'എന്നെ ഒന്ന് കൊന്നു തരൂ, എനിക്ക് വേദനിക്കുന്നു...'

By Hospital DaysFirst Published Jan 6, 2019, 5:12 PM IST
Highlights

എന്തോ എനിക്ക് അങ്ങനെ നോക്കാൻ തോന്നി. ഒരുപക്ഷെ അതവരുടെ സ്വകാര്യതയാവാം, എന്നാലും എല്ലാവരും കണ്ട് പഠിക്കേണ്ട രംഗം ആണെന്ന് മനസ്സ് മന്ത്രിച്ചു. ആ 33 വയസ്സുകാരി വാശി പിടിക്കുന്നുണ്ടായിരുന്നു, കുട്ടിയെ പോലെ, 'വിശക്കുന്നു', 'വേദനിക്കുന്നു','എന്നെ ഒന്ന് കൊന്ന് തരൂ' എന്നിങ്ങനെ പറഞ്ഞോണ്ടിരിക്കുന്നു. 

ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പൂര്‍ണമായ പേരും മലയാളത്തില്‍ എഴുതണേ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാനും മറക്കരുത്

രോഗിയും രോഗങ്ങളും വേദനയും തളർച്ചകളും എല്ലാം നിത്യ ജീവിതത്തിലേയ്ക്ക് പകർത്താൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പലരുടെയും ദുഃഖങ്ങളും വേദനകളും കണ്ട് നെഞ്ചു പൊട്ടാറുണ്ടെങ്കിലും കണ്ണുനീർ വന്ന് കണ്ണിൽ കെട്ടി കിടന്നാലും പ്രൊഫഷനും പ്രൊഫഷണലിസവും ഓർത്ത് അത് നീരാവിയായി പോവാറുണ്ട്. സ്വതവേ ലോല ഹൃദയയായിരുന്ന എനിക്ക് കാലപ്പഴക്കം സമ്മാനിച്ചത് കഠിനവും കണ്ണുനീർ വറ്റിയതുമായ ഒരു ഹൃദയമാണ്. അങ്ങനെ ആയി മാറുകയാണ് ആരോഗ്യ മേഖലയിൽ ഉള്ള മിക്കവരും. എങ്കിലും, ചിലപ്പോഴൊക്കെ എല്ലാ പ്രൊഫഷണലിസവും മറന്നുപോകുന്ന അനുഭവങ്ങൾ ഉണ്ടാവാറുണ്ട്.

 ബെഡിലേക്ക് കിടത്തുമ്പോൾ ആ സ്ത്രീ 'വേദനിക്കുന്നു' എന്ന് പറഞ്ഞ് കരയുന്നുണ്ടായിരുന്നു

തിരക്കൊഴിഞ്ഞ സമയത്തായിരുന്നു അയാൾ എന്‍റെ ഫിസിയോതെറാപ്പി ക്ലിനിക്കിലേക്ക്‌ കയറി വന്നത്. മധ്യ വയസ്കൻ മുടിയുടെ ചില ഇടങ്ങളിലായി നരച്ചു തുടങ്ങിയിരിക്കുന്നു. പാന്‍റും അധികം പഴക്കം തോന്നാത്ത ഷർട്ടുമാണ് ധരിച്ചത്. 35 വയസ്സിനോടടുത്തു കാണും പ്രായം. കേറി വന്ന് ഇരുന്ന ഉടനെ രോഗിയുടെ രോഗാവസ്ഥയെ പറ്റി പറഞ്ഞു തുടങ്ങി. റിപ്പോർട്ട് ഒന്നും കൊണ്ട് വന്നിട്ടില്ലായിരുന്നു. വിഷാദം പടർന്ന സ്വരത്തിൽ അവർ പറഞ്ഞു കൊണ്ടിരുന്നു. ഇടത് വശം തളർന്നു പോയിട്ടുണ്ട്. നടക്കാൻ കഴിയില്ല. ഒരു വർഷമായി ഇതേ കിടപ്പാണ്. അമ്മയായിരിക്കും എന്നു കരുതി വയസ് ചോദിച്ചു. 33 വയസ്സ്, ഭാര്യയാണ്... എട്ട് വർഷത്തെ ദാമ്പത്യം ആയിട്ടും മക്കൾ ഇല്ല. അയാൾ മുഴുമിപ്പിച്ചു. അയാളുടെ കണ്ണുകളിലത്രയും പ്രതീക്ഷയുടെ തുടിപ്പുകൾ എനിക്ക് കാണാൻ കഴിഞ്ഞു.

സ്ഥലം ഒരുപാട് അകലെയാണ്. അവരിവിടെ എത്തിയാല്‍ സ്റ്റെയര്‍കേസ് കയറ്റാനുള്ള ബുദ്ധിമുട്ടിനെ പറ്റിയും ദൂരത്തെ പറ്റിയും ഉള്ള വേവലാതി ഞാനും പറഞ്ഞു. അതൊന്നും അവർക്കൊരു പ്രശ്നമല്ല എന്നും, ഒന്ന് നടന്ന് കിട്ടിയാൽ മതി എന്നും പറഞ്ഞ് അദ്ദേഹം ഇറങ്ങി. ഇവിടെ എത്തിക്കിട്ടിയാൽ എനിക്ക് കഴിയുന്നത് പോലെ ശ്രമിക്കാം എന്ന ഉറപ്പ് ഞാനും നൽകി.

പിറ്റേദിവസം ഒരു ഒന്നര ആയിക്കാണും. നല്ല തിരക്കായിരുന്നു. രണ്ട് കൈകൾ കൂട്ടി എടുത്ത് പൊക്കി കൊണ്ടാണ് തന്‍റെ പ്രിയതമയെയും കൊണ്ട് അയാൾ കയറി വന്നത്. ചെരുപ്പുകൾ അഴിച്ചു കൊടുത്തു ബെഡിലേക്ക് കിടത്തുമ്പോൾ ആ സ്ത്രീ 'വേദനിക്കുന്നു' എന്ന് പറഞ്ഞ് കരയുന്നുണ്ടായിരുന്നു. ഒരു കുഞ്ഞിനെ എന്ന പോലെ നെറ്റിയിൽ തടവി അദ്ദേഹം അവളെ ആശ്വസിപ്പിക്കുന്നു. ആ സ്നേഹ രംഗം... ഞാൻ പോലും അറിയാതെ എന്‍റെ കണ്ണ് അതിൽ ഉടക്കി കൊണ്ടിരുന്നു.

എന്തോ എനിക്ക് അങ്ങനെ നോക്കാൻ തോന്നി. ഒരുപക്ഷെ അതവരുടെ സ്വകാര്യതയാവാം, എന്നാലും എല്ലാവരും കണ്ട് പഠിക്കേണ്ട രംഗം ആണെന്ന് മനസ്സ് മന്ത്രിച്ചു. ആ 33 വയസ്സുകാരി വാശി പിടിക്കുന്നുണ്ടായിരുന്നു, കുട്ടിയെ പോലെ, 'വിശക്കുന്നു', 'വേദനിക്കുന്നു','എന്നെ ഒന്ന് കൊന്ന് തരൂ' എന്നിങ്ങനെ പറഞ്ഞോണ്ടിരിക്കുന്നു. 

ഇതൊക്കെ കേട്ട് ആ ഭർത്താവ് നെറ്റിയിൽ തടവി ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. എട്ടു വർഷത്തെ ദാമ്പത്യത്തിൽ കുഞ്ഞുങ്ങളില്ല. ഭാര്യയുടെ ഗര്‍ഭപാത്രത്തിൽ ഒരു മുഴയുള്ളത് തലയിലെ പരിക്കിന് മുമ്പും എടുത്തു കളഞ്ഞിരുന്നു. അങ്ങനെ, ഗർഭിണി ആയില്ല. കഴിഞ്ഞ ഒരു വർഷത്തിനു മുകളിലായി ഭാര്യയെ പരിചരിക്കാൻ വേണ്ടി അദ്ദേഹം ഗൾഫിലെ ജോലിയും ഒഴിവാക്കി നാട്ടിൽ തന്നെയാണ്.

ഇടയ്ക്ക് കിട്ടിയ ഇടവേളകളിൽ രോഗി തന്നെ എന്നോട് ഇതൊക്കെ പറയുന്നുണ്ടായിരുന്നു

ശരീരവും മനസ്സും ഒരുപോലെ തളർന്ന അവരുടെ പ്രാഥമിക ആവശ്യങ്ങളും, മാസമുറയുടെ സമയത്തെ എല്ലാ കാര്യങ്ങളും നോക്കുന്നത് അദ്ദേഹമാണ്. ആഹാരം വായിൽ വെച്ചുകൊടുക്കൽ തൊട്ട്‌ കുളിപ്പിക്കൽ വരെ ഭർത്താവ് ചെയ്യുന്നു. ഇടയ്ക്ക് കിട്ടിയ ഇടവേളകളിൽ രോഗി തന്നെ എന്നോട് ഇതൊക്കെ പറയുന്നുണ്ടായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ ഉള്ള അമ്മയ്ക്ക് നോക്കാൻ കഴിയില്ല. അതിനാല്‍, ഇങ്ങനെ പോവുന്നു അവരുടെ ജീവിതം. ട്രീറ്റ്മെന്‍റും കഴിഞ്ഞു തിരിച്ച് അവരെ കൈകളിൽ ഒരു കുഞ്ഞിനെ എന്ന പോലെ അദ്ദേഹം എടുത്തു കൊണ്ട് പോവുമ്പോൾ അവിടെ കൂടിയവർ ഒക്കെ സഹതാപത്തോടെ ആ കുടുംബത്തെ നോക്കുന്നുണ്ടായിരുന്നു. പരസ്പരം സഹതാപ വാക്കുകൾ പറയുന്നുണ്ടായിരുന്നു.

മക്കൾ ഇല്ലാതെ, മനസ്സ് താളം തെറ്റിയ ശരീരം തളർന്ന ഭാര്യയെ ദേവതയെ പോലെ നോക്കുന്ന ആ ഭർത്താവ് എനിക്കും അവിടെ കൂടി നിക്കുന്നവർക്കും അദ്ഭുതമായിരുന്നു. പ്രണയം വാക്കുകളിൽ മാത്രം ഒതുങ്ങുന്ന ഈ കാലഘട്ടത്തിൽ ആ അദ്ഭുതത്തെ ഞാൻ കണ്ണ് നിറയെ നോക്കി കൊണ്ടിരുന്നു.

ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം

click me!