അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനിൽ നടത്തിയ 'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന സൈനിക നീക്കത്തിൽ പരമോന്നത നേതാവ് ഖമനേയി കൊല്ലപ്പെട്ടു. ആണവ ചർച്ചകൾ പരാജയപ്പെട്ടതും യുറേനിയം സമ്പുഷ്ടീകരണവുമാണ് ആക്രമണത്തിന് കാരണമായി പറയുന്നത്. ഈ ആക്രമണത്തിൽ ഖമനേയിയും കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധി ഉന്നത നേതാക്കൾ കൊല്ലപ്പെടുകയും ഇറാന്‍റെ സൈനിക സംവിധാനങ്ങൾ തകർക്കപ്പെട്ടു. 

റാനിൽ ഭരണമാറ്റം ഇസ്രയേലിന്‍റെ ലക്ഷ്യമാണ്. ഇത്രയും നാൾ അമേരിക്കൻ പ്രസിഡന്‍റ് അതിനെ പിന്തുണച്ചില്ല. ഖമനേയിയെ വധിക്കാൻ അനുമതി നൽകിയത് ഭരണമാറ്റം സാധ്യതയായി കണ്ടത് കൊണ്ടാവാം. ട്രംപിന്‍റെ മനം മാറ്റത്തിന് കാരണമായി പറയപ്പെടുന്നത് ആണവ പദ്ധതി ചർച്ചകൾ എങ്ങുമെത്താതെ പോയതാണ്. ആണവായുധത്തിന് വേണ്ടുന്ന തോതിൽ യുറേനിയം സമ്പുഷ്ടീകരിക്കുകയാണ് ഇറാനെന്നും അത് അപകടമെന്നും അമേരിക്കയും ഇസ്രയേലും യൂറോപ്പും സമ്മതിക്കുന്നു. പക്ഷേ, അതിന് ചർച്ചയാണ് വഴിയെന്നും ആക്രമണം പാടില്ലെന്നും യൂറോപ്പ് നിലപാടെടുത്തു. എന്നാൽ, ആദ്യഘട്ട ചർച്ചകൾ പാളി. രണ്ടാംഘട്ടവും എങ്ങുമെത്തിയില്ല. മൂന്നാംഘട്ട ചർച്ചകൾ തുടരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഇറാന്‍റെ കൈവശം 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം ഉണ്ടെന്നാണ് യുഎൻ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. രണ്ടോ മൂന്നോ ആഴ്ചകൾക്കകം ഇത് ആണവായുധമായി വികസിപ്പിക്കാൻ കഴിയുമെന്നും. അതാണ് ആക്രമിക്കാനുള്ള കാരണമെന്നാണ് അമരിക്കൻ പക്ഷം. ധാരണകൾക്ക് വഴങ്ങാനുള്ള ഇറാന്‍റെ വിസമ്മതവും.

ആണവായുധം ഉണ്ടാക്കില്ലെന്ന് ഇറാൻ, എന്നിട്ടും...

പക്ഷേ, അതിൽ രണ്ടുപക്ഷമുണ്ട്. സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരിക്കില്ലെന്ന് ചർച്ചകളിൽ ഇറാൻ സമ്മതിച്ചതായി ഒമാൻ വിദേശകാര്യ മന്ത്രി അറിയിച്ചിരുന്നു. അതുമാത്രമല്ല കൈയിലുള്ള 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം ഇന്ധനമാക്കി മാറ്റാമെന്നും അന്താരാഷ്ട്ര ആണവോർജ ഏജൻസി നിരീക്ഷകരെ അനുവദിക്കാമെന്നും സമ്മതിച്ചു. ഒബാമയുടെ കാലത്തെ ആണവധാരണയിൽ ഇതൊന്നും ഉണ്ടായിരുന്നില്ലെന്നും ബദർ അൽ ബുസൈദി പറഞ്ഞു. ഇതൊക്കെ നടക്കുന്നതിനിടെ തന്നെ അമേരിക്ക പശ്ചിമേഷ്യയിൽ സൈനിക സന്നാഹം കൂട്ടിക്കൊണ്ടേയിരുന്നു. വെനിസ്വേലയെ വളഞ്ഞതുപോലെ തന്നെ. സമ്മർദ്ദതന്ത്രമായി വ്യാഖ്യാനിക്കപ്പെട്ട നീക്കം. പക്ഷേ, പെട്ടെന്നായിരുന്നു ആക്രമണം.

അമേരിക്കയുടെ ന്യായവാദങ്ങൾ യുഎസ്എ പ്രസിഡന്‍റ് വാർത്താ സമ്മേളനത്തിൽ മുന്നോട്ടുവച്ചു. ഇറാൻ ഭീഷണിയാണ്, ആണവായുധം നിർമ്മിക്കുന്നതിന്‍റെ അടുത്തെത്തിയിരുന്നു, അപകടകരം എന്നൊക്കെ പറഞ്ഞുകൂട്ടി. ധാരണക്കൊരുങ്ങിയ ഇറാനെ അമേരിക്കയും ഇസ്രയേലും പിന്നെ എന്തിന് ആക്രമിച്ചു എന്ന ചോദ്യത്തിന്‍റെ ഉത്തരം പലതാണ്. ഇസ്രയേലിന്‍റെ സമ്മർദ്ദമാവാം ഒരു കാരണം. 'Death to Israel' എന്ന് തുടർച്ചയായി പ്രഖ്യാപിക്കുന്ന മതഭരണകൂടത്തെ ഇല്ലാതാക്കുന്നത് രാജ്യത്തിന്‍റെ സുരക്ഷക്ക് അനിവാര്യമെന്നാവണം ഇസ്രയേലിന്‍റെ, നെതന്യാഹുവിന്‍റെ ചിന്ത.

യുഎസ്എയുടെ ആവശ്യങ്ങൾ

മറുവശമുണ്ട്, അമേരിക്ക ഒരു നീണ്ട നിര ആവശ്യങ്ങളാണ് ഇറാന് മുന്നിൽ വച്ചത്. ആണവായുധം പാടില്ല, യുറേനിയം സമ്പൂഷ്ടീകരണം പാടില്ല. ഹമാസ്, ഹൂതി, ഹെസ്ബുള്ള തുടങ്ങിയ സംഘടനകളെ പോറ്റിവളർത്താൻ പാടില്ല. എന്നാൽ, ഇറാൻ ഒന്നിലും ഉറപ്പുനൽകാൻ തയ്യാറായില്ല എന്നാണ് അമേരിക്കൻ പക്ഷം. ഓരോരോ കാരണങ്ങൾ പറഞ്ഞ് ഇറാൻ ചർച്ച നീട്ടിക്കൊണ്ടുപോവുകയാണെന്നും അമേരിക്ക നിരീക്ഷിച്ചു. ഇതിനെല്ലാം ഇടയിൽതന്നെ അമേരിക്കയും ഇസ്രയേലും സൈനിക നീക്കങ്ങൾ തുടങ്ങിയിരുന്നു. ഇറാനിൽ പ്രക്ഷോഭങ്ങൾ ശക്തമായത് ഈ സമയത്താണ്. അടിച്ചമർത്തലാണ് ഇറാൻ സർക്കാർ സ്വീകരിച്ച നയം. 30,000 പേരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് രാജ്യത്ത തന്നെ മെഡിക്കൽ വിദഗ്ധർ രഹസ്യമായി ശേഖരിച്ച കണക്കുകൾ. അതും കുത്തിയും വെടിവച്ചും വെട്ടിയും ആളുകളെ കൊന്നൊടുക്കിയെന്ന് അവർ തന്നെ പറയുന്നു. മുറിവുകളുമായി രക്ഷപ്പെട്ടവർ പലരും ആശുപത്രികളിൽ ചികിത്സ തേടാൻ മടിച്ചു. ആരെന്ന് തിരിച്ചറിഞ്ഞ് കൊന്നുകളയുമെന്ന പേടി. ശവശരീരങ്ങൾ കുന്നുകൂടി. കൂട്ടശവക്കുഴിയെടുത്ത് കുഴിച്ചുമൂടിയെന്നാണ് വിവരം. ചികിത്സയിലിരുന്നവരെ വെടിവച്ച് കൊന്നുവെന്ന് തെളിയിക്കുന്ന ചിത്രങ്ങളും ആരോഗ്യപ്രവർത്തകർ കണ്ടു.

ആക്രമണത്തിന് അനുമതി

ജനുവരിയിൽ ഇറാനിലെ പ്രക്ഷോഭകാരികളെ പിന്തുണച്ച് ട്രംപ് സർക്കാരിന് അന്ത്യശാസനം നൽകുമ്പോൾ പശ്ചിമേഷ്യൻ മേഖലയിൽ അമേരിക്കൻ സൈനിക സന്നാഹം ശക്തമായിരുന്നില്ല. ഫെബ്രുവരിയോടുകൂടി അമേരിക്കയും ഇസ്രയേലും യുദ്ധസജ്ജമായി എന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. പല ഉന്നതതല യോഗങ്ങൾ നടന്നു. വൈറ്റ് ഹൌസിലെ സിറ്റ്വേഷൻ റൂമിൽ. ഒറ്റയടിക്ക് നേതൃത്വത്തെ തന്നെ ലക്ഷ്യമിടുക എന്ന് തീരുമാനിക്കപ്പെട്ടു. ആക്രമണസമയം തീരുമാനിച്ചിരുന്നില്ല. ജനീവയിൽ അപ്പോഴും ചർച്ചകൾ നടക്കുകയായിരുന്നു. 

വ്യാഴാഴ്ച ട്രംപിന്‍റെ സ്റ്റേറ്റ് ഓഫ് യൂണിയൻ അഡ്രസിന് ശേഷം പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഉപദേഷ്ടാവും ട്രംപിന്‍റെ മരുമകനുമായ ജാരെഡ് കുഷ്നെറും ജനീവയിലെത്തി. അവസാനറൌണ്ട് ചർച്ചകൾക്കായി. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുടെ നേതൃത്വത്തിലെ ഇറാനിയൻ സംഘം അവരുടെ പദ്ധതി അവതരിപ്പിച്ചു എന്നാണ് റിപ്പോർട്ട്. ഭാവിയിലെ യുറേനിയം സമ്പുഷ്ടീകരണത്തോതിന്‍റെ കണക്ക് അമേരിക്കൻ സംഘത്തെ അമ്പരപ്പിച്ചുവെന്നും സമ്പുഷ്ടീകരണം അവസാനിപ്പിക്കണമെന്ന നിർദ്ദേശം ഇറാൻ തള്ളിയെന്നും റിപ്പോര്‍ട്ടുകൾ. ഇതോടെ അമേരിക്ക നെല്ലിപ്പലക കണ്ടു. ആക്രമണം ഉറപ്പിച്ചു. രാത്രിയെന്നാണ് ആദ്യം തീരുമാനിച്ചതെങ്കിലും ഇറാനിലെ ഒരു ഉന്നതതലയോഗം ചേരാനിരിക്കുന്നുവെന്ന വിവരമനുസരിച്ച് പകൽ സമയത്തേക്ക് മാറ്റി. ടെക്സസിലെക്ക് പോകുന്ന വഴി എയർഫോഴ്സ് വണ്ണിൽ വച്ച് ഒടുവിൽ ട്രംപ് അനുമതി നൽകി. "Operation Epic Fury is Approved. No Aborts. Good Luck" അതായിരുന്നു ട്രംപിന്‍റെ വാക്കകളെന്ന് ചീഫ് ഓഫ് ആംഡ് ഫേഴ്സ് ജെൻ കെയ്ൻ പിന്നീട് അറിയിച്ചു.

മാസങ്ങളായുള്ള തയ്യാറെടുപ്പ്

അതിനും മാസങ്ങൾക്ക് മുമ്പേ അമേരിക്കയും ഇസ്രയേലും മറ്റ് ചില തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. 2025 -ലെ 12 ദിവസത്തെ യുദ്ധത്തിനിടയിലും ഖമനേയിയെയും ഇറാനിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും അമേരിക്കയും ഇസ്രയേലും നിരീക്ഷിച്ചിരുന്നു. വളരെ ചെറിയ കാര്യങ്ങൾ പോലും ശേഖരിച്ചു. ഇറാനിലെ നേതാക്കൾക്കുചുറ്റും വല വിരിച്ചത് ഇസ്രയേലിന്‍റെ ഏജന്‍റുമാരാണ്. അതും നേരിട്ടിറങ്ങി. പണ്ടേ ഇസ്രയേൽ ആ കഴിവ് തെളിയിച്ചതാണ്. ഇറാനിയൻ ആണവ ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ടത് കാറിൽ പോകുന്നതിനിടെയാണ്. അതും റിമോട്ട് കൺട്രോൾഡ് ഓട്ടോ മാറ്റിക് മെഷീൻഗൺ ഉപയോഗിച്ച്.

ഇറാൻ ആണവ പദ്ധതിയുടെ പ്രധാന ഭാഗങ്ങൾ കമ്പ്യൂട്ടർ മാൽവെയർ കയറി തകരാറിലായതും ഹമാസ് നേതാവ് ഇസ്മയിൽ ഹന്യയുടെ കൊലപാതകവും, അതും ഇറാനിൽ വച്ച്. ഇതെല്ലാം ഇസ്രയേലിനുമേൽ ആരോപിക്കപ്പെട്ടിട്ടുള്ളതാണ്. ഇത്തവണത്തെ ആക്രമണത്തിൽ മൊസാദിന്‍റെ നെറ്റ്വർക്കും സിഐഎയുടെ നെറ്റ്വർക്കും സാങ്കേതിക വൈദഗ്ധ്യവും ഒരുമിച്ച് പ്രവർത്തിച്ചു. കഴിഞ്ഞ വർഷത്തെ യുദ്ധത്തിനുമുമ്പേ തന്നെ ഖമനേയിയുടെ ലൊക്കേഷൻ ട്രാക്കിംഗ് തുടങ്ങിയിരുന്നു സിഐഎ. പക്ഷേ, അന്ന് ഖമനേയിയെ വധിക്കാൻ തീരുമാനമുണ്ടായിരുന്നില്ല. അത് തീരുമാനിച്ചത് ഇത്തവണയാണ്. ആക്രമണത്തിന്‍റെ തുടക്കത്തിൽ തന്നെ അത് നടപ്പാക്കുകയും ചെയ്തു.

ആക്രമണം പക്ഷേ, ഇറാൻ പ്രതീക്ഷിച്ചിരുന്നില്ല, അതും പകൽ. ഇസ്രയേലാണ് ആക്രമിച്ചത്. 'Operation Roaring Lion' എന്ന് ഇസ്രയേൽ പേരിട്ട ആക്രമണത്തിനായി നൂറിൽ പരം വിമാനങ്ങൾ പറന്നുയർന്നു. അമേരിക്കയിൽ നിന്നും ഇസ്രയേലിൽ നിന്നും.

ആക്രമണം

ഇസ്രയേലിൽ നിന്ന് പ്രാദേശിക സമയം രാവിലെ 6 മണിക്ക് പറന്നുയർന്ന വിമാനങ്ങൾ രണ്ട് മണിക്കുറിനകം ഇറാനിലെത്തി, ഖമനേയിയുടെ വീടും പ്രസിഡൻഷ്യൽ മന്ദിരവും ഒക്കെ ഉണ്ടായിരുന്ന കോമ്പൌണ്ടിൽ ബ്ലൂ സ്പാരോ മിസൈലുകളടക്കം ഉപയോഗിച്ച് ആക്രമണം. യോഗത്തിൽ പങ്കെടുക്കാൻ ഉന്നതരെല്ലാം എത്തിയിരുന്നു അവിടെ. തൊട്ടടുത്ത കെട്ടിടത്തിൽ ഖമനേയിയും കുടുംബാംഗങ്ങളും. കൃത്യം ആക്രമണ സമയത്ത് ഇറാനിലെ വാർത്താവിനിമയ ബന്ധം തകരാറിലാക്കി അമേരിക്കയുടെ സൈബർ കമാണ്ട് വിഭാഗം. പിന്നെ ലക്ഷ്യമിട്ടത് ഇറാന്‍റെ പ്രതിരോധ സംവിധാനമാണ്. ഇറാൻ സൈന്യത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങൾ എല്ലാം തകർത്തു. വർഷങ്ങളെടുത്തിരുന്നു ഇതെല്ലാം ശേഖരിക്കാൻ തന്നെ.

മരിച്ച പ്രമുഖർ

ഖമനേയിക്കൊപ്പം കുടുംബാംഗങ്ങളും 40 ഓളം ഉന്നത നേതാക്കളും കൊല്ലപ്പെട്ടു. IRGC (Islamic Revolutionary Guard Corps) കമാണ്ടർ, IRGC വ്യോമവിഭാഗ കമാണ്ടറും പ്രതിരോധ മേധാവിയും, ദേശീയ സുരക്ഷാ കൗൺസിൽ മേധാവി, രഹസ്യാന്വേഷണ വിഭാഗം മേധാവി, സർവസൈനിക മേധാവി, തുടങ്ങിയവരെല്ലാം കൊല്ലപ്പെട്ടു. IRGC -യുടെ ഒന്നാംനിരയും രണ്ടാം നിരയും കൊല്ലപ്പെട്ടുവെന്നാണ് വിവരം.

യോഗം നടക്കാനിരുന്നത് ശനിയാഴ്ച വൈകീട്ടാണ്. അത് രാവിലെയാണ് നടന്നത്. അപ്പോഴേക്കും ആക്രമണ സമയവും മാറ്റി. വിദേശ രാജ്യങ്ങളിൽ വച്ച് ശത്രുക്കളെ വധിക്കുന്നത് പുത്തരിയല്ല ഇസ്രയേലിന്. പക്ഷേ, ഒരു രാഷ്ട്രത്തലവനെ വധിക്കുന്നത് ഇസ്രയേലിന്‍റെ ചരിത്രത്തിൽ ആദ്യമായാണ്. ഇതിന് പിന്നാലെ ഇറാനിലെ 1,000 -ത്തോളം കേന്ദ്രങ്ങൾ ഇസ്രയേലിന്‍റെയും അമേരിക്കയുടെയും യുദ്ധവിമാനങ്ങൾ ലക്ഷ്യമിട്ടു. 24 മണിക്കൂർ നീണ്ട ദൌത്യം. ടോമഹോക്ക് മിസൈലുകൾ, സ്റ്റെൽത്ത് ബോംബറുകൾ, ഡ്രോണുകൾ, നാവിക ആക്രമണത്തിൽ ഇറാന്‍റെ 17 കപ്പലുകൾ തകർത്തു എന്നാണ് അമേരിക്കയുടെ അവകാശവാദം.