എന്‍റെ സഖാവിലൂടെ എന്നിലേക്കെത്തിയ ഗാനം

By My beloved SongFirst Published Dec 21, 2018, 7:10 PM IST
Highlights

ഇതായിരുന്നു ഇഷ്ടപെട്ട വരികൾ. ഒരുപാട് അർത്ഥമുള്ള ഓരോ വരികളും ഈ കാലഘട്ടത്തിലും മുഴങ്ങി കേൾക്കേണ്ടതും ജനങ്ങൾ ഏറ്റുപാടേണ്ടതുമാണ്. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഉദയം കാണിച്ചു കൊണ്ട് ശക്തമായൊരു പൊളിറ്റിക്കൽ സ്റ്റോറി ആണ് സിനിമയിൽ എങ്കിൽ കൂടിയും ഈ ഗാനത്തിലെ വരികളിൽ രാഷ്ട്രീയം ഇല്ല. 

'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാന്‍ മറക്കരുത്

മെലഡികളും വിപ്ലവ ഗാനങ്ങളും ഒരുപാടിഷ്ടമാണെങ്കിലും എന്നുമെന്നും കേൾക്കാനും മടുപ്പ് വരാത്തതുമായ ഗാനം ഇത് തന്നെ. എന്നെ പാട്ടിലാക്കിയ എന്‍റെ പാട്ട് 'കിഴക്കു പുലരി ചെങ്കൊടി...' ആണ്.

എന്‍റെ യു.പി സ്കൂൾ കാലഘട്ടത്തിൽ റിലീസ് ആയ 'രക്തസാക്ഷികൾ സിന്ദാബാദ്' എന്ന മനോഹരമായ സിനിമയിലെ ഈ മനോഹര ഗാനം ഞാൻ ശ്രദ്ധിച്ചു കേട്ടു തുടങ്ങിയത് എന്‍റെ മോന്‍റെ അമ്മയായ ശേഷം മാത്രം. എന്‍റെ എക്കാലത്തെയും പ്രിയ നടൻ ലാലേട്ടന്‍റെ, ഞാൻ കണ്ടതിൽ വച്ചേറ്റവും നല്ല പൊളിറ്റിക്കൽ മൂവി എന്നതിൽ പരം അതിലെ പാട്ടുകൾ ഒന്നും അന്ധമായ ഇഷ്ടത്തോടെ  മനസ്സിൽ കൊണ്ട് നടന്നിരുന്നില്ല. എന്നാൽ, മോൻ ജനിച്ച ശേഷം അവനുറങ്ങാതിരിക്കുമ്പോൾ ഭർത്താവ് കണ്ടെത്തിയ താരാട്ടുപാട്ടയിരുന്നു ഇത്.

ശ്രദ്ധിച്ചു മനസ്സിരുത്തി കേട്ടാൽ ആ വരികൾ നമുക്ക് തരുന്നൊരു ആഹ്വാനമുണ്ട്

ചുവന്ന കൊടി  നെഞ്ചിലേറ്റിയ എന്‍റെ സഖാവ് അതു വച്ചു കൊടുത്തില്ലെങ്കിലേ അതിശയമുള്ളൂ. അങ്ങനെ എന്നും രാത്രി ആവർത്തിച്ചു കേട്ടുറങ്ങുന്ന മോൻ പാട്ട് നിർത്തിയാൽ അപ്പോൾ തന്നെ എഴുന്നേൽക്കുകയും ചെയ്യും. അങ്ങനെ നിർത്താതെ 'കിഴക്കു പുലരി' പാടിക്കൊണ്ടിരുന്നു ഞങ്ങളുടെ റൂമിൽ. പലതവണയും പുലർച്ചകളിലും മറ്റും ഇടവിട്ട് എഴുന്നേൽക്കുന്ന മോനു വീണ്ടും ഇത് വച്ചുകൊടുത്തു ഉറക്കിയിരുന്ന എനിക്ക് അപ്പോഴേക്കും ആ വരികൾ മനഃപാഠമായിരുന്നു.

"അവകാശങ്ങൾ പിടിച്ചു വാങ്ങാൻ
 അവശരും  ആർത്തരും അണിചേർന്നു
 കാലിൽ കാലം കെട്ടിപ്പൂട്ടിയ കാണാച്ചങ്ങല പൊട്ടിച്ചു..."

ഇതായിരുന്നു ഇഷ്ടപെട്ട വരികൾ. ഒരുപാട് അർത്ഥമുള്ള ഓരോ വരികളും ഈ കാലഘട്ടത്തിലും മുഴങ്ങി കേൾക്കേണ്ടതും ജനങ്ങൾ ഏറ്റുപാടേണ്ടതുമാണ്. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഉദയം കാണിച്ചു കൊണ്ട് ശക്തമായൊരു പൊളിറ്റിക്കൽ സ്റ്റോറി ആണ് സിനിമയിൽ എങ്കിൽ കൂടിയും ഈ ഗാനത്തിലെ വരികളിൽ രാഷ്ട്രീയം ഇല്ല. ശ്രദ്ധിച്ചു മനസ്സിരുത്തി കേട്ടാൽ ആ വരികൾ നമുക്ക് തരുന്നൊരു ആഹ്വാനമുണ്ട്.  ഇന്ന് രാഷ്ട്രീയഭേദമന്യേ, ജാതിമതഭേദമന്യേ, ലിംഗഭേദമന്യേ പുതിയൊരു കേരളം വാർത്തെടുക്കാൻ യുവതലമുറക്ക് പ്രചോദനമാകുന്ന ഏറ്റുപിടിക്കാവുന്ന വരികൾ. 

    "അലറിവിളിച്ചു അലകടലകലെ  അടിമകളല്ലിനി ജനകോടി... 
     ഇവരുടെ ചോരയിൽ ഇവിടെ പൊന്തും നവയുഗ സുന്ദര കേദാരം.. "

എന്ന് പാടി അവസാനിപ്പിക്കുന്ന ഗാനം ഓരോ ഹൃദയങ്ങളിലും ഒരുപിടി ഊർജ്ജം നൽകുന്നതാണ്. കേട്ടാലും കേട്ടാലും മതിവരാത്ത ഒരു ഗാനമായി വളരെ പെട്ടെന്ന് 'കിഴക്ക് പുലരി' മാറിയതിന്‍റെ മറ്റൊരു കാരണം അതിന്‍റെ ഈണം  തന്നെയാണ്.  പി. ഭാസ്കരൻ മാഷിന്‍റെ ആ വരികൾ, എം.ജി രാധാകൃഷ്ണൻ ഈണം നൽകി യേശുദാസും എം.ജി ശ്രീകുമാറും മത്സരിച്ചു പാടിയപ്പോൾ അതൊരു പ്രത്യേക അനുഭൂതിയായി വളർന്നു.

അങ്ങനെ മോൻ കാരണം എന്‍റെയും ഇഷ്ടപ്പെട്ട പാട്ടായി മാറുകയായിരുന്നു ഇത്

ഇന്ന് മോൻ വളർന്നു. ആറു  വയസ്സ് കഴിഞ്ഞു, ഇന്നും എന്‍റെ  പാട്ട് എന്‍റെ പാട്ട് എന്ന് പറഞ്ഞുകൊണ്ട് മൊബൈലിലും ടി.വിയിലും മുഷിയാതെ കേട്ടുകൊണ്ടിരിക്കുന്നു. അങ്ങനെ മോൻ കാരണം എന്‍റെയും ഇഷ്ടപ്പെട്ട പാട്ടായി മാറുകയായിരുന്നു ഇത്. രാഷ്ട്രീയ ഭേദമന്യേ ജനഹൃദയങ്ങളിൽ അന്നും ഇന്നും നിലകൊള്ളും ഈ ഗാനം. കയ്യിലെ  കൊടിയുടെ  നിറവും  ചങ്കിലെ ചോരയുടെ നിറവും  ചുവപ്പായിരിക്കുന്നിടത്തോളം കാലം മനസ്സിലും  നാവിൻ തുമ്പിലുമുണ്ടാകും ഈ ഗാനവും  അർത്ഥവത്തായ  ഈ  വരികളും.

പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം

 

 

click me!