Latest Videos

നിങ്ങളാണോ, 'സഹോദരിമാരെ' ചതിക്കുഴികളില്‍ നിന്ന് രക്ഷപ്പെടുത്തുന്നത്, സൈബര്‍ വാരിയേഴ്‌സിന് ഇഷികയുടെ മറുപടി

By കെ.പി റഷീദ്First Published May 16, 2017, 6:29 PM IST
Highlights

നാലു ദിവസം മുമ്പാണ് ഇഷിക എന്ന പെണ്‍കുട്ടി കേരള സൈബര്‍ വാരിയേഴ്‌സ് എന്ന ഓണ്‍ലൈന്‍ ഗ്രൂപ്പിനെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. പാക്കിസ്താന്‍ സൈറ്റുകള്‍ ഹാക്ക് ചെയ്തുവെന്ന പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ കേരള സൈബര്‍ വാരിയേഴ്‌സ് എന്ന മലയാളി ഗ്രൂപ്പ് അടുത്തതായി, ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളിലെ ഞരമ്പു രോഗികള്‍ക്കെതിരെ ഇടപെടലുകള്‍ നടത്താന്‍ പോവുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ആയിരുന്നു അത്. കേരള സൈബര്‍ വാരിയേഴ്‌സ് എന്ന ഗ്രൂപ്പിലെ ആളുകള്‍ ഇന്‍ബോക്‌സില്‍ വന്ന് പ്രണയം, ലിംഗനീതി, ആര്‍ത്തവം മുതലായ വിഷയങ്ങളില്‍ താനെഴുതിയ ചില ഫേസ്ബുക്ക് പോസ്റ്റുകള്‍ ഡിലിറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്നും ചെയ്തില്ലെങ്കില്‍, അക്കൗണ്ട് ഹാക്ക് ചെയ്യുമെന്ന് ഭീഷണിപ്പടുത്തിയതായുമാണ് ഇഷിക എഴുതിയത്. ഇത് സദാചാര പൊലീസിംഗ് ആണെന്നും ഫേസ്ബുക്ക് ആണ്‍കൂട്ടങ്ങള്‍ സ്ത്രീകള്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങളുടെ സ്വഭാവം തന്നെയാണ് ഇതിനെന്നും ഇഷിക എഴുതി. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായി. ഇതിനു പിന്നാലെ, സൈബര്‍ വാരിയേഴ്‌സ് ഗ്രൂപ്പിലെ ആളുകള്‍ ആ പോസ്റ്റിനു താഴെ തെറിവിളികളും ഭീഷണികളുമായി രംഗത്തുവന്നു. നിരവധി പേര്‍ ഈ ഗ്രൂപ്പിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. 

തുടര്‍ന്നാണ്, സൈബര്‍ വാരിയേഴ്‌സിന് ഈ വിഷയത്തില്‍ എന്താണ് പറയാനുള്ളത് എന്നും സ്ത്രീ പ്രശ്‌നങ്ങളില്‍ അവരുടെ നിലപാട് എന്താണെന്നും അറിയാന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ശ്രമം നടത്തിയത്. ഗ്രൂപ്പ് പ്രതിനിധിയുമായി നടത്തിയ അഭിമുഖം രണ്ട് ഭാഗങ്ങളായി കഴിഞ്ഞ ദിവസങ്ങളില്‍ പ്രസിദ്ധീകരിച്ചു. ആരോ ഒരാള്‍ ഇന്‍ബോക്‌സില്‍ വന്ന് പറഞ്ഞ കാര്യങ്ങള്‍ വെച്ച് ഇഷിക സൈബര്‍ വാരിയേഴ്‌സ് ഗ്രൂപ്പിനെ അധിക്ഷേപിക്കുകയാണ് എന്നായിരുന്നു അവരുടെ പ്രതികരണം. ഒപ്പം, ഇഷിക അടക്കമുള്ളവര്‍ തങ്ങള്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ഗൂഢാലോചന ആണെന്നും അവര്‍ വ്യക്തമാക്കി. ഫേസ്ബുക്കില്‍ നടന്ന പിഡോഫീലിയ വിഷയത്തില്‍ തങ്ങള്‍ എടുത്ത നിലപാടില്‍ കലിപൂണ്ട 'പിഡോഫീലിയ അനുകൂലികള്‍' നടത്തുന്ന ആക്രമണങ്ങളുടെ ഭാഗമാണ് ഇഷികയുടേതടക്കമുള്ള പോസ്റ്റുകളെന്നും അവര്‍ വ്യക്തമാക്കി. 

ഈ സാഹചര്യത്തില്‍, ഇഷിക ഈ വിഷയത്തില്‍ തനിക്ക് പറയാനുള്ളത് തുറന്നു പറയുകയാണ്. സൈബര്‍ വാരിയേഴ്‌സ് എങ്ങനെയാണ് തന്നോട് പെരുമാറിയതെന്നും 'ഹാക്കര്‍ ഗ്രൂപ്പെന്ന' മുഖംമൂടി ധരിച്ച് ഈ ആണ്‍കൂട്ടം സദാചാര പൊലീസിംഗ് നടത്തുകയാണെന്നും ഇഷിക പറയുന്നു. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ അഭിമുഖത്തില്‍ സൈബര്‍ വാരിയേഴ്‌സ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അവര്‍ മറുപടി പറയുന്നു. കെ.പി റഷീദ് നടത്തിയ അഭിമുഖം. 


'കേരള സൈബര്‍ വാരിയേഴ്‌സ്' എന്ന ഓണ്‍ലൈന്‍ ഗ്രൂപ്പിനു നേര്‍ക്ക് ഇഷിക ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അവര്‍ ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലൂടെ മറുപടി തന്നിരിക്കുന്നു. അവര്‍ പറയുന്നത്, ആരോ പറഞ്ഞ കാര്യങ്ങളുടെ പേരില്‍ ഇഷിക അവരുടെ ഗ്രൂപ്പിനെ മൊത്തം അധിക്ഷേപിക്കുന്നു എന്നാണ്? അങ്ങനെയാണോ? 'ആരോ' ആണോ ഇഷികയോട് ഇക്കാര്യം സംസാരിച്ചത്? എങ്ങനെയാണ് ഈ സംഭവങ്ങള്‍ നടന്നത് എന്ന് വിശദമാക്കാമോ?

എന്റെ ഇന്‍ബോക്‌സില്‍ വന്ന ഭീഷണിയുടെ സ്വരമുള്ള മെസ്സേജില്‍ നിന്നാണ് ഞാന്‍ ആദ്യമായി 'കേരള സൈബര്‍ വാരിയേഴ്‌സിനെ (KCW) കുറിച്ച് കേള്‍ക്കുന്നത്. മെയ് 12ന് അഥവാ കഴിഞ്ഞ വെള്ളിയാഴ്ച ഞാനിട്ട ഫേസ്ബുക്ക് കവര്‍ ഫോട്ടോയുടെ താഴെ KCW എന്നെഴുതിയ മുഖചിത്രവുമായി കുമാര്‍ മോഹന്‍ എന്നൊരാള്‍ 'നിന്റെ ഇന്‍ബോക്‌സ് ചെന്ന് നോക്കെടി' എന്ന് കമന്റ് ചെയ്തു. അതിന്റെ മറുപടിയായി എന്റെ സ്‌കൂള്‍ മേറ്റായ ഒരാള്‍,  ഇവളെ എനിക്കറിയാമെന്നും ഇവളെ ഞാന്‍ സംസാരിച്ച് മനസിലാക്കിക്കോളാമെന്ന് പറയുകയും പിന്നീട് ഇന്‍ബോക്‌സിലൂടെ എന്നോട് ചാറ്റ് ചെയ്യുകയും ചെയ്തു. 

എനിക്കെതിരെ കുറച്ച് പരാതികളുണ്ടെന്നും ഫേസ്ബുക്കില്‍ ഞാനിട്ട സെക്‌സ്, പ്രണയം, ആര്‍ത്തവം സംബന്ധമായ എല്ലാ പോസ്റ്റുകളും ഉടനടി ഡിലീറ്റ് ചെയ്യണമെന്നും ഈ താക്കീത് അനുസരിച്ചില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും അയാള്‍ ഭീഷണിപ്പെടുത്തി. ഇയാള്‍ തന്നെയാണ് KCW ആയി ബന്ധപ്പെട്ട ലിങ്കുകളും ഫോട്ടോസും നല്‍കിയതും.

തുടര്‍ന്ന്, KCW വിന്റെ പേരില്‍ ഇങ്ങനൊരു മെസേജ് വന്നു. എന്റെ അക്കൗണ്ട് ഇവരുടെ നിരീക്ഷണത്തിലാണെന്നു തെളിയിക്കുന്ന രീതിയില്‍, ഇവര്‍ തന്നെ ഒഫീഷ്യല്‍ ആണെന്ന് സൂചിപ്പിച്ച കുമാര്‍ മോഹന്റെ അക്കൗണ്ടില്‍ നിന്ന് മെസ്സേജ് വരികയും ചെയ്തു. ഒറ്റ നോട്ടത്തില്‍ തന്നെ ഐഡന്റിറ്റി ഇല്ലാത്ത അനോണിമസ് ആണെന്ന്  ബോധ്യം വന്നതോടെ അയാളുടെ മെസേജ് റിക്വസ്റ്റ് അക്‌സപ്റ്റ് ചെയ്യാനോ സംസാരിക്കാനോ ഞാന്‍ തയ്യാറായില്ല. അവര്‍ അവരുടെ ഉദ്ദേശങ്ങള്‍ ഇത്രയും വ്യക്തമായി സംസാരിച്ചിട്ടും അങ്ങേയറ്റം മോറലിസ്റ്റിക്കായ അവരുടെ ചില പോസ്റ്റുകള്‍ വായിപ്പിച്ചിട്ടും, പിന്നെയും ഞാന്‍ സൈബര്‍ വാരിയേഴ്‌സിനെ കുറിച്ച് അന്വേഷിക്കണമെന്ന് പറയുന്നതിന്റെ യുക്തി മനസിലാവുന്നില്ല..

എന്റെ സ്വകാര്യതയ്ക്ക് നേരെ കടന്നു കയറ്റമുണ്ടായാല്‍ അവരുടെ ആധികാരികതയെക്കുറിച്ച് ഞാന്‍ അന്വേഷിക്കുന്നതെന്തിനാണ്? എന്റെ അക്കൗണ്ട് എന്നത് എന്റെ സ്വാതന്ത്ര്യമാണ്. അതില്‍ എന്തെഴുതണം വേണ്ട എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഒരു ആണ്‍കൂട്ടങ്ങളുടെയും ഔദാര്യമല്ല. പിന്നെ ഞാന്‍ എന്തിന് കീഴ്‌പ്പെടണം?
 

ഇഷികയ്ക്ക് എതിരായി സൈബര്‍ വാരിയേഴ്‌സിനു മുന്നില്‍ ഉന്നയിക്കപ്പെട്ട പരാതികള്‍

ആരോ ഒരാള്‍ നല്‍കിയ പരാതിയില്‍ അവര്‍ ഇഷികയെ കോണ്‍ടാക്റ്റ് ചെയ്യുകയായിരുന്നു എന്നാണ് അവര്‍ പറയുന്നത്. എന്തായിരുന്നു അവര്‍ ഉന്നയിച്ച പരാതി?

ഇത്രയും സംഭവിച്ചിട്ടും എനിക്കെതിരെ യഥാര്‍ത്ഥത്തില്‍ എന്താണ് പരാതിയെന്ന് ആരും ഡയറക്ട് ആയി സൂചിപ്പിച്ചിട്ടില്ല. കുമാര്‍ മോഹന്‍ എന്ന പ്രൊഫൈലില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന  സ്‌ക്രീന്‍ ഷോട്ടുകളിലൂടെയാണ് എന്താണ് കാര്യമെന്ന് മനസിലായത്. അതുപ്രകാരം, ആരോ ഒരാള്‍, രണ്ടു പരാതികളാണ് ഇദ്ദേഹത്തിന് ഫേസ്ബുക് മെസേജ് വഴി അയച്ചത്.

അതിലാദ്യത്തേത് കേട്ടാല്‍ നിങ്ങള്‍ ചിരിക്കും. 2016 ജനുവരി 14 ന്, 'സമാഗതി ഡിസ്‌കഷന്‍ ഫോറം' എന്ന ജെന്‍ഡര്‍ ഇക്വാലിറ്റി ഗ്രൂപ്പിന്റെ ഭാരവാഹി ആയിരുന്ന സമയത്ത്, എന്റെ ഫ്രണ്ട് ലിസ്റ്റിലെ ഒട്ടുമിക്ക ആളുകള്‍ക്കും ഞാന്‍ ഒരു മെസേജ് അയച്ചിരുന്നു. 'ലിംഗ സമത്വത്തെ കുറിച്ചും സമാഗതി റിപ്പോര്‍ട്ടിനെ കുറിച്ചും ഒരു ലേഖനം പ്രസിദ്ധികരിക്കാന്‍ ആഗ്രഹിക്കുന്നു. ഈ ഒരു വിഷയത്തെക്കുറിച്ച് നിങ്ങള്‍ക്കുള്ള സംശയങ്ങളും അഭിപ്രായങ്ങളും ദയവായി അറിയിക്കുക' എന്നായിരുന്നു ആ മെസേജ്. ഇതിലെ ലിംഗ നീതി (Gender Justice) എന്ന വാക്ക് ലിംഗത്തെക്കുറിച്ചാണ് എന്ന് കരുതിയ ഏതോ ഒരാളാണ് പരാതി നല്‍കിയത്. ഇങ്ങനൊരു മെസേജ് അയച്ചാണ് ഞാന്‍ ആള്‍ക്കാരെ സെക്‌സ് ചാറ്റിനു ക്ഷണിക്കുന്നത് എന്നായിരുന്നു പുള്ളിയുടെ പരാതി. പരാതിക്കാരന്‍ മാത്രമല്ല ഇതില്‍ മണ്ടത്തരം കാണിച്ചത്. ലിംഗനീതി എന്നത് ലിംഗത്തെക്കുറിച്ചും സെക്‌സ് ചാറ്റിനെക്കുറിച്ചും ആണെന്ന വിവരക്കേട് പരാതിയായി പരിഗണിച്ച് അതേക്കുറിച്ച് അന്വേഷിക്കാനിറങ്ങിയ ഈ ആണ്‍കൂട്ടം കൂടിയായിരുന്നു. സ്ത്രീകളോട് എങ്ങനെ സംസാരിക്കണം എന്ന് പോലും അറിയാത്തവര്‍ക്കെന്ത് ലിംഗനീതി? ലിംഗനീതിയില്‍ പോലും ലിംഗം മാത്രം കാണുന്നവരാണ് ഇവര്‍.

രണ്ടാമത്തെ പരാതിയും തമാശയാണ്.  IFFK 2016 ലെ അവതാരികമാരില്‍ ഒരാളായിരുന്നു ഞാന്‍. അവിടെവെച്ച് ഐ വി ശശി സംവിധാനം ചെയ്ത 'അവളുടെ രാവുകള്‍' സിനിമ കൂട്ടുകാരോടൊപ്പം തിയറ്ററില്‍ ഇരുന്ന് കണ്ടപ്പോള്‍, ഞാന്‍ ഒരു സ്റ്റാറ്റസ് ഇട്ടു. ഇത് പരാതിക്കാരനെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. ഞാന്‍ കാരണം സമൂഹത്തില്‍ നിരവധി പെണ്‍കുട്ടികള്‍ കൂടി വഴിതെറ്റുന്നു എന്ന നിഗമനത്തിലാണ് പരാതിക്കാരന്‍ എത്തിയത്. ഇത് തൊണ്ട തൊടാതെ വിഴുങ്ങി എന്നെക്കുറിച്ച് അന്വേഷണത്തിനിറങ്ങിയ സൈബര്‍ പോരാളികളും ഇതേ മണ്ടത്തരമാണ് ആവര്‍ത്തിക്കുന്നത്.

കേള്‍ക്കുമ്പോള്‍ തന്നെ മണ്ടത്തരം എന്നുറപ്പുള്ള ഇങ്ങനൊരു വാദത്തെ പരാതിയായി പരിഗണിക്കുന്നവരുടെ യുക്തി എന്താണ്? ലിംഗനീതിയെ കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. അല്ലാതെ ഇവരുടെയൊന്നും ലിംഗത്തെ കുറിച്ചല്ല. ഈ വിവരക്കേടിനെ പരാതിയായി കേട്ട്, എന്നെ ഉപദേശിക്കാന്‍ KCW യ്ക്ക് എന്ത് അധികാരമാണുള്ളത്.? അങ്ങനെ ഒരു വ്യക്തി ആവശ്യപ്പെട്ടാലുടന്‍ പരാതി സ്വീകരിച്ച് എന്റെ ഇന്‍ബോക്‌സിലേക്ക് കേറി വരുന്ന ഈ മാന്യ ദേഹങ്ങള്‍ എന്ത് സ്ത്രീസുരക്ഷയെക്കുറിച്ചാണ് ഈ പറയുന്നത്? 

ആ പരാതിയുടെ അടിസ്ഥാനത്തില്‍, അതിന്റെ തുടര്‍ച്ചയായി കേരള സൈബര്‍ വാരിയേഴ്‌സിന്റെ ആളുകള്‍ തന്നെയാണോ ഇന്‍ബോക്‌സില്‍ വന്ന് സദാചാര പ്രസംഗം നടത്തിയത്?

തീര്‍ച്ചയായും. അതിന്റെ തുടര്‍ച്ചയായെന്നോണമാണ് അയാള്‍ എന്റെ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യാനും മറ്റും ആവശ്യപ്പെട്ടത്.പ്രത്യേകിച്ച് പ്രണയവും ആര്‍ത്തവവും പ്രമേയമായി വരുന്നവ. ഞാനെന്തോ വലിയ അപരാധം ചെയ്‌തെന്ന രീതിയിലായിരുന്നു സംസാരം.

 

ഇന്‍ബോക്‌സില്‍ വന്നയാള്‍ എന്തൊക്കെയാണ് പറഞ്ഞത്? അതിന് ഇഷിക നല്‍കിയ മറുപടികള്‍ എന്തൊക്കെ ആയിരുന്നു?

ഇന്‍ബോക്‌സില്‍ വന്ന വ്യക്തി ആദ്യം തന്നെ സൈബര്‍ വാരിയേഴ്‌സ് എന്ന ഗ്രൂപ്പിനെ കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകളും ഏതാനും ലിങ്കുകളും എനിക്ക് അയച്ചു തന്നു. എന്നിട്ടാണ് അയാള്‍ സംസാരിച്ചു തുടങ്ങിയത്. എന്താണ് നിങ്ങള്‍ക്ക് വേണ്ടതെന്ന് ഓരോ തവണയും ഞാന്‍ ചോദിക്കുമ്പോള്‍ പറയാം, ആദ്യം ഇത് കാണൂ എന്ന മട്ടിലായിരുന്നു സംസാരം. നിന്നോട് സൈബര്‍ വാരിയേഴ്‌സ് ഗ്രൂപ്പിലെ ആളുകള്‍ നേരിട്ട് സംസാരിക്കേണ്ടിയിരുന്നതാണ്. എന്നാല്‍ എനിക്ക് പരിചയമുള്ളതിനാലാണ് ഞാന്‍ ഇപ്പോള്‍ സംസാരിക്കുന്നത് എന്നാണ് ആമുഖമായി പറഞ്ഞത്. 

തുടര്‍ന്ന് എന്നോട് ഇപ്പോള്‍ ചെയ്യേണ്ട പ്രധാന കാര്യം എന്ന് പറഞ്ഞ് എന്റെ പോസ്റ്റുകളുടെ ലിങ്ക് അയച്ചു തന്നു. അവയെല്ലാം ഡീലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടയിലാണ് കുമാര്‍ മോഹന്‍ എന്ന പ്രൊഫൈലില്‍നിന്നും മെസേജ് വരുന്നത്. ഇയാള്‍ ചാറ്റിങ്ങില്‍ കാര്യം വ്യക്തമാക്കിയിരുന്നില്ല. ആ പോസ്റ്റുകള്‍ ഡീലീറ്റ് ചെയ്തില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും KCW അക്കൗണ്ട് ഹാക്ക് ചെയ്യുമെന്നുമൊക്കെ ഇയാള്‍ ഭീഷണിപ്പെടുത്തി. കാര്യമെന്തെന്നറിയാതെ ആദ്യം ഒന്ന് പകച്ചു പോയി എങ്കിലും സദാചാര ആങ്ങളമാരാണ് ഇവരെന്നറിഞ്ഞതോടെ നേരിടാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു.
 

 

കുമാര്‍ മോഹന്‍ എന്ന പ്രൊഫൈലില്‍ നിന്നുള്ള പോസ്റ്റ്
 

ഇഷികയുടെ അഭിപ്രായത്തില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ഈ ഗ്രൂപ്പിന്റെ പ്രശ്‌നം?

സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അപകടകരമാം വിധം സംഘടിക്കപ്പെട്ട ആണ്‍കൂട്ടങ്ങളാണ് ഇവരെന്നാണ് ഈ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ മനസിലായത്. സ്വയം സ്ത്രീ സംരക്ഷക വേഷം ധരിച്ച് നിയമം കയ്യിലെടുക്കാന്‍ വെമ്പുന്ന ഹീറോയിക് കഥാപാത്രങ്ങളായാണ് ഇവര്‍ ഇവരെ തന്നെ വിശേഷിപ്പിക്കുന്നതായി തോന്നിയത്. എന്റെ പോസ്റ്റിനടിയിലും ആ പോസ്റ്റ് അതേ രീതിയില്‍ പങ്ക് വച്ച ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മീഡിയകളുടെ കമന്റ് ബോക്‌സുകളിലും ഈ വിഷയത്തില്‍ അവര്‍ തന്നെ ഇട്ട നിരവധി പോസ്റ്റുകളിലും, അവയിലെ എന്നെ മെന്‍ഷന്‍ ചെയ്തും അല്ലാതെയുമുള്ള കമന്റുകളിലും പോയി നോക്കിയാല്‍ കാണാം ഇവരുടെ തനിനിറം. സ്ത്രീ സംരക്ഷകവേഷം ധരിച്ച് സ്ത്രീകള്‍ക്കെതിരെ വെര്‍ബല്‍ റേപ്പ് നടത്തുന്നവരാണിവര്‍ എന്ന സത്യം ആ കമന്റുകളില്‍ കാണാം. കൂടാതെ ഈ ഐഡികള്‍ പരിശോധിച്ചാല്‍ മനസിലാവുന്ന ഒന്നുണ്ട്. സമീപ കാലങ്ങളായി സൈബര്‍ ഇടത്തില്‍ അബ്യൂസ് ചെയ്യപ്പെടുന്ന സ്ത്രീകളുടെ കമന്റ് ബോക്‌സുകളില്‍ നിറഞ്ഞാടുന്നത് ഈ വിഭാഗം തന്നെയാണ്. അവരുടെ ഭാഷയും പ്രയോഗങ്ങളും രീതികളും അതു തെളിയിക്കുന്നുണ്ട്. മുഖം മൂടി ധരിച്ച വെറും കോമാളി കൂട്ടങ്ങളായി മാത്രം ഇവരെ തള്ളിക്കളയാനാവില്ല. സോഷ്യല്‍ മീഡിയയിലെ സ്ത്രീകള്‍ക്ക് മൊത്തം ഭീഷണിയാവുന്ന പൊട്ടന്‍ഷ്യല്‍ അക്രമികളാണ് ഇവര്‍. 

ഇത്തരം ക്രിമിനല്‍ വെര്‍ബല്‍ അബ്യുസേര്‍സ് പലപേരുകളിലുള്ള ഈ കൂട്ടങ്ങള്‍ക്കിടയിലെല്ലാമുണ്ട്. ഇതിലൊന്നും ഉള്‍പ്പെടാത്തവരുമുണ്ടാവാം. സൈബര്‍ ഇടത്തിലെ ഇവരുടെ ഗ്രൂപ്പ് തിരിഞ്ഞുള്ള ഗ്യാങ് വാര്‍ പോരുകള്‍ക്കിടയില്‍ പെട്ട് തകര്‍ന്ന് പോയവരുമുണ്ടാകാം എന്നാണ് എന്റെ തോന്നല്‍. KCW ലേക്ക് കടന്ന് വരുമ്പോള്‍ പ്രധാനമായും അവര്‍ വാഴ്ത്തിപ്പാടുന്ന വാദങ്ങളില്‍ ഒരു കാര്യം, പാകിസ്ഥാന്‍ വെബ്‌സൈറ്റുകള്‍ തകര്‍ത്ത് ഇന്ത്യന്‍ ആര്‍മിയെ സഹായിച്ചു എന്നാണല്ലോ.  അതൊക്കെ കോമഡിയാവുന്ന അവകാശവാദങ്ങളാണെങ്കിലും, അങ്ങനെ ചെയ്തു എന്നുതന്നെ വെച്ചാലും, അവര്‍ ചെയ്യുന്ന തെമ്മാടിത്തരങ്ങള്‍ മറച്ച് അവരെ ഉയര്‍ത്തിക്കാണിക്കുന്നതിനുള്ള ന്യായീകരണങ്ങളാണോ അവയൊക്കെ? 

ഇവരുടെയൊക്കെ സംസാരം  ശ്രദ്ധിച്ചാല്‍ മനസിലാക്കാം,സമൂഹം പതിച്ച് നല്‍കിയ ആണത്തം എന്ന ചട്ടക്കൂടിനകത്തു നിന്നുകൊണ്ട് പൊതു ഇടങ്ങളില്‍ ഇടപെടുന്ന സ്ത്രീകളെ വേട്ടയാടാന്‍ ശ്രമിക്കുന്ന വെട്ടുകിളി കൂട്ടങ്ങളാണ് ഇവരെന്ന്. ഈ പോസ്റ്റിന് ശേഷം എനിക്ക് ലഭിച്ച മെസേജുകളില്‍ കുറേ എണ്ണം പറയുന്നത്, ഇവര്‍ ഒരു പാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്, ഇവരുടെ പേര് നശിപ്പിക്കാന്‍ മറ്റൊരു കൂട്ടരാണ് ശ്രമിക്കുന്നത് എന്നൊക്കെയാണ്. സത്യത്തില്‍ 'നല്ലകാര്യങ്ങള്‍' ചെയ്യുന്നു എന്ന വാദം മറ്റുള്ളവര്‍ക്കുനേരെ അതിക്രമം കാണിക്കാനുള്ള വെറുമൊരു മറയാണെന്ന് അവരുടെ പ്രവൃത്തികള്‍ വ്യക്തമായി കാണിക്കുന്നുണ്ട്. അതൊക്കെ വെളിപ്പെടുത്തപ്പെടുമ്പോള്‍ കുറ്റം മറ്റാരുടെയെങ്കിലും തലയില്‍ വെക്കാന്‍ ശ്രമിക്കുകയാണ്.

സൈബര്‍ വാരിയേഴ്‌സ് ഉന്നയിക്കുന്ന രണ്ടാമത്തെ ആരോപണം ഫേസ്ബുക്കില്‍ നടന്ന പീഡോഫീലിയ ചര്‍ച്ചയുമായി ബന്ധപ്പെട്ടതാണ്. തങ്ങള്‍ പീഡോഫീലിയക്കെതിരെ ശക്തമായി നിലപാട് എടുത്ത സാഹചര്യത്തില്‍, പീഡോഫീലിയയെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍, ഈ ഗ്രൂപ്പിനെ ടാര്‍ജറ്റ് ചെയ്ത് നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമാണ് ഇഷികയുടെ പോസ്റ്റും തുടര്‍ന്ന് മറ്റ് പലരും നടത്തിയ ഇടപെടലുകളും എന്നാണ് അവര്‍ പറയുന്നത്. ഇതിനെ കുറിച്ച് എന്താണ് പറയാനുള്ളത്?

ഇവിടെയാണ്  ഇവരുടെ ഇരട്ടത്താപ്പ് പിടികിട്ടുക. എന്തിന്റെ അടിസ്ഥാനത്തിലാണ് അവരെന്നെ അങ്ങനെ ലേബല്‍ ചെയ്യാന്‍ ശ്രമിക്കുന്നത്? ഫേസ്ബുക്കില്‍ നടന്ന പിഡോഫീലിയ സംവാദങ്ങളില്‍ ഇന്നേവരെ ഒരു അഭിപ്രായപ്രകടനവും ഞാന്‍ നടത്തിയിട്ടില്ല. എന്നിട്ടും എന്നെ ഇത്തരത്തില്‍ ലേബല്‍ ചെയ്യുന്നതിന്റെ പിന്നില്‍ എന്താണ്? ഒരു സംശയവും വേണ്ട, തങ്ങളുടെ തനിനിറം പുറത്തുവരും എന്ന പരിഭ്രാന്തി മാത്രമാണ് അവരെ ഇങ്ങനെ ചെയ്യിക്കുന്നത്. അവര്‍ക്കുമറിയാം ഇത് നുണയാണെന്ന്. 

എല്ലാത്തരം അബ്യൂസുകള്‍ക്കും എതിരായി തന്നെയാണ് ഞാന്‍ നിലകൊള്ളുന്നത്. പിഡോഫീലിയ വിഷയത്തില്‍ യാതൊരു അഭിപ്രായ പ്രകടനവും ഞാന്‍ നടത്തിയിട്ടില്ല. സപ്പോര്‍ട്ടര്‍മാര്‍ എന്ന് ഇവര്‍ വ്യാഖ്യാനിക്കുന്ന കൂട്ടത്തിലും ഞാനില്ല. ഞാന്‍ വെല്ലുവിളിക്കുന്നു, എനിക്കെതിരായ ആരോപണം ശരിയാണെന്ന് തെളിയിക്കുന്ന എന്തെങ്കിലും തെളിവുകള്‍ ഇവര്‍ ഹാജരാക്കട്ടെ. എന്റെ പ്രണയവും, ഇഷ്ടങ്ങളും കാഴ്ചപ്പാടുകളും സന്തോഷങ്ങളുമാണ് ഞാന്‍ എന്റെ പ്രൊഫൈലിലൂടെ പങ്കു വെക്കുന്നത്. അതിലെന്തിനാണിവരിത്ര അസ്വസ്ഥരാവുന്നത്?
 

ഇഷികയ്ക്ക് എതിരായി വന്ന തെറിവിളികള്‍, ഭീഷണികള്‍.
 

പീഡോഫീലിയ സംവാദവുമായി ഈ സംഭവത്തെ അവര്‍ കൂട്ടിക്കെട്ടുന്നതിന്റെ പിന്നില്‍ എന്താണ്?

ഈ അടുത്ത കാലത്തായി കാണാന്‍ തുടങ്ങിയ ഏറ്റവും അപകടകരമായ പൊളിറ്റിക്കല്‍ സ്ട്രാറ്റജി ആയാണ് ഞാനീ പീഡോഫീലിയ ആരോപണങ്ങളെ കാണുന്നത്. എതിരാളികളെ ഒറ്റയടിക്ക് നിശ്ശബ്ദമാക്കുക. എന്ത് തെമ്മാടിത്തരം പറയാനും ചെയ്യാനുമുള്ള പൊതു സമ്മതി നേടിയെടുക്കുക. പ്രധാന പ്രശ്‌നങ്ങളില്‍ നിന്നും ആളുകളുടെ ശ്രദ്ധ മാറ്റുക. ഈ ലക്ഷ്യങ്ങള്‍ ഒറ്റയടിക്ക് നേടാന്‍ ഏറ്റവും നല്ല മാര്‍ഗം ഈ ആരോപണം തന്നെയാണ്. അത് അവരും മനസിലാക്കിക്കാണും. 

പീഡോഫീലിയ ആരോപിച്ച് കഴിഞ്ഞാല്‍ പിന്നെ എല്ലാം എളുപ്പമാണ്. പിന്തുണക്കുന്നവരില്‍ പകുതിയില്‍ അധികം പേരെ അവര്‍ക്ക് ഒറ്റയടിക്ക് മാറ്റി നിര്‍ത്താം. അതിനല്ലാതെ മറ്റെന്തിനാണ് അവരീ പച്ചക്കള്ളങ്ങള്‍ വിളമ്പുന്നത്? ഇതിന്റെയൊന്നും ഒരു ഭാഗവും അല്ലാതിരുന്ന എനിക്ക് നേരെ അത്തരം ആരോപണം ഉന്നയിക്കുന്നത്? മഞ്ചിന്റെ പേരൊക്കെ പറഞ്ഞ് യാതൊരു ബന്ധവുമില്ലാത്ത എന്നെ മെന്‍ഷന്‍ ചെയ്തും ടാഗ് ചെയ്തും അബ്യൂസിങ് തുടര്‍ന്ന് കൊണ്ടിരിക്കുന്നവര്‍ ഉണ്ട്. ഞാന്‍ എന്ന വ്യക്തിയില്‍ കേന്ദ്രീകരിക്കുന്ന പ്രശ്‌നങ്ങളെ മറ്റൊന്നിലോട്ടും ചേര്‍ത്ത് വച്ച് ആരുടെമേലും ചാര്‍ത്തി കൊടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അത് പോലെ തന്നെ ഞാനുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ ആരോപിച്ച് ഇല്ലാത്ത ഒരു ലേബലും എനിക്ക് പതിച്ച് തരേണ്ടതില്ല.

 

ഇഷികയ്ക്ക് എതിരായി വന്ന തെറിവിളികള്‍, ഭീഷണികള്‍.
 

ഫേസ്ബുക്കില്‍​ സ്ത്രീകള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങളെയാണ് എതിര്‍ക്കുന്നത് എന്നാണ് സൈബര്‍ വാരിയേഴ്‌സ് പറയുന്നത്. ഈ അവകാശവാദത്തെ എങ്ങനെയാണ് കാണുന്നത്?

ഇതിനുള്ള മറുപടി വാക്കുകളല്ല. ഞാന്‍ നേരത്തേ പറഞ്ഞ പോസ്റ്റുകള്‍ക്ക് കീഴെ അവര്‍ പോസ്റ്റ് ചെയ്ത കമന്റുകളാണ് ഇതിനുള്ള ഉത്തരം. സ്ത്രീകളോട് എങ്ങനെ സംസാരിക്കണം എന്ന് പോലും അറിയാത്ത, ടാര്‍ഗറ്റ് ചെയ്യുന്ന സ്ത്രീകളെക്കുറിച്ചു അങ്ങേയറ്റം ഹീനമായ, കേട്ടാല്‍ അറക്കുന്ന തെറി എഴുതുന്നവരാണ് സ്ത്രീ സംരക്ഷണത്തിന്റെ മൊത്തക്കച്ചവടം ഏറ്റെടുത്തിരിക്കുന്നത്. എന്റെ ആരോപണങ്ങളെ നിഷേധിക്കാനും അംഗീകരിക്കാനുമുള്ള സ്വാതന്ത്ര്യം തീര്‍ച്ചയായും അവര്‍ക്കുണ്ട്. പക്ഷെ, അതിനുപയോഗിച്ച അവരുടെ ഭാഷയില്‍ തന്നെ ഒളിഞ്ഞിരിക്കുന്നു, സ്ത്രീ സംരക്ഷണത്തിലെ അവരുടെ കാപട്യം. കേവലം ഒരു സ്റ്റാറ്റസിന്റെ പേരില്‍ ഹിജഡയെന്നും വേശ്യയെന്നും വെടിയെന്നും ആണും പെണ്ണും കെട്ടതെന്നൊക്കെയുള്ള പ്രയോഗങ്ങള്‍ യാതൊരു വിധ സങ്കോചവുമില്ലാതെ  അസഭ്യമായി എന്റെ നേര്‍ക്ക് പ്രയോഗിച്ചവരാണ് ഈ സ്ത്രീ സംരക്ഷകര്‍!

പരസ്യമായി ഒരു പെണ്‍കുട്ടിയെ ഇത്രയും മോശപ്പെട്ട ഭാഷയില്‍ അവഹേളിക്കുന്ന ഈ ക്രിമിനലുകള്‍ എങ്ങനെയാണ് 'സഹോദരിമാരെ' ചതിക്കുഴികളില്‍ നിന്ന് രക്ഷപ്പെടുത്തുന്നത്? ഇവരുടെ മുഖംമൂടിക്കുള്ളിലെ ആണ്‍വൈകൃതങ്ങളാണിപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. രതിവൈകൃതം തലയ്ക്കു പിടിച്ച ഒരു ആണ്‍കൂട്ടം 'ഹാക്കര്‍മാര്‍ ' എന്ന് സ്വയം വിശേഷിപ്പിക്കുമ്പോള്‍, നമ്മുടെ മീഡിയകള്‍ പോലും, അവരുടെ ചെയ്തികള്‍ പരിഗണിക്കാതെ, എങ്ങുമില്ലാത്ത സ്വീകാര്യതയാണിവര്‍ക്ക് നല്‍കുന്നത്. ഇത് വളരെ ഖേദകരമാണ്.
 


   

ഇഷികയ്ക്ക് എതിരായി വന്ന തെറിവിളികള്‍, ഭീഷണികള്‍.
 

സോഷ്യല്‍ മീഡിയയില്‍ ലിംഗനീതിയുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ നടത്തുന്ന ഇടപെടലുകളെ മലയാളി ആണ്‍ കൂട്ടം എങ്ങനെയാണ് സമീപിക്കുന്നത്? ഇതില്‍നിന്ന് ഏതെങ്കിലും തരത്തില്‍ വ്യത്യസ്തരാണോ ഈ സംഘം?  സദാചാര പൊലീസിംഗിന്റെ കേരളീയ സാഹചര്യത്തില്‍ കേരള സൈബര്‍ വാരിയേഴ്‌സ് എന്ന ഗ്രൂപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ എങ്ങനെ കാണുന്നു?

ഒച്ചവയ്ക്കുന്ന പെണ്ണിനെ, എന്നും ഇവിടുത്തെ ഇത്തരത്തിലുള്ള ആണ്‍കൂട്ടങ്ങള്‍ ഭയന്നിട്ടേയുള്ളു. പല പല രീതികളില്‍ അവരെ ഇല്ലാതാക്കാനാണ് മിക്കവാറും എല്ലാവരും ശ്രമിക്കുന്നത്. മംഗലശ്ശേരി നീലകണ്ഠനും ഹിറ്റ്‌ലര്‍ മാധവന്‍ കുട്ടിയും ഉയര്‍ത്തിപ്പിടിച്ച ആണത്തത്തില്‍ നിന്ന് ഇനിയും കരകേറിയിട്ടില്ലാത്ത  മലയാളികള്‍ക്ക്, ശബ്ദിക്കുന്ന, അഭിപ്രായമുള്ള, അവ പ്രകാശിപ്പിക്കാന്‍ കഴിയുന്ന പെണ്ണിനെ, എഴുത്തുകാരികളെ, സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ ഉറക്കെ പ്രഖ്യാപിക്കുന്നവരെ, സ്വന്തം ആഗ്രഹങ്ങള്‍ക്കായി ആശയങ്ങള്‍ക്കായി അവകാശങ്ങള്‍ക്കായി  പോരാടുന്നവരെ അവജ്ഞതയോടെ മാത്രമേ കാണാനാവൂ. ആണത്ത അധികാര ബോധത്തിനേല്‍ക്കുന്ന ക്ഷതങ്ങളെ ഇവരൊക്കെ നേരിടുന്ന രീതിയാണിത്.

തങ്ങള്‍ കയ്യടക്കി വച്ചിരിക്കുന്ന പദവികളും അധികാരവും തങ്ങള്‍ക്ക് നഷ്ടമാവുമോ എന്ന ഭയമാണ് പൊതു ഇടങ്ങളിലേക്കുളള അവളുടെ പ്രവേശനത്തെ തടയാന്‍ ഇവരെ പ്രേരിപ്പിക്കുന്ന പ്രധാന കാരണം. വിലക്കുകള്‍ക്കുള്ളില്‍, തങ്ങള്‍ കല്‍പ്പിക്കുന്ന അതിര്‍വരമ്പുകള്‍ക്കുള്ളില്‍ ജീവിച്ച് തീര്‍ക്കേണ്ടതാണ് സ്ത്രീകളുടെ ജീവിതമെന്ന അബദ്ധ ധാരണകളാണ് ഇതിനു പിന്നില്‍. മുറുകെ പിടിക്കുന്ന ആണ്‍കോയ്മയില്‍ അധിഷ്ഠിതമായ സദാചാര സങ്കല്‍പ്പങ്ങളും മൂല്യങ്ങളും ആയുധമാക്കി അവരെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. അമ്മയെന്നും പെങ്ങളെന്നുമൊക്കെ വിളിച്ച് ഒരു ട്രാപ്പ് സൃഷ്ടിക്കുകയാണിവര്‍. ഇത്തരക്കാര്‍ക്ക് ഒരു സ്ത്രീയെ അമ്മയായോ പെങ്ങളായോ മാത്രമേ വിശേഷിപ്പിക്കാനാവൂ.  ഉത്തമ ഭാര്യയായും അമ്മ പെങ്ങളായും പതിച്ച് നല്‍കുന്ന വിശേഷ പട്ടങ്ങള്‍ക്കപ്പുറം സ്ത്രീയെ സ്ത്രീയായി, മറ്റൊരു സ്വതന്ത്ര വ്യക്തിയായി കാണാനറിയാത്തവര്‍ അവരുടെ സങ്കല്‍പങ്ങള്‍ക്ക് പുറത്ത് നില്‍ക്കുന്നവളെ കണ്ടാല്‍ അധിക്ഷേപിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

അക്കൗണ്ട് ഹാക്ക് ചെയ്യുമെന്ന് ഭീഷണിമുഴക്കി ഒരാള്‍ അയച്ച മെസേജ്‌
 

10 മണിക്ക് ശേഷം ഓണ്‍ലൈനില്‍ പച്ച ലൈറ്റിട്ടോണ്ടിരിക്കുന്ന സ്ത്രീകളെ മുതല്‍ തന്റെ സ്വത്വം വെളിപ്പെടുത്തുന്ന സ്ത്രീകളെ വരെ ഇവര്‍ വെറുതെ വിടുന്നില്ല. പല രീതികളില്‍ ഭീഷണിപ്പെടുത്തിയും മറ്റും അടിച്ചമര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഇവരില്‍ നിന്നും ഒട്ടും വിഭിന്നരല്ല KCW. ഒരു പരാതി കിട്ടിയാല്‍ അയാളുടെ അക്കൗണ്ട് ഹാക്ക് ചെയ്യുകയും അവരെ ഭീഷണിയിലൂടെ ചില കാര്യങ്ങള്‍ ചെയ്യിപ്പിക്കുകയും ചെയ്യുന്ന ഇവരും സദാചാര ഗുണ്ടകളല്ലേ. ഇവര്‍ മറ്റാരേക്കാളും അപകടകാരികളാണ്. ഹാക്കിങ് ഗ്രൂപ്പിന്റെ  മറവില്‍ ഒരാളുടെ സ്വകാര്യതയിലേക്ക് ഇടിച്ചു കയറി വിവരങ്ങള്‍ മോഷ്ടിക്കുകയുമല്ലേ ഇവരുടെ ഉദ്ദേശ്യം. ഇതിന്റെ മറവില്‍ മറ്റെന്തൊക്കെ നടക്കുന്നുണ്ടാവാം?. യാതൊരു വിധ ആധികാരികതയും ഇല്ലാത്ത ഗ്രൂപ്പില്‍ നാളെ ഏതെങ്കിലുമൊരുവന്‍ ചെയ്യുന്ന ക്രൈം നോക്കിയും ഇവര്‍ പറയില്ലേ ഒരാള്‍ ചെയ്ത തെറ്റിന് ഗ്രൂപ്പിനെ പറയരുതെന്നൊക്കെ? നമ്മുടെ രാജ്യത്തുള്ള നിയമ വ്യവസ്ഥയെ കയ്യിലെടുക്കുന്ന ഇവരെ സംരക്ഷിക്കുന്നത് അതിലേറെ അപകടകരമാണ്.

സമൂഹം ഒന്നടങ്കം Abuse നേരിടുന്നവരെ നോക്കി തന്റേടത്തോടെ നേരിടാനും തുറന്ന് പറഞ്ഞ് പോരാടാനുമുള്ള കരുത്തും ചങ്കൂറ്റവും പകര്‍ന്ന് കൊണ്ടിരിക്കുമ്പോള്‍ മറ്റൊരറ്റത്ത് നിന്ന് വീണ്ടും പെണ്ണ് ഉള്‍വലിയണമെന്നും മാനം, അഭിമാനം, ചാരിത്ര്യം, ആത്മഹത്യ എന്നൊക്കെ പറഞ്ഞ് വരുന്ന പൊട്ടക്കിണറ്റിലെ 'സ്വയം പ്രഖ്യാപിത ഹാക്കര്‍'മാരോട് എന്ത് പറയാനാണ്?

ഒരു abuse നേരിട്ട് കഴിഞ്ഞാല്‍ അതിനെ ധൈര്യത്തോടെ നേരിടാനുള്ള തന്റേടമാണ് നമുക്ക് വേണ്ടത്. അബ്യൂസുകള്‍ക്കെതിരെ എന്ന മുഖംമൂടിയുമായി വരുന്ന ഇത്തരം ഗ്രൂപ്പുകളെ തുറന്നുകാണിക്കുകയും ചെയ്യേണ്ടതുണ്ട്.

click me!