പ്രിയമുള്ളവരെ, നിങ്ങള്‍ കണ്ടിട്ടുണ്ടോ  പ്രവാസിയുടെ മരണം?

Published : Jan 31, 2017, 07:39 AM ISTUpdated : Oct 04, 2018, 05:43 PM IST
പ്രിയമുള്ളവരെ, നിങ്ങള്‍ കണ്ടിട്ടുണ്ടോ  പ്രവാസിയുടെ മരണം?

Synopsis

ഒന്നുറക്കെ കരയാന്‍ പോലുമാകാതെ, അലറി വിളിച്ചോടാന്‍ ഇടമില്ലാതെ ആശ്വാസത്തിന്റെ തലോടലേല്‍ക്കാനില്ലാതെ മരണത്തിന്റെ മരവിപ്പിന് മുന്നില്‍ പകച്ചു നില്‍ക്കുന്നവരെ കണ്ടിട്ടുണ്ടോ പ്രിയപ്പെട്ടവരെ നിങ്ങള്‍?

മനസ്സ് നിയന്ത്രണം വിട്ടിട്ടും ശരീരം നിയന്ത്രണം വിടാന്‍ കഴിയാതെ പോകുന്നവര്‍. നിനക്കൊന്നുറക്കെ കരഞ്ഞൂടെ ചങ്ങാതി എന്ന് മനസ്സ് തൊടാതെ പോലും ചോദിക്കാനാകില്ല അവരോട്. കരയാന്‍, ഉറക്കെ കരയാനിടമില്ലാത്തവരോട് എങ്ങനെ പറയും ആ ആശ്വാസവാക്ക്. എല്ലാ സൗകര്യങ്ങളുമുണ്ടെന്ന് പറയുമ്പോഴും മരണത്തിന് മുന്നില്‍ പകച്ചുനിന്നുപോകുന്നവര്‍, പ്രവാസികള്‍.

നിനക്കൊന്നുറക്കെ കരഞ്ഞൂടെ ചങ്ങാതി എന്ന് മനസ്സ് തൊടാതെ പോലും ചോദിക്കാനാകില്ല അവരോട്.

മരണം, അതൊരു യാത്രയുടെ തുടക്കമാണ്. ജീവന്റെ ഒടുക്കത്തെ, മടക്കമില്ലാത്ത യാത്രയുടെ തുടക്കം. മരണം വന്നു വിളിക്കുമ്പോള്‍, അരികില്‍ പ്രിയപ്പെട്ടവരുണ്ടാകില്ല. പെട്ടെന്നൊരു ദിവസം പൊടുന്നനെ അണഞ്ഞുപോകുന്നവര്‍. മുറിയിലെ ട്യൂബും ബള്‍ബും പോലെ. അണയാനാകുമ്പോള്‍ വിളക്ക് ലക്ഷണം കാണിക്കും. നിറം കെട്ട് കെട്ടുപോകും. ബള്‍ബും ട്യൂബും ആ ലക്ഷണം കാണിക്കില്ല. പെട്ടെന്നൊരണയലാണ്. പ്രവാസിയും അങ്ങനെ തന്നെ. അതണയാന്‍ അധികനേരമൊന്നും വേണ്ട. മുന്നറിയിപ്പൊന്നുമുണ്ടാകില്ല. വലിയ വോള്‍ട്ടില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ പെട്ടെന്ന് മിഴിയടക്കും.

ഒരു ഹൃദയസ്തംഭനം, പനി, അല്ലെങ്കില്‍ ഒരപകടം. കഴിഞ്ഞു.

ആശുപത്രികളില്‍ കിടത്തി ചികിത്സിക്കേണ്ട അസുഖങ്ങള്‍ പ്രവാസിക്ക് കുറവാണ്. അല്ല, കിടത്തി ചികിത്സക്ക് പോകാന്‍ സമയമില്ല, അവധിയുമില്ല. ഓരോ ലക്ഷണവും വെറും വേദനയായി വേദനസംഹാരികളിലും ബാമുകളിലുമായി കെട്ടിപ്പൂട്ടി വെക്കും. എല്ലാ ചങ്ങലയും പൊട്ടിച്ച് അത് ഒരു ദിവസം പുറത്തുവരും. അതോടെ ഒടുങ്ങും. ഒടുക്കത്തെ യാത്ര തുടങ്ങും.

കിടത്തി ചികിത്സക്ക് പോകാന്‍ സമയമില്ല, അവധിയുമില്ല. ഓരോ ലക്ഷണവും വേദനസംഹാരികളിലും ബാമുകളിലുമായി കെട്ടിപ്പൂട്ടി വെക്കും.

യാത്രയയക്കാന്‍ ആളുണ്ടാവുക എന്നത് യാത്ര പുറപ്പെടുന്നവന്റെ സന്തോഷമാണ്. ഉറ്റവരെ കെട്ടിപ്പിടിച്ച്, മുത്തം കൊടുത്ത് പടിയിറക്കം. മരണയാത്ര പക്ഷെ, അങ്ങനെയല്ല, മരിച്ചവര്‍ ഒന്നുമറിയുന്നില്ല. അവര്‍ ഭാഗ്യവാന്മാരാണ്. ജീവിച്ചിരിക്കുന്നവരുടെ സങ്കടമവരറിയുന്നില്ലല്ലോ. അവരെപ്പോലെ ഭാഗ്യം ചെയ്തവര്‍ വേറെയാരുണ്ട്?

ഉറ്റവര്‍ക്കാണ് സങ്കടം, അവര്‍ക്കാണ് കദനഭാരം. പ്രിയപ്പെട്ടവരെ അവസാനത്തെ യാത്ര അയക്കുമ്പോള്‍ ഒറ്റക്കായി പോകുന്നതിന്റെ സങ്കടം.

സ്വന്തം വീട്ടില്‍ നിന്നല്ലാതെ, ആശുപത്രി മോര്‍ച്ചറിയില്‍നിന്ന് ശ്മശാനത്തിന്റെ നിശ്ശബ്ദതയിലേക്ക് പോകേണ്ടി വരുന്നവരെ പറ്റി, അവരുടെ ഉറ്റവരെ പറ്റി നിങ്ങളോര്‍ത്തിട്ടുണ്ടോ എപ്പോഴെങ്കിലും.

മരിച്ചാല്‍ ആരുമൊന്നുമറിയില്ലായിരിക്കാം. എങ്കിലും പ്രിയപ്പെട്ടവന്‍ അന്ത്യനിദ്രയിലുള്ള സ്ഥലത്ത് ഒരിടം വേണമെന്നാഗ്രഹിക്കാത്തവരുണ്ടോ?

സ്വന്തം വീട്ടില്‍ ഉറ്റവന്റെ ചേതനയറ്റ ശരീരം കൊണ്ടുവരാനാകാതെ, മോര്‍ച്ചറി തണുപ്പില്‍, വിറങ്ങലിച്ചു നില്‍ക്കുന്ന ശരീരം അവസാനനോക്ക് കാണാനെത്തുന്നവരെ നിങ്ങളോര്‍ത്തിട്ടുണ്ടോ?

മകന്റെ ജീവന്‍ നിലച്ചുപോയ ശരീരം കാണാന്‍ ആശുപത്രിയിലേക്ക് പോകുന്ന അമ്മയുടെ നെഞ്ചിലെ പിടയ്ക്കലറിഞ്ഞിട്ടുണ്ടോ, മോര്‍ച്ചറിക്ക് പുറത്ത് മകളുടെ ജീവനറ്റുപോയ ശരീരത്തിന് വേണ്ടി കാത്തിരിക്കുന്ന ഉപ്പയുടെ അകം പൊള്ളുന്ന ചൂടറിഞ്ഞിട്ടുണ്ടോ? ആശ്വാസത്തിന്റെ, കനിവിന്റെ കൈ ഒന്നു വന്നു തലോടിയെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നവന്റെ വേദന നിങ്ങളറിഞ്ഞിട്ടുണ്ടോ?

സ്വപ്‌നങ്ങള്‍ക്ക് കൂട്ടിരിക്കാന്‍ വന്നവനെ ആറടി മണല്‍ കൂടാരത്തിലുറക്കി തിരിച്ചു പോകേണ്ടി വരുന്നവരുടെ നിലവിളി

മരിച്ചാല്‍ ആരുമൊന്നുമറിയില്ലായിരിക്കാം. എങ്കിലും പ്രിയപ്പെട്ടവന്‍ അന്ത്യനിദ്രയിലുള്ള സ്ഥലത്ത് ഒരിടം വേണമെന്നാഗ്രഹിക്കാത്തവരുണ്ടോ? സ്വപ്‌നങ്ങള്‍ക്ക് കൂട്ടിരിക്കാന്‍ വന്നവനെ ഇവിടെ ആറടി മണല്‍ കൂടാരത്തിലുറക്കി തിരിച്ചു പോകേണ്ടി വരുന്നവരുടെ നിലവിളി എന്നെങ്കിലും നിങ്ങളുടെ കാതുകള്‍ തേടി വന്നിട്ടുണ്ടോ?

ഒന്നലറിക്കരയാന്‍ പോലുമാകില്ല, നിലവിളിക്കാനാകില്ല, പ്രവാസത്തിന്റെ വീട്ടുമതിലിന് ആ ശബ്ദം താങ്ങാനുള്ള കരുത്തുമില്ല. പ്രിയപ്പെട്ടവരെ, നിങ്ങളറിഞ്ഞിട്ടുണ്ടോ എപ്പോഴെങ്കിലും പ്രവാസിയുടെ മരണം?

 

(കടപ്പാട്: മലയാളം ന്യൂസ്)
 

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?