
കടയില്‍ പോയാല്‍ ആവശ്യമുള്ളതും ഇല്ലാത്തതുമായ സാധനങ്ങള്‍ വാങ്ങിക്കൂട്ടുക എന്നത് നമ്മളില്‍ പലരുടെയും ഒരു ദൗര്‍ബല്യമാണ്. പുതിയ കാലഘട്ടത്തില്‍ ക്രഡിറ്റ് കാര്‍ഡുകളുടെ വരവോടുകൂടി നമ്മളില്‍ പലരും ചിലവഴിയ്ക്കുന്നതു വരവിനും അപ്പുറത്താണ്. എന്റെ ചെറുപ്പകാലത്തു നാട്ടില്‍ പറഞ്ഞു കേട്ടിരുന്ന ഒരു ചൊല്ലുണ്ട്. വരവ് ചെലവറിയാതെ മാടമ്പി തുള്ളിയാല്‍ ഇരവു പകലില്ലാതെ ഏകാശി നോറ്റിടാം എന്ന്. അതായതുത്തമാ, സ്വന്തം പോക്കറ്റില്‍ ഉള്ള പണത്തിന്റെ കണക്കനുസരിച്ചല്ലാതെ ചെലവ് ചെയ്താല്‍ പട്ടിണി കിടക്കേണ്ടി വരുമെന്ന് സാരം.
ഇനി പറയുന്നത്, ഷോപ്പിംഗ് ചിലവുകള്‍ കുറയ്ക്കാനുള്ള വഴികളാണ്:
1. വരുമാനത്തിന്റെ വരവും ചിലവും അറിഞ്ഞു വേണം കുടുംബ ബജറ്റ് ഒരുക്കേണ്ടത്. അതില്‍ തന്നെ ആവശ്യസാധനങ്ങള്‍ വാങ്ങാനായി ചിലവഴിയ്ക്കാനുള്ള തുക തിട്ടപ്പെടുത്തേണ്ടതും ആ ബജറ്റില്‍ നിങ്ങളുടെ ഷോപ്പിംഗ് ഒതുക്കുവാനും ശ്രദ്ധിയ്ക്കുക.
2. വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി ഷോപ്പിംഗിനു പോവുക. ലിസ്റ്റിലുള്ള സാധനങ്ങള്‍ മാത്രം വാങ്ങുക. മുന്‍കൂട്ടി പ്ലാന്‍ ചെയ്താല്‍ ലിസ്റ്റ് തയ്യാറാക്കാന്‍ എളുപ്പമുണ്ട്.
3. വാങ്ങേണ്ട വസ്തുവിന്റെ വില ബ്രാന്‍ഡുകള്‍ക്കനുസ്സരിച്ച് വ്യത്യസ്തമായിരിയ്ക്കും. സ്‌റ്റോര്‍ ബ്രാന്റുകള്‍ക്ക് വില കുറവായിരിയ്ക്കും. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ അവ അറേഞ്ച് ചെയ്യുന്നതും മുന്തിയ ബ്രാന്‍ഡുകള്‍ മാത്രം കസ്റ്റമേഴ്‌സിന്റെ കണ്ണിനുനേര്‍ക്ക് വരും വിധത്തിലാകും. വിലക്കുറവുള്ളവ താരതമ്യേന ശ്രദ്ധിയ്ക്കാത്ത അടിയിലത്തെ റാക്കുകളില്‍ ആകും വെച്ചിട്ടുണ്ടാവുക. വിലകള്‍ തമ്മില്‍ താരതമ്യം നടത്തിമാത്രം വേണ്ട വസ്തുക്കള്‍ വാങ്ങുക.
4. എപ്പോഴും ഉപയോഗിക്കേണ്ട സാധനങ്ങള്‍ (അരി, പലവ്യഞ്ജനങ്ങള്‍, പരിപ്പുവകകള്‍ പോലുള്ള ഡ്രൈ ആയവ) വിലക്കുറവുള്ള സീസണില്‍ കൂടുതല്‍ അളവില്‍ വാങ്ങി സൂക്ഷിച്ചുവെയ്ക്കുക. മൊത്തവ്യാപാരികളില്‍ നിന്നും വലിയ അളവുകളില്‍ സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ നിന്നും നിന്നും സാധനങ്ങള്‍ വാങ്ങുക.
5. ഡിസ്‌കൗണ്ട് സ്‌റ്റോറുകള്‍ , ഡിസ്‌കൗണ്ട് കൂപ്പണുകള്‍ എന്നിവ ഉപയോഗിയ്ക്കുക. നിങ്ങള്‍ വാങ്ങുന്ന കടയിലെ വിലയും മറ്റുകടകളിലെ വിലയുമായി താരതമ്യം ചെയ്യുക. ഒരേകടയില്‍ തന്നെ പല ബ്രാന്‍ഡുകളുടെയും യൂണിറ്റ് പ്രൈസ് താരതമ്യം ചെയ്തുനോക്കി എന്തു വാങ്ങണം എന്ന് നിശ്ചയിക്കുക.
6. സീസണല്‍ ആയ പഴങ്ങളും പച്ചക്കറികളും അതതുകാലങ്ങളില്‍ വിലക്കുറവുള്ളപ്പോള്‍ മാക്‌സിമം വാങ്ങി ഉപയോഗിയ്ക്കുക. സ്വന്തം തൊടിയില്‍ നിന്നും ലഭിയ്ക്കാവുന്ന പച്ചക്കറികള്‍ ഉള്ളവര്‍ അത് മാക്‌സിമം ഉപയോഗിയ്ക്കുക.
7.ഓണ്‍ലൈന്‍ ഷോപ്പിംഗുകളിലൂടെ വിലക്കുറവില്‍ വസ്ത്രങ്ങളും ഉപകരണങ്ങളും വാങ്ങാം.
8. പുസ്തകങ്ങളും മറ്റും പഴയപുസ്തകക്കടകളിലും ഓണ്‍ ലൈനിലും വാങ്ങാം.
9 . കഴിയുന്നതും ഒറ്റയ്ക്ക് ഷോപ്പിംഗ് ചെയ്യുക. കുട്ടികളെയും കൊണ്ട് പോയാല്‍ ചിലവ് കൂടും.
10 . വിശന്നിരിയ്ക്കുമ്പോളും മനസുഖമില്ലാതെയിരിയ്ക്കുമ്പോളും ഷോപ്പിംഗിനു പോവരുത്. ഷോപ്പിംഗിനു പോവും മുന്‍പ് ആവശ്യത്തിന് ഭക്ഷണം കഴിയ്ക്കുകയും ധാരാളം വെള്ളം കുടിയ്ക്കുകയും ചെയ്യുക.
11 . ക്രെഡിറ്റ് കാര്‍ഡ് ഷോപ്പിങ്ങിനു കൊണ്ടുപോവാതിരിയ്ക്കുക. കഴിയുന്നതും കറന്‍സി കൊണ്ട് മാത്രം ഷോപ്പ് ചെയ്യുക.
12 .ഷോപ്പിംഗുകളുടെ എണ്ണം കുറയ്ക്കുക. ഉദാഹരണമായി ആഴ്ചയില്‍ രണ്ടുമൂന്നു തവണ കടയ്ക്കുപോകുന്നവര്‍ അത് ഒറ്റതവണയാക്കി കുറയ്ക്കുക.
13 . കൂടുതല്‍ അളവില്‍ പാചകം ചെയ്തു ഫ്രീസറില്‍ സൂക്ഷിയ്ക്കുന്ന വഴി പണവും സമയവും ഇന്ധനവും ലാഭമുണ്ട്. മിച്ചം വരുന്ന ഭക്ഷണസാധനങ്ങള്‍ റീസൈക്കിള്‍ ചെയ്യുക.
14 . ദൈന്യദിന വരവുചിലവുകള്‍ എഴുതി സൂക്ഷിയ്ക്കുകയും എല്ലാ മാസവും റിവ്യൂ ചെയ്യുകയും ചെയ്താല്‍ പാഴ്ചിലവുകള്‍ മനസ്സിലാക്കുവാനും നിയന്ത്രിയ്ക്കുവാനും സാധിയ്ക്കും.
അപ്പോള്‍ ഇന്നുമുതല്‍ എല്ലാവരും ചിലവുകുറയ്ക്കാന്‍ തുടങ്ങുകയല്ലേ?
(In collaboration with FTGT Pen Revolution)
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം