ആന്ധ്രാ ക്ഷേത്രത്തില്‍നിന്ന് മുഖംമൂടിധാരികള്‍ കവര്‍ന്നത് 25 ലക്ഷം രൂപയുടെ  തലമുടി!

By Web DeskFirst Published Nov 19, 2016, 9:51 AM IST
Highlights

ആന്ധ്രയിലെ ശ്രീശൈലം ക്ഷേത്രത്തിലാണ് സംഭവം. വെള്ളിയാഴ്ച രാത്രിയാണ് കവര്‍ച്ചാ സംഘം ഇവിടെ എത്തിയത്. ഭക്തര്‍ മുണ്ഡനം ചെയ്ത ശേഷം ഒരു ഹാളില്‍ ചാക്കുകളിലായി സൂക്ഷിച്ചിരുന്ന തലമുടി  ഇവര്‍  മോഷ്ടിക്കുകയായിരുന്നു. 25 ലക്ഷം രൂപ വിലയുള്ള ഏഴ് ചാക്ക് മുടിയാണ് മോഷ്ടിക്കപ്പെട്ടത്.  

മുടി മോഷണം പതിവ് 
തലമുണ്ഡനം പതിവായ ഈ മേഖലയിലെ ക്ഷേത്രങ്ങളില്‍ പ്രതിവര്‍ഷം കോടിക്കണക്കിന് രൂപയുടെ തലമുടിയാണ് ക്ഷേത്ര കമ്മിറ്റികള്‍ ലേലം ചെയ്ത് വില്‍ക്കാറുള്ളതെന്ന് ന്യൂസ് മിനിറ്റ് വെബ്‌പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. മുണ്ഡനം പതിവായ ക്ഷേത്രങ്ങള്‍ക്ക് കോടികളുടെ വരുമാന മാര്‍ഗം കൂടിയാണ് തലമുടി. 

അന്താരാഷ്ട്ര വിപണിയില്‍ മുടി എത്തിക്കുന്ന പ്രധാന ഇടങ്ങള്‍ ദക്ഷിണേന്ത്യന്‍ ക്ഷേത്രങ്ങളാണ്. 

അതിനാല്‍, തന്നെ ക്ഷേത്രങ്ങളില്‍നിന്നും തലമുടി മോഷ്ടിക്കുന്ന സംഭവങ്ങളും ഇവിടെ പതിവാണ്.  

തമിഴ്‌നാട്ടിലെ ഇരുക്കംഗുഡി മാരിയമ്മ ക്ഷേത്രത്തില്‍നിന്ന് ജുലൈ മാസം 15 ചാക്ക് തലമുടിയാണ് മോഷ്ടിക്കപ്പെട്ടത്. 40 ലക്ഷം രൂപ വിലമതിക്കുന്നതായിരുന്നു ഇവ. വിശാഖ പട്ടണത്തിലെ വരാഹ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തില്‍ ഫെബ്രുവരിയിലാണ് സമാന സംഭവം നടന്നത്. 10 ചാക്ക് മുന്തിയ ഇനം മുടിയാണ് കവര്‍ച്ചക്കാര്‍ കൊണ്ടുപോയത്. 10 ലക്ഷം രൂപ വിലമതിക്കുന്ന മുടിയായിരുന്നു ഇത്. 

മുടിവില്‍പ്പനയിലൂടെ കോടികള്‍
ഇന്ത്യയില്‍ ഏറ്റവുമേറെ മുടി കയറ്റുമതി ചെയ്യുന്നത് തിരുപ്പതി ക്ഷേത്ര ദേവസ്വമാണ്. തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തില്‍ പ്രതിവര്‍ഷം ലക്ഷക്കണക്കിന് ഭക്തരാണ് തല മുണ്ഡനം ചെയ്യാന്‍ എത്തുന്നത്. രാപ്പകല്‍ ഇവിടെ ആയിരത്തോളം ബാര്‍ബര്‍മാരാണ് ജോലി ചെയ്യുന്നത്. പ്രതിദിനം ശരാശരി 40,000 ഭക്തര്‍ ഇവിടെ തല മുണ്ഡനം ചെയ്യുന്നതായാണ് കണക്ക്. 

2016-17 വര്‍ഷം 150 കോടി രൂപയുടെ വരുമാനമാണ് മുടിവില്‍പ്പനയിലൂടെ തിരുപ്പതി ദേവസ്വം ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. ജുലൈ, ആഗസ്ത് മാസങ്ങളില്‍ മാത്രം 17.82 കോടി രൂപയുടെ തലമുടിയാണ് ഇവിടെനിന്നും വിറ്റത്. 

കോടികളുടെ മുടി വിപണി
ദേശീയ, അന്താരാഷ്ട്ര വിപണികളില്‍ തലമുടിക്ക് നല്ല വിലയുണ്ട്. ഇതാണ് കവര്‍ച്ചക്കാര്‍ക്ക് പ്രചോദനമാവുന്നത്. ബില്യന്‍ കണക്കിന് ഡോളറുകള്‍ മാറിമറിയുന്ന വ്യവസായമാണ് തലമുടിയുടേത്. ഫാഷന്‍ രംഗത്താണ് ഈ മുടി കാര്യമായി ഉപയോഗിക്കുന്നത്. 

അമേരിക്കയാണ് ഏറ്റവും ഏറെ മുടി കയറ്റുമതി ചെയ്യുന്ന രാജ്യം. ചൈനയാണ് തൊട്ടുപിന്നില്‍. ബ്രിട്ടനാണ് മൂന്നാം സ്ഥാനത്ത്. ഒരു വര്‍ഷം അഞ്ചു കോടി പൗണ്ട് വില വരുന്ന തലമുടിയാണ് ബ്രിട്ടന്‍ ഇറക്കുമതി ചെയ്യുന്നതെന്ന് 'ദി മിറര്‍' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 

18-26 ഇഞ്ച് വരെ നീളമുള്ള മുടിക്കാണ് ഇവയില്‍ ഏറ്റവും ഡിമാന്റ്. ഇതിന് കിലോയ്ക്ക് 16,000 രൂപയാണ് വില. ആറിഞ്ച് നീളമുള്ള മുടിക്ക് കിലോയ്ക്ക് 100 രൂപയാണ് അന്താരാഷ്ട്ര വില. 

click me!