ഏറ്റവുമധികം സന്തോഷമുള്ള ജനങ്ങളുള്ള രാജ്യം ഫിൻലാൻഡ്, ഇന്ത്യക്കാരുടെ സന്തോഷം കുറയുന്നു, സ്ഥാനം താഴോട്ട്?

By Web TeamFirst Published Mar 23, 2020, 11:05 AM IST
Highlights

ഇന്ത്യ ഉൾപ്പെടയുള്ള 156 രാജ്യങ്ങളിലാണ് സർവ്വേ നടത്തിയത്. 2017 -നും 2019 -നും ഇടയിലുള്ള ശരാശരി മൂന്ന് വർഷത്തെ സർവേകളെ അടിസ്ഥാനമാക്കിയാണ് ഈ ഫലങ്ങൾ.

കോവിഡ് -19 മൂലമുണ്ടായ ആഗോള ആരോഗ്യ പ്രതിസന്ധി എല്ലാ ലോകരാജ്യങ്ങളെയും ദുരിതത്തിലാക്കിയിരിക്കയാണ്. ഈ മഹാമാരി സാമ്പത്തികമായും, സാമൂഹികമായും നമ്മിൽ ഏല്‍പ്പിച്ചിരിക്കുന്ന ആഘാതം വളരെ വലുതാണ്. എന്നിരുന്നാലും ഇതിന് നടുവിൽ ഒരു രാജ്യം മാത്രം ഇപ്പോഴും സന്തോഷത്തിന്റെ പ്രകാശത്തിൽ തിളങ്ങിനിൽക്കുന്നു. അതെ ഫിൻ‌ലാൻഡിനെ ലോകത്തിലെ ഏറ്റവും സന്തുഷ്ടമായ രാജ്യമായി  ഐക്യരാഷ്ട്രസഭ തെരഞ്ഞെടുത്തു. ആദ്യമായല്ല ഈ അംഗീകാരം ഫിൻലാൻഡിനെ തേടിയെത്തുന്നത്. തുടർച്ചയായി ഇത് മൂന്നാം തവണയാണ് ഫിൻലാൻഡ് സന്തുഷ്ടരാജ്യമായി തെരഞ്ഞെടുക്കപ്പെടുന്നത്‌. 

യുഎന്നിന്റെ 2020 -ലെ ലോക സന്തോഷ റിപ്പോർട്ട് അനുസരിച്ച് ഡെൻമാർക്കിനാണ് രണ്ടാം സ്ഥാനം, സ്വിറ്റ്സർലൻഡ് മൂന്നാം സ്ഥാനത്തും ബെൽജിയം ലോക റാങ്കിംഗിൽ 20 -ാമത്തെ സ്ഥാനത്തുമാണ്. ഓരോ വർഷവും മാർച്ച് 20 -ന് ആഘോഷിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ലോക സന്തോഷ ദിനത്തോടനുബന്ധിച്ചായിരുന്നു ഇതിന്റെ പ്രസിദ്ധീകരണം. ഐസ്‌ലാന്റ്, നോർവേ, സ്വീഡൻ, നെതർലാൻഡ്‌സ്, ന്യൂസിലാന്റ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളാണ് ആദ്യ പത്തിനകത്ത് വന്ന രാജ്യങ്ങൾ. യുദ്ധത്തിൽ തകർന്ന അഫ്ഗാനിസ്ഥാനാണ് ഏറ്റവും അവസാനത്തെ സ്ഥാനത്ത്. സായുധപോരാട്ടവും, ദാരിദ്ര്യവും മൂലം കഷ്ടപ്പെടുന്ന ദക്ഷിണ സുഡാൻ തൊട്ടുപുറകെത്തന്നെയുണ്ട്. ഇതിൽ ഇന്ത്യയുടെ സ്ഥാനം വളരെ പുറകിലാണ്. യു എസ് 19 -ാം സ്ഥാനത്ത് നിൽകുമ്പോൾ, ഇന്ത്യ 144 -ാമത്തെ സ്ഥാനത്താണ് നിൽക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 140 ആയിരുന്നു. പാകിസ്ഥാന്‍റെ സ്ഥാനം 66 ആണ്.

ഇന്ത്യ ഉൾപ്പെടയുള്ള 156 രാജ്യങ്ങളിലാണ് സർവ്വേ നടത്തിയത്. 2017 -നും 2019 -നും ഇടയിലുള്ള ശരാശരി മൂന്ന് വർഷത്തെ സർവേകളെ അടിസ്ഥാനമാക്കിയാണ് ഈ ഫലങ്ങൾ. ജിഡിപി, സാമൂഹിക പിന്തുണ, വ്യക്തിഗത സ്വാതന്ത്ര്യം, ആരോഗ്യകരമായ ആയുർദൈർഘ്യം, അഴിമതിയുടെ തോത് എന്നിവയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. 2020 -ലെ ഈ റിപ്പോർട്ട്, പക്ഷേ കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് പല രാജ്യങ്ങളും നടപ്പാക്കിയ നടപടികളെ കണക്കിലെടുത്തിട്ടില്ല. എന്നിരുന്നാലും, ഇപ്പോൾ പലരും താമസിക്കുന്ന ലോക്ക്ഡൗൺ സാഹചര്യങ്ങൾ അവരുടെ സന്തോഷം വർദ്ധിപ്പിക്കുന്നുവെന്ന് സർവ്വേയിൽ കണ്ടെത്തിയിരുന്നു. തങ്ങളുടെ അയൽവാസികളും, സ്ഥാപനങ്ങളും, സഹപ്രവർത്തകരും കാണിക്കുന്ന സഹായമനസ്ഥിതി ആളുകളെ സന്തോഷിപ്പിക്കുന്നു എന്നും ഗവേഷകർ പറയുന്നു. താരതമ്യേന സന്തോഷകരമായ ഒരു സാമൂഹിക അന്തരീക്ഷമുള്ള, പരസ്പരം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ആളുകളുള്ള, അഴിമതി കുറവുള്ള, അസമത്വം ഇല്ലാത്ത ഒരു രാജ്യമാണ് ഫിൻലാൻഡ്.  

click me!