'നിങ്ങള്‍ കാണിക്കുന്ന ചെറിയ ദയ, ലോകത്തിന് ഒരു വലിയ കാര്യമായേക്കാം' - ഈ റിട്ട. ഐ.പി.എസ് ഓഫീസര്‍ പറയുന്നു

By Web TeamFirst Published Nov 11, 2018, 1:26 PM IST
Highlights

എനിക്കത് പോരായിരുന്നു. ഞാന്‍ യു.പി.എസ്.സിക്ക് പ്രയത്നിച്ച് തുടങ്ങി. കോളേജ് ലൈബ്രറിയില്‍ അധികനേരം ഇരുന്ന് പഠിച്ചു. ആദ്യത്തെ ശ്രമത്തില്‍ തന്നെ ഐ.പി.എസ് കിട്ടി. കൈക്കൂലിയോ, സംഭാവനയോ ഒന്നുമില്ലാതെയാണ് ഇതെല്ലാം നടന്നത്. എനിക്ക് ചെലവായ തുക ടെസ്റ്റ് ഫീസായ 85 രൂപ മാത്രമാണ്.
 

മുംബൈ: ഈ റിട്ട. ഐ.പി.എസ് ഓഫീസര്‍ സ്നേഹവും കരുണയും കൊണ്ട് നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് കരുതലേകുകയാണ്. റിട്ട. ഐ.പി.എസ് ഓഫീസര്‍ ശിവാനന്ദ് മുംബൈ പൊലീസ് കമ്മീഷണറും മഹാരാഷ്ട ഡി.ജി.പിയും ആയിരുന്നു. 

നിരാലംബരായ കുട്ടികള്‍ക്കായി സ്കൂളുകള്‍, റൊട്ടി ബാങ്ക് ഇവയെല്ലാം നടത്തുകയാണ് അദ്ദേഹമിപ്പോള്‍. 'ഹ്യുമന്‍സ് ഓഫ് ബോംബെ' ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. നമ്മള്‍ കാണിക്കുന്ന ചെറിയ ദയ പോലും മറ്റുള്ളവര്‍ക്ക് വലിയ കാര്യമായേക്കാം എന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. 

'വേള്‍ഡ് കൈന്‍ഡ്നെസ് ഡേ' ആയ നവംബര്‍ പതിമൂന്നിന് 20,000 പേര്‍ക്കുള്ള ഭക്ഷണം നല്‍കാനുള്ള പ്രവര്‍ത്തനത്തിലാണ് അദ്ദേഹം ഇപ്പോള്‍.

ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്: ദയ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ പഠിക്കേണ്ട ഒന്നാണ്. തമിഴ് നാട്ടിലെ ഒരു ചെറിയ ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. സാധാരണ ഒരു സ്കൂളിലാണ് പഠിച്ചത്. പക്ഷെ, എന്‍റെ മാതാപിതാക്കള്‍ എന്നെ പങ്കുവെക്കാന്‍ പഠിപ്പിച്ചിരുന്നു. നമുക്ക് ഒരു പെന്‍സിലുണ്ടെങ്കില്‍ രണ്ട് കാര്യം ചെയ്യാം. ഒന്ന് അത് രണ്ടാക്കി ഒരെണ്ണം ആവശ്യമുള്ളവര്‍ക്ക് നല്‍കാം. രണ്ടാമതായി അത് വെച്ച് ആരെയെങ്കിലും ഉപദ്രവിക്കാം. ഞാന്‍ ആദ്യത്തേതാണ് തെരഞ്ഞെടുത്തത്. 

എന്‍റെ മാതാപിതാക്കള്‍ അത്ര വിദ്യാഭ്യാസം കൂടിയവരൊന്നുമല്ല. പക്ഷെ, ഞാനും സഹോദരങ്ങളും സര്‍ക്കാര്‍ സര്‍വീസ് ലക്ഷ്യമാക്കി പഠിച്ചു. പത്തൊമ്പതാമത്തെ വയസില്‍ എന്‍റെ സഹോദരന് നേവിയില്‍ ജോലി കിട്ടി. അദ്ദേഹം എല്ലാ മാസവും വീട്ടിലേക്ക് പണമയക്കും. ഞാന്‍ ഒരു കോളേജില്‍ എക്കണോമിക്സ് പഠിപ്പിക്കാന്‍ തുടങ്ങി. ഞാനും എനിക്ക് കഴിയും പോലെ വീട്ടില്‍ സഹായിച്ചു തുടങ്ങി. 

എനിക്കത് പോരായിരുന്നു. ഞാന്‍ യു.പി.എസ്.സിക്ക് പ്രയത്നിച്ച് തുടങ്ങി. കോളേജ് ലൈബ്രറിയില്‍ അധികനേരം ഇരുന്ന് പഠിച്ചു. ആദ്യത്തെ ശ്രമത്തില്‍ തന്നെ ഐ.പി.എസ് കിട്ടി. കൈക്കൂലിയോ, സംഭാവനയോ ഒന്നുമില്ലാതെയാണ് ഇതെല്ലാം നടന്നത്. എനിക്ക് ചെലവായ തുക ടെസ്റ്റ് ഫീസായ 85 രൂപ മാത്രമാണ്.

പൊലീസില്‍ ചേര്‍ന്നപ്പോള്‍ ഒരു കാര്യം മനസിലായി അത്യാഗ്രഹം, വിശപ്പ് ഇവയൊക്കെയാണ് ഒരാളെ കുറ്റവാളിയാക്കുന്നത്. ഒരുപാട് കഥകള്‍ ആ കാലത്ത് അറിഞ്ഞു. 

പലതും നടക്കുന്നത് ജനങ്ങള്‍ക്ക് ആവശ്യമുള്ള പ്രാഥമിക കാര്യങ്ങള്‍ പോലും കിട്ടാത്തതിനാലാണ്. പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും തെരുവിലെ കുട്ടികള്‍ മയക്കുമരുന്നിനും മറ്റും അടിമകളാകുന്നു. അവര്‍ ദാരിദ്യത്തില്‍ നിന്നും മുക്തി നേടാന്‍ ആഗ്രഹിക്കുന്നു. 

ഇവരെ എങ്ങനെയെങ്കിലും സഹായിക്കണം എന്ന് തോന്നി. കുറച്ച് പണമുണ്ടാക്കി 4500 കുട്ടികളെ സൌജന്യമായി പഠിപ്പിക്കാനാവുന്ന മൂന്ന് സ്കൂളുകള്‍ തുടങ്ങി. മുംബൈയില്‍ 'റൊട്ടി ബാങ്ക്' തുടങ്ങി. 

എല്ലാവരും ഇങ്ങനെ അവനവന് കഴിയും പോലെ സഹായിക്കണം. നിങ്ങളുടെ ചെറിയ ദയ ലോകത്തിന് വലിയ കാര്യമായേക്കാം. 

click me!