മേക്കോവര്‍ പോസ്റ്റ് വൈറലായി, മരിച്ചുവെന്നു കരുതിയ മനുഷ്യനെ തിരിച്ചറിഞ്ഞ് കുടുംബം

By Web TeamFirst Published Dec 22, 2020, 10:24 AM IST
Highlights

കഴിഞ്ഞ പത്ത് വർഷമായി ജോവോ കുടുംബവുമായി അകന്ന് കഴിയുകയായിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ മെയ്ക് ഓവറിന്റെ ചിത്രങ്ങൾ വൈറലായതോടെ അദ്ദേഹത്തിന്റെ കുടുംബം അദ്ദേഹത്തെ തിരിച്ചറിയുകയും അദ്ദേഹത്തെ തിരക്കി അവിടെ എത്തുകയും ചെയ്തു.

ചില ആളുകൾക്ക് ജീവിതം ക്രൂരമായ പരീക്ഷണങ്ങൾ നൽകും. ചില അപ്രതീക്ഷിത വഴികളിലൂടെ അത് അവരെ നടത്തിക്കും. ജോവോ കോയൽഹോ ഗുയിമാറീസിനും സംഭവിച്ചത് മറ്റൊന്നായിരുന്നില്ല. വീട്, കുടുംബം എല്ലാം നഷ്ടപ്പെട്ട്, അതിജീവിക്കാനും ഭക്ഷണം കഴിക്കാനും തെരുവുകളിൽ അലയാൻ അദ്ദേഹം നിർബന്ധിതനായി. 45 വയസ്സുള്ള അദ്ദേഹം മൂന്ന് വർഷം തെരുവിൽ കഴിഞ്ഞു. വിശപ്പടക്കാൻ അദ്ദേഹം ചവറ്റുകുട്ടകളിലെ മാലിന്യം ശേഖരിച്ചു. 

എന്നാൽ, അദ്ദേഹത്തിന്റെ തലവര മാറിയത് പെട്ടെന്നായിരുന്നു. ഒരുദിവസം ബാർബർഷോപ്പിൽ ചെന്ന അദ്ദേഹം അവരോട് തന്റെ താടിയൊന്ന് വടിക്കാൻ സാധിക്കുമോ എന്ന് ചോദിച്ചു. എന്നാൽ, അതൊരു വഴിത്തിരിവായിരുന്നു. “അദ്ദേഹം കടയിൽ വന്നു. വിശക്കുന്നുണ്ടോ, എന്തെങ്കിലും കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്നൊക്കെ ഞങ്ങൾ ചോദിച്ചു. പക്ഷേ, അദ്ദേഹം ഒന്നും വേണ്ട എന്ന് പറഞ്ഞു. പകരം താടി വെട്ടാൻ ഒരു റേസർ ഉണ്ടോ എന്ന് ഞങ്ങളോട് ചോദിച്ചു. അപ്പോഴാണ് ഞങ്ങൾക്ക് ഒരു ആശയം തോന്നിയത്. സ്റ്റോറിലെ എല്ലാവരും ചേർന്ന് ഒരു മെയ്ക് ഓവർ നടത്താൻ തീരുമാനിച്ചു” മെയിൽസ് വോ​ഗ് റീട്ടെയിലർ ആൻഡ് ബാർബർ സർവീസ് ഉടമ അലസ്സാൻഡ്രോ ലോബോ പറഞ്ഞു. 

 

 

അവർ അദ്ദേഹത്തിന്റെ മുടി വെട്ടി, താടി വടിച്ചു, കുളിപ്പിച്ചു. അത് കൂടാതെ പുതിയ വസ്ത്രങ്ങളും ധരിപ്പിച്ചു. അദ്ദേഹത്തിന്റെ രൂപം അടിമുടി മാറി. തീർത്തും ഒരു മോഡൽ കണക്കെ സുന്ദരനായിത്തീർന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഈ മാറ്റം അലസ്സാൻഡ്രോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. മുൻപും ശേഷവും എന്ന പേരിലാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ പങ്കിട്ടത്. എന്നാൽ, അദ്ദേഹത്തിന്റെ കുടുംബം ആ ചിത്രങ്ങൾ കാണുകയും 10 വർഷമായി മരിച്ചുവെന്ന് കരുതിയ ജോവോയെ കണ്ടെത്തുകയും ചെയ്‌തു.   

“ഞങ്ങൾ അദ്ദേഹത്തെ സഹായിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ രണ്ട് മാസമായി ഞങ്ങൾ അദ്ദേഹവുമായി ചങ്ങാത്തത്തിലാണ്. ഞങ്ങൾ അദ്ദേഹത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു. അദ്ദേഹത്തെ മാറ്റിയെടുക്കാൻ രണ്ട് മണിക്കൂറെടുത്തു. എന്നാൽ, എല്ലാം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മുഖത്തെ അത്ഭുതം കാണണമായിരുന്നു. നന്ദി കൊണ്ട് അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു" അലസ്സാൻഡ്രോ പറഞ്ഞു.  

കഴിഞ്ഞ പത്ത് വർഷമായി ജോവോ കുടുംബവുമായി അകന്ന് കഴിയുകയായിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ മെയ്ക് ഓവറിന്റെ ചിത്രങ്ങൾ വൈറലായതോടെ അദ്ദേഹത്തിന്റെ കുടുംബം അദ്ദേഹത്തെ തിരിച്ചറിയുകയും അദ്ദേഹത്തെ തിരക്കി അവിടെ എത്തുകയും ചെയ്തു. ഡിസംബർ 17 -ന് അദ്ദേഹത്തെ കാണാൻ അദ്ദേഹത്തിന്റെ അമ്മയും പെങ്ങളും എത്തി. ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു വലിയ സമ്മാനമാണ് ഈ ക്രിസ്മസ് കാലം അദ്ദേഹത്തിനായി ഒരുക്കിവച്ചിരുന്നത്. നഷ്ടമായ തന്റെ ജീവിതവും, കുടുംബവും തിരികെ കിട്ടിയ സന്തോഷത്തിലാണ് അദ്ദേഹം ഇന്ന്. 

 

click me!