
അജ്മാനില്‍ നിന്നും സ്ഥലം മാറ്റം കിട്ടി ദുബായിലേക്ക് പോകുമ്പോള്‍ സത്യത്തില്‍ മനസ്സില്‍ വ്യസനമായിരുന്നു. നാടുപോലെ ഇഷ്ടമായിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും അജ്മാന്‍. ചുറ്റിലും മരങ്ങള്‍ വെച്ച് പിടിപ്പിച്ച എതിസലാത്തിന്റെ ഉയര്‍ന്ന ഗോപുരത്തിന് പിന്നിലെ നിലകള്‍ ഏറെയുള്ള കെട്ടിടം. അതിന്റെ ബാല്‍ക്കണിയിലെ കൈവരികള്‍ പിടിച്ച് അകലെ കാണാവുന്ന കടലിന്റെ ദൂര കാഴ്ചകള്‍. മുശൈരിഫിലെ എണ്ണമറ്റ അറബി വീടുകള്‍. മതില്‍ക്കെട്ടിനരികെ പടര്‍ന്നു കിടക്കുന്ന ബോഗന്‍ വില്ല ചെടികള്‍.
കമ്പനിയുടെ തീരുമാനം വന്നപ്പോള്‍ പത്തു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ദുബായിലെത്തി. പതിനൊന്നു പേര്‍ താമസിക്കുന്ന വലിയ ഒരു ഹാളിലെ ഒഴിഞ്ഞ ഒരു കട്ടിലിന്റെ കുറവ് നികത്താന്‍.
മുറിയില്‍ അഞ്ചു ഇരട്ടക്കട്ടിലുകളില്‍നിന്നും ഒരു ഒറ്റക്കട്ടില്‍ തീര്‍ത്തും ഒറ്റപ്പെട്ടു കിടന്നു. അവിടെ പ്രായമായ ഒരു മനുഷ്യന്‍. കട്ടിലനിടയില്‍ ആയുര്‍വേദ മരുന്നുകളുടെ കലവറ. ചുമരിനോട് ചേര്‍ത്തിട്ട ആ കട്ടിലിന്റെ ഓരത്ത് എണ്ണമറ്റ പുസ്തകങ്ങളും കടലാസ് കുറിപ്പടികളും കിടന്നിരുന്നു. ഒഴിഞ്ഞ വലിയൊരു ഐസ്‌ക്രീം പാത്രത്തില്‍ സോപ്പും ടൂത്ത്ബ്രഷും ഷേവിംഗ് സെറ്റും ഒതുക്കി വെച്ചിരുന്നു. എ സി പ്രവര്‍ത്തിക്കാത്ത സമയങ്ങളില്‍ തൈലത്തിന്റെ രൂക്ഷ ഗന്ധം മുറിയില്‍ തളംകെട്ടും. സൂര്യ പ്രകാശം ഏല്‍ക്കാത്ത മുറിയില്‍ അതു തങ്ങി നിന്നു.
മുറിയില്‍ അഞ്ചു ഇരട്ടക്കട്ടിലുകളില്‍നിന്നും ഒരു ഒറ്റക്കട്ടില്‍ തീര്‍ത്തും ഒറ്റപ്പെട്ടു കിടന്നു.
കലന്തര്‍ ഹാജിയും കഥകളും
കലന്തര്‍ ഹാജിയായിരുന്നു ആ കട്ടിലില്‍. മുപ്പതു വര്‍ഷമായി ഗള്‍ഫിലാണ്. ബാങ്കില്‍ ഏറ്റവും കുറഞ്ഞ തസ്തികയിലെ ജീവനക്കാരനാണ്.കാസര്‍കോട് ഉപ്പളയില്‍ നിന്നും വന്ന് അന്നത്തെ കാലത്ത് ബാങ്കിലെ ജോലി തരപ്പെട്ടത് കഴിവല്ല, മറിച്ചു ഭാഗ്യമാണ് എന്നാണ് അദ്ദേഹം ഇപ്പോഴും വിശ്വസിക്കുന്നത് .ഈ ആയുര്‍വേദ തൈലങ്ങളും ചിട്ടയോടു കൂടിയ ജീവിതവും വായനാ ശീലവും അധികം സംസാരിക്കാത്ത പ്രകൃതവുമെല്ലാം കൂടെ താമസിക്കുന്ന മറ്റുള്ളവര്‍ക്ക് പരിഹസിക്കാനുള്ള വക മാത്രമായിരുന്നുവെന്ന് വൈകാതെ ഞാനും മനസ്സിലാക്കി.
കൂടെയുള്ള പലരും എനിക്ക് അദ്ദേഹത്തെക്കുറിച്ചുള്ള കഥകള്‍ പറഞ്ഞു തരാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ പിശുക്കിന്റെയും അറുത്ത കൈക്ക് ഉപ്പു തേക്കാത്ത മനുഷ്യത്വമില്ലായ്മയുടെയും നിറംപിടിപ്പിച്ച കഥകള്‍. അവ വിവരിക്കുമ്പോള്‍ അവര്‍ക്ക് ആയിരം നാവായിരുന്നു. മെസ്സിന്റെ നടത്തിപ്പും കലന്തര്‍ ഹാജി തന്നെ ആയിരുന്നു. പുറത്തു നിന്നും ഭക്ഷണം കഴിക്കേണ്ടി വരുന്ന തരം ജോലി ആയതിനാല്‍ ഞാന്‍ മെസ്സില്‍ ഉണ്ടായിരുന്നില്ല. ഒന്നിച്ചു വാങ്ങുന്ന കുടിവെള്ളത്തില്‍ മാത്രം പങ്കു കൊണ്ട് ഞാന്‍ അവരോടൊപ്പം നിന്നു
അദ്ദേഹമുള്ളപ്പോള്‍ ഉറക്കെ സംസാരിക്കാനോ അസമയത്ത് ബള്‍ബ് കത്തിക്കാനോ ഉറക്ക സമയത്ത് മൊബൈല്‍ ഫോണ്‍ ശബ്ദിക്കാനോ പാടില്ലായിരുന്നു.മാറിവരുന്ന ആഴ്ചകളില്‍ കുളിമുറി കഴുകാനും മുറിയാകെ അടിച്ചു വൃത്തിയാക്കാനും ക്രമപ്രകാരം പേരെഴുതിയ കടലാസ് വാതിലില്‍ പതിച്ചു വെച്ചിട്ടുണ്ടായിരുന്നു. എന്നാല്‍, അദ്ദേഹമില്ലാത്ത സമയങ്ങളില്‍ ഞങ്ങള്‍ ബഹളം വെച്ചും ബള്‍ബുകള്‍ പ്രകാശിപ്പിച്ചും വെറുതെ മുറി തണുപ്പിച്ചും പകരം വീട്ടി സായൂജ്യമടഞ്ഞു.
അവ വിവരിക്കുമ്പോള്‍ അവര്‍ക്ക് ആയിരം നാവായിരുന്നു.
'പൈസ എടുക്ക്, എനിക്ക് ഉറങ്ങണം'.
ഒരു മാസമായപ്പോള്‍ ഹാജി എന്നോട് വെള്ളത്തിന്റെ പൈസ ആവശ്യപ്പെട്ടു. മൂന്നു ദിര്‍ഹം. ചില്ലറ ഇല്ലാത്തതിനാല്‍ പിന്നെ തരാമെന്നു പറഞ്ഞു.പെട്ടെന്ന് തന്നെ തരണമെന്ന് പറഞ്ഞു തിരിഞ്ഞു കിടന്നു. അടുത്ത ദിവസം വൈകി വരുമ്പോള്‍ എല്ലാവരും ഉറക്കത്തിലായിരുന്നു.ഉറക്കത്തില്‍ ശല്യം ചെയ്യേണ്ടെന്ന് കരുതി കേറിക്കിടന്നു.നേരം വൈകി പതിവ് പോലെ ഉണരുമ്പോള്‍ തലയണക്കരികെ ഒരു കുറിപ്പുണ്ടായിരുന്നു. മൂന്നു ദിര്‍ഹം പെട്ടെന്ന് തരണം, ഒഴിവു കഴിവ് പറഞ്ഞു നീട്ടരുത്. ഒതുക്കമില്ലാത്ത കൈയക്ഷരത്തിലെ മുന്നറിയിപ്പ് എന്നില്‍ ആശ്ചര്യമാണ് ഉണ്ടാക്കിയത്. അടുത്ത ദിവസവും വൈകിവരുമ്പോള്‍ മുറിയില്‍ വെളിച്ചമില്ലായിരുന്നു. പാതി തുറന്നുവെച്ച വാതിലിനിടയിലൂടെ വരുന്ന വെളിച്ചം നോക്കി മൊബൈല്‍ കത്തിച്ചു പിടിച്ചു കട്ടിലിന്റെ ഏണി പരതവേ കലന്തര്‍ ഹാജി ശബ്ദമുയര്‍ത്തി വിളിച്ചു.
എന്നെയും കൂട്ടി അടുക്കള ഭാഗത്തേക്ക് നടന്നു. അടുക്കളയില്‍ പ്രകാശം പരത്തി മുഖവുരയില്ലാതെ പറഞ്ഞു. 'ഞാന്‍ നിങ്ങളെ കാത്തു കിടക്കുകയായിരുന്നു. മൂന്നു ദിവസമായല്ലോ മാഷേ, ആ പൈസ ഇനിയും കിട്ടിയില്ല'. മറുപടി പറയാന്‍ കഴിയാതെ മിഴിച്ചു നില്‍ക്കുന്ന എന്റെ മുഖത്തേക്ക് ഭാവഭേദമില്ലാതെ നോക്കിക്കൊണ്ട് തുടര്‍ന്നു: 'പൈസ എടുക്ക്, എനിക്ക് ഉറങ്ങണം'.
യാന്ത്രികമായി വാലെറ്റ് എടുത്ത ഞാന്‍ അഞ്ഞൂറിന്റെ നോട്ടു നീട്ടുമ്പോള്‍ അയാള്‍ ഒന്നും പ്രതികരിക്കാതെ ചില്ലറയെടുക്കാന്‍ അകത്തേക്ക് നടന്നു.
കമ്പനിയില്‍ നിന്നും കിട്ടിയ പിരിച്ചുവിടല്‍ നോട്ടീസ്!
സവാദിന് ജോലി പോയി!
ദിവസങ്ങളുടെ വിരസതയില്‍ എല്ലാം യാന്ത്രികമായിത്തന്നെ തുടര്‍ന്നു. എന്നില്‍ അയാളോട് വെറുതെ ഒരു നീരസവും നിലനിന്നു. കണക്കും കണക്കുകളുടെ ലോകവും ഇടക്കെപ്പോഴെങ്കിലും നാട്ടില്‍ സ്ഥിര താമസമാക്കേണ്ട ജല്‍പനങ്ങളുമായി അയാള്‍ അപ്പോഴും ഒറ്റപ്പെട്ടു തന്നെ നിന്നു. ഞങ്ങള്‍ മാത്രം ഒഴിവു സമയങ്ങളില്‍ വലുതും ചെറുതുമായ വ്യാപാര സമുച്ചയങ്ങളില്‍ കയറിയിറങ്ങിയും വിപണിയില്‍ പുതിയതായി വരുന്ന യന്ത്രോല്‍പ്പന്നങ്ങളുടെ വിലകള്‍ അറിഞ്ഞും, പ്രവര്‍ത്തനം ചോദിച്ചു ജീവനക്കാരെ ശല്യപ്പെടുത്തിയും, നാട്ടില്‍ പോകുമ്പോള്‍ എല്ലാം കൊണ്ട് പോകണമെന്ന് ആഗ്രഹങ്ങള്‍ പറഞ്ഞും കഴിഞ്ഞു പോന്നു.
അന്ന് അവധി ആയിരുന്നതിനാല്‍ എവിടെയും പോയില്ല .വൈകി ഉണര്‍ന്നു വസ്ത്രം നനച്ചിടാന്‍ തുനിയവെ, കട്ടിലിന്റെ താഴെ കിടക്കുന്ന സവാദ് കയറിവന്നു.തീരെ കാണാറില്ലെങ്കിലും പരസ്പരം അറിയാമായിരുന്നു. ജോലിസമയത്ത് കയറിവരുന്നത് കണ്ടപ്പോള്‍ വിവരം ചോദിച്ചു. വിയര്‍ത്തു കുളിച്ച അവന്‍ കൈകൊണ്ട് ആംഗ്യം കാണിച്ചു കട്ടിലിലിരുന്നു. കയ്യില്‍ പിടിച്ച കവര്‍ എനിക്ക് നേരെ നീട്ടി. വെള്ളം ആവശ്യപ്പെട്ടു. കമ്പനിയില്‍ നിന്നും കിട്ടിയ പിരിച്ചുവിടല്‍ നോട്ടീസ്! സാമ്പത്തിക പ്രതിസന്ധിയുടെ ഒരു ഇര കൂടി!
വാട്ടര്‍ ഡിസ്പന്‍സറില്‍നിന്നും തണുത്ത വെള്ളമെടുക്കുമ്പോള്‍ മുകളില്‍ കമഴ്ത്തിവെച്ച കുപ്പിയില്‍ കുമിളകള്‍ മുകളിലേക്ക് പൊങ്ങുന്നതും ഉപരിതലത്തിലെത്തി പൊട്ടിയമരുന്നതും വെറുതെ നോക്കി നിന്നു.
പെങ്ങളുടെ വിവാഹം ആര്‍ഭാടമായി കഴിപ്പിച്ച് കടത്തില്‍ സ്വയം മുക്കി സവാദ് നാട്ടില്‍നിന്ന് തിരിച്ചെത്തിയിട്ട് അഞ്ചു മാസമേ ആയിട്ടുള്ളൂ. ബാങ്ക് വായ്പയും വിഷം പുരട്ടി വാഗ്ദാനങ്ങളുടെ വര്‍ണക്കടലാസില്‍ പൊതിഞ്ഞു നല്‍കിയ ക്രെഡിറ്റ് കാര്‍ഡുകളും കാക്കത്തൊള്ളായിരം കുറികളും പരിചയക്കാരെ മനസ്സിലാക്കി വാങ്ങിയ കൊച്ചു കടബാധ്യധകളും ഒരറ്റത്ത് നിന്നു വീട്ടിത്തുടങ്ങാന്‍ അടുത്ത രണ്ടു വര്‍ഷക്കാലത്തെ അവധിയില്ലാ നാളുകള്‍ ക്രമപ്പെടുത്തി കണക്കു കൂട്ടി നീങ്ങവെയാണ് ഈ പ്രഹരം.
അമേരിക്കയിലെ ചുഴലിക്കാറ്റോ സോമാലിയയിലെ പട്ടിണിയോ സമീപ കാലത്തൊന്നും നമ്മെ ബാധിക്കുന്നതല്ലെന്ന കേവല വിശ്വാസത്തിനൊപ്പം ആഗോള സാമ്പത്തിക പ്രതിസന്ധിയെയും ഉള്‍പ്പെടുത്തിയപ്പോള്‍ ഞാന്‍ കരുതിയില്ല, അതിന്റെ കരങ്ങള്‍ ചുറ്റുമെത്തുമെന്ന്.
ഞങ്ങളെ കാണുമ്പോള്‍ അവന്‍ പുതപ്പിനുള്ളില്‍ ഉറക്കം നടിച്ചു കിടന്നു.
ഒതുക്കമില്ലാത്ത കൈയക്ഷരത്തില്‍ ആ ചെക്ക്
രണ്ടു മാസത്തെ കാലാവധിക്കുള്ളില്‍ ജോലി വേറെ തേടുകയോ അല്ലെങ്കില്‍ നാട് വിടുകയോ ആവാം എന്ന മുന്നറിയിപ്പില്‍ കിട്ടിയ കമ്പനി കുറിപ്പും കൊണ്ട് സവാദ് ജോലി തേടിയിറങ്ങി കുറഞ്ഞ വേതനത്തിന്റെ വലിയ ജോലികള്‍. സ്ഥിരത പറയാത്ത കമ്പനികള്‍. ആദ്യമെല്ലാം അവനെ കാണുമ്പോള്‍ ഞങ്ങള്‍ ദയാപൂര്‍വ്വം നോക്കി. പിന്നെ ഞങ്ങളെ കാണുമ്പോള്‍ അവന്‍ പുതപ്പിനുള്ളില്‍ ഉറക്കം നടിച്ചു കിടന്നു.
ഒരു വെള്ളിയാഴ്ച ഞങ്ങള്‍ പരസ്പരം തീരുമാനമെടുത്തു കൊണ്ട് സവാദിനെ കണ്ടു. നാട്ടില്‍ പോയി പഴയ പണി തുടരാന്‍ മനസ്സിനെ സജ്ജമാക്കുകയാണ് എന്നവന്‍ പറഞ്ഞു. അങ്ങനെയെങ്കില്‍, അവനെ സഹായിക്കണം. ഞങ്ങള്‍ അവനൊരു ഫണ്ട് കൊടുക്കാന്‍ തീരുമാനിച്ചു. ചര്‍ച്ചകള്‍ നടക്കുന്നതിനിടെയും കലന്തര്‍ ഹാജി പതിവുപോലെ തൈലം പുരട്ടി കാല്‍ തടവുകയും ആ കൈകള്‍ പിന്നെ നരച്ച താടിയില്‍ ഉഴിഞ്ഞു വൃത്തിയാക്കി മലര്‍ന്നു കിടക്കുകയും ചെയ്തു കൊണ്ടിരുന്നു.
ടിക്കറ്റ് തരപ്പെടുത്തി യാത്രയുടെ തലേദിവസം രാത്രി, വിമാനം അനുവദിച്ചു തന്ന തൂക്കത്തില്‍ നിന്നും കുറഞ്ഞ പെട്ടിയും കെട്ടി അതിനു മുകളില്‍ പെരെഴുതിക്കൊണ്ടിരിക്കവേ കലന്തര്‍ ഹാജി സലാം ചൊല്ലി കയറി വന്നു. കന്തൂറ തലവഴി ഊരി ചുമരില്‍ തൂക്കി സവാദിനെ നോക്കി വിളിച്ചു . 'ഇങ്ങു വാ'.
സവാദ് നിലത്തു നിന്നും എഴുന്നേറ്റു. അദ്ദേഹത്തിന്റെ കട്ടിലിനു സമീപം നിന്നു. അവര്‍ പരസ്പരം സംസാരിക്കുന്നത് കേള്‍ക്കാന്‍ ഞങ്ങള്‍ ശ്രമിച്ചെങ്കിലും അവര്‍ പതുക്കെയാണ് സംസാരിച്ചത്. പിന്നീട് ഹാജി കുനിഞ്ഞിരുന്ന്, കട്ടിലിനടിയില്‍ നിന്നു വലിയൊരു പെട്ടി വലിച്ചെടുക്കുകയും അത് തുറന്നു ചെറിയൊരു ബാഗ് എടുത്തു ചെക്ക് ബുക്ക് എടുക്കുന്നതും കണ്ടു.
കുറച്ചു കഴിഞ്ഞപ്പോള്‍, വിറയ്ക്കുന്ന കരങ്ങളില്‍, ചെക്ക് പിടിച്ച് സവാദ് ഞങ്ങളുടെ അടുത്ത് വന്നു.അവന്റെ മുഖത്തെ ഭാവവും ഞങ്ങള്‍ ശ്രദ്ധിച്ചു.
ഒതുക്കമില്ലാത്ത കൈയക്ഷരത്തില്‍, ഇംഗ്ലീഷിലെഴുതിയ പേരും ഒപ്പും അതിനു മുകളിലായി എഴുതിയ തുകയും ഞങ്ങള്‍ കണ്ടു. ഞെട്ടിപ്പോയി, അമ്പതിനായിരം രൂപയുടെ അക്കങ്ങളും അക്ഷരങ്ങളും.!
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.