അപൂര്‍വ പ്രണയം, പരസ്‍പരം ചേര്‍ത്തുപിടിച്ച് നീണ്ടകാലം; 74 -ാം വിവാഹവാര്‍ഷികമാഘോഷിച്ച് കാര്‍ട്ടര്‍ ദമ്പതികള്‍

By Web TeamFirst Published Jul 10, 2020, 12:21 PM IST
Highlights

അവളുടെ തിരസ്‌കാരം അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു. എന്നിരുന്നാലും അവർ പരസ്‍പരം കാണുന്നത് തുടർന്നു.

മുൻ അമേരിക്കൻ പ്രസിഡന്‍റ്  ജിമ്മി കാർട്ടറിന്‍റെന്റെയും ഫസ്റ്റ് ലേഡി റോസലിൻ കാർട്ടറിന്‍റെയും 74-ാം വിവാഹ വാർഷികമായിരുന്നു ചൊവ്വാഴ്ച്ച. 1946 ജൂലൈ 7 -ന് ജോർജിയയിലെ പ്ലെയിൻസിൽ അവർ വിവാഹിതരായി. ഇന്ന്, ഏഴ് പതിറ്റാണ്ടിലേറെയായി അവർ ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയിട്ടെങ്കിലും, ഇപ്പോഴും അവർ പ്രണയിച്ചു കൊണ്ടിരിക്കയാണ്. എല്ലാ പരീക്ഷണങ്ങളെയും കഷ്‍ടങ്ങളെയും അതിജീവിച്ചു അവരുടെ ജീവിതം ഇപ്പോഴും സന്തോഷത്തോടെ മുന്നോട്ട് പോകുന്നു. പ്രസിഡന്റ് ദമ്പതികളിൽ ഏറ്റവും കൂടുതൽ കാലം ഒരുമിച്ചു കഴിഞ്ഞ ദമ്പതികൾ എന്ന റെക്കോർഡ് ഇപ്പോൾ കാർട്ടേഴ്‌സിനു സ്വന്തം. 

അവരുടെ ദീർഘകാല പ്രണയം ചെറുപ്പത്തിൽത്തന്നെ ആരംഭിച്ചിരുന്നു. ജിമ്മിയുടെ അനുജത്തിയുടെ കൂട്ടുകാരിയായിരുന്നു റോസലിൻ. യുഎസ് നേവൽ അക്കാദമിയിൽ നിന്ന് അവധിയെടുത്ത് വീട്ടിൽ വന്ന സമയം 1945 -ൽ ജിമ്മി റോസലിനോട് തന്നോടൊപ്പം ഒരു സിനിമയ്ക്ക് വരാൻ ആവശ്യപ്പെടുകയുണ്ടായി. അന്ന് മുതലാണ് അദ്ദേഹത്തിന്‍റെയുള്ളിൽ പ്രണയം പൂവിടുന്നത്. പിറ്റേന്ന് അദ്ദേഹത്തിന്റെ അമ്മ, റോസലിനെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന് ചോദിച്ചപ്പോൾ, “ഞാൻ വിവാഹം കഴിക്കാൻ പോകുന്നത് അവളെയാണ്” എന്ന് അദ്ദേഹം മറുപടി നൽകി. ആ ക്രിസ്‍മസ് അവധിക്കാലത്ത് അവർ ഡേറ്റിംഗ് ആരംഭിച്ചു. ഒരുദിവസം അദ്ദേഹം റോസലിനെ പ്രൊപ്പോസ് ചെയ്‌തു. പക്ഷേ, റോസലിൻ അത് നിഷേധിക്കുകയാണുണ്ടായത്.  

കോളേജ് പൂർത്തിയാകുന്നതുവരെ താൻ വിവാഹം കഴിക്കില്ലെന്ന് ആറ് വർഷം മുമ്പ് പിതാവിന്റെ മരണക്കിടക്കയിൽ വച്ച് വാക്ക് കൊടുത്തതായി റോസലിൻ പിന്നീട് ഒരു കത്തിൽ വിശദീകരിച്ചു. ആ സമയത്ത്, അവൾ ജൂനിയർ കോളേജിലെ വിദ്യാർത്ഥിനിയായിരുന്നുവെങ്കിലും ബിരുദം നേടിയിരുന്നില്ല. അവളുടെ തിരസ്‌കാരം അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു. എന്നിരുന്നാലും അവർ പരസ്‍പരം കാണുന്നത് തുടർന്നു. “ഞാൻ വല്ലാതെ വിഷമിച്ചു” കാർട്ടർ എഴുതി. ഒടുവിൽ  ഒരു വേനൽക്കാലത്ത് അവൾ ജൂനിയർ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി, നേവൽ അക്കാദമിയിൽ നിന്ന് ബിരുദം നേടി. തുടർന്ന് അവർ 1946 ജൂലൈ -7 ന് വിവാഹം കഴിച്ചു. വിവാഹ സമയത്ത് ജിമ്മിയ്ക്ക് 21 -ഉം റോസ‌ലിനു 18 -ഉം വയസ്സായിരുന്നു. ജോർജിയയിലെ ഗവർണറുടെ വസതിയിലേക്കും, വൈറ്റ് ഹൗസിലേക്കും അതിനുശേഷമുള്ള കാലഘട്ടത്തിലേക്കും അവർ ഒരുമിച്ച് യാത്ര തുടർന്നു.   

1980 -ൽ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് റൊണാൾഡ് റീഗനോട് മത്സരിച്ച് തോറ്റതിനെ തുടർന്ന് കാർട്ടർ രാഷ്ട്രീയരംഗത്ത് നിന്ന് മാറിനിന്നു. എന്നിരുന്നാലും അദ്ദേഹവും റോസലിനും വളരെ തിരക്കിലായിരുന്നു. ലോകമെമ്പാടും സമാധാനവും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനായി ദമ്പതികൾ 1982 -ൽ കാർട്ടർ സെന്റർ സ്ഥാപിച്ചു. അവർ പതിവായി സന്നദ്ധസേവനം നടത്തുകയും ലോകമെമ്പാടുമുള്ള ആളുകളുടെ വോട്ടവകാശത്തിനായി പ്രവർത്തിക്കുകയും ചെയ്‍തിരുന്നു.  മുൻപ് കാർട്ടറിന്റെ 75-ാം ജന്മദിനത്തിൽ, തന്റെ ജീവിതത്തിൽ ചെയ്‍ത ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്താണ് അദ്ദേഹത്തോട് ചോദിച്ചപ്പോൾ ഒരു മടിയും കൂടാതെ അദ്ദേഹം പറഞ്ഞു, “റോസലിനെ വിവാഹം ചെയ്‌തത്‌." അദ്ദേഹത്തിനെ ബാധിച്ച അര്‍ബുദത്തിനെതിരെ പോരാടാൻ അദ്ദേഹത്തിന് കരുത്തേകിയതും റോസലിന്റെ സ്നേഹമാണ്. തെരുവിലൂടെ നടക്കുമ്പോഴും അവർ കൈകൾ ചേർത്തു പിടിച്ചേ നടക്കൂവെന്നും, അദ്ദേഹം റോസ‌ലിനെ ചിലപ്പോൾ കുട്ടിയെന്നാണ് സ്നേഹപൂർവ്വം വിളിക്കുന്നതെന്നും വാഷിംഗ്ടൺ പോസ്റ്റിൽ കെവിൻ സള്ളിവനും മേരി ജോർദാനും എഴുതി. അവർക്ക് നാല് മക്കളുണ്ട്: ജാക്ക്, ജെയിംസ്, ഡോണൽ, ആമി.
 

  

ഏറ്റവും കൂടുതൽ കാലം ഭാര്യയുമൊത്ത് ഒരുമിച്ച് ജീവിച്ച പ്രസിഡന്‍റ് എന്ന് മാത്രമല്ല, മറ്റനേകം റെക്കോർഡുകളും അദ്ദേഹത്തിന് സ്വന്തമായുണ്ട്. ഏറ്റവും കൂടുതൽ കാലം ജീവിച്ചിരിക്കുന്ന പ്രസിഡന്‍റ്, ഏതൊരു കമാൻഡർ ഇൻ ചീഫിനേക്കാളും ദൈർഘ്യമേറിയ പ്രസിഡൻഷ്യൽ കാലയളവ് പൂർത്തിയാക്കിയ ആൾ, സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ നാല് യുഎസ് പ്രസിഡന്റുമാരിൽ ഒരാൾ ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വിശേഷണങ്ങൾ.

click me!