20 വർഷമായി ഇരുട്ടിൽ കഴിയുന്ന ഒരു സമൂഹം, ഒടുവിൽ വെളിച്ചമെത്തിയതിന്‍റെ സന്തോഷം...

By Web TeamFirst Published Jun 24, 2020, 11:45 AM IST
Highlights

എന്നാൽ, ഇപ്പോൾ വീടുകളിൽ വെളിച്ചമെത്തിയതിന്റെ സന്തോഷത്തിലാണ് എല്ലാവരും. ഇനിമുതൽ അവിടത്തെ കുട്ടികൾക്ക് കൂടുതൽ സമയം കളിക്കാം, പഠിക്കാം, പേടിക്കാതെ രാത്രിയിൽ കിടന്നുറങ്ങുകയും ചെയ്യാം.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി 73 വർഷത്തിന് ശേഷവും തമിഴ്‌നാട്ടിലെ ഇരുള സമുദായം ജീവിച്ചിരുന്നത് ഇരുട്ടിലായിരുന്നു. രാജ്യം പുരോഗതിയിലേയ്ക്ക് കുതിക്കുന്നു എന്ന് നമ്മൾ അഭിമാനിക്കുമ്പോഴും പട്ടികവർഗ്ഗത്തിൽപ്പെട്ട ആ സമുദായം വെട്ടമോ വെളിച്ചമോ ഇല്ലാതെ ഇരുളടഞ്ഞ ജീവിതമായിരുന്നു നയിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ 20 വർഷമായി അവർ അനുഭവിക്കുന്ന ദുരിതത്തിന് ഒരറുതി എന്നോണം ഒടുവിൽ അവരുടെ വീടുകളിൽ വെളിച്ചമെത്തി. തമിഴ്‍നാട്ടിലെ ജക്കാംപേട്ടൈയിലെ 12 ആദിവാസി കുടുംബങ്ങൾക്കാണ് ഈ ലോക്ക്ഡൗൺ സമയത്ത് ആദ്യമായി കുടിലുകളിൽ വെളിച്ചമെത്തിയത്.    

20 വർഷങ്ങൾക്ക് മുൻപാണ് ദേശീയപാതയോരത്ത് കൃഷിയിടങ്ങൾക്കിടയിലുള്ള ഒരു ചെറിയ സ്ഥലത്ത് അവർ താമസമാക്കിയത്. അവരുടെ ഒരു ദിവസം സൂര്യൻ ഉദിക്കുമ്പോൾ ആരംഭിക്കും. ഇരുട്ട് വീണുതുടങ്ങുമ്പോൾ അവസാനിക്കുകയും ചെയ്യും. സന്ധ്യക്ക് ആ വീടുകളിൽ ഇരുട്ട് കൂടുകൂട്ടുമ്പോൾ അവർ അതിനകത്ത് പേടിച്ച് ഒതുങ്ങിക്കൂടുമായിരുന്നു. എന്നാൽ, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന എന്‍ജിഒ ആയ സ്റ്റെപ്‍സിന്‍റെ (STEPS) വർഷങ്ങളായുള്ള ശ്രമങ്ങളുടെ ഫലമായി ഇന്ന് അവർക്ക് സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ബൾബുകളും പ്ലഗ് പോയിന്‍റുകളും ലഭിച്ചു.    

"ഞങ്ങൾ സന്ധ്യയാകുമ്പോൾ റാന്തലുകൾ കത്തിച്ചുവെക്കുമായിരുന്നു. എന്നാൽ, രാത്രിയിൽ കുടിലുകൾക്ക് പുറത്താണ് ഞങ്ങൾ ഉറങ്ങാറ്. അകത്ത് കിടന്നാൽ പ്രാണികളോ ഇഴജന്തുക്കളോ വന്നാൽ അറിയില്ല. അതോർത്ത് കുട്ടികളെപ്പോലും ഞങ്ങൾ വീടിനകത്ത് കിടത്താറില്ല. സൂര്യാസ്‍തമയത്തിനുശേഷവും ഞങ്ങൾ അധികം പുറത്തിറങ്ങി നടക്കാറില്ല. ഞങ്ങൾ സ്വസ്ഥമായി ജീവിക്കുന്നത് പകൽസമയത്ത് മാത്രമാണ്. ഇരുട്ടായാൽ ഞങ്ങൾക്ക് ഭയമാണ്" 23 -കാരിയായ വി. പത്മ ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

ഇന്നത്തെ കാലത്ത് മൊബൈൽ ഫോൺ ഇല്ലാത്ത ആളുകളുണ്ടാകില്ല. ലാൻഡ് ലൈൻ ബന്ധം ഇല്ലാത്ത ഇവർക്കും ഏക ആശ്രയം കൈയിലുള്ള സാധാരണ മൊബൈൽ ഫോണുകളാണ്. എന്നാൽ, വീടുകളിൽ വൈദ്യുതി ഇല്ലാതെ എങ്ങനെ അവർ അത് ചാർജ് ചെയ്യും. പകൽ സമയത്ത് കടകളിലും മറ്റും പോയിട്ടാണ് അവർ ഫോൺ ചാർജ് ചെയ്യുന്നത്. ഇടയിൽ എങ്ങാനും ബാറ്ററി വറ്റിയാൽ പിന്നെ എന്തത്യാവശ്യം വന്നാലും ആരെയും വിളിക്കാൻ സാധിക്കില്ല. 

എന്നാൽ, ഇപ്പോൾ വീടുകളിൽ വെളിച്ചമെത്തിയതിന്റെ സന്തോഷത്തിലാണ് എല്ലാവരും. ഇനിമുതൽ അവിടത്തെ കുട്ടികൾക്ക് കൂടുതൽ സമയം കളിക്കാം, പഠിക്കാം, പേടിക്കാതെ രാത്രിയിൽ കിടന്നുറങ്ങുകയും ചെയ്യാം. "ജനിച്ചപ്പോൾ മുതൽ ഞങ്ങളുടെ വീട്ടിൽ വൈദ്യുതിയില്ലായിരുന്നു. മിക്സറും ഗ്രൈൻഡറുകളും പോലെയുള്ള ഇലക്ട്രിക് ഉപകരണങ്ങൾ ആവശ്യമില്ലാത്ത കഞ്ഞിയും, കറികളുമാണ് ഞങ്ങൾ കഴിക്കുന്നത്. ഇരുട്ടിത്തുടങ്ങുമ്പോഴേക്കും ഞങ്ങൾ അത്താഴം കഴിക്കും. ഇന്നലെവരെ ഞങ്ങൾ അങ്ങനെയാണ് ജീവിച്ചിരുന്നത്" അവിടെയുള്ള മുതിർന്ന വ്യക്തിയായ ജി രാജി പറഞ്ഞു. 20 വർഷം മുമ്പ് കർഷക തൊഴിലാളിയായി ജോലി ചെയ്തിരുന്ന രാജിയുടെ പിതാവ് ഗോവിന്ദനാണ് കുടുംബങ്ങളെ ഇവിടേയ്ക്ക് കൊണ്ടുവന്നത്. ജോലിചെയ്യുന്നതിന്റെ പാരിതോഷികമായി 2000 -ത്തിൽ രാജിയുടെ പിതാവിന് ഭൂവുടമ നൽകിയ സ്ഥലമാണ് ഇത്. എന്നിരുന്നാലും, ഭൂമി ഇപ്പോഴും അവരുടെ പേരുകളിൽ രജിസ്റ്റർ ചെയ്‍തിട്ടില്ല, പട്ടയവുമില്ല.  

സർക്കാർ എങ്ങനെയാണ് ഇക്കൂട്ടരെ പൂർണമായും തഴഞ്ഞതെന്ന് മനസ്സിലാകുന്നില്ലെന്നും, ബാക്കിയുള്ളവരെപ്പോലെ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് ആവശ്യമായ ഔദ്യോഗിക രേഖകൾ അവർക്ക് ഇനിയും ലഭിക്കാത്തത് കഷ്‍ടമാണെന്നും സ്റ്റെപ്സ് ഓർഗനൈസേഷൻ സ്ഥാപകൻ ഡി രാജേഷ് പറഞ്ഞു.  ഇരുള കുടുംബങ്ങൾ വെള്ളക്കെട്ടുള്ള പ്രദേശത്താണ് താമസിക്കുന്നതെന്നും അവരെ അവിടെ നിന്ന് മാറ്റാനുള്ള  നിർദേശത്തിനായി കാത്തിരിക്കുകയാണെന്നും റവന്യൂ വകുപ്പ് അധികൃതർ പറഞ്ഞു. സർക്കാർ അവർക്ക് വൈദ്യുതി കണക്ഷൻ നൽകാത്തതിന്റെ പ്രധാന കാരണവും ഇതാണെന്നാണ് പറയുന്നത്. 

എന്നിരുന്നാലും, വീടുകളിൽ വെളിച്ചം എത്തിയ സന്തോഷത്തിലാണ് അവർ ഇപ്പോൾ. ഒരു നല്ല ജീവിതം സ്വപ്‍നം കാണാൻ തുടങ്ങിയിരിക്കുന്നു അവർ. മേൽക്കൂരയുള്ളതും, മഴക്കാലത്ത് ചോർന്നൊലിക്കാത്തതുമായ ഒരു പുതിയ വീട്ടിലേക്ക് എന്നെങ്കിലും മാറാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അവർ.  

click me!