ജറൂസേലം ഇനിയെന്താവും?

By ഷബ്‌ന ഷഫീഖ്First Published Dec 15, 2017, 11:33 PM IST
Highlights

ഒന്നുറപ്പാണ്, പശ്ചിമേഷ്യയില്‍നിന്ന് ഇനി വരാനുള്ളത് ശുഭവാര്‍ത്തകളാവില്ല. മതവും വംശീയതയും കൊണ്ട് ഉന്‍മത്തമായ തീവ്രവലതു രാഷ്ട്രീയവും തീവ്രവാദവുമെല്ലാം ഒന്നിച്ചു ചേര്‍ന്ന് അശാന്തിയുടെ അടുപ്പുകളിലേക്ക് തിരുകിവെയ്ക്കുകയാണ് ഒരുപാടു മനുഷ്യരെ. 

ജറൂസലേം, രാജ്യാന്തര രാഷ്ട്രീയമെന്ന കോമാളിത്തം നിനക്ക് വേണ്ടി ചരടുവലികള്‍ നടത്തുമ്പോള്‍ ഇനിയും എന്തിന് വേണ്ടി എന്നറിയാതെ കൊല്ലപ്പെടുന്ന പിഞ്ചോമനകള്‍ എത്രയെത്രയാവും?  നിനച്ചിരിക്കാത്ത നേരത്തെത്തുന്ന വെടിയുണ്ടയോ സ്‌ഫോടനമോ ജീവനെടുക്കുന്നത് എത്ര മനുഷ്യരാവും? മരിച്ചില്ലെന്ന ഒറ്റ കാരണത്താല്‍, മാരക മുറിവുകളോട് മല്ലിട്ട് ജീവച്ഛവമായി ജീവിക്കാന്‍ വിധിക്കപ്പെടുന്ന നിര്‍ഭാഗ്യവാന്‍മാര്‍ എത്രയുണ്ടാവും? അനാഥമാവുന്നത് എത്ര കുടുംബങ്ങളാവും, േബാംബുകള്‍ നക്കിത്തുടച്ച കിടപ്പാടങ്ങളില്‍നിന്ന് പുറത്തായി തെരുവിലേക്ക് വലിച്ചെറിയപ്പെടുകയോ തെരുവുപോലുമില്ലാതാവുകയോ ചെയ്യുന്നവര്‍ എത്രയാവും? പ്രതിഷേധിച്ചു എന്ന ഒറ്റ കുറ്റത്തിന് ആജീവനാന്തം തടവറകളിലേക്ക് വലിച്ചെറിയുന്ന മനുഷ്യരുടെ എണ്ണം എത്രയാവും? 

ഒരു പിടിയുമില്ല. ഒരു കണക്കുകൂട്ടലുകള്‍ക്കും പിടിതരാത്ത രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഈ മണ്ണില്‍ എന്തെന്ത് ദുരന്തങ്ങള്‍ വിതയ്ക്കുമെന്ന് ഭാവനയില്‍ പോലും കാണാനാവില്ല. കാലങ്ങളായി ഉണങ്ങാതിരിക്കുന്ന ഒരു മുറിവ് കുത്തിയുണര്‍ത്തപ്പെടുമ്പോള്‍ എത്ര കാലത്തേക്കുള്ള അശാന്തിയാവും വിതയ്ക്കപ്പെടുകയെന്നും ഊഹിക്കാനാവില്ല. എങ്കിലും, ഒന്നുറപ്പാണ്, പശ്ചിമേഷ്യയില്‍നിന്ന് ഇനി വരാനുള്ളത് ശുഭവാര്‍ത്തകളാവില്ല. മതവും വംശീയതയും കൊണ്ട് ഉന്‍മത്തമായ തീവ്രവലതു രാഷ്ട്രീയവും തീവ്രവാദവുമെല്ലാം ഒന്നിച്ചു ചേര്‍ന്ന് അശാന്തിയുടെ അടുപ്പുകളിലേക്ക് തിരുകിവെയ്ക്കുകയാണ് ഒരുപാടു മനുഷ്യരെ. 

ഫലസ്തീനിലെ പാവപ്പെട്ട മനുഷ്യരോട് ഇനിയുമിനിയും യുദ്ധം മാത്രം ചെയ്യാന്‍ മടിയില്ലെന്ന് പ്രഖ്യാപിച്ച് കൊണ്ട്, മുന്‍ഗാമികളുടെ തീരുമാനങ്ങളെല്ലാം കാറ്റില്‍പ്പറത്തി ഡോണള്‍ഡ്  ട്രംപ് എന്ന അമേരിക്കന്‍ പ്രസിഡന്റ് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ജറൂസലേം ഇസ്രായേലിന്റെ തലസ്ഥാനമാണെന്ന ആ പ്രഖ്യാപനം ഫലസ്തീന്‍ ജനതയുടെ ജീവിതങ്ങള്‍ക്കു മേല്‍ തറയ്ക്കപ്പെടുന്ന അവസാനത്തെ ആണികളിലൊന്നാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നത്. പോരാട്ടങ്ങള്‍ക്ക് അവധി കൊടുക്കാന്‍ നിര്‍വാഹമില്ലാത്ത ഫലസ്തീന്‍ ജനത എന്തുവില കൊടുത്തും ഈ പ്രഖ്യാപനത്തെ നേരിടുമെന്ന് ഉറപ്പിച്ച് പ്രഖ്യാപിക്കുമ്പോള്‍ ട്രംപിന്റെ പദ്ധതികള്‍ ചോരപ്പുഴ ഒഴുക്കുമെന്നുതന്നെ വ്യക്തമാവുന്നു. സ്വന്തം ദേശത്തിന്റെ നിലനില്‍പ്പിനും ജീവിക്കാനുള്ള അവകാശങ്ങള്‍ക്കുമായി  ഇസ്രായേലിന്റെ ക്രൂരമായ താണ്ഡവങ്ങള്‍ക്കിടയിലും ഇച്ഛാശക്തിയും ആത്മധൈര്യവും ചോര്‍ന്നൊലിക്കാതെ പൊരുതുന്ന ഫലസ്തീനി പാരമ്പര്യം അക്കാര്യം തന്നെയാണ് പറയുന്നത്. 

എന്നാല്‍, അതോടെ ആ ദേശം എന്താവും? ആ ജനതയുടെ ഭാവി എന്താവും? ലോകത്തിന്റെ അവസ്ഥ എന്താവും? 

ലോക സമാധാനത്തെ അമേരിക്കയുടെ ഈ കറുത്ത നയം തീര്‍ച്ചയായും കുരുതി കൊടുക്കും എന്നത് ഇതിനകം വന്ന പ്രതികരണങ്ങളില്‍ നിന്നു തന്നെ വ്യക്തമാണ് . ഇസ്രായേലൊഴികെ മറ്റൊരു പ്രമുഖ രാജ്യവും ട്രംപിന്റെ നയത്തെ അനുകൂലിച്ചിട്ടില്ല. ട്രംപിന്റെ തീവ്രവലതുപക്ഷ വെറിയുടെ ഇരുണ്ട മുഖം മറ നീക്കി പുറത്ത് വന്നിരിക്കുകയാണ്, ഈ നയത്തോടെ. പശ്ചിമേഷ്യയില്‍ സമാധാനം പുലരുമെന്ന പ്രതീക്ഷയ്ക്കുമേല്‍ ഇട്ിത്തീ പോലെ പതിക്കുകയായിരുന്നു ട്രംപിന്റെ പുതിയ നയം. ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങള്‍ ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ രംഗത്തുവന്നതും ഈ പ്രഖ്യാപനമുണ്ടാക്കാന്‍ പോകുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ മുന്നില്‍ക്കണ്ടുകൊണ്ടാണ്. ചരിത്രദിനമെന്ന് പ്രഖ്യാപിച്ച് ഈ തീരുമാനത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്വാഗതം ചെയ്‌തെങ്കിലും ഫലസ്തീന്‍ സംഘടനയായ ഹമാസ്, നരകത്തിന്റെ വാതിലുകളാണ് ട്രംപ് തുറന്നിട്ടതെന്ന് തിരിച്ചടിച്ചത് വരാനിരിക്കുന്ന സംഘര്‍ഷത്തിന്റെ നാളുകളെ വിളിച്ചുപറയുന്നതായി.    
       
ജൂതന്മാരും ക്രിസ്ത്യാനികളും മുസ്ലിംകളും പുണ്യനഗരമായി കരുതുന്ന ജറൂസലം നൂറ്റാണ്ടുകളായി ഫലസ്തീനിന്റെ ഭാഗമായിരുന്നു. ബ്രിട്ടീഷ് കോളനിയായിരിക്കെ എഴുപത് വര്‍ഷം മുമ്പ് അതിനെ സ്വതന്ത്രമാക്കുന്നതിന് പകരം, ഇസ്രായേലിനെ ഫലസ്തീന്‍ ഭൂമിയില്‍ കുടിയിരുത്തിയ ഐക്യരാഷ്ട്രസഭ  ജറൂസലമിനെ അന്താരാഷ്ട്ര മേല്‍നോട്ടത്തിലുള്ള പ്രത്യേക പ്രദേശമായി അംഗീകരിക്കുകയായിരുന്നു. 1948 ലെ യുദ്ധത്തില്‍ വിഭജിക്കപ്പെട്ട ജറൂസലമിന്റെ പടിഞ്ഞാറു ഭാഗം ഇസ്രായേലിന്റെ അധീനതയിലായി. പടിഞ്ഞാറന്‍ ജറുസലേമിനെ തലസ്ഥാനമായി പ്രഖ്യാപിച്ച ഇസ്രയേല്‍, 1967ല്‍ യുദ്ധത്തിലൂടെ കിഴക്കന്‍ ജറുസലേമും പിടിച്ചെടുത്ത് അധീനതയിലാക്കി. 

ലോക രാജ്യങ്ങള്‍ പ്രതിവര്‍ഷം  ആയുധ നിര്‍മ്മാണത്തിനും സൈനികാഭ്യാസത്തിനും ചിലവിടുന്നതിന്റെ പകുതി മതിയാവും ദിനം പ്രതി ഭക്ഷണമില്ലാതെ, ഉടുക്കാന്‍ വസ്ത്രങ്ങളില്ലാതെ ചേരികളില്‍ തിങ്ങിപ്പാര്‍ക്കുന്ന ജനതയുടെ ജീവിതത്തിന് നിറച്ചാര്‍ത്തേകാന്‍. ഫലസ്തീനിന്റെ മണ്ണില്‍ രക്തക്കളമൊരുക്കാനുള്ള ട്രംപിന്റെയും നെതന്യാഹുവിന്റെയും നീക്കങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടേ മതിയാവൂ. ലോകനേതാക്കളും യു.എന്നും ശക്തമായ ഉപരോധത്തിലൂടെയും നടപടികളിലൂടെയും ഇവരെ ഒറ്റപ്പെടുത്തിയേ മതിയാവൂ. അത് പശ്ചിമേഷ്യന്‍ സമാധാനത്തിനു മാത്രമല്ല. നാമോരുത്തരുടെയും സമാധാനത്തിനും ലോകത്തിന്റെ സമാധാനപൂര്‍ണ്ണമായ നിലനില്‍പ്പിനും അനിവാര്യമാണ്.  

click me!