കൊവിഡ് 19: ജപ്പാനിൽ വീണ്ടും ട്രെൻഡാവുമോ 'ലവ് ഹോട്ടലുകൾ'?

By Web TeamFirst Published Nov 17, 2020, 12:46 PM IST
Highlights

1980 -കളിലാണ് ലവ് ഹോട്ടലുകൾ തഴച്ചുവളർന്നത്. 2000 -ത്തിൽ ഏകദേശം 30,000 -ത്തോളം ലവ് ഹോട്ടലുകളുണ്ടായിരുന്നു. എന്നാൽ, പിന്നീട് ലവ് ഹോട്ടലുകൾ കുറയാൻ തുടങ്ങി.

ജപ്പാനിൽ ഒരു കാലത്ത് കൂട്ടുകുടുംബ വ്യവസ്ഥിതിയാണ് ഉണ്ടായിരുന്നത്. പലപ്പോഴും കുട്ടികളുടെയും മുതിർന്നവരുടെയും ഇടയിൽ കഴിയുന്ന ദമ്പതികൾക്ക് അല്പം സ്വകാര്യമായി സല്ലപിക്കാനോ, പ്രണയിക്കാനോ മറ്റുമുള്ള അവസരങ്ങൾ  കുറവായിരുന്നു. എന്നാൽ, ഈ പ്രശ്‍നത്തിനൊരു പരിഹാരമെന്നോണമാണ് 1960 -കളുടെ അവസാനത്തിൽ ഒസാക്കയിൽ ലൗ ഹോട്ടലുകൾ നിലവിൽ വരുന്നത്. വീട്ടിലെ ബഹളത്തിൽ നിന്ന് രക്ഷപ്പെട്ട് ദമ്പതികൾക്ക് സമയം ചെലവഴിക്കാൻ ഈ ലവ് ഹോട്ടലുകൾ അവസരമൊരുക്കി. പക്ഷേ, കാലം കടന്നപ്പോൾ, കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായി, യുവജനസംഖ്യയിലെ ഇടിവ് വരാൻ തുടങ്ങി, അവിവാഹിതരുടെ എണ്ണം വർദ്ധിച്ചു. ഇതെല്ലാം ലവ് ഹോട്ടലുകളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കാൻ കാരണമായി. പല ഹോട്ടലുകളും താരതമ്യേന വിലകുറഞ്ഞതും സൗകര്യപ്രദവുമായ താമസസൗകര്യം തേടുന്ന സിം​ഗിളുകളായ ആളുകൾക്കായി മാറ്റിപ്പണിതു.  

എന്നാൽ, മഹാമാരി ടൂറിസം മേഖലയെ മോശം രീതിയിൽ ബാധിക്കുമ്പോൾ ലൗ ഹോട്ടലുകളുടെ പ്രാധാന്യം വീണ്ടും കൂടുകയാണ്. ജാപ്പനീസ് ലവ് ഹോട്ടലുകൾ, COVID-19 -ന്റെ വ്യാപനം കുറയ്ക്കുന്ന ഒരു ടൂറിസം പദ്ധതിയായി പലരും ഉയർത്തിക്കാട്ടുന്നു. മണിക്കൂറുകൾക്ക് മുറികൾ വാടകയ്ക്ക് നൽകുന്ന ഈ ലവ് ഹോട്ടലുകളിൽ റിസപ്ഷനിസ്റ്റുകളുമായുള്ള മുഖാമുഖ സമ്പർക്കം ഇല്ല. അതിഥികൾ മുറിക്കുള്ളിൽ വിശ്രമിക്കുമ്പോൾ ആരും തന്നെ അവിടേയ്ക്ക് പ്രവേശിക്കില്ല. മുറിക്കുള്ളിലെ ഒരു സ്‌ക്രീൻ അല്ലെങ്കിൽ ടെലിഫോൺ വഴി മാത്രമേ സ്റ്റാഫുകളുമായി അവർ സംവദിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ഇന്നത്തെ മഹാമാരി സമയത്ത്  സുരക്ഷിതമായ ഒരു സംവിധാനം എന്ന നിലയിൽ ആളുകളിതിനെ കാണുന്നുവെന്നാണ് പറയുന്നത്. കൂടാതെ, ഈ ആധുനിക ഹോട്ടൽ മുറികളിൽ ഒരു സൂപ്പർ കിംഗ് സൈസ് ബെഡ്, കരോക്കെ മെഷീൻ, ജാക്കുസി, സൗജന്യ കോണ്ടം, കോംപ്ലിമെന്ററി കോസ്മെറ്റിക്സ്, ഒരു സെക്സ്-ടോയ് വെൻഡിംഗ് മെഷീൻ, മൂഡ് ലൈറ്റിംഗ് എന്നീ സൗകര്യങ്ങളുമുണ്ട്.  

1980 -കളിലാണ് ലവ് ഹോട്ടലുകൾ തഴച്ചുവളർന്നത്. 2000 -ത്തിൽ ഏകദേശം 30,000 -ത്തോളം ലവ് ഹോട്ടലുകളുണ്ടായിരുന്നു. എന്നാൽ, പിന്നീട് ലവ് ഹോട്ടലുകൾ കുറയാൻ തുടങ്ങി, മാത്രമല്ല കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടുകയും ചെയ്തു. അതേസമയം, ലവ് ഹോട്ടലുകൾ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റാനുള്ള രാഷ്ട്രീയ സമ്മർദ്ദവും കൂടിവന്നു. എന്നാൽ, മൂന്ന് വർഷങ്ങൾക്ക് മുമ്പ്, ഒരു ഡച്ച് ഹോട്ടലിന്റെ ഓൺലൈൻ സൈറ്റായ ബുക്കിംഗ്.കോം ജപ്പാനിലെ 349 ഹോട്ടലുകളുടെ പങ്കാളികളാവുകയുണ്ടായി. ലവ് ഹോട്ടലുകളുമായുള്ള തന്റെ കമ്പനിയുടെ പങ്കാളിത്തം ഓൺ‌ലൈനിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ടെന്ന് ജപ്പാൻ ആസ്ഥാനമായുള്ള ട്രാവൽ ഏജൻസിയിലെ ടൂർ ഡെവലപ്‌മെന്റ് ഡയറക്ടർ ജെസ് ഹല്ലംസ് പറഞ്ഞു. ജാപ്പനീസ് ആളുകൾ ലൈംഗികതയെക്കുറിച്ച് പരസ്യമായി തുറന്നു പറയാറില്ല. അതിനാൽ അവരുടെ ലൈംഗികാഭിലാഷങ്ങൾ തുറന്ന് കാണിക്കാനുള്ള ഒരു ഇടമായി ലവ് ഹോട്ടലുകൾ മാറുന്നു. അവരെ കൂടാതെ വിദേശികളും ഇവിടേയ്ക്ക് വരുന്നുണ്ടെന്നാണ് പറയുന്നത്.  

പ്രണയത്തിനും രതിക്കും വേണ്ടി മാത്രം പണിതിട്ട 'ലവ് ഹോട്ടലുകള്‍'; ഉപേക്ഷിക്കപ്പെട്ട ശേഷം ഇങ്ങനെ

click me!