ഇടതുപക്ഷവുമായി സഹകരിക്കുമോ; ഇറോം ശര്‍മിളയുടെ ഉത്തരം

By സോനു പാപ്പച്ചന്‍First Published Mar 24, 2017, 6:14 AM IST
Highlights

പാലാ സെന്റ് തോമസ് കോളേജ് പതിവിലും നേരത്തെ ഊര്‍ജ്ജസ്വലമായ ദിനമായിരുന്നു അത്. മണിപ്പൂരിന്റെ ഉരുക്ക് വനിത  ഇറോം ശര്‍മിള വരുന്നു. കാത്തിരുപ്പിന്റെ വൈഷമ്യങ്ങള്‍ ഒന്നും തന്നെ വിദ്യാര്‍ഥികളുടെ മുഖങ്ങളില്‍ പ്രകടമായിരുന്നില്ല. മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പും കോലാഹലങ്ങളില്‍ നിന്നുമുള്ള മാറ്റത്തിന്റെ ഒരു പുതിയ തുറവിയായിരുന്നു കേരള യാത്രയുടെ ലക്ഷ്യം. 

സോനു എസ് പാപ്പച്ചന്‍

AFSPA പോലെ ഒരു കരി നിയമത്തിന് എതിരെ സ്വജീവന്‍ പണയപ്പെടുത്തിയ പോരാളിയും ജീവിക്കുന്ന രക്തസാക്ഷിയുമായ ആ ധീര വനിതയെ നേരില്‍ കാണുക എന്നത് ജീവിതത്തിലെ ചില ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു. നീണ്ട 16 വര്‍ഷത്തെ നിരാഹാര സമരത്തിലൂടെ ശാരീരികമായ ബുദ്ധിമുട്ടുകള്‍ പ്രകടമാണ് എങ്കിലും നിശ്ചയദാര്‍ഢ്യത്തിന് ലവലേശം കുറവ് സംഭവിച്ചിട്ടില്ല എന്ന് നിസംശയം പറയാം.
 
പാലാ സെന്റ് തോമസ് കോളേജ് പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ആണ് ഈ പരിപാടി സംഘടിപ്പിച്ചത്. ഈ കലാലയത്തില്‍ സാധാരണ നാല് ചുവരുകള്‍ക്ക് ഉള്ളിലാണ് പരിപാടികള്‍ സംഘടിപ്പിക്കാറുള്ളത്. ആ സ്ഥിരം രീതികളില്‍ നിന്ന് വിഭിന്നമായി കാമ്പസിന്റെ എ ബ്ലോക്കിന് മുന്‍പിലെ മരചുവട്ടിലായിരുന്നു പരിപാടി. വിദ്യാഭ്യാസം നാല് ചുവരുകള്‍ക്ക് ഉള്ളില്‍ തളച്ച് ഇടേണ്ട വസ്തുവാണ് എന്ന വ്യവസ്ഥാപിത നയത്തില്‍നിന്നുള്ള വ്യതിയാനം. 

അങ്ങനെ ഇറോം ഷര്‍മിള വന്നു. സദസുമായി സംവദിച്ചു. ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ ഹാരി എസ്. ജോസഫിന്റെ ചോദ്യം ഇതായിരുന്നു: 'കേരളത്തിലെ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രി അടക്കമുള്ള ഇടതുപക്ഷ നേതാക്കളുമായി സംസാരിക്കുവാന്‍ അവസരം ലഭിച്ചുവല്ലോ. ഭാവിയില്‍ ഇടതുപക്ഷ പ്രസ്ഥാനവുമായി സഹകരിച്ച് മുന്നണി രൂപീകരിച്ച് മത്സരിക്കാന്‍ താല്‍പര്യമുണ്ടോ?' 

 'ഞാന്‍ എന്തിന് വേണ്ടി സമരം നയിച്ചുവോ ആ സമരത്തിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യം വയ്ക്കുന്നത്-അവര്‍ മറുപടി പറഞ്ഞു. 'കേരള സന്ദര്‍ശനത്തിന് രാഷ്ട്രീയപരമായ യാതൊരു ലക്ഷ്യങ്ങളും ഇല്ല, എന്നാല്‍ AFSPAയ്ക്ക് എതിരെ നടത്തുന്ന പോരാട്ടവുമായി മുന്‍പോട്ട് പോവുക തന്നെ ചെയ്യും'

കാമ്പസ് സന്ദര്‍ശിച്ചതിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനായി മരത്തൈ നട്ടിട്ടാണ് ഇറോം ശര്‍മിള പാലാ സെന്റ് തോമസിനോട് വിട പറഞ്ഞത്.

 

 

click me!