വീടും ഇനി കൂടെ കൊണ്ടുപോകാനാവുമോ? ഇതാ മടക്കി കൂടെക്കൊണ്ടുപോകാവുന്ന ഒറിഗാമി വീടുകൾ

By Web TeamFirst Published Dec 24, 2020, 7:56 AM IST
Highlights

കമ്പനി എട്ട് ആഴ്ചയ്ക്കുള്ളിലാണ് വീട് നിർമ്മിച്ചത്. തുടർന്ന് 3-4 മണിക്കൂറിനുള്ളിൽ എവിടെയും ഇത് ഇൻസ്റ്റാൾ ചെയ്യുകയുമാകാം. ഇതിന് സ്ഥിരമായ ഒരു അടിത്തറ ആവശ്യമില്ലാത്തതിനാൽ, മടക്കാവുന്ന വീട് എപ്പോൾ വേണമെങ്കിലും നീക്കം ചെയ്യാനും സാധിക്കുന്നു.

വീടുമാറുമ്പോൾ വസ്ത്രങ്ങളും, സാധനങ്ങളും പെറുക്കിക്കെട്ടി കൊണ്ടുപോകുന്നത് നമ്മുടെ പതിവാണ്. നമ്മുടെ വീടും അതുപോലെ പോകുന്നിടത്തെല്ലാം പെറുക്കി കൂട്ടി കൊണ്ടുപോകാൻ സാധിച്ചിരുന്നെങ്കിൽ എന്ന് എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ? അതിനോടുള്ള വൈകാരിക ബന്ധവും, വാടക എന്ന അധിക ബാധ്യതയും ഒരുപക്ഷേ നമ്മെ ആ രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചേക്കാം. എന്നാൽ, അത്തരമൊരു കാലം വിദൂരമല്ല എന്ന് വേണം കരുതാൻ. 

ഒരു ലാത്വിയൻ സംരംഭമായ ബ്രെറ്റ് ഹായ്സ് കഴിഞ്ഞ ഡിസംബറിൽ മടക്കാവുന്ന രീതിയിലുള്ള വീടുകൾ നിർമ്മിക്കുകയുണ്ടായി. അതിന്റെ നൂതന രൂപകൽപ്പനയും സാങ്കേതികവിദ്യയും ഇതിനകം തന്നെ പൊതുജനങ്ങളിലും ഭവന വിദഗ്ധരിലും വളരെയധികം മതിപ്പുണ്ടാക്കിയിട്ടുണ്ട്. പ്രധാന നിർമാണ സാമഗ്രിയായി ക്രോസ്-ലാമിനേറ്റഡ് തടി ഉപയോഗിച്ച് കമ്പനി എട്ട് ആഴ്ചയ്ക്കുള്ളിലാണ് വീട് നിർമ്മിച്ചത്. തുടർന്ന് 3-4 മണിക്കൂറിനുള്ളിൽ എവിടെയും ഇത് ഇൻസ്റ്റാൾ ചെയ്യുകയുമാകാം. ഇതിന് സ്ഥിരമായ ഒരു അടിത്തറ ആവശ്യമില്ലാത്തതിനാൽ, മടക്കാവുന്ന വീട് എപ്പോൾ വേണമെങ്കിലും നീക്കം ചെയ്യാനും സാധിക്കുന്നു.

പേറ്റന്റ് നേടിയ മെറ്റൽ ഹിംഗ് ടേൺ മെക്കാനിസം, സ്‌പേസ് ഡബിൾസ് സവിശേഷത എന്നിവ പോലുള്ള നിരവധി പുതുമകൾ ബ്രെറ്റ് ഹായ്സ് അവതരിപ്പിക്കുന്നു. ഓരോ വീടിലും എല്ലാ സാങ്കേതിക സൗകര്യങ്ങളും (മലിനജലം ഒഴിവാക്കൽ, ഇലക്ട്രിക് വയറിംഗ്, പ്ലംബിംഗ്) ഉൾപ്പെടുത്തിയിരിക്കുന്നു എന്നതും ഒരു വലിയ മേന്മയാണ്. തടിയെക്കാൾ പ്രീ ഫാബ്രിക്കേഷൻ നിർമ്മാണമാണ് ഏറ്റവും നല്ലതെന്ന് ബ്രെറ്റ് ഹായ്സ് സ്ഥാപകൻ ജെന്നാഡി ബകുനിൻ പറഞ്ഞു. “നിങ്ങൾ ലെഗോ കളിക്കുന്നതുപോലെയാണ് ഇത്. പ്രത്യേക ഭാഗങ്ങൾ ഒരുമിച്ച് ചേർക്കേണ്ടതുണ്ട്. ലെഗോ കളിക്കുന്നത് പോലെ തൽക്ഷണം നീക്കാൻ കഴിയുന്ന ഒരു ചെറിയ വീടാണ് ഞങ്ങൾ നിർമ്മിക്കുന്നത്” അദ്ദേഹം പറഞ്ഞു. ബ്രെറ്റ് ഹയ്‌സ് നിലവിൽ മൂന്ന് വൈവിധ്യമാർന്ന ഡിസൈനുകൾ വാഗ്ദാനം ചെയ്യുന്നു. 20 മുതൽ 50 ചതുരശ്ര മീറ്റർ വരെ വലുപ്പത്തിലുള്ളതാണ് അത്. മടക്കാവുന്ന വീടുകൾ എവിടെ വേണമെങ്കിലും സുരക്ഷിതമായി എത്തിക്കാൻ കഴിയും. കൂടാതെ ഒരു ചെറിയ ക്രെയിൻ ഉപയോഗിച്ച് ഏകദേശം മൂന്ന് മണിക്കൂറിനുള്ളിൽ ഇൻസ്റ്റാൾ ചെയ്യുകയുമാകാം.

click me!