അമ്മയും പോയി, ഇനി അര്‍ച്ചന എന്തു ചെയ്യും?

By Rasheed KPFirst Published Feb 13, 2018, 4:12 PM IST
Highlights

ഫേസ്ബുക്കിലെ നല്ല മനുഷ്യരുടെ സഹായത്തോടെ, വൃക്ക രോഗ ചികില്‍സ തുടരുന്നതിനിടെ, ജപ്തി ഭീഷണിയില്‍നിന്നും രക്ഷപ്പെട്ട വീട്ടില്‍ സമാധാനത്തോടെ കഴിഞ്ഞു പോരുന്നതിനിടെ അര്‍ച്ചനയുടെ അമ്മ കൂടി മരണത്തിലേക്ക് പോയി. വിനോദ യാത്രയ്ക്ക് പോയ മകളെ യാത്രയാക്കി മടങ്ങുമ്പോള്‍ ബൈക്കിടിച്ചാണ് അമ്മയുടെ മരണം. അച്ഛന്‍ ഷോക്കേറ്റ് മരിച്ച് അഞ്ചാം വര്‍ഷമാണ് അര്‍ച്ചന എന്ന അഞ്ചാം ക്ലാസുകാരിയും ആറില്‍ പഠിക്കുന്ന സഹോദരനും അനാഥരായത്. അര്‍ച്ചനയുടെ ജീവിതം ഫേസ്ബുക്ക് കുറിപ്പിലൂടെ പുറത്തെത്തിച്ച അഭിജിത്ത് ഇപ്പോള്‍ പുതിയ ആശങ്കകളിലാണ്. അര്‍ച്ചന ഇനിയെന്താവും? നമ്മുടെ സഹായങ്ങള്‍ തേടുന്ന രണ്ടു കുരുന്നുകളുടെ പൊള്ളിക്കുന്ന ജീവിതകഥ. കെ.പി റഷീദ് എഴുതുന്നു

ആലത്തൂര്‍: സ്‌കൂളില്‍നിന്നുള്ള വിനോദ യാത്രാ സംഘത്തിനൊപ്പം മകളെ യാത്രയാക്കി തിരികെ പോയ അമ്മ ബൈക്കിടിച്ച് മരിച്ചു. കാവശ്ശേരി പാടൂര്‍ കുണ്ടുതൊടി പരതേനായ ശിവദാസിന്റെ ഭാര്യ സുനിത (32) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടരയോടെ ആലത്തൂര്‍ വാഴക്കോട് സംസ്ഥാന പാതയില്‍ പാടൂര്‍ ആനവളവ് അര്‍ബന്‍ സൊസൈറ്റിക്ക് സമീപമായിരുന്നു അപകടം. പരിക്കേറ്റ സുനിതയെ ആശുപത്രിയില്‍ എത്തിക്കും മുമ്പേ മരിച്ചു. പാടൂര്‍ എ.എല്‍. പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി അര്‍ച്ചന, കാവശ്ശേരി കെ.സിപി സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥി അതുല്‍ എന്നിവര്‍ മക്കളാണ്. 

ഫെബ്രുവരി പത്തിന് പാലക്കാട്ടെ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്ത ഈ അപകട മരണവാര്‍ത്ത ആളുകളിപ്പോള്‍ മറന്നുകഴിഞ്ഞിരിക്കും. എന്നാല്‍, ഫേസ്ബുക്കിലെ ചില മനുഷ്യര്‍ക്കെങ്കിലും ആ വാര്‍ത്ത അത്ര പെട്ടെന്ന് മറക്കാനാവില്ല. കാരണം, ആ അമ്മ അവര്‍ക്ക് സാധാരണ ഒരാളല്ല. അര്‍ച്ചനയുടെ അമ്മയാണ്. ഫേസ്ബുക്കിലൂടെ അവരില്‍ ചിലര്‍ നല്‍കിയ സഹായത്തിന്റെ ബലത്തില്‍ രോഗപീഡകളില്‍നിന്നും കരകയറാന്‍ തുടങ്ങിയിരുന്ന പാലക്കാട് ആലത്തൂരിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ അമ്മ. ചികില്‍സയ്ക്കിടെ, പണ്ടെടുത്ത ബാങ്ക് വായ്പാ തുക അടച്ചുതീര്‍ക്കാന്‍ കഴിയാതെ, ജപ്തി ഭീഷണിയിലായ സുനിതയുടെ കുടുംബത്തെ കരകയറ്റിയതും ഓണ്‍ലൈന്‍ ലോകത്തുനിന്നൊഴുകിയ സഹായമായിരുന്നു. ഓണ്‍ലൈന്‍ ലോകത്ത് അതിനകം ശ്രദ്ധേയനായ, അഭിജിത്ത് കെ.എ എന്ന മിടുക്കനായൊരു വിദ്യാര്‍ത്ഥി പോസ്റ്റ് ചെയ്ത അര്‍ച്ചനയുടെ ജീവിതാവസ്ഥകള്‍ വായിച്ച് മനസ്സ് പൊള്ളിയാണ് അവരെല്ലാം അര്‍ച്ചനയെ തേടിയെത്തിയത്. സഹായശ്രമങ്ങളിലൂടെ അര്‍ച്ചനയും ഫേസ്ബുക്കിന്റെ പ്രിയങ്കരിയായി മാറിയിരുന്നു. അവളുടെ നന്‍മയ്ക്കായി ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നിരുന്നു. അതിനിടെയാണിപ്പോള്‍ അടുത്ത ദുരന്തം. 

അര്‍ച്ചനയും ആ ഫേസ്ബുക്ക് പോസ്റ്റും
കാവശ്ശേരി പാടൂര്‍ കുണ്ടുതൊടി പരതേനായ ശിവദാസിന്റെ മകളാണ് പാടൂര്‍ എ എല്‍ പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അര്‍ച്ചന. സഹോദരന്‍ അതുല്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥി. ശിവദാസന്‍ അഞ്ചു വര്‍ഷം മുമ്പ് ഫര്‍ണീച്ചര്‍ പണിക്കിടെ വീട്ടിനുള്ളില്‍ ഷോക്കേറ്റ് മരിച്ചതോടെ ഈ കുടുംബത്തിന്റെ ആലംബമറ്റു. പിന്നീട് കുടുംബത്തിന് ആശ്രയമായിരുന്ന, ശിവദാസന്റെ സഹോദരന്‍ വൈകാതെ മരിച്ചു. തൊട്ടുപിന്നാലെ ശിവദാസന്റെ അമ്മയുടെ മരണവും സംഭവിച്ചു. രണ്ടു വര്‍ഷം മുമ്പു വന്ന, മൂത്രത്തിലൂടെ പ്രോട്ടീന്‍ നഷ്ടപ്പെടുന്ന നെഫോട്ട്രിക് സിന്‍ട്രോം എന്ന വൃക്കരോഗത്താല്‍ വലയുകയായിരുന്നു അന്ന് മൂന്നാം ക്ലാസുകാരിയായിരുന്ന അര്‍ച്ചന. ചികില്‍സയ്ക്ക് വലിയ തുക വേണം. വീടു പോറ്റാന്‍ തന്നെ കഷ്ടപ്പെടുന്ന അമ്മയ്ക്കത് എളുപ്പമല്ല. അര്‍ച്ചനയുടെ ഈ ജീവിതാവസ്ഥ കണ്ടറിഞ്ഞാണ് അഭിജിത്ത് ഫേസ്ബുക്കില്‍ ഹൃദയസ്പര്‍ശിയായ ഒരു പോസ്റ്റിട്ടത്. 

ഇതായിരുന്നു ആ പോസ്റ്റ്:

സഹായങ്ങളുടെ ഫേസ്ബുക്ക് വഴികള്‍
ആ പോസ്റ്റിന് ഫലമുണ്ടായി. കുറിപ്പ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. അഭിജിത്തിനെ അറിയുന്ന, ഇഷ്ടപ്പെടുന്ന ഒരുപാടാളുകള്‍ അര്‍ച്ചനയെ സഹായിക്കാന്‍ മുന്നോട്ടുവന്നു. അര്‍ച്ചന പഠിക്കുന്ന പാടൂര്‍ എ.എല്‍.പി സ്‌ക്കൂള്‍ അധികൃതരുടെ മുന്‍കൈയില്‍ അവള്‍ക്കുള്ള അക്കൗണ്ട് ആരംഭിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്ക് കാവശ്ശേരി ശാഖയിലാണ് അക്കൗണ്ട് ആരംഭിച്ചത്. (PUNJAB NATIONAL BANK (PNB) Kavassery branch - Palakkad. അക്കൗണ്ട് നമ്പര്‍ 4292001500065884 IFSC code 0429200). സ്‌കൂള്‍ പിടിഎയും ഫേസ്ബുക്കിലെ നല്ല മനുഷ്യരും ഒത്തുചേര്‍ന്നപ്പോള്‍ അര്‍ച്ചനയുടെ ജീവിതമാകെ മാറിമറിഞ്ഞു. 

അര്‍ച്ചന തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സ തുടങ്ങി. അവളുടെ പേരിലുള്ള അക്കൗണ്ടില്‍ ചികില്‍സയ്ക്കു വേണ്ട തുക വന്നു. ആ ആഴ്ച, ആശുപത്രിയില്‍ പോയി വീട്ടിലെത്തുമ്പോഴേക്കും അടുത്ത ആഘാതം വന്നു. ബാങ്കിന്റെ ജപ്തി നോട്ടീസ്. നേരത്തെ അര്‍ച്ചനയുടെ പിതാവ് വീട് 50000 രൂപയ്ക്ക് വായ്പ വാങ്ങിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയില്‍ പണം അടയ്ക്കാന്‍ കഴിഞ്ഞില്ല. അങ്ങിനെയാണ് ജപ്തി നോട്ടീസ് വന്നത്. അടുത്ത ആഴ്ചയ്ക്കകം അമ്പതിനായിരം രൂപ തിരിച്ചടച്ചില്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്ന നോട്ടീസ്. 

അതൊരു പുതിയ പ്രശ്‌നമായിരുന്നു. അര്‍ച്ചനയുടെ ചികില്‍സ എന്ന ലക്ഷ്യമായിരുന്നു അതുവരെ മുന്നിലുണ്ടായിരുന്നത്. ഇപ്പോള്‍ അതിലും ഗുരുതരമാണ് പ്രശ്‌നം. ഒരാഴ്ച മാത്രമാണ് മുന്നില്‍. അതിനകം വലിയ തുക കണ്ടെത്തണം. അത് ബാങ്കില്‍ അടയ്ക്കണം. 

എന്തു ചെയ്യും?

ഈ പുതിയ അവസ്ഥയും അഭി ഫേസ്ബുക്കില്‍ എഴുതി: 

ആ പോസ്റ്റും ഏറെ ഷെയര്‍ ചെയ്യപ്പെട്ടു.  പല വഴികളില്‍ നിന്ന് സഹായ വാഗ്ദാനങ്ങള്‍ വന്നു.അങ്ങനെ, ആ പ്രശ്നവും പരിഹരിക്കാനായി. ബാങ്കില്‍ അടക്കാനുള്ള 50,000 രൂപയും പലിശയും അടക്കം 51,984 രൂപ അടച്ചു തീര്‍ത്തു. സ്വന്തം വീടിന്റെ ആധാരം അര്‍ച്ചനയ്ക്കും കുടുംബത്തിനും ബാങ്കില്‍ നിന്നും തിരിച്ചു കിട്ടി. അനേകം മനുഷ്യര്‍ നല്‍കിയ സ്‌നേഹനിര്‍ഭരമായ സഹായമാണ് ആ അവസ്ഥ ഒഴിവാക്കിയത്. 

ആ ദിവസം അഭിജിത്ത് ഫേസ്ബുക്കില്‍ ഇങ്ങനെ എഴുതി: 

ഇന്ന് അര്‍ച്ചനയുടെ പുഞ്ചിരി വീണ്ടും കണ്ടു.

കാരണം ഇന്ന്, അര്‍ച്ചനയുടെ വീടിനെ കൊണ്ടുപോകാനിരുന്ന ജപ്തിചെയ്യാതിരിയ്ക്കാനാവശ്യമായ പണമടച്ചു, കടമടച്ചു, പലിശയുമടച്ചു. അമ്മയും, ഞാനും, അര്‍ച്ചനയും, അര്‍ച്ചനയുടെ അമ്മയുമായി ഞങ്ങള്‍ ബാങ്കിലെത്തി. പണമടക്കുകയും, ആധാരം തിരികെ വാങ്ങുകയും ചെയ്തു. അര്‍ച്ചനയും, അര്‍ച്ചനയുടെ അമ്മയും ഒരുകുന്നോളം സന്തോഷവും തീറെഴുതി വാങ്ങി.



പിന്നീടുള്ള അര്‍ച്ചനയുടെ ജീവിതം കുറച്ചുകൂടി നല്ലതായിരുന്നു. അഭിജിത്ത് അതിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് ഇങ്ങനെ പറഞ്ഞു. 

'അതിനു ശേഷം ചികില്‍സയും പഠനവുമായി സമാധാനത്തോടെ ജീവിക്കുകയായിരുന്നു അവര്‍. എല്ലാ മാസവും ആശുപത്രിയിലേക്ക് പോകണം. അമ്മ അപ്പോഴേക്കും പാടൂരിലെ ഒരു ഹോട്ടലില്‍ ജോലിക്ക് പോവാന്‍ തുടങ്ങിയിരുന്നു. എന്നും അതിരാവിലെ ഹോട്ടലിലേക്ക് പണിയെടുക്കാന്‍ പോകും, വളരെ വൈകി വീട്ടില്‍ മടങ്ങിയെത്തും. അതെല്ലാം കഴിഞ്ഞ് രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് ഈ ദുരന്തം. 

ഏട്ടനോടൊപ്പം കുറേ പക്ഷികളെ ഫോട്ടോ എടുക്കാന്‍ അന്നൊരു വൈകുന്നേരം പാടങ്ങളിലേക്കിറങ്ങി. അപ്പോഴാണ് അങ്ങ് ദൂരെ ഒരു മെലിഞ്ഞ ശരീരം നടന്നുവരുന്നത് കണ്ടത്. അര്‍ച്ചനയുടെ അമ്മ.  പണി കഴിയാന്‍ ഇന്ന് കുറച്ച് വൈകിയെന്ന് അമ്മ പറഞ്ഞു. അര്‍ച്ചനയുടെ അഞ്ചാം ക്ലാസ്സ് കഴിയാറായി. അടുത്ത കൊല്ലം അതുല്‍ പഠിക്കുന്ന കാവശ്ശേരി സ്‌ക്കൂളിലേക്ക് തന്നെ മാറ്റണം. ആഗ്രഹങ്ങള്‍ പറഞ്ഞ് ആ അമ്മ നടന്നുപോയി. അവസാനമായി അവരെ കണ്ടത് അന്നാണ്'

അമ്മയുടെ മരണം
പിന്നെ അഭിജിത്ത് അര്‍ച്ചനയുടെ അമ്മയെ കാണുന്നത് ജീവനില്ലാതെ, വെളുത്ത തുണിയില്‍ പൊതിഞ്ഞ നിലയിലാണ്. 

അര്‍ച്ചനയും, കൂട്ടുകാരും, സ്‌ക്കൂളില്‍നിന്ന് ദൂരേക്കൊരു വിനോദയാത്രയ്ക്ക് പോകുകയായിരുന്നു. ജനലിലൂടെ അമ്മയെതേടുന്ന അര്‍ച്ചനയോട് യാത്ര പറഞ്ഞ്, ജോലി ചെയ്യുന്ന ഹോട്ടലിലേക്ക് പോവാന്‍ അടുത്ത ബസ് സ്‌റ്റോപ്പിലേക്ക് നടക്കുകയായിരുന്നു. ദൂരെ നിന്നുവന്നും അതിവേഗം വന്ന ബൈക്ക് അര്‍ച്ചനയുടെ അമ്മയെ ഇടിച്ച് തെറിപ്പിച്ചു. ചെറിയ പരിക്കാണെന്ന് എല്ലാവരും പറഞ്ഞു. എന്നാല്‍, ആശുപത്രിയില്‍ എത്തും മുമ്പേ മരിച്ചിരുന്നു. വിനോദ യാത്രാ സംഘം കുറച്ചുദൂരെ ചെന്നപ്പോഴാണ് ഈ വിവരമറിഞ്ഞത്. അവര്‍ തിരിച്ചു വന്നു. അതില്‍നിന്ന് അര്‍ച്ചന ഇറങ്ങിവന്നത് അമ്മയുടെ മരണവാര്‍ത്തയിലേക്കായിരുന്നു. 

വിവരമറിഞ്ഞ് അവിടെയെത്തിയ അഭിജിത്ത് കണ്ടത് അമ്മയെ കാണാതെ നിലവിളിക്കുന്ന അര്‍ച്ചനയേയും, അതുലിനേയുമാണ്. അമ്മയുടെ തറവാട്ടിലേക്ക് മൃതദേഹം അപ്പോള്‍തന്നെ കൊണ്ടുപോയി. ഒപ്പം അര്‍ച്ചനയേയും, അതുലിനേയും. അവരിപ്പോള്‍ അര്‍ച്ചനയുടെ മാമന്റെ കൂടെയാണ്. ഓട്ടോ തൊഴിലാളിയായ അദ്ദേഹത്തിന് രണ്ട് മക്കളുണ്ട്. ആ കുഞ്ഞു വീട്ടിലേക്ക് രണ്ട് മക്കള്‍കൂടി. തന്റെ പരിമിതമായ സാമ്പത്തിക ശേഷി വെച്ച് അമ്മാവന് എത്ര കാലം അവരെ പോറ്റാനാവും? ചികില്‍സയും വിദ്യാഭ്യാസവുമെല്ലാം ഇനിയെന്താവും? അതാണിപ്പോള്‍ അഭിജിത്തിന്റെ ഉള്ളിലെ പൊള്ളുന്ന സങ്കടം. 

അഭിജിത്ത് അര്‍ച്ചനയ്ക്ക് ധനസഹായം കൈമാറുന്നു. ഇടത്തുനിന്ന് രണ്ടാമത് അമ്മ. (ഫയല്‍ ചിത്രം)

 

ഇനി നമ്മുടെ കൈകളിലാണ് അര്‍ച്ചനയുടെ ജീവിതം
ആ സങ്കടത്തില്‍ വാസ്തവം ഏറെയുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് അര്‍ച്ചനയുടെ ചികില്‍സ. ആറു വര്‍ഷം തുടര്‍ച്ചയായി ചികില്‍സിക്കണം. ചികില്‍സ മാത്രം പോരാ. സൂക്ഷ്മമായ പരിചരണവും വേണം. ഹോട്ടലിലെ പണി കഴിഞ്ഞു വന്ന് അമ്മ അതെല്ലാം ശ്രദ്ധിച്ചിരുന്നു. സ്‌കൂളിലെ ഏതെങ്കിലും കൂട്ടുകാര്‍ക്ക് പനിയോ മറ്റോ വന്നാല്‍, അമ്മ മകളെ സ്‌കൂളില്‍ വിടില്ല. ഈ സാഹചര്യത്തില്‍ അര്‍ച്ചനയ്ക്ക് പെട്ടെന്ന് രോഗങ്ങള്‍ വരും. അങ്ങനെ അവളെ പരിചരിച്ച അമ്മയാണ് ഇപ്പോള്‍ ഇല്ലാതായിരിക്കുന്നത്. 

അമ്മാവന്‍ താങ്ങായുണ്ടെങ്കിലും അര്‍ച്ചനയുടെ ചികില്‍സ, പഠനം, ഭാവികാര്യങ്ങള്‍ എന്നിവ അനിശ്ചിതത്വത്തില്‍ തന്നെയാണെന്ന് അഭിജിത്ത് പറയുന്നു. അങ്ങേയറ്റം ശ്രദ്ധയോടെ പരിചരിക്കേണ്ട ഈ സമയത്ത് സംഭവിക്കുന്ന ചെറിയ അശ്രദ്ധ പോലും അര്‍ച്ചനയുടെ ജീവനെ ബാധിക്കും. ഓട്ടോ ഓടിച്ച് കുടുംബം പോറ്റാന്‍ മിനക്കെടുന്ന, രണ്ട് കുട്ടികളുടെ പിതാവായ അമ്മാവന് അതെളുപ്പമാവില്ല. അങ്ങനെ വന്നാല്‍, അര്‍ച്ചന ഇനിയെന്ത് ചെയ്യും? 

ആ ചോദ്യത്തിന് അഭിജിത്തിന്റെ കൈയില്‍ ഉത്തരമില്ല. അതിനാലാണ് അര്‍ച്ചനയുടെ അമ്മ മരിച്ച ദിവസം അവന്‍ നിരാശനായി, നിസ്സഹായനായി ഫേസ്ബുക്കില്‍ ഇങ്ങനെ എഴുതിയത്: 

ഇനിയെന്താണ് ചെയ്യുക? അഭിജിത്തിനോട് തന്നെ ചോദിച്ചു. 

'ഇതിനകം ഒരു പാടു പേര്‍ അര്‍ച്ചനയെ സഹായിച്ചു കഴിഞ്ഞു. ഇനിയും അവരോട് തന്നെയാണ് ചോദിക്കാനുള്ളത്. അല്ലെങ്കില്‍, അര്‍ച്ചനയ്ക്കു വേണ്ടി വ്യാപകമായ കാമ്പെയിന്‍ നടക്കണം. ആര്യ എന്ന പെണ്‍കുട്ടിക്ക് വേണ്ടി ഓണ്‍ലൈനില്‍ നടന്നതുപോലൊരു കാമ്പെയിന്‍. അതിന് ഞാന്‍ മാത്രം വിചാരിച്ചാല്‍, കഴിയില്ല. ഫേസ്ബുക്കിലെ മനുഷ്യപ്പറ്റുള്ള കുറേയധികം പേര്‍ അതിനായി ഒരുമിക്കണം. അതുണ്ടാവണേ എന്നാണ് പ്രാര്‍ത്ഥന. ഇനിയും അര്‍ച്ചനയുടെ കണ്ണീരു കാണാന്‍ വയ്യ...'-ഇടറുന്ന സ്വരത്തില്‍ അഭിജിത്ത് പറഞ്ഞു നിര്‍ത്തി. 

അതെ, അഭിജിത്ത് പറഞ്ഞതുപോലെ ഇനി നമ്മുടെയല്ലാം കൈകളിലാണ് അര്‍ച്ചനയുടെ ജീവിതം. നമ്മുടെ മനുഷ്യപ്പറ്റിന്റെ ബലത്തില്‍, സഹായങ്ങളുടെ കരുത്തില്‍ അര്‍ച്ചനയ്‌ക്കൊരു പുതു ജീവന്‍ ഉണ്ടാവുമോ? 

അഭിജിത്തിനെയും അര്‍ച്ചനയെയും കുറിച്ച് നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച കുറിപ്പ്

click me!