ഒരേ സമയം ഒന്നിലധികം പേരിലും പ്രണയം ജനിക്കുന്നു

By നിയതി ചേതസ്First Published Jun 15, 2017, 1:33 PM IST
Highlights

പ്രണയ സംവാദത്തില്‍ വായനക്കാര്‍ക്ക് ഇനിയും പങ്കാളികളാവാം. വിശദമായ പ്രതികരണങ്ങള്‍, ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ പ്രണയം എന്നെഴുതി, webteam@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച പ്രതികരണങ്ങള്‍ പ്രസിദ്ധീകരിക്കും

 

പ്രണയം. 

അത് ഒന്നേയുള്ളൂ.അല്ലാത്തതൊക്കെ പ്രണയമല്ല. അത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം.ക്ഷണമാത്രകൊണ്ട് നമ്മില്‍ നിന്ന് അകന്ന് പോകാം.എന്നാലത് ഓരോ നിമിഷവും ഓരോ ശ്വാസമെന്നപ്പോലെ നമ്മെ ത്രസിപ്പിച്ചു കൊണ്ടിരിക്കുന്നു. ഒരേ സമയം ഒന്നിലധികം പേരിലും പ്രണയം ജനിക്കുന്നു.നിയമങ്ങള്‍ക്കും പരിധികള്‍ക്കുമപ്പുറത്തുള്ള അനുഭൂതികളുടെ ശക്തമായ ഊര്‍ജപ്രവാഹമാണ് പ്രണയം.

തിരിച്ചു കിട്ടില്ലായെന്നറിഞ്ഞിട്ടും ഹ്യദയത്തില്‍ നിലയ്ക്കാതെ പെയ്യുന്ന മഴ. നൂറ്റാണ്ടുകളായി പെയ്തിറങ്ങിയ കാല്‍പനികതയില്‍ പ്രണയം വിശുദ്ധിയുടെ പരിവേഷം  ചാര്‍ത്തിയിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ പ്രണയത്തിന് അങ്ങനെയൊരു വിശുദ്ധി പരിവേഷത്തിന്റെ ആവശ്യമില്ല.വിശുദ്ധമല്ലാത്തത് പ്രണയമല്ല; അത് കാമം ആണെന്നത് സാംസ്‌കാരിക സമൂഹത്തിന്റെ മിഥ്യാധാരണയാണ്. 

ഇത്തരം വിശുദ്ധിപട്ടം മാന്യതയുടെ കാപട്യമാണ്

നാളിതുവരെയുള്ള സമൂഹം ആണ്‍പെണ്‍ ബന്ധങ്ങളില്‍ തൊട്ടുകൂടാത്ത വിവാഹപൂര്‍വ ബന്ധങ്ങള്‍; പീന്നിടത് ആജീവനാന്തബന്ധത്തില്‍ കലാശിക്കുകയും ചെയ്യുമ്പോള്‍, അല്ലെങ്കില്‍, ജീവിതകാലം മുഴുവന്‍ ഒരാള്‍ക്കായി വേണ്ടി ജീവിക്കുമ്പോള്‍ വിശുദ്ധിയുടെ പട്ടം ചാര്‍ത്തിക്കൊടുക്കുന്നു. എന്നാല്‍ മനുഷ്യന്‍ ഒരു ലൈംഗിക ജീവിയാണെന്ന വസ്തുത നിലനില്‍ക്കേ, ഇത്തരം വിശുദ്ധിപട്ടം മാന്യതയുടെ കാപട്യമാണ്. പരസ്പരം ഒന്നുചേരുന്നത് പോലെ വിട്ടുപോകാനും സ്വാതന്ത്ര്യമുള്ള പ്രണയത്തിനേ സ്വച്ഛമായി ഒഴുകാന്‍ കഴിയൂ.

ഒരാള്‍ക്ക് വിധേയമാകുന്നതിനപ്പുറം പരസ്പരം  മനസിലാക്കി ഒഴുകുന്ന വിജയഗാഥയാണ് പ്രണയം. വാക്കുകള്‍ക്കപ്പുറത്ത് പ്രണയം അനുഭവങ്ങളാണ്. പരസ്പരം അറിയലുകളാണ്. നീ ഞാനായും ഞാന്‍ നീ ആയും മാറുന്ന ആനന്ദത്തിന്റെ നിമിഷങ്ങളാണ്.

വാക്കുകള്‍ മൗനം പാലിക്കുമ്പോള്‍ മിഴികള്‍ സംസാരിക്കുന്ന; ഓരോ നിമിഷവും ഇണയുടെ സാമീപ്യം കൊതിക്കുന്ന ഹൃദയത്തുടിപ്പുകളാണ് പ്രണയം. അത്  ഹ്യദയങ്ങളില്‍ നിന്ന് ഹൃദയങ്ങളിലേക്ക് അതിരുകളില്ലാതെ പ്രവഹിക്കുന്നു. 

ഒരേ സമയം പലരോടും ജനിക്കുന്ന പരിധികള്‍ക്കപ്പുറത്തുള്ള അനുഭൂതിയാണ് പ്രണയം

ഒരിക്കല്‍ മാത്രം ജനിക്കുന്ന വികാരമല്ല പ്രണയം. പ്രണയം ഒരേ സമയം പലരോടും ജനിക്കുന്ന പരിധികള്‍ക്കപ്പുറത്തുള്ള അനുഭൂതിയാണ്. പ്രണയം വസന്തങ്ങള്‍ പോലെയാണ്. അനേകായിരം പൂക്കള്‍ ഉള്ള വസന്തം. ഓരോ പൂവിനും ഓരോ സുഗന്ധവും ഓരോ നിറവുമാണ്.ഒരു നദി പോലെ പ്രണയത്തെ സ്വച്ഛമായി ഒഴുകാന്‍ അനുവദിക്കുക. പരസ്പരം ഒന്നുചേരുന്നത് പോലെ വിട്ടു പോകാനുള്ള സ്വാതന്ത്ര്യവും പ്രണയത്തിനുണ്ട്.അങ്ങനെയല്ലാത്തവ പ്രണയമല്ല.അതിജീവനത്തിന്റെ സ്വാര്‍ത്ഥവികാരം മാത്രമാണവവ. ഒരു ആയുസ് മുഴുവന്‍ പരസ്പരം അഡ്ജസ്റ്റ് ചെയ്ത് സന്തോഷത്തിന്റെ മൂടുപടം അണിഞ്ഞ് ഉരുകി തീരുന്ന പ്രണയം നഷ്ടപ്പെട്ട ബന്ധങ്ങളാണവ.

പ്രണയം നിസ്വാര്‍ത്ഥമാണ്... 

ഓരോ നിമിഷവും ഓരോ ശ്വാസമെന്ന പോലെ പ്രണയത്തിന്റെ ഗമനം തുടര്‍ന്ന് കൊണ്ടിരിക്കുന്നു.
അത് ഒന്നില്‍ തളയ്ക്കപ്പെടുമ്പോള്‍ നിലയ്ക്കപ്പെടുന്നത് പ്രണയത്തിന്റെ ജീവനാഡീകളാണ്. 
നിതാന്തം  പ്രണയം മരിക്കുന്നു.

പ്രണയ സംവാദത്തില്‍ വായനക്കാര്‍ക്ക് ഇനിയും പങ്കാളികളാവാം. വിശദമായ പ്രതികരണങ്ങള്‍, ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ പ്രണയം എന്നെഴുതി, webteam@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച പ്രതികരണങ്ങള്‍ പ്രസിദ്ധീകരിക്കും

 

പ്രണയ സംവാദത്തില്‍ ഇവര്‍:

നിഷ മഞ്‌ജേഷ്: 'അത്ര വിശുദ്ധമാക്കണോ പ്രണയം'

റെസിലത്ത് ലത്തീഫ്: പലവുരു പലരോടു തോന്നുന്നത് പ്രണയമല്ല!​

വഹീദ് സമാന്‍: പ്രണയസ്മൃതികളില്‍  മുറിവേറ്റവനാകുക

ആഷാ മാത്യു: എപ്പോള്‍ സ്‌നേഹമില്ലാതാകുന്നുവോ,  അവിടെ വെച്ച് പിന്തിരിഞ്ഞുനടക്കുക!​

സുനിതാ ദേവദാസ്: മഹത്വവല്‍ക്കരിക്കുന്നതു പോലുള്ള ഒരു മണ്ണാങ്കട്ടയുമല്ല പ്രണയം!​

click me!