പ്രണയം, വൈരാഗ്യം, പക, കൊലപാതകം; നാടിനെ ഞെട്ടിച്ച അരുംകൊലയ്ക്ക് പിന്നില്‍ പരസ്ത്രീ ബന്ധം

By Web TeamFirst Published Sep 27, 2018, 6:41 PM IST
Highlights

രമേശിന്‍റെ അരുകൊലയ്ക്ക് പിന്നിലെ പ്രതികാരത്തിന്‍റെ കഥയും അത്രമേല്‍ ആഴമുള്ളതായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 9 മാസങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞ ഡിസംബര്‍ 25 ാം തിയതിയാണ് 24കാരനായ മഹേഷ് ഗൗഡിനെ അയല്‍ക്കാരനായ രമേശും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തിയത്

ഹൈദരാബാദ്: ഹൈദരാബാദിലെ രജേന്ദ്രനഗറില്‍ ഇന്നലെ പട്ടാപകല്‍ അരുകൊല അരങ്ങേറിയപ്പോള്‍ ഒരു നാട് ഒന്നാകെ അക്ഷരാര്‍ഥത്തില്‍ ഞെട്ടി. തിരക്കേറിയ നഗരത്തില്‍ ആള്‍കൂട്ടവും പൊലീസും നോക്കിനില്‍ക്കെയുള്ള ക്രൂരതയുടെ ദൃശ്യങ്ങള്‍ കണ്ടവര്‍ക്ക് ഇനിയും ഞെട്ടല്‍ മാറിയിട്ടുണ്ടാകില്ല. മഹേഷ് ഗൗഡ് കൊലപാതക കേസിലെ മുഖ്യപ്രതി രമേശിനെ മഹേഷിന്‍റെ അച്ഛനും അമ്മാവനും ചേര്‍ന്ന് മഴു കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു.

രമേശിന്‍റെ അരുകൊലയ്ക്ക് പിന്നിലെ പ്രതികാരത്തിന്‍റെ കഥയും അത്രമേല്‍ ആഴമുള്ളതായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 9 മാസങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞ ഡിസംബര്‍ 25 ാം തിയതിയാണ് 24കാരനായ മഹേഷ് ഗൗഡിനെ അയല്‍ക്കാരനായ രമേശും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. 

രമേശിന്‍റെ അടുപ്പക്കാരിയായ സ്ത്രീയുമായി മഹേഷ് ബന്ധം സ്ഥാപിച്ചതിലുള്ള വൈരാഗ്യമായിരുന്നു കൊലയിലേക്ക് നയിച്ചതെന്ന് പിന്നീട് തെളിഞ്ഞു. 9 മാസങ്ങളായി രമേശിനെ കൊല്ലാനായി കാത്തിരിക്കുകയായിരുന്നു മഹേഷിന്‍റെ അച്ഛന്‍. ഒടുവില്‍ നഗരമധ്യത്തിലെ ആള്‍ക്കൂട്ടവും പൊലീസും ഒന്നും മഹേഷിന്‍റെ അച്ഛന്‍റെ പ്രതികാരത്തിന് തടസ്സമായില്ല.

അയല്‍ക്കാരും സുഹൃത്തുക്കളുമായിരുന്നു മഹേഷും രമേഷും. വിവാഹിതയായ സ്ത്രീയുമായി രമേഷിന് ബന്ധമുണ്ടായിരുന്നു. ഇത് മനസ്സിലാക്കിയ മഹേഷ് തന്ത്രപൂര്‍വ്വം ഇതേ സ്ത്രീയുമായി ബന്ധം സ്ഥാപിച്ചു. കാര്യങ്ങള്‍ തിരിച്ചറിഞ്ഞ രമേഷാകട്ടെ മഹേഷിനോട് ബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. അതിനിടയില്‍ സ്ത്രീയുടെ ഭര്‍ത്താവ് ഇക്കാര്യങ്ങള്‍ മനസ്സിലാക്കുകയും സ്ഥലം മാറിപോകുകയും ചെയ്തു. ഇതിന് കാരണക്കാരന്‍ മഹേഷ് ആണെന്ന വിശ്വാസത്തിലാണ് രമേഷ് കൊലപാതകത്തിന് പദ്ധതിയൊരുക്കിയത്.

രണ്ട് അടുത്ത സുഹൃത്തുക്കളുടെ സഹായത്താല്‍ തന്ത്രമൊരുക്കി. ഡിസംബര്‍ 25 ാം തിയതി മഹേഷിനെ കാര്‍ യാത്രയ്ക്ക് ഇവര്‍ ഒപ്പം കൂട്ടി. നേരത്തെ കരുതിയ മദ്യം ആവശ്യത്തിലധികം നല്‍കി മഹേഷിനെ ബോധംകെടുത്തിയ ശേഷം ക്രൂരമായി കൊല്ലുകയായിരുന്നു. കാറിനകത്ത് വച്ച് കത്തികൊണ്ട് കഴുത്ത് അറുത്ത് മരണം ഉറപ്പാക്കി. ശേഷം മൃതദേഹം കത്തിച്ച് പലയിടങ്ങളിലായി കളയുകയായിരുന്നു. മകനെ കാണാനില്ലെന്ന മഹേഷിന്‍റെ അച്ഛന്‍റെ പരാതിയില്‍ പൊലീസ് സത്യം കണ്ടെത്തി.

അന്ന് മുതല്‍ മഹേഷിന്‍റെ അച്ഛന്‍ കിഷന്‍ രമേഷിന്‍റെ ജീവനെടുക്കാനായി കാത്തിരിക്കുകയായിരുന്നു. പലതവണ പദ്ധതിയിട്ടെങ്കിലും ഒന്നും നടന്നില്ല. അപകടം മണത്ത രമേഷാകട്ടെ അതീവ ശ്രദ്ധാലുവായിരുന്നു. ഒളി സങ്കേതങ്ങളില്‍ താമസിച്ചുവന്നിരുന്ന രമേഷ് പൊതു സ്ഥലങ്ങളില്‍ അധികം പ്രത്യക്ഷപ്പെടാറുണ്ടായിരുന്നില്ല. മഹേഷ് ഗൗഡ കൊലക്കേസുമായി ബന്ധപ്പെട്ട് കോടതിയിലെത്തി മടങ്ങവെയാണ് ബുധനാഴ്ച രമേഷിനെ തേടി മരണമെത്തിയത്.

മഹേഷിന്‍റെ അച്ഛന്‍ കൃഷനും അമ്മാവന്‍ ലക്ഷമണും ചേര്‍ന്നാണ് രമേശിനെ നടുറോഡിലിട്ട് വെട്ടികൊന്നത്. മകന്‍റെ കൊലപാതകിയുടെ മരണം ഉറപ്പാക്കുന്നതുവരെ കൃഷന്‍ മഴുകൊണ്ട് വെട്ടുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കി. കൊലപാതക ശേഷം ഇവര്‍ പൊലീസിന് കീഴടങ്ങുകയും ചെയ്തു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

 

click me!