
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിന്റെ സാംസ്‌കാരിക ഇടനാഴിയായ മാനവീയത്തിന് പതിനാറിന്റെ പകിട്ട്. 2001 മാര്‍ച്ച് 21 ന് വെള്ളയമ്പലത്ത് കെല്‍ട്രോണിന് മുന്നിലായുള്ള റോഡാണ് സംസ്ഥാന സര്‍ക്കാര്‍ സാംസ്‌കാരിക പരിപാടികള്‍ക്കായി തുറന്നു കൊടുത്തത്. അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രിയായിരുന്ന റ്റി.കെ. രാമകൃഷ്ണനാണ് മാനവീയം വീഥി കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള പൊതുവിടമായി ജനങ്ങള്‍ക്ക് സമര്‍പ്പിച്ചത്.
ജനകീയ പങ്കാളിത്തത്തോടെ കലാപരിപാടികള്‍ ആവിഷ്‌കരിക്കാനൊരു വേദിയായാണ് മാനവീയം വീഥി നിലകൊള്ളുന്നത്. ചിത്രകല, സംഗീതം, ചലച്ചിത്രം, നാടകം തുടങ്ങിയ കലയുടെ എല്ലാ മേഖലയിലേയും പ്രവര്‍ത്തകര്‍ക്കും ആസ്വാദകര്‍ക്കും ഒരുപോലെ ഒത്തു കൂടാനുള്ള ജനാധിപത്യ സംസ്‌കാരം പേറുന്ന തെരുവിലെ പൊതുവിടമെന്നെ ഖ്യാതി സംസ്ഥാനത്ത് മാനവീയത്തിന് മാത്രം സ്വന്തമാണ്.
2001 ല്‍ മാനവീയം വീഥി നിലവില്‍ വന്നത് മുതല്‍ നാളിതു വരെയായി നിരവധി കലാ സാംസ്‌കാരിക പരിപാടികള്‍ ഈ തെരുവിനെ സജീവമാക്കിയിട്ടുണ്ട്. ലഘു നാടകങ്ങളും, നാടന്‍ പാട്ടും ഉള്‍പ്പടെ നിരവധി കലാവിഷ്‌കാരങ്ങള്‍ക്ക് വേദിയാകുന്ന ഈ തെരുവിന് അഭിനയ നാടക പഠന കേന്ദ്രം പോലുള്ള സ്ഥാപനങ്ങളുടെയും നിരവധി കലാ സാംസ്‌കാരിക സംഘടനകളുടെയും പിന്തുണയുമുണ്ട്. ഇത്തരം വിവിധ സംഘടനകളെ ഏകോപിപ്പിച്ചു കൊണ്ട് മാനവീയം വീഥിയിലെ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് മാനവീയം തെരുവോരക്കൂട്ടം എന്ന കൂട്ടം കലാകാരന്മാരുടെ മികച്ച കൂട്ടായ്മയാണ്.
സംസ്ഥാനത്തിനാകെ മാതൃകയായി തെരുവോരത്ത് കലാവിഷ്‌കാരങ്ങള്‍ക്ക് ആതിഥ്യമരുളുന്ന മാനവീയം വീഥി പതിനാറാം വാര്‍ഷികത്തോടനുബന്ധിച്ച് 2017 ഏപ്രില്‍ 22, 23 തീയതികളിലായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 22 ശനിയാഴ്ച വൈകുന്നേരം 5.30 മുതല്‍ പ്രശസ്ത ചിത്രകാരന്‍ ബി. ഡി ദത്തന്റെ നേതൃത്ത്വത്തിലുള്ള ചുവര്‍ ചിത്രരചന, ഏപ്രില്‍ 23 ഞായറാഴ്!ച നാല് മണി മുതല്‍ നിരവധി കലാപരിപാടികള്‍ എന്നിവ പതിനാറിന്റെ നിറവില്‍ ഈ വീഥിയെ സജീവമാക്കും. രാത്രി 7 .30 മുതല്‍ അഭിനയ നാടക പഠന കേന്ദ്ര ത്തിന്റെ നേതൃത്വത്തില്‍ ഡി.രഘൂത്തമന്‍ സംവിധാനം ചെയ്ത 'പാലങ്ങള്‍' എന്ന നാടകം അരങ്ങേറും.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം