
പ്രളയകാലത്തെ അനുഭവങ്ങള്‍ക്ക് ഒരിടം. കുറിപ്പുകള്‍ webteam@asianetnews.in എന്ന മെയില്‍ ഐഡിയിലേക്ക് ഒരു ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ പ്രളയക്കുറിപ്പുകള്‍ എന്നെഴുതാന്‍ മറക്കരുത്.
വെളളപൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് മാന്നാർ എഫ്.ബി കൂട്ടായ്മയുടെ നേതൃത്വത്തിൽ സഹായങ്ങൾ എത്തിക്കാൻ വല്യേട്ടന്‍റെയും സജി കുട്ടപ്പന്‍റെയും നേതൃത്വത്തിൽ എന്‍റെ കടയിൽ നിന്ന് ആലോചിക്കുമ്പോഴാണ് വരാൻ പോകുന്ന പ്രളയത്തെക്കുറിച്ച് പഞ്ചായത്തിന്‍റെ അറിയിപ്പ് വരുന്നത്. ഉടൻ തന്നെ ഞാനും, സജിയും, അപ്പുക്കുട്ടൻ ചേട്ടനും, അനിൽ ചാരുമ്മൂട്ടിലും, അരുണും കൂടി പാവുക്കര മുസ്ലീം പള്ളിയിലെത്തി ഉച്ചഭാഷിണിയിലൂടെ അപകട സൂചന വിളിച്ചു പറഞ്ഞു.
തിരികെ മണലിൽ സ്കൂളിൽ എത്തി. ക്യാമ്പ് മാന്നാറിലേക്ക് മാറണം എന്ന് പറഞ്ഞ് നായർ സമാജം സ്കൂളിൽ എത്തി. അപ്പോഴേക്കും സ്കൂളിൽ ആൾക്കാർ എത്തിച്ചേർന്നിരുന്നു. അതിനു ശേഷമാണ് പാണ്ടനാട്ടിൽ പാവുക്കരയിൽ നിന്നു പോയവര്‍ അപകടത്തിൽ പെട്ടത് അറിയുന്നത്. ഉടൻ തന്നെ മൂർത്തിട്ടയിൽ നിന്നും ലഭിച്ച വള്ളവുമായി വാഹനത്തിൽ ബുധനൂരിലെത്തി. വാഹനം മുന്നോട്ട് പോകാത്തതിനാൽ, വള്ളം റോഡിലെ വെള്ളകെട്ടിലിറക്കി അടുത്തുള്ള പുഞ്ചയിലൂടെ പാണ്ടനാട്ടിലേക്ക് പോകാനായി ഞാനും, അൻവറും, പ്രസന്നനും, ദിലീപും വള്ളത്തിൽ കയറി. വള്ളം വിടുമ്പോൾ പ്രളയം ഇത്ര ഭീകരമാണെന്നറിയില്ലായിരുന്നു. ചപ്പുകൾ നിറഞ്ഞ പുഞ്ചയിലൂടെ യാത്ര ദുഷ്കരമായപ്പോൾ പാണ്ടനാട്ട് ബുധനൂർ റോഡിലൂടെ വള്ളവുമായി പോയി. അവിടെ നിന്നും ആൾക്കാർ ഒഴിഞ്ഞു പോയിരുന്നതിനാൽ ഞങ്ങൾ കരുതി എല്ലാവരും സുരക്ഷിതരാണെന്ന്. എന്നാൽ കുറച്ച് മുന്നോട്ട് നീങ്ങിയപ്പോഴാണ് ദയനീയ കാഴ്ചകൾ കാണുന്നത്.
എങ്ങും 'രക്ഷിക്കണേ' എന്ന അലമുറ. ആ നിലവിളികൾ ഇപ്പോഴും മനസിലുണ്ടാക്കുന്ന ഭീതി വലുതാണ്. കഴിയുന്നത്ര ആളുകളെ രക്ഷിക്കണമെന്ന ലക്ഷ്യം മാത്രമായിരുന്നു ഞങ്ങളുടെ മനസില്‍. എന്നാൽ, കുത്തൊഴുക്കിൽ ഒന്നും ചെയ്യാനൊക്കാത്ത അവസ്ഥ. പിന്നീട് ഞങ്ങൾ തീരുമാനിച്ചു, വെള്ളത്തിൽ നിൽക്കുന്നവരെ തൊട്ടടുത്ത ഇരുനില വീട്ടിലേക്ക് കയറ്റിവിടാൻ. അങ്ങനെ പരമാവധി ആൾക്കാരെ മാറ്റി. അപ്പോഴാണ് ഒറ്റ നിലയുള്ള ഒരു ആഡംബരവീട്ടിൽ പ്രായമായ അച്ഛനും, അമ്മയും, ഒരു മകനും കഴുത്തിന് താഴെ വെള്ളത്തിൽ നിൽക്കുന്നത് കാണുന്നത്. അവർക്ക് സംരക്ഷകരായി അവരുടെ വളർത്തുനായയുമുണ്ട്.
ഒരു മീറ്റർ വള്ളം നീങ്ങണമെങ്കിൽ ഈ കുത്തൊഴുക്കിൽ ഒരു മണിക്കൂർ വേണ്ട അവസ്ഥ
വലിയ മതിൽ കെട്ടിലൂടെ ആയാസകരമായി ഞങ്ങൾ അവരെ വള്ളത്തിൽ കയറ്റി. അവരുടെ നായയേയും ദിലീപ് വള്ളത്തിൽ കയറ്റി. തൊട്ടടുത്ത വീടിന്‍റെ ടെറസിൽ എത്തിക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അവിടേക്ക് വിട്ടപ്പോൾ അവർക്കു അവിടെ പോകണ്ട. അവിടെ നിന്നവർക്ക് ഇവരെ കയറ്റാനും താല്പര്യം ഇല്ലാത്തതായി മനസ്സിലായി. ഒരു മീറ്റർ വള്ളം നീങ്ങണമെങ്കിൽ ഈ കുത്തൊഴുക്കിൽ ഒരു മണിക്കൂർ വേണ്ട അവസ്ഥ, പ്രസന്നൻ വള്ളം കൈകാര്യം ചെയ്യുന്നതിൽ വിദഗ്ദനായതിനാൽ ഏറെ ആയാസപ്പെട്ട് അടുത്ത ടെറസിൽ ഒറ്റക്ക് നിന്ന മറ്റൊരമ്മയ്ക്ക് അടുത്ത് വള്ളമിറക്കി.
അപ്പോഴേക്കും വെള്ളം കൂടുതൽ സംഹാര താണ്ഡവമാടാൻ തുടങ്ങിയിരുന്നു. പിന്നീട് പാണ്ടനാട് പറമ്പത്തൂർ പടിയിലേക്ക് പോയി ഞങ്ങളുടെ നാട്ടുകാരെ രക്ഷിക്കണമെന്നായിരുന്നു മനസില്‍. വള്ളത്തിന്‍റെ നിയന്ത്രണം ഞങ്ങൾക്ക് കിട്ടാതായി. മരണത്തെ മുഖാമുഖം കണ്ടു. ഞങ്ങൾ പരസ്പരം പറഞ്ഞു 'പെട്ടുപോയി' എന്ന്. പിന്നത്തെ ചിന്തകളെല്ലാം വീട്ടിലെ അവസ്ഥയെയും, ബാധ്യതകളേയും, മക്കളേയും കുറിച്ചായി. അവിടെയും പ്രസന്നൻ ഞങ്ങളുടെ രക്ഷകനായി. വള്ളം നീക്കി.
അപ്പോഴേക്കും രാത്രി ഒമ്പത് മണിയായി. ഇതിനിടെ വള്ളം മറിഞ്ഞ്, വെള്ളം കയറി ഫോണും പോയി. ഒന്നും ചെയ്യാനാകാത്ത, തീർത്തും പ്രതീക്ഷകൾ അസ്തമിച്ച അവസ്ഥ. ഇപ്പോഴും ആ പേടി മാറുന്നില്ല. പത്തു മണിയോടടുത്ത് വെട്ടം കണ്ട ഒരു കെട്ടിടത്തിന് സമീപത്തേക്ക് ഞങ്ങൾ എത്തി. അപ്പോൾ അവിടെ നിന്നും രണ്ടു പേർ കഴുത്തറ്റം വെള്ളത്തിൽ ഞങ്ങളുടെ വള്ളത്തിൽ കയറാനായി വന്നു. ഞങ്ങൾ അവരോട് പറഞ്ഞു. 'ചേട്ടാ മരിക്കുവാണേൽ നമുക്ക് ഇവിടെ ഒരുമിച്ചാകാമെ'ന്ന്. സാഹചര്യം മനസ്സിലാക്കി ആ പാവങ്ങൾ അവർ അഭയം പ്രാപിച്ച ആ വീട്ടിലേക്ക് ഞങ്ങളേയും വലിച്ചു കയറ്റി. അതില്ലായിരുന്നു എങ്കിൽ ഇതെഴുതുവാൻ ഞാൻ ഉണ്ടാകില്ലായിരുന്നു.
കോരി ചൊരിയുന്ന മഴയത്ത് ആകെ നനഞ്ഞ് തളർന്ന് ചെന്ന ഞങ്ങൾക്ക് ഉടൻ തന്നെ എരുമേലിക്കാരിയായ ചേച്ചി കട്ടൻ ഇട്ടു തന്നു.
മുകളിൽ ചെന്നപ്പോഴാണ് ആ മുകളിലത്തെ നിലയിലെ അവസ്ഥ കാണുന്നത്. അവിടെ ഒരച്ഛനും, അമ്മയും, മാത്രമുള്ള സുവിശേഷ പ്രവർത്തകനായ സാംസൺ എന്നയാളിന്‍റെ വീടാണ്. മകൻ അമേരിക്കയിലാണെന്ന് അവർ പറഞ്ഞറിഞ്ഞു. അവിടെ രോഗികളായ ഇവരെ കൂടാതെ മറ്റൊരു വ്യദ്ധനായ രോഗിയും അടുത്ത വീട്ടുകാരുമുൾപ്പെടെ 20 ഓളം ആൾക്കാർ. അവരുടെ മുഖത്തെ ഭയം കണ്ടാൽ തന്നെ നമ്മൾ തളർന്ന് പോകും. കോരി ചൊരിയുന്ന മഴയത്ത് ആകെ നനഞ്ഞ് തളർന്ന് ചെന്ന ഞങ്ങൾക്ക് ഉടൻ തന്നെ എരുമേലിക്കാരിയായ ചേച്ചി കട്ടൻ ഇട്ടു തന്നു. അവരോടുള്ള നന്ദി പറഞ്ഞാൽ തീരില്ല.
നനഞ്ഞ വസ്ത്രങ്ങൾ പിഴിഞ്ഞുടുത്ത ശേഷം അവിടെയുണ്ടായിരുന്ന ചേട്ടന്‍റെ ഫോണിൽ സജികുട്ടപ്പനേയും സഞ്ചുവിനേയും ഞങ്ങടെ അവസ്ഥ അറിയിച്ചു. ഈ വാർത്ത കേട്ട അവരും നിസ്സഹായത കൊണ്ട് വിഷമിച്ചു. ഇതിനിടെ ചേച്ചി കുക്കറിൽ കഞ്ഞിയും തയ്യാറാക്കി. അതും ആർത്തിയോടെ ഞങ്ങൾ കുടിച്ചു. ഉള്ള സ്ഥലത്ത് എങ്ങനെയോ എല്ലാവരും ഇരുന്നും കിടന്നും ഉറങ്ങി. ഏകദേശം വെളുപ്പിന് മൂന്ന് മണിക്ക് സഖാവ് സജി ചെറിയാനേയും കിട്ടി. ഞങ്ങടെ അവസ്ഥയും സ്ഥലവും പറഞ്ഞു. സഖാവിന്‍റെ വാക്കുകൾ ഞങ്ങൾക്കെല്ലാവർക്കും ആവേശം നൽകി. എന്തു വില കൊടുത്തും ഞങ്ങളെ രക്ഷിക്കുമെന്ന ആത്മവിശ്വാസം ആ ശബ്ദത്തിലുണ്ടായിരുന്നു.
അഞ്ച് മണിയോടു കൂടി ഞങ്ങൾ വീണ്ടും തീരുമാനിച്ചു. അവിടെ നിന്നാൽ ഒന്നും ചെയ്യാൻ കഴിയില്ല എന്നും എന്തെങ്കിലും ചെയ്യണമെങ്കിൽ ഞങ്ങൾ ആദ്യം രക്ഷപെടണമെന്നും. വീണ്ടും, ഞങ്ങൾ വള്ളത്തിൽ കയറി ബുധനൂർ ഭാഗത്തേക്ക് വിട്ടു. ഒമ്പത് മണിയോടുകൂടി മാന്നാർ അഡീഷണൽ എസ്.ഐ റജൂബ് ഖാൻ സാറും ഒരിടത്ത് പെട്ടു കിടക്കുന്നു. സാറിനേയും കൂട്ടി ഞങ്ങൾ മാന്നാറിലെത്തി പാണ്ടനാട്ടിലെ അവസ്ഥ അറിയിച്ചു. വീട്ടിലെത്തി വെള്ളത്തിൽ ഉപയോഗിക്കാനുള്ള വസ്ത്രവും ധരിച്ച് ഞങ്ങൾ വീണ്ടും രക്ഷാപ്രവർത്തനത്തിന് തയ്യാറായി. ഇതിനുള്ളിൽ ഞങ്ങൾ അപകടത്തിൽ പെട്ട വിവരം എല്ലാവരും അറിഞ്ഞിരുന്നു. എന്‍റെ മകൻ 'വാപ്പി ഇനിയും പോകരുത്' എന്ന് പറഞ്ഞെങ്കിലും നിലവിളികൾ ഞങ്ങളുടെ കാതിൽ മുഴങ്ങി. അപ്പോഴേക്കും ഫൈബർ ബോട്ടു വന്നതായി റജൂബ് ഖാൻ സാർ അറിയിച്ചു. അതിൽ വീണ്ടും പാണ്ടനാട്ടിലേക്ക്.
അവിടെ ബംഗാളികൾ കഴിക്കാനായി കരുതിയ തേങ്ങയിലായി ആശ്രയം
കയ്യിൽ കിട്ടിയ വെള്ളവും ആഹാരവുമായി ഞങ്ങൾ ഒരു ടൈൽസ് കമ്പനിയിലാണെത്തിയത്. അവിടെ കണ്ട കാഴ്ച ദയനീയമായിരുന്നു. നിരത്തിയിട്ട ലോറിയുടെ കാബിനിലും കമ്പനിയിലെ ബർത്തിലും കമ്പികളിൽ തൊട്ടി കെട്ടിയും കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 90 ലധികം ജീവനുകൾ. ഞങ്ങളെ കണ്ടതോടെ കൂട്ടനിലവിളി. ആഹാരവും വെള്ളവും കൊടുത്തപ്പോൾ അത് നിരസിച്ചു കൊണ്ട് രക്ഷിക്കാനുള്ള കരച്ചിൽ ഞങ്ങളേയും കരയിച്ചു. പരമാവധി സ്ത്രീകളേയും, കുട്ടികളെയും ആദ്യം രക്ഷിക്കാൻ തീരുമാനിച്ചു. ബോട്ടിലുണ്ടായിരുന്ന ഞങ്ങൾ അവിടെയിറങ്ങി അവരെ കയറ്റിയപ്പോൾ ഒരു പെൺകുട്ടി അതിന് തയ്യാറായില്ല. അടുത്ത സമയത്ത് വിവാഹിതരായ അവർക്ക് ഭർത്താവില്ലാതെ രക്ഷപെടണ്ട എന്ന വാശിയിൽ ആ ചെറുപ്പക്കാരനേയും ബോട്ടിൽ കയറ്റി വിട്ടു.
ഞങ്ങൾ അവിടെയുണ്ടായിരുന്നവർക്ക് ആശ്വാസവാക്കുകളുമായി വ്യത്തിഹീനമായ ആ സ്ഥലത്ത് കൂടി. പോയ ബോട്ടുകൾ മണിക്കുറുകൾ കഴിഞ്ഞിട്ടും തിരിച്ച് വരാതായപ്പോൾ ഞങ്ങളുടെ ആകുലത കൂടി. വീണ്ടും പെട്ടു പോയ അവസ്ഥ. വിശപ്പും ദാഹവും സഹിക്കുന്നില്ല. അവിടെ ബംഗാളികൾ കഴിക്കാനായി കരുതിയ തേങ്ങയിലായി ആശ്രയം. ഒന്നു രണ്ടു തേങ്ങ പൊട്ടിച്ച് എല്ലാവരും കഴിച്ചു. വീണ്ടും കാത്തിരിപ്പ്. ഇതിനിടയിൽ ബംഗാളികൾ കന്നാസ് കൊണ്ട് തയ്യാറാക്കിയ ചങ്ങാടത്തിൽ രക്ഷപെടാൻ സഞ്ചുവിന്‍റെ ശ്രമം കുത്തൊഴുക്കിൽ വിഫലമായി. മുകളിലൂടെ താഴ്ന്ന് പറക്കുന്ന ഹെലികോപ്ടറുകൾക്ക് തുണി വീശി കാണിച്ചും ചില വിഫല ശ്രമങ്ങൾ. മൂന്ന് മണിക്കൂറിന് ശേഷം ബോട്ട് തിരികെയെത്തി. പെട്രോൾ തീർന്ന് അവരും പെട്ടു പോയെന്ന് പറഞ്ഞു. പിന്നെ മൂന്ന് തവണയായി ബാക്കിയുള്ളവരെ കൂടി കയറ്റിയപ്പോൾ ഇരുട്ടായി. വീണ്ടും 20 പേർ കൂടി ബാക്കി.
ഞങ്ങൾ അവസാനം കരയിലെത്തിയപ്പോൾ രാത്രി പതിനൊന്നു മണി. ഒത്തിരി ജീവനുകൾ രക്ഷിച്ചെങ്കിലും ഞങ്ങൾക്ക് അഭയം തന്നവരെ രക്ഷിക്കാൻ ഞങ്ങൾക്കായില്ല. ഇതിനിടയിൽ ഞങ്ങളെ തിരക്കി സജി ചെറിയാന്‍റെ നിർദ്ദേശ പ്രകാരം എത്തിയ ബോട്ടിൽ അവർ വൈകുന്നേരത്തോടെ രക്ഷപെട്ടതായി പിന്നീടറിഞ്ഞു. രണ്ടു ദിവസത്തെ വെള്ളത്തിലെ ജീവിതം ശാരീരികമായി തളർത്തിയതിനാൽ പിന്നീട് ദുരിതാശ്വാസ പ്രവർത്തനങ്ങളിലായി ശ്രദ്ധ. അപ്പോഴും എന്‍റെ കടയേയോ വീടിനേയോ കുറിച്ച് ചിന്തിച്ചില്ല. ഫോൺ നഷ്ടപെട്ടതിനാൽ ആരേയും ബന്ധപെടാനും കഴിഞ്ഞില്ല. ക്യാമ്പിലും വീടുകളിലും ഉള്ളവർക്ക് കഴിയുന്നത്ര സഹായം ചെയ്യാൻ കഴിഞ്ഞു.
മാന്നാറിലെ സംഭരണ കേന്ദ്രത്തിലെ ചിലരുടെ ധാർഷ്ട്യം കണ്ടപ്പോൾ ഇതൊക്കെ ഇവരുടെ കഴിവിൽ കിട്ടിയതാണെന്ന വാചകം കൂടി കേട്ടപ്പോൾ അവിടെ നിന്നും പറയേണ്ടത് എന്‍റെ ശൈലിയിൽ പറഞ്ഞ് പുറത്തിറങ്ങി. പാവുക്കരയിൽ എന്‍റെ നാട്ടുകാരിയായ ചേച്ചി മരിച്ചു കിടക്കുന്നതറിഞ്ഞ് അവിടെ നീന്തിയെത്തി. അവിടെയും അറപ്പോ വെറുപ്പോ കൂടാതെ അഴുകിയ മൃതദേഹം എടുത്ത് കരക്ക് വന്നപ്പോൾ ഏറ്റെടുക്കാൻ ധാരാളം ആൾക്കാർ എത്തി.
കിട്ടാവുന്ന സഹായങ്ങൾ അർഹമായ കൈകളിൽ എത്തിച്ച് വൈകുന്നേരം വന്ന് ഒരാഴ്ചയായി അടഞ്ഞ് കിടന്ന കട ഞാനും ഭാര്യയും കൂടി വൃത്തിയാക്കി. പിറ്റേന്ന് കട തുറക്കാനായി വന്നു. കടയിൽ വന്ന സജി കുട്ടപ്പൻ കടയിലെ അവസ്ഥ കണ്ട് തന്ന സഹായത്താൽ കടയിൽ ഇരുന്ന് വേണ്ട പ്രവർത്തനങ്ങളിൽ ഇപ്പോഴും തുടർന്ന് വരുന്നു. വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്ന എന്‍റെ പ്രതീക്ഷ ഇക്കൊല്ലത്തെ ഓണക്കച്ചവടമായിരുന്നു. കച്ചവടം ഒന്നും നടന്നില്ല എന്ന് മാത്രമല്ല വീട്ടിൽ സൂക്ഷിച്ചിരുന്ന സ്റ്റോക്കും നശിച്ചു. ഇനി എങ്ങനെ മുന്നോട്ട് പോകും എന്ന ശങ്ക വല്ലാതെ അലട്ടുന്നെങ്കിലും എന്‍റെ സൗഹൃദങ്ങൾ എനിക്ക് താങ്ങാകും എന്നതിൽ സംശയമില്ല.
എല്ലാം വീണ്ടെടുക്കണം, വീണ്ടെടുക്കുക തന്നെ ചെയ്യും.