ഉത്തർപ്രദേശിൽ ട്രെയിനിന് മുകളിൽ കയറി 'സബ്‍വേ സർഫ്' നടത്തിയ യുവാവിനെ ആർപിഎഫ് ഉദ്യോഗസ്ഥരും യാത്രക്കാരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. 25,000 കിലോ വാട്ട് വൈദ്യുതി ലൈനിന് താഴെ നടന്ന സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
യൂറോപ്പിലും യുഎസിലും അടുത്തകാലത്തായി സബ്‍വേ സർഫ്സ് എന്ന ഓമനപ്പേരിൽ അറിയപ്പെട്ടൊരു സാഹസിക വിനോദം റെയിൽവേ ഉദ്യോഗസ്ഥരുടെ ഉറക്കം കെടുത്തിയിരുന്നു. ഓടുന്ന ട്രെയിന് മുകളിലൂടെ മുന്നോട്ടോ പിന്നോട്ടോ ഓടുന്ന സാഹസികതയെയാണ് സബ്‍വേ സർഫ് എന്ന് വിളിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്നും മറ്റ് കാമറാ ദൃശ്യങ്ങളിലുടെയും സർഫ് ചെയ്യുന്നവരെ കണ്ടെത്തി ശിക്ഷിക്കാനുള്ള ശ്രമത്തിലാണ് യൂറോപ്പിലെയും യുഎസിലെയും ട്രെയിൽവേ വകുപ്പുകൾ. സമാനമായൊരു സംഭവം കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ഇന്ത്യൻ സബ്‍വേ സർഫ്
ഉത്തർപ്രദേശിലെ പ്രതാപ്ഗഡ് ജില്ലിയിലെ മൗഹാർ പഥക് റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം അസാധാരണമായ സംഭവമായിരുന്നു നടന്നത്. 25,000 കിലോ വാട്ട് വൈദ്യുതി പ്രവഹിക്കുന്ന ഇലക്ട്രിക്ക് ലൈനിന് താഴെയായി ട്രെയിനിന് മുകളിൽ കയറിയ യുവാവിനെ അതിസാഹസീകമായി ആർപിഎഫ് ഉദ്യോഗസ്ഥരും യാത്രക്കാരും ചേർന്ന് താഴെ ഇറക്കുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടെന്ന് തന്നെ വൈറലായി. സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്ന ട്രെയിനിന് മുകളിലൂടെ ഓടുന്ന ആർപിഎഫ് ഉദ്യോഗസ്ഥനില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്.
തൊട്ട് മുന്നിലായി ഷർട്ടിടാതെ ട്രെയിനിന് മുകളിലൂടെ നടക്കുന്ന യുവാവിനെ കാണാം. ആര്‍പിഎഫ് ഉദ്യോഗസ്ഥൻ യുവാവിനെ താഴെ ഇറക്കാനായി ഏറെ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന് അത് കഴിയുന്നില്ല. ഇതിനിടെ മുന്നിലൂടെ മറ്റൊരു ആര്‍പിഎഫ് ഉദ്യോഗസ്ഥനും ട്രെയിനിന്‍റെ വശങ്ങളിലൂടെ യാത്രക്കാരും കയറുന്നു. എല്ലാവരും ചേർന്ന് ഏറെ ശ്രമത്തിന് ശേഷം യുവാവിനെ ട്രെയിനിന് മുകളില്‍ നിന്നും താഴെയേക്ക് വലിച്ചിറക്കുന്നതും വീഡിയോയിൽ കാണാം.
പ്രതികരിക്കാതെ റെയിൽവെ
അത്യന്തം അപകടകരമായ സാഹചര്യമായിരുന്നിട്ടും സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടും റെയില്‍വേ സംഭവത്തെ കുറിച്ച് ഔദ്ദ്യോഗികമായ ഒരു കുറിപ്പും പുറത്ത് വിട്ടിട്ടില്ല. അതേസമയം വൈറലായി വീഡിയോകൾക്ക് താഴെ സംഭവത്തിൽ ഉടനടി പ്രതികരിച്ച ആർപിഎഫ് ഇദ്യോഗസ്ഥന് അഭിനന്ദന പ്രവാഹമാണ്.


