ലൈംഗിക പീഡനം: നമ്മുടെ  ആണ്‍കുട്ടികള്‍ എത്ര സുരക്ഷിതര്‍?

By ഡോ. ഷിനു ശ്യാമളന്‍First Published Aug 11, 2017, 2:27 PM IST
Highlights

കഴിഞ്ഞ മാസം ജൂലൈയില്‍ നടന്ന ഒരു സംഭവം കേരളക്കരയാകെ ഞെട്ടിച്ചിരുന്നു. കോഴിക്കോടാണ് ആ സംഭവം അരങ്ങേറിയത്. ലൈംഗിക പീഡനശ്രമം ഒരു കുട്ടിയുടെ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. അതൊരു പെണ്‍കുട്ടിയായിരുന്നില്ല. ഒരു 14 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് നിര്‍ബന്ധിക്കുകയും തുടര്‍ന്ന് ആ കുട്ടിയെ കുത്തി കൊലപ്പെടുത്തുകയും ആയിരുന്നു.

പലപ്പോഴും നമ്മള്‍ പെണ്‍കുട്ടികളെ കഴുകന്മാരില്‍ നിന്നും രക്ഷിക്കാനായി കണ്ണെത്തും ദൂരത്ത് ചേര്‍ത്ത് നിര്‍ത്തുന്നു. പക്ഷേ നമ്മള്‍ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്.നമ്മുടെ ആണ്‍കുട്ടികള്‍ സുരക്ഷിതരാണോ?

ലൈംഗിക പീഡനം ഒരിക്കലും പെണ്‍കുട്ടികളില്‍ മാത്രം ഒതുങ്ങുന്നതല്ല. നമ്മുടെ ആണ്‍കുട്ടികള്‍ക്കും കഴുകന്മാരില്‍ നിന്നും സുരക്ഷിതത്വം ഉറപ്പു വരുത്തണം.

ഇന്ത്യ നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് ബാലലൈംഗിക പീഡനം. ഇവിടെ പീഡനത്തിനിരയാകുന്നവരില്‍ മൂന്നിലൊന്ന് കുട്ടികളാണ്. പ്രതിവര്‍ഷം 7000 മുതല്‍ 8000 വരെ കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നു എന്നാണ് കണക്ക്. ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പീഡനകേസുകളുടെ കണക്കുകള്‍ മാത്രമാണ്. പരാതിപ്പെടാത്ത എത്രയോ കുട്ടികള്‍ക്ക് ലൈംഗിക പീഡനത്തിന്റെ കഥകള്‍ പറയാനുണ്ടാകും. നമ്മളില്‍ പലര്‍ക്കും കുട്ടിക്കാലത്ത് ഒരുപക്ഷേ അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകും.

18 വയസ്സിന് താഴെയുള്ള ഒരു കുട്ടിയെ ലൈംഗികചൂഷണം ചെയ്യുന്നത് മാത്രമല്ല ബാലപീഡനം. കാമവെറിയോടെ ഒരു കുട്ടിയെ ശബ്ദത്തിലൂടെയോ ആംഗ്യത്തിലൂടെയോ പ്രലോഭിപ്പിക്കാന്‍ ശ്രമിക്കുന്നതോ ,ഒരാള്‍ അയാളുടെ ശരീരഭാഗങ്ങള്‍ കുട്ടിയെ കാണിക്കുകയോ, കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ തൊടുകയോ, കുട്ടിയെ എന്തെങ്കിലും വസ്തുക്കള്‍ കാണിച്ച് പ്രലോഭിപ്പിക്കുകയോ, മാനസികമായി പീഡിപ്പിക്കുകയോ ചെയ്യുക എന്നിവയും ബാല ലൈംഗിക പീഡനത്തില്‍ വരുന്നതാണ്.

ബാല ലൈംഗിക പീഡനം കുട്ടികളെ ശാരീരികമായി മാത്രമല്ല ബാധിക്കുന്നത് അവരെ മാനസികമായും തളര്‍ത്തുന്നു. നിഷ്‌കളങ്കമായ മനസ്സിലേക്ക് ഒരുപിടി തീക്കനല്‍ കോരിയിടുന്നതുപോലെയാണത്.

തിരിച്ചറിവാകുന്ന പ്രായമാകുമ്പോള്‍ തന്നെ കുട്ടികളെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കണം. ശരീരത്തില്‍ ദുരുദ്ദേശ്യതോടെ തൊടാന്‍ ആരെയും അനുവദിക്കരുതെന്നും അവരെ പഠിപ്പിക്കുക. നമ്മള്‍ ആഗ്രഹിക്കുന്ന മാറ്റം നമ്മളുടെ വീട്ടില്‍ നിന്നുതന്നെ തുടങ്ങട്ടെ.കൂടാതെ സ്‌കൂളുകളിലും സെക്‌സ് എജ്യൂക്കേഷന്‍ ഉറപ്പു വരുത്തുക.

പിഞ്ചു മനസ്സും ശരീരവും നോവിക്കരുത്. നോവിക്കപ്പെടുവാന്‍ അനുവദിക്കരുത്.

ചൈല്‍ഡ് ലൈന്‍ ഫോണ്‍ നമ്പര്‍:1098 

click me!