ഒരു പാതിരാ പ്രണയത്തിന്റെ കഥ

By ഷിബു ഗോപാലകൃഷ്ണന്‍First Published Oct 30, 2017, 4:46 PM IST
Highlights

ജീവിതത്തെ മാറ്റിമറിക്കുന്ന ഹോസ്റ്റല്‍ കാലം നിങ്ങള്‍ എങ്ങനെ അനുഭവിച്ചു. മറക്കാനാവാത്ത ഓര്‍മ്മകള്‍ ഞങ്ങള്‍ക്കെഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ ഇടനാഴി എന്ന് എഴുതാന്‍ മറക്കരുത്. 


ഞങ്ങളുടെ ടികെഎം എഞ്ചിനീയറിംഗ് കോളജിന് ലോകത്തിലെ ഏതെങ്കിലും ഒരു വാസ്തുശില്പ മാതൃകയുമായി സാദൃശ്യമുണ്ടെങ്കില്‍ അത് ഷാജഹാന്‍ തന്റെ പ്രാണസങ്കടം മുംതാസിനു വേണ്ടി പണി കഴിപ്പിച്ച താജ്മഹലിനോടാണ്. പഠിക്കുന്ന കാലത്തു അത് പണികഴിപ്പിച്ചവര്‍ വലിയ രാജ്യദ്രോഹമാണ് ചെയ്തതെന്നും വിദ്യാര്‍ത്ഥികളുടെ സാംസ്‌കാരിക പൈതൃകവുമായി പരീക്ഷയുടെയും പഠിപ്പിന്റെയും യാഥാസ്ഥിതിക മനോഭാവങ്ങള്‍ യോജിച്ചു പോകുന്നതല്ലെന്നും പറ്റിയാല്‍ ഇടിച്ചുപൊളിച്ചു നിരത്തണമെന്നും ഒക്കെ തോന്നിയിട്ടുണ്ട്. എങ്കിലും അവിസ്മരണീയമായൊരു ഗതകാലത്തിന്റെ സ്മൃതിവിശുദ്ധിയിലേക്കു കൂര്‍ത്തുയര്‍ന്ന താഴികക്കുടങ്ങളുമായി കോളേജ് ഒരുവിധം ഞങ്ങളെയും, ഞങ്ങള്‍ ഒരുവിധം കോളേജിനെയും അതിജീവിച്ചു. 

പഠിക്കുന്നവര്‍ തമ്മിലുള്ള പാഠപുസ്തകപ്രണയങ്ങള്‍, പഠിക്കാത്തവര്‍ തമ്മിലുള്ള സപ്ലി പ്രണയങ്ങള്‍, പാടുന്നവര്‍ തമ്മിലുള്ള കലോത്സവപ്രണയങ്ങള്‍, ഡേ സ്‌കോളേഴ്‌സ് തമ്മിലുള്ള കോളേജ് ബസ് പ്രണയങ്ങള്‍, ഹോസറ്റലേഴ്‌സ് തമ്മിലുള്ള അമൃത എക്‌സ്പ്രസ്സ് പ്രണയങ്ങള്‍. അങ്ങനെയങ്ങനെ എത്രയെത്ര പ്രണയഗാഥകള്‍. ഒരേയൊരു പ്രണയകുടീരവും!

അങ്ങനെയങ്ങനെ എത്രയെത്ര പ്രണയഗാഥകള്‍. ഒരേയൊരു പ്രണയകുടീരവും!

കാമ്പസിനുള്ളിലാണ് പുണ്യപുരാതനമായ ലേഡീസ് ഹോസ്റ്റല്‍ അന്ന് സ്ഥിതി ചെയ്തിരുന്നത്. അതിന്റെ ഏഴയലത്ത് പോലുമല്ല എന്നുറപ്പാക്കി ആരോ മനപ്പൂര്‍വം പണികഴിപ്പിച്ച പോലെ നാലഞ്ചു മെന്‍സ് ഹോസ്റ്റലുകള്‍ മാറി അന്യരെ പോലെ അവിടവിടെയായി നിലകൊണ്ടിരുന്നു. പതിവുപോലെ മെന്‍സ് ഹോസ്റ്റലിലേയും ട്രസ്റ്റ് ഹോസ്റ്റലിലേയും മെസ് ഹാളിലെ മെനു വൃത്താന്തങ്ങള്‍ ഞങ്ങളെ കടുത്ത അപകര്‍ഷതാബോധത്തിലേക്ക് തള്ളിയിട്ടുകൊണ്ടിരുന്ന അന്‍സാര്‍ ഹോസ്റ്റലിലെ ഒരു രാത്രി. ഉഷ്ണം കടുത്ത് ഭൂതലം വിയര്‍ത്തുകിടന്ന അന്ന് ഹോസ്റ്റലിന്റെ ടെറസില്‍ മാനം നോക്കി കിടക്കുമ്പോഴാണ് അവനു തോന്നിയത്. എന്തുകൊണ്ട് ഗ്രൗണ്ടിനെ ചുറ്റി ലേഡീസ് ഹോസറ്റലിന്റെ പുറംമതിലിനെ മുട്ടിയുരുമ്മി കടന്നു പോകുന്ന ആ വഴിയെ വെറുതെ ഒന്ന് നടന്നു വന്നു കൂടാ? ഉച്ചിയില്‍ കുപ്പിച്ചില്ലുകള്‍ ഉണര്‍ന്നിരിക്കുന്ന ഗ്രൗണ്ടിന്റെ മതിലിനോട് ചേര്‍ന്ന് ഞങ്ങള്‍ നടന്നു. കള്ളന്മാരൊന്നുമല്ലല്ലോ എന്ന് സ്വയം ആശ്വസിച്ചു. അതൊന്നുകൂടി ഉറപ്പിക്കാനെന്ന വണ്ണം വഴിവിളക്കുകളുടെ വെട്ടത്തിലേക്കു കേറി നല്ല ആത്മവിശ്വാസത്തോടെ ഞങ്ങള്‍ മുന്നോട്ടു നടന്നു. 

കല്ലും മുള്ളും നിറഞ്ഞതും അതികഠിനവുമാണ് ലേഡീസ് ഹോസ്റ്റലിലേക്കുള്ള യാത്രകള്‍. തപസ്സു നിര്‍ബന്ധം, സാധനയും. അവന്‍ താത്വികമായി എന്തോ അവലോകനം ചെയ്യാന്‍ ശ്രമിക്കുകയാണ്. ഞാന്‍ തടസ്സപ്പെടുത്തിയില്ല. പെണ്‍കുട്ടികള്‍ ഒറ്റയ്ക്കും കൂട്ടത്തോടെയും ആദ്യം നടന്നു തീര്‍ക്കുക അവരുടെ ഹോസ്റ്റല്‍ വഴികളാണ്. ആണ്‍കുട്ടികള്‍ കാത്തുനില്‍പ്പ് ആരംഭിക്കുന്നതും അതേ വഴിയുടെ ഏതാണ്ട് ഇങ്ങേയറ്റത്തു നിന്നുമാണ്. നിലാവ് നനഞ്ഞു ഉന്മത്തനായവനെ പോലെ അവന്‍ പിന്നെയും തുടര്‍ന്നു.

ലോകത്ത് ഉയരം കൂടിയ ചുറ്റുമതിലുകള്‍ ഉള്ളത് ജയിലുകള്‍ക്കും ലേഡീസ് ഹോസ്റ്റലുകള്‍ക്കുമാണെന്നു അവന്‍ പറഞ്ഞതും എന്റെ ചങ്കിടിക്കുന്നത് അപ്പോള്‍ ഞാന്‍ മാത്രമല്ല ഈ ലോകം മുഴുവനും കേള്‍ക്കുന്നുണ്ടെന്ന് എനിക്ക് തോന്നി. അവന്റെ കാമുകി താമസിക്കുന്ന മുറിയുടെ ചുവട്ടില്‍ എത്തിയപ്പോഴേക്കും അവനിലെ കാമുകഹൃദയം സ്ഥലകാലങ്ങളെ മറന്നു, ഭൂമിയെയും ആകാശത്തെയും മറന്നു, പാതിരാത്രിയെയും കൂടെ വന്ന ഈ എന്നെയും മറന്നു. അപ്പുറത്തെയും ഇപ്പുറത്തെയും ഉറങ്ങിക്കിടന്ന വീട്ടുകാരെ മറന്നു. തീരെ പ്രതീക്ഷിച്ചിരുന്നില്ല. ഞാന്‍ ഇവിടെയുണ്ട്, ഇത്രയുമടുത്ത് എന്നറിയിക്കാനെന്നവണ്ണം പരിസരബോധം നഷ്ടപ്പെട്ട ഒരു വകതിരിവില്ലാത്ത കാമുകനെ പോലെ അവന്‍ കാമുകിയുടെ പേര് കൂരിരുട്ടില്‍ ആവര്‍ത്തിച്ചു.

ലോകത്ത് ഉയരം കൂടിയ ചുറ്റുമതിലുകള്‍ ഉള്ളത് ജയിലുകള്‍ക്കും ലേഡീസ് ഹോസ്റ്റലുകള്‍ക്കുമാണെന്നു അവന്‍ 

പൊടുന്നനെ റോഡരികിലെ ഒരു വീടിന്റെ നെറ്റിയില്‍ വിളക്ക് തെളിഞ്ഞു. ലോകം മുഴുവനും ഉറക്കമുണര്‍ന്നതു പോലെ എനിക്ക് തോന്നി. വാതില്‍ തുറന്നു മധ്യവയസ്‌കനായ ഒരു മനുഷ്യന്‍ വേഗത്തില്‍ ഞങ്ങളുടെ നേര്‍ക്ക് ക്രുദ്ധനായി ഇറങ്ങി വന്നു.

'ഇവിടെയൊരു കോളജും ഹോസ്റ്റലും ഉണ്ടെന്നു പറഞ്ഞു ഞങ്ങള്‍ നാട്ടുകാര്‍ക്ക് ആര്‍ക്കും കിടന്നു ഉറങ്ങണ്ടേ?' 

ആയിരം മീറ്റര്‍ ഓട്ടമത്സരത്തിനുള്ള ഒരു സിഗ്‌നല്‍ എന്റെ തലച്ചോറില്‍ നിന്നും കാല്‍പ്പാദങ്ങളിലേക്ക് അപ്പോഴേക്കും പാഞ്ഞു കഴിഞ്ഞിരുന്നു. അവന്‍ ഒട്ടും കൂസലില്ലാതെ തന്റെ അടുത്തെത്താറായ ആ മനുഷ്യന് നേര്‍ക്ക് നടക്കുന്നു. ഇവനിത് നട്ടപ്പിരാന്താണ്. മുഖം കാണില്ല എന്നുറപ്പുള്ള ഇരുട്ടിലായിരുന്നതിനാല്‍ നിന്നിടത്തു നിന്നും അനങ്ങാതെ ഞാന്‍ ടാബ്ലോ കളിച്ചു അവിടെ തന്നെ നിന്നു.

'ഈ കോളേജിന്റെ മുന്നില്‍ക്കൂടി ഇന്ത്യന്‍ റെയില്‍വേ ദിവസവും ട്രെയിന്‍ ഓടിക്കുന്നുണ്ട്, അത് മൂന്നുനേരം ഇതുവഴി കൂകി വിളിച്ചു പോകുന്നുണ്ട്. അത് നിങ്ങള്‍ക്ക് ഒരു പ്രശ്‌നമല്ല! ഇവിടെ ഇടയ്‌ക്കൊക്കെ ഇടിവെട്ടി പെരുമഴ പെയ്യാറുണ്ട്. ആ ഇടിമുഴക്കം നിങ്ങള്‍ക്കൊരു പാതിരാത്രിയിലും ഒരു പ്രശ്‌നമല്ല! ഞാന്‍ എന്റെ പെണ്ണിനെ പേരുചൊല്ലി ഇത്തിരി ഉറക്കെയൊന്നു വിളിച്ചാല്‍ നിങ്ങള്‍ക്ക് വലിയ ശല്യമായി, അല്ലെ?' 

ഒന്നും പറഞ്ഞില്ല, അവനെ ഒന്നു നോക്കുക മാത്രം ചെയ്തു ആ മനുഷ്യന്‍ വേഗത്തില്‍ തിരിച്ചു നടന്നു പോയി. വാതില്‍ അടഞ്ഞു, വിളക്കണഞ്ഞു, ഇരുട്ടില്‍ ശ്വാസം വിട്ടു ഞാന്‍ ടാബ്ലോ കളി അവസാനിപ്പിച്ചു. 

തൊട്ടടുത്ത നിമിഷം മുകളിലത്തെ ഹോസ്റ്റല്‍ മുറിയില്‍ ഒരു വിളക്ക് തെളിയുകയും, ജനാലയുടെ മുകളിലത്തെ പാളി അവനു വേണ്ടി മാത്രം തുറക്കപ്പെടുകയും, അതിലൂടെ അവര്‍ പരസ്പരം കാണുകയും ചെയ്തു.

click me!