സദാചാര പൊലീസായെത്തിയ വനിതാ പൊലീസുകാര്‍ ഫേസ്ബുക്ക് ലൈവില്‍ പെട്ടു

By Web DeskFirst Published Feb 21, 2017, 7:59 AM IST
Highlights

മ്യൂസിയത്തില്‍ ഒന്നിച്ചിരുന്ന വിഷ്ണു, ആതിര എന്നിവര്‍ക്കു മുന്നിലാണ് വനിതാ പൊലീസുകാര്‍ എത്തിയത്. നിങ്ങള്‍ ഇവിടെ ഇരിക്കാന്‍ പാടില്ല എന്നായിരുന്നു പൊലീസുകാരികള്‍ പറഞ്ഞതെന്ന് ആരതി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

എന്താണ് പ്രശ്‌നമെന്നു ചോദിച്ചപ്പോള്‍ നിങ്ങള്‍ വര്‍ഗറായി ഇരിക്കുകയാണ് എന്നു പറഞ്ഞു. തങ്ങള്‍ എന്ത് വള്‍ഗറാണ് കാണിച്ചതെന്ന് വിശദീകരിക്കണം എന്നു പറഞ്ഞപ്പോള്‍ കെട്ടിപ്പിടിച്ചിരുന്നു എന്നായി. അതു ചോദ്യം ചെയ്തപ്പോള്‍, ഉമ്മ വെച്ചു എന്നായി ആരോപണം. തുടര്‍ന്ന്, ഇവരോട് പൊലീസ് സ്‌റ്റേഷനില്‍ ചെല്ലാന്‍ ആവശ്യപ്പെട്ടു. എന്താണ് തങ്ങള്‍ ചെയ്ത കുറ്റമെന്ന് എല്ലാവരുമറിയട്ടെ എന്നു പറഞ്ഞ് യുവാവ് ഇക്കാര്യം ഫേസ്ബുക്ക് ലൈവ് ചെയ്യുകയായിരുന്നു. ഇത് നിരവധി പേര്‍ കാണുകയും ഇതിനെതിരെ പ്രതിഷേധമുയരുകയും ചെയ്തു. 

അതിനെതിരെ മ്യൂസിയം പൊലീസ് സ്‌റ്റേഷനിലെ രണ്ടു പൊലീസുകാര്‍ കൂടി എത്തി. സ്‌റ്റേഷനില്‍ കൊണ്ടുപോവുമെന്ന് പറഞ്ഞ് അവര്‍ ബഹളം വെച്ചതായി വിഷ്ണു പറഞ്ഞു. തുടര്‍ന്ന്, സ്‌റ്റേഷനില്‍ പോയപ്പോള്‍, അവിടെനിന്നും ഇരുവരുടെയും വീട്ടുകാരെ വിളിച്ച് മക്കള്‍ വള്‍ഗറായി ഇരുന്നതായി പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവ്, ഇരുവരും വിവാഹിതരാവാന്‍ പോവുന്നതായും തങ്ങള്‍ക്കതില്‍ പ്രശ്‌നമില്ലെന്നും പറഞ്ഞപ്പോള്‍ ഇരുവരെയും വിടുകയായിരുന്നു.

എന്നാല്‍, മ്യൂസിയത്തില്‍ വള്‍ഗറായി ഇരുന്നുവെന്ന പരാതിയെ തുടര്‍ന്ന് ഇവരെ സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
 

click me!