താജ് മഹല്‍ എങ്ങനെ 'വെറുക്കപ്പെട്ടതായി' മാറി?

By ഷിജു ആര്‍First Published Jun 13, 2018, 12:59 PM IST
Highlights
  • താജ് മഹല്‍ എങ്ങനെയാണ് വിദ്വേഷ രാഷ്ട്രീയ ഭൂമികയുടെ കേന്ദ്ര സഥാനത്തേക്ക് എത്തിപ്പെടുന്നത്? 
  • അഭിമാനപൂര്‍വ്വം കണ്ടിരുന്ന ഒരു ചരിത്രസ്മാരകം എങ്ങനെയാണ് 'തച്ചുതകര്‍ക്കേണ്ട' ഒന്നായത്?
  • താജ് മഹലിനു നേരെ വിശ്വഹിന്ദു പരിഷത്ത് നടത്തിയ ആക്രമണത്തിന് പശ്ചാത്തലം ഒരുങ്ങിയത് എങ്ങനെയാണ്? 
  • ഷിജു ആര്‍ എഴുതുന്നു

ലോകത്തിനു മുന്നില്‍ ഇന്ത്യ അഭിമാപൂര്‍വ്വം കാഴ്ചവെക്കുന്ന പ്രണയസ്മാരകമായ താജ് മഹല്‍ എങ്ങനെയാണ് വിദ്വേഷത്തിന്റെ രാഷ്ട്രീയ ഭൂമികയുടെ കേന്ദ്ര സ്ഥാനത്തേക്ക് എത്തിപ്പെടുന്നത്? നാം അഭിമാനപൂര്‍വ്വം കണ്ടിരുന്ന ഒരു ചരിത്രസ്മാരകം എങ്ങനെയാണ് 'തച്ചുതകര്‍ക്കേണ്ട' ഒന്നായി ചൂണ്ടിക്കാണിക്കപ്പെടാന്‍ തുടങ്ങിയത്? ഇന്നലെ താജ് മഹലിനു നേരെ വിശ്വഹിന്ദു പരിഷത്ത് നടത്തിയ ആക്രമണത്തിന് പശ്ചാത്തലം ഒരുങ്ങിയത് എങ്ങനെയാണ്? 

ഇന്ത്യയുടെ വാസ്തുവിദ്യാ പാരമ്പര്യത്തിന്റെ, സാംസ്‌കാരിക ചൈതന്യത്തിന്റെ അടയാളമായി താജിനെ കണക്കാക്കുന്നത് ഇന്ത്യക്കാര്‍ മാത്രമല്ല. സപ്ത ലോകാത്ഭുതങ്ങളിലൊന്നായി യുനെസ്‌കോയുടെ  പൈതൃകപ്പട്ടികയില്‍ പ്രഥമസ്ഥാനത്ത് താജ് തിളങ്ങുന്നുണ്ട്. പ്രകൃതിയിലെ ഋതുസംക്രമണങ്ങളെ മനുഷ്യ ഭാവങ്ങളില്‍ വിലയിപ്പിക്കുന്ന കാല്‍പനികസൗന്ദര്യത്തിന്റെ സാക്ഷാത്കാരമാണത്. ചാന്ദ്ര പൂര്‍ണ്ണിമ യമുനയില്‍ നിലാവ് പെയ്യുന്ന രാത്രികളില്‍ താജിന്റെ മഞ്ഞൂറുന്ന പുല്‍ത്തകിടിയിലിരുന്ന് പ്രണയം പങ്കുവയ്ക്കുന്ന മനുഷ്യര്‍ക്ക് താജ് ഷാജഹാന്റെയും മുംതാസിന്റെയും പ്രണയ സ്മാരകം മാത്രമല്ല. അവരോരുത്തരുടെയും ആത്മ സ്മാരകങ്ങളാണ്. പ്രണയവും സൗഹൃദവുമടക്കം മനുഷ്യന്‍ മനുഷ്യനാവുന്ന സകല മനോഭാവങ്ങളോടും സമന്വയത്തിന്റെ സങ്കല്‍പങ്ങളോടും എല്ലാ കാലത്തും ഫാഷിസ്റ്റുുകള്‍ക്ക് ഭയമാണ്. വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രങ്ങള്‍ കൊണ്ട് അവര്‍ നിര്‍മ്മിച്ച ഭിന്നതകളുടെ തടവറകളില്‍ നിന്നും മനുഷ്യര്‍ക്ക് മനുഷ്യരായി ഇറങ്ങി നടക്കാനുള്ള ഊര്‍ജ്ജ പ്രവേഗമാണ് പ്രണയം. അതു കൊണ്ടവര്‍ പ്രണയത്തെ ദുരഭിമാനക്കൊലകള്‍ കൊണ്ടും സദാചാര ഗുണ്ടായിസം കൊണ്ടും നേരിടുന്നു.

ഇന്ത്യന്‍ സംസ്‌കാരിക ചരിത്രത്തിലെ മുസ്ലീം സാന്നിദ്ധ്യമെന്ന പോലെ, പ്രണയമെന്ന വികാരവും അവരെ ഭയപ്പെടുത്തുന്നു. അതു കൊണ്ടാണവര്‍ പ്രണയത്തിന്റെ  താജ് മഹല്‍ തകര്‍ത്ത്, നമ്മുടെയൊക്കെ മറവികളുടെ അസ്തിവാരത്തില്‍ വിദ്വേഷത്തിന്റെ, ഭയത്തിന്റെ, വിധേയത്വത്തിന്റെ മറ്റൊരു താജ് പണിയാന്‍ തുടങ്ങുന്നത്. 

താജിന്റെ പടിഞ്ഞാറ് ഭാഗത്തെ കവാടം തകര്‍ക്കാനാണ് ഇന്നലെ വി.എച്ച്.പി  സംഘം ശ്രമിച്ചത്. ബസായ് ഘട്ടിലുള്ള സിദ്ധേശ്വര്‍ മഹാദേവ ക്ഷേത്രത്തിലേക്ക് പോകുന്ന വഴി തടയുന്നുണ്ടെന്നും ആരോപിച്ചായിരുന്നു പൊളിക്കാനുള്ള ശ്രമം. ചുറ്റികകളും കമ്പിപ്പാരകളുമായി മുപ്പതോളംപേര്‍ സംഘത്തിലുണ്ടായിരുന്നു. താജ് മഹലിനെക്കാള്‍ മുമ്പ് തന്നെ ക്ഷേത്രം അവിടെയുണ്ടായിരുന്നെന്നും പല തവണ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ കവാടം പൊളിച്ചു മാറ്റാന്‍ തയാറായിരുന്നില്ലെന്നും ആക്രമണത്തിന് കാരണമായി വി.എച്ച്.പി നേതാവ് രവി ദുബേ പറഞ്ഞത്. 

താജ് മഹല്‍ മുഗള്‍ സൃഷ്ടിയാണെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഉറപ്പിച്ചു പറഞ്ഞു .

അരങ്ങാരുക്കം
1989 ല്‍ പി.എന്‍ ഓക്ക് (പുരുഷോത്തം നാഗേഷ് ഓക്ക്) എന്നയാളുടെ 'Taj Mahal  The True story' എന്ന പുസ്തകത്തിലാണ് താജ് മഹല്‍ ഒരു മുഗള്‍ സൃഷ്ടിയല്ലെന്നും അത് 'തേജോ മഹാലയം' എന്നൊരു ശിവക്ഷേത്രമായിരുന്നെന്നും ആദ്യമായി വാദമുയരുന്നത്. ജയ് സിംഗ് എന്ന രാജാവ് നിര്‍മിച്ച ഈ ക്ഷേത്രം പിന്നീട് ഷാജഹാന്‍ പിടിച്ചെടുക്കുകയായിരുന്നുവെന്നും ഈ പുസ്തകം പറയുന്നു. പുസ്തകം പ്രസിദ്ധീകൃതമായ ഘട്ടത്തിലൊന്നും ഇന്ത്യയുടെ മതേതര പൊതുമണ്ഡലമോ  അക്കാദമിക് സമൂഹമോ അത്ര ഗൗരവത്തിലെടുത്തിട്ടില്ല. എന്നാല്‍, അന്നു മുതല്‍ ഹിന്ദുത്വവാദികള്‍ ഈ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. എണ്‍പതുകളുടെ അന്തരീക്ഷത്തില്‍ രാഷ്ട്രീയ ഹിന്ദുത്വ ഇത്ര പ്രബലമായ മേല്‍ക്കയ്യുള്ള ഒന്നായിരുന്നില്ലല്ലോ.

2015ല്‍ ആഗ്ര ജില്ലാ കോടതിയില്‍ ആറ് അഭിഭാഷകര്‍ ചേര്‍ന്ന് ഇതുസംബന്ധിച്ച് ഒരു കേസ് നല്‍കുന്നു. താജ് മഹല്‍ ഒരു ക്ഷേത്രമാണെന്നും അവിടെ കര്‍മ്മങ്ങള്‍ ചെയ്യാന്‍ അനുവദിക്കണമെന്നും അവര്‍ കോടതിയോടാവശ്യപ്പെട്ടു. ആ കേസില്‍ കോടതി കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിനും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയ്ക്കും നോട്ടീസ് അയക്കുന്നു. എന്നാല്‍ നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയത്തില്‍  ഒരു ജില്ലാക്കോടതി നോട്ടീസ് അയക്കുന്നതിന്റെ ക്രമപ്രശ്‌നം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ചൂണ്ടിക്കാട്ടി. ഒപ്പം താജ് മഹല്‍ അസന്ദിഗ്ധമാം വിധം ഒരു മുഗള്‍ സൃഷ്ടിയാണെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ വിഭാഗം ഉറപ്പിച്ചു പറഞ്ഞു .

ചരിത്ര ഗവേഷണത്തില്‍ അക്കാദമിക് അംഗീകാരങ്ങളൊന്നും നേടാത്ത എഴുത്തുകരനാണ് പി. എന്‍ ഓക്ക്. എന്തെങ്കിലും വസ്തുതകളുടെ പിന്‍ബലമില്ലാത്ത പുസ്‌കമാണ അദ്ദേഹം എഴുതിയതും. കൃസ്ത്യാനിറ്റി എന്നു പറഞ്ഞാല്‍ കൃഷ്ണ നീതിയാണെന്നും വത്തിക്കാന്‍ എന്നത് വേദിക എന്നാണെന്നും പുസ്തകമെഴുതിയ ആള്‍. പ്രമുഖരായ പല ചരിത്ര പണ്ഡിതരും 'സമയം കൊല്ലി'യായാണ് ഇദ്ദേഹത്തിന്റെ നിലപാടുകളെ കാണുന്നത്. ഒരു ഘട്ടത്തില്‍ കോടതി വ്യവഹാരവും മറ്റുമായി നിലനിന്നിരുന്ന ഒരു കെട്ടുകഥ ഇന്ന് ജനതയെ ആയുധമെടുപ്പിക്കാന്‍ ശേഷിയുള്ള ഒരാശയമായി മാറി എന്ന് തെളിയിക്കുന്നതാണ് ഇന്നലെ താജിനു നേരെ ഉണ്ടായ സംഘപരിവാര്‍ ആക്രമണം.

ഒരു കെട്ടുകഥ ഇന്ന് ജനതയെ ആയുധമെടുപ്പിക്കാന്‍ ശേഷിയുള്ള ഒരാശയമായി മാറി

സംവാദങ്ങളെ ഭയക്കുന്ന രാഷ്ട്രീയം
ഇതൊരു  യാദൃച്ഛിക സംഭവമോ ഒറ്റപ്പെട്ട വൈകാരിക പ്രതികരണമോ അല്ല. വളരെ ആസൂത്രിതമായ ഒരു ഗൂഢാലോചനയുടെ ക്രമാനുഗതമായ വികാസചരിത്രത്തിലെ ഭീഷണമായ ഒരു ചവിട്ടുപടിയാണത്. വസ്തുനിഷ്ഠമായ ചരിത്രത്തോട് ഭയവും വിദ്വേഷവുമല്ലാതെ ക്രിയാത്മകമായ സംവാദം രാഷ്ട്രീയ ഹിന്ദുത്വത്തിന് സാദ്ധ്യമല്ലെന്ന് പലവട്ടം തെളിഞ്ഞതാണ്. സംവാദത്തോടുള്ള ഈ ഭയമാണ് ആക്രമണങ്ങളിലേക്ക് നയിക്കുന്നത്. 

ചരിത്രത്തിലെ  വസ്തുതകളെ  ഊഹാപോഹങ്ങള്‍ കൊണ്ട് മറച്ചു പിടിക്കുകയും സംവാദത്തിന്റെ ജനാധിപത്യ സാദ്ധ്യതകള്‍ വിവാദങ്ങള്‍ കൊണ്ട് നിറയ്ക്കുകയും ചെയ്താണ് ഫാസിസം ലോകത്തെല്ലായിടത്തും ജനപ്രിയതയാര്‍ജ്ജിച്ചത്.  ജന സ്വീകാര്യതയുള്ള മിത്തുകള്‍, പാരമ്പര്യങ്ങള്‍ തുടങ്ങിയവയൊക്കെയാണ് തങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച് വ്യാഖ്യാനിച്ച് അധികാര സംസ്ഥാപനത്തിന് ഇവര്‍ ഉപയോഗിക്കുന്നത്. 'ഓണം  വാമന ജയന്തി ' ആണെന്ന ഈയടുത്ത കാലത്തെ വിവാദങ്ങള്‍ ഓര്‍ക്കുക. 

സാമാന്യമനുഷ്യന്റെ അലസമായ ചരിത്രാവബോധങ്ങള്‍ക്ക് മുകളില്‍, മറവികള്‍ക്ക് മുകളില്‍ വളരെയെളുപ്പം തങ്ങളുടെ കുയുക്തികള്‍ സ്ഥാപിക്കാന്‍ ഫാഷിസത്തിന് സാധിക്കും. കര്‍ക്കടക മാസം രാമായണ മാസമെന്നത് ഭാഷാദ്ധ്യാപകരുടേയും  ചരിത്രാദ്ധ്യാപകരുടേയും പോലും സാമാന്യബോധമാണ് . എഴുത്തച്ഛനെ പഠിപ്പിക്കുന്ന , കേരള സംസ്‌കാരം പഠിപ്പിക്കുന്ന എത്രയോ ക്ലാസ് മുറികളില്‍ നാമത് കേട്ടിരിക്കുന്നു . എന്നാല്‍ കര്‍ക്കിടകത്തിലെ രാമായണ പാരായണം ഇത്രയും കേരളീയ ജനപ്രിയ വ്യവഹാരമാവുന്നത് വളരെ ബോധപൂര്‍വ്വമായ രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണെന്ന് പഠനങ്ങളുണ്ട്. ഇത്തരം അധികാര സംസ്ഥാപനങ്ങളുടെ നേരെയുള്ള മറവിക്കെതിരായുള്ള ഓര്‍മ്മയുടെ കലാപമാവണം രാഷ്ട്രീയം. 

click me!