പായി മരുന്നിന്റെ പാതി മയക്കത്തില്‍ രാജീവ് അളിയന്റെ കൈയില്‍ പിടിച്ച് അവ്യക്തമായി പറയുമ്പോഴും ആ കണ്ണ് നിറഞ്ഞിട്ടുണ്ടാകും. ഒരിക്കലും ഞങ്ങള്‍ക്കു മുന്നില്‍ കരയാത്ത പതറാത്ത ആ കണ്ണുകള്‍....
കഴിഞ്ഞ തവണ എന്നെ യാത്രയാക്കാന്‍ എയര്‍പോര്‍ട്ടില്‍ വന്നപ്പോഴാണ് അച്ഛന്റെ കണ്ണ് നിറയുന്നത് ആദ്യമായി കണ്ടത്. പിന്നീട് ചോദിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞു. 'പഴയ പോലെ ധൈര്യമില്ലാതായിരിക്കുന്നു, നീ നടന്നകലുന്നത് കാണാന്‍ വയ്യ, ഇനി യാത്രയാക്കാന്‍ ഞാന്‍ വരില്ല'... അറം പറ്റിയ വാക്കുകള്‍...
പ്രവാസത്തിലെ ലാഭനഷ്ട കണക്കിന്റെ തുലാസ്സില്‍ വാര്‍ഷിക അവധിയ്ക്ക് തൊട്ടുമുമ്പേ, രണ്ടോ മൂന്നോ ദിവസത്തെ എമര്‍ജന്‍സി ലീവിന്റെ ബാദ്ധ്യതയെകുറിച്ച് അമ്മയോട് സൂചിപ്പിച്ചപ്പോഴേ അച്ഛന്‍ പറഞ്ഞുവത്രെ, ഓടിപ്പിടിച്ച് അവന്‍ വരേണ്ട ആവശ്യമില്ലയെന്ന്.
ഒടുവില്‍ ഇല്ലാത്ത ലീവിന്റെപിറ്റേന്ന് എല്ലാം നഷ്ടപ്പെട്ട് പോസ്റ്റ് സര്‍ജറി വാര്‍ഡിന്റെ ഇരുള്‍വീണ ഇടനാഴിയിലൂടെ കാത് ലാബിലേയ്ക്ക്. സ്പിരിറ്റിന്റെയും മരുന്നിന്റെയും മണമുള്ള പച്ച വസ്ത്രം ധരിച്ച് നൂറുകണക്കിന് കേബിളുകള്‍കൊണ്ട് ചുറ്റപ്പെട്ട് ഒന്നുമറിയാതെ കിടക്കുന്ന അച്ഛനരികിലേക്ക്. ഒരു ദിവസം മുന്‍പ് വന്നിരുന്നുവെങ്കില്‍ സദാ ചിരിക്കുന്ന ആ മുഖം കാണാമായിരുന്നില്ലേ ? അരിച്ചെത്തുന്ന മരണം ആ മുഖത്തിന്റെ സൗമ്യതയെ ഇല്ലാതാക്കിയതോ അതോ എന്നോടുള്ള പരിഭവമോ? തണുപ്പ് കയറിത്തുടങ്ങിയ ആ പാദങ്ങളില്‍ മുറുകെ പിടിച്ച് ഡ്യൂട്ടി നേഴ്‌സ് ഹെഡ് നവീന്‍ പറയുന്നത് കേള്‍ക്കാതെ കേട്ട് ഞാന്‍ ഇടറിനിന്നു. രണ്ടിറ്റു കണ്ണീരുകൊണ്ട് നവീന് സമ്മതം മൂളുമ്പോഴും ബിജു എന്നെ ചേര്‍ത്തുപിടിച്ചു.
പച്ച വസ്ത്രം ധരിച്ച് നൂറുകണക്കിന് കേബിളുകള്‍കൊണ്ട് ചുറ്റപ്പെട്ട് ഒന്നുമറിയാതെ കിടക്കുന്ന അച്ഛനരികിലേക്ക്.
'വാ, ശ്രീജു വന്നു. അമ്മയോടുകൂടെയൊന്നു ആലോചിച്ചു മറുപടി പറഞ്ഞാല്‍ മതി.. അവരൊക്കെ പുറത്ത് കാത്തുനില്‍ക്കുന്നുണ്ട്!...'
എല്ലാം ഇനി ചടങ്ങുകള്‍ മാത്രമെന്ന് എന്റെ മുഖം തന്നെ അവരോടു പറഞ്ഞെന്നു തോന്നുന്നു. അമ്മ തലകുലുക്കി കൊണ്ട് തേങ്ങലടക്കി, ഉള്ളുപൊള്ളിയടര്‍ന്ന് വിതുമ്പി നിന്ന സുജയെയും ലിജയേയും ചേര്‍ത്തുപിടിച്ചു. ഇല്ല..ഇനി ഇവിടെയൊരു തേങ്ങലുപോലും ഇടറിവീണുകൂടാ..
അച്ഛന്റെ ജീവതേജസ്സുള്ള ശരീരം എനിക്കൊന്നു കാണാന്‍ വേണ്ടി ബിജുവും സിപിനും കൂടെ മെഡിക്കല്‍സാദ്ധ്യതകളുടെ സഹായത്തോടെ മരണത്തെ നീട്ടിവച്ചതാണ്. നവീന്‍ അതുപറയുമ്പോള്‍ ഞാനറിഞ്ഞു, എന്റെ തോളില്‍! സാന്ത്വനമേകിയ ആ കൈകളുടെ സ്‌നേഹം. ഡയാലിസിസ് നടത്താന്‍ പറ്റാത്ത രീതിയില്‍ ബിപി കുറഞ്ഞുപോയതിനെ പിടിച്ചു നിര്‍ത്താന്‍, അച്ഛന് മകന്റെ യാത്രാമൊഴിക്ക് സാഹചര്യമൊരുക്കാന്‍ അളിയന്‍മാര്‍ക്കൊപ്പം തീരുമാനമെടുത്തത് അവരാണ്, എന്റെ പ്രിയ സ്‌നേഹിതര്‍...
ഒരിക്കല്‍ കൂടി അച്ഛനരികിലേക്ക്... യാത്രാമൊഴികളും നിശ്ശബ്ദമായ മാപ്പുപറച്ചിലും മാത്രമേ ഇനിയുള്ളൂ.. ആ പട്ടു പോയ എന്റെ സ്‌നേഹതണലിന്റെ അവസാന ശ്വാസം വരെയെങ്കിലും ഇനി ഞാന്‍. മരണമെത്തുന്നനേരം വരെ ഇനിയല്‍പനേരം.
ജീവിതം അങ്ങനെയാണ്, ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പില്‍ നിശ്ശബ്ദമായ, പ്രതീക്ഷ നിറഞ്ഞ കാത്തിരിപ്പുകളെ നാം കാണാതെ പോകരുത്. എത്ര ചെറിയ വിശേഷങ്ങളും ആവലാതികളും കേള്‍ക്കാന്‍ ഇരുന്നു കൊടുത്തേ പറ്റൂ. വലിയതൊന്നുമല്ലാത്തതും പക്ഷെ വില പറയാനാകാത്ത കൊച്ചു കൊച്ചു സ്‌നേഹതുരുത്തുകളിലേക്കുള്ള ആ യാത്ര നാം പുഞ്ചിരി കൊണ്ട് നിറവേറ്റണം. എന്നാലേ അവരുടെ ആഗ്രഹങ്ങളെ മനസിലാക്കാനാവൂ.ചില ഓര്‍മ്മപ്പെടുത്തലുകളിലൂടെ അറിയാതെ കടന്നു വരുമ്പോഴാണ് നഷ്ടങ്ങളുടെ തീരാകടല്‍ നെഞ്ചില്‍ തിരയടിച്ച് നമ്മെ ഉണര്‍ത്തൂ.
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.