അകറ്റിനിര്‍ത്തുന്നത് മാധ്യമങ്ങളെയല്ല സര്‍, ജനങ്ങളെ!

By ജിമ്മി ജെയിംസ്First Published Aug 9, 2016, 5:18 AM IST
Highlights

 

മുഖ്യമന്ത്രി പറഞ്ഞു: 'എന്നോട് മിണ്ടണ്ട. ഞാനും മിണ്ടില്ല'.
ജഡ്ജി പറഞ്ഞു:  ' ഇങ്ങോട്ട് വരണ്ട. ഞങ്ങള്‍  അങ്ങോട്ടും വരുന്നില്ല'

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ എന്തെങ്കിലും പ്രത്യേകവിഷയം പറയാനല്ലാതെ വാര്‍ത്താസമ്മേളനം വിളിക്കാറില്ല. ക്യാബിനറ്റ് തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ ഇനി നമ്മള്‍ കാണില്ലെന്നു വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം വേണമെങ്കില്‍ മാസത്തിലൊരിക്കല്‍ കൂടിക്കാഴ്ച ആകാമെന്നും പറഞ്ഞിരുന്നു. അത് നടക്കുന്ന ലക്ഷണമൊന്നും കാണാത്തതുകൊണ്ട് മാധ്യമങ്ങളെ അദ്ദേഹത്തിന് അത്ര പത്ഥ്യമല്ലെന്ന് വ്യക്തം. 

കോടതിയാണെങ്കില്‍  വലിഞ്ഞ് കയറി വന്നു ശല്യപ്പെടുത്താതിരിക്കാമോ എന്നാണ് ചോദിക്കുന്നത്. കക്ഷി, എതിര്‍കക്ഷി, വക്കീല്‍, ജഡ്ജി... ഇത്രയും പോരെ കാര്യങ്ങള്‍ നടക്കാന്‍ ....

അത്രയും മതിയോ..? കോടതി വിധികള്‍ മാത്രമല്ല, കോടതിയില്‍ നടക്കുന്നതും നേരാംവണ്ണമാണോ എന്ന്  ജനം അറിയേണ്ടെ? അറിയിക്കേണ്ടെ? അല്ലെങ്കില്‍ എങ്ങനെയാണ് കോടതിയെ സമീപിച്ചാല്‍ നീതി കിട്ടുമെന്ന് സമൂഹം വിശ്വസിക്കുക.  

കോടതി വിധികള്‍ പോലയാണ് സര്‍ക്കാര്‍ ഉത്തരുവകളും. അത് എന്തുകൊണ്ട്, ഏത് സാഹചര്യത്തിലെന്ന് ജനം അറിയേണ്ടെ? അത് വിശദീകരിക്കാന്‍ മനസ്സില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

കോടതികള്‍ ജഡ്ജിമാരുടെ തറവാട്ടുവക അല്ല. അഭിഭാഷകരുടെ അല്ല. മാധ്യമങ്ങളുടെയും അല്ല. ഇവരെല്ലാം ജനങ്ങളുടെ പ്രതിനിധികള്‍ മാത്രമാണ്. ഒരാള്‍ക്കും മറ്റേ ആളിന്റെ ജോലി തടസ്സപ്പെടുത്താന്‍ അധികാരമില്ല. 

മാധ്യമങ്ങളോട്, അവരുടെ രീതികളോട് നമുക്ക് എതിര്‍പ്പ് ഉണ്ടാകാം. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരുമായുള്ള പ്രശ്‌നത്തില്‍ ന്യായം മുഴുവന്‍ അഭിഭാഷകരുടെ ഭാഗത്താണെന്നുമിരിക്കട്ടെ. പക്ഷെ അതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തനം വിലക്കുകയെന്നാല്‍ ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ വിലക്കുക എന്നാണ്. 

കോടതികള്‍ ജഡ്ജിമാരുടെ തറവാട്ടുവക അല്ല. അഭിഭാഷകരുടെ അല്ല. മാധ്യമങ്ങളുടെയും അല്ല. ഇവരെല്ലാം ജനങ്ങളുടെ പ്രതിനിധികള്‍ മാത്രമാണ്. ഒരാള്‍ക്കും മറ്റേ ആളിന്റെ ജോലി തടസ്സപ്പെടുത്താന്‍ അധികാരമില്ല. 

മാധ്യമങ്ങള്‍ക്ക് ആഴ്ചകളോളം ഭ്രഷ്ട് കല്‍പിച്ച കോടതികള്‍ അത് ചെയ്തത് ഇവിടുത്ത ജനങ്ങളോടാണ്. മുഖ്യമന്ത്രി ചെയ്തുകൊണ്ടിരിക്കുന്നതും അവരോട് തന്നെ. മുഖ്യമന്ത്രിയുടേത് പിആര്‍ഒ പണി അല്ലെന്നാണ് അദ്ദേഹം പറയുന്നത്.  കേരള യാത്രകളില്‍ ദിവസവും വാര്‍ത്താസമ്മേളനം നടത്തി മാധ്യമങ്ങളോടും അതുവഴി ജനങ്ങളോട് സംവദിച്ചിരുന്ന നേതാവിനാണ് മുഖ്യമന്ത്രിയായപ്പോള്‍ ഈ നിറം മാറ്റം. പബ്‌ളിക് റിലേഷന്‍സ് ഓഫീസര്‍ കൂടി അല്ലെങ്കില്‍ പിന്നെ എന്തിനാണ് മന്ത്രി? മുഖ്യമന്ത്രി?

മന്ത്രിമാരെ വഴിയില്‍ തടഞ്ഞ് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ഉയരുന്ന ശബ്ദം ജനങ്ങളുടേതാണ്.കോടതി നടപടികള്‍ ഒരു മുലയിലിരുന്ന് കുത്തിക്കുറിക്കുന്നയാള്‍ പൊതുജനമാണ്. ആ ജോലിയെ അങ്ങനെ മനസ്സിലാക്കണം.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്ഥാനം ഒഴിയുന്നതിന് മുന്‍പ് നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ഇങ്ങനെ പറഞ്ഞിരുന്നു, 'നിങ്ങള്‍ എന്നെ സഹായിച്ചതുപോലെ അടുത്ത മുഖ്യമന്ത്രിയെ ദയവായി സഹായിച്ചുകളയരുത്!!'. മാധ്യമങ്ങള്‍ അനാവശ്യമായി ഉപദ്രവിച്ചതായിരുന്നോ യുഡിഎഫിന്റെ  തോല്‍വിക്ക് കാരണം? അതോ കര്‍മഫലമോ? ആരും അത് മാധ്യമങ്ങളുടെ തലയില്‍ കെട്ടിവയ്ക്കുമെന്ന് തോന്നുന്നില്ല. അവര്‍ ചെയ്തത് അവരുടെ ജോലിയായിരുന്നു.

മന്ത്രിമാരെ വഴിയില്‍ തടഞ്ഞ് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ഉയരുന്ന ശബ്ദം ജനങ്ങളുടേതാണ്.കോടതി നടപടികള്‍ ഒരു മുലയിലിരുന്ന് കുത്തിക്കുറിക്കുന്നയാള്‍ പൊതുജനമാണ്. ആ ജോലിയെ അങ്ങനെ മനസ്സിലാക്കണം. പുഴുക്കുത്തുകള്‍ ഇല്ലെന്നല്ല. കാല്‍ക്കാശിന്റെ നിലവാരമില്ലാത്ത (ചില) അഭിഭാഷകരെയും ജഡ്ജിയേയും ജനപ്രതിനിധിയേയും നമ്മള്‍ മാനിക്കുന്നല്ലേ. അതുപോലെ. കാരണം വ്യവസ്ഥ നിലനിന്ന് പോകുന്നത് ഈ മാനിക്കലിലാണ്. 

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അവസാന കാലത്തെ  തീരുമാനങ്ങള്‍ പലതും   വിവാദങ്ങളായത് ആരും മറന്നുതുടങ്ങിയിട്ടില്ല. സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുക്കാനും, കായലും വയലും നികത്താനും ഒക്കെയായിരുന്നു ആ ഉത്തരവുകള്‍. സംഭവം പുറത്തായപ്പോള്‍ മുഖ്യമന്ത്രി ക്യാബിനറ്റ് ബ്രീഫിംഗില്‍ ഈ തീരുമാനങ്ങളേക്കുറിച്ചൊന്നും പറയാതിരുന്നതും വിവാദമായി. ഉമ്മന്‍ ചാണ്ടി വിശദീകരിച്ച് വലഞ്ഞു. പക്ഷെ പിണറായിക്ക് ആ അക്കിടി പറ്റില്ല. എന്തെങ്കിലും പറഞ്ഞാലല്ലേ, ചിലത് പറഞ്ഞില്ലെന്ന് പറയാനാവൂ. ആ ബുദ്ധിക്ക് നല്ല നമസ്‌കാരം.

 

ഈ പംക്തിയി്ല്‍ നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

ബാറുകള്‍ പൂട്ടിയിട്ടും മദ്യപാനം കുറഞ്ഞില്ലെന്ന് ആര് പറഞ്ഞു?

സ്കൂളുകള്‍ ഏറ്റെടുത്താല്‍ പ്രശ്നം തീരുമെന്ന് ആര് പറഞ്ഞു?

വിവാഹവാഗ്ദാനം നല്‍കി  പീഡിപ്പിക്കാന്‍ പറ്റുമോ? 

എന്റമ്മോ.... പുളു! 

അസൂയ എനിക്ക് സഹിക്കാൻ വയ്യേ..

കേരളത്തിലെ 'ഐഎസ്' അക്രമങ്ങളെ ആര് തടുക്കും?

അതെങ്ങനെ ലൗ ജിഹാദ് ആവും?

click me!