പേജ് മറിയുന്തോറും  നാമൊരത്ഭുതം പ്രതീക്ഷിക്കും!

By Web TeamFirst Published Jun 28, 2018, 5:55 PM IST
Highlights
  • എന്റെ പുസ്തകം
  • വിനീത പ്രഭാകര്‍ എഴുതുന്നു
  • പോള്‍ കലാനിധിയുടെ  വെന്‍  ബ്രെത് ബികംസ് എയര്‍ (When  Breath Becomes  Air )

ഏവര്‍ക്കുമുണ്ടാവും ഒരു പുസ്തകം. ആഴത്തില്‍ ഇളക്കി മറിച്ച വായനാനുഭവം. മറക്കാനാവാത്ത ഒരു പുസ്തകാനുഭവം. പ്രിയപ്പെട്ട ആ പുസ്തകത്തെ കുറിച്ച് എഴുതൂ. വിശദമായ കുറിപ്പുകള്‍ ഫോട്ടോ സഹിതം  webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പുസ്തകം' എന്നെഴുതാന്‍ മറക്കരുത്.

മനസ്സ് തേങ്ങിക്കൊണ്ടല്ലാതെ വായിക്കാനാവാത്ത ഒരു പുസ്തകം. നാലാമത്തെ സ്‌റ്റേജ് എത്തിയ ശ്വാസകോശ  കാന്‍സര്‍ ആണ് തനിക്കെന്നും ദിവസങ്ങള്‍ എണ്ണപ്പെട്ടു  കഴിഞ്ഞെന്നും തിരിച്ചറിഞ്ഞ ഒരു ഡോക്ടര്‍ മരണത്തിനു മുമ്പായെഴുതിയ പുസ്തകം. കലാനിധിയുടെ  ജീവന്റെ പുസ്തകം എന്ന് ഇതിനെ വിളിക്കാം. 
 
അരിസോണയില്‍ തമിഴ് -തെലുങ്ക് വംശജരായ മാതാപിതാക്കളുടെ മകനായി ജനിച്ച പോള്‍ കലാനിധി സാഹിത്യത്തെയും പുസ്തകങ്ങളെയും സ്‌നേഹിച്ചാണ്  വളര്‍ന്നത്. സാഹിത്യവും മനഃശാസ്ത്രവും  തത്വജ്ഞാനവും ഒക്കെ ഇഷ്ടപ്പെട്ടിരുന്ന കുട്ടി. സാഹിത്യമാണ് തന്റെ രംഗം എന്ന  തോന്നലില്‍   ഇംഗ്ലീഷ്  സാഹിത്യത്തില്‍ ബിരുദാനന്തര  പഠനം  നടത്തി. മനുഷ്യമനസ്സും ചിന്തകളും എന്നും പോളിനെ ആകര്‍ഷിച്ചിരുന്നു. ഡോക്ടര്‍മാരുടെ മകനായിപ്പിറന്ന പോള്‍ മനസ്സെന്ന സങ്കല്‍പത്തെയും തലച്ചോറിന്റെ / ബുദ്ധിയുടെ  പ്രവര്‍ത്തനങ്ങളെയും കുറിച്ച്  കൂടുതലറിയാന്‍ ആഗ്രഹിച്ചു. ആ ആഗ്രഹങ്ങളില്‍ നിന്നുണ്ടായ  തിരിച്ചറിവായിരുന്നു ന്യൂറോളജി ആണ് തുടര്‍ന്ന് പേടിക്കേണ്ടത് എന്ന  തീരുമാനത്തിന് ആധാരം. പഠിച്ച് ന്യൂറോസര്‍ജറിയില്‍ തുടര്‍ പരിശീലനം നേടുന്ന കാലത്താണ് താന്‍ മരണത്തോടു അടുക്കും വിധം കാന്‍സര്‍ ബാധിതനാണെന്നു അദ്ദേഹം തിരിച്ചറിയുന്നത്. മരിക്കുന്നതിന് മുമ്പ് എഴുതിയതാണ് ഈ പുസ്തകം.

ന്യൂറോ സര്‍ജറി വിഭാഗത്തില്‍ എത്തുന്ന രോഗികള്‍, അവരുടെ അവസ്ഥ, ശസ്ത്രക്രിയകള്‍ എന്നിവയെപ്പറ്റി വൈദ്യശാസ്ത്ര പദങ്ങള്‍ ഉപയോഗിച്ചുതന്നെ, എന്നാല്‍ വളരെ ലളിതമായി പറയുന്നു ഡോക്ടര്‍. സാധാരണക്കാരനായ വായനക്കാരന് വായിക്കാനുതകും വിധം  തന്നെ. ശസ്ത്രക്രിയയുണ്ടാക്കുന്ന മുറിവ്  വെറും രണ്ടു  മില്ലിമീറ്റര്‍ കൂടുതല്‍ ആഴ്ന്നാല്‍ ഉണ്ടാകുന്ന പക്ഷാഘാതം ഉള്‍പ്പടെയുള്ള അവസ്ഥകളെപ്പറ്റി പറയുമ്പോള്‍ വായനക്കാരന്‍  തിരിച്ചറിയുന്നത്  ആ  ശസ്ത്രക്രിയക്ക് വേണ്ട വൈദഗ്ദ്ധ്യത്തെയും  സൂക്ഷ്മതയെയുമാണ്. പൂര്‍ണ ആരോഗ്യവാനായ പോളിനെയും ഡോക്ടര്‍ എന്ന നിലയിലുള്ള കാര്യക്ഷമതയെയുമാണ് പുസ്തകത്തിന്റെ ആദ്യപാതിയില്‍ നമ്മള്‍ കാണുന്നത്. 'കാണുന്നത്' എന്ന് മനഃപൂര്‍വം പറയുകയാണ്, കാരണം നമ്മുടെ മുന്‍പില്‍ വാക്കുകള്‍ കൊണ്ട് വരച്ചിടപ്പെട്ടത് ചിത്രമായാണ്, ദൃശ്യമായാണ്.  

സീസ്  നോട്ട്  റ്റില്‍ ഡെത്ത് ( Cease  Not  Till Death ) എന്ന രണ്ടാം ഭാഗത്തു കാണുന്നത് രോഗാതുരനായ പോളിനെയാണ്. രോഗത്തെയും മരണത്തേയും കുറിച്ചുള്ള  ആകുലതകളുമായി വന്നിരുന്ന രോഗികള്‍ക്ക് ആശ്വാസമേകിയിരുന്ന ഡോക്ടര്‍ സ്വയം മരണമുഖത്തേക്കു നോക്കി നില്‍ക്കുന്ന അവസ്ഥ. രോഗത്തോട് മല്ലിടല്‍, തിരിച്ചുവരല്‍ വീണ്ടും കീഴ്‌പ്പെടല്‍....വിങ്ങലോടെയല്ലാതെ വായിക്കാനാവില്ല അതൊന്നും. പുസ്തകം വായിക്കാന്‍ തുടങ്ങിയത്  പോള്‍ ഇപ്പോഴില്ല  എന്ന  അറിവോടുതന്നെയാണ്. എങ്കിലും ഓരോ പേജ് മറിച്ചു  ചെല്ലുമ്പോളും ഒരു അത്ഭുതം പ്രതീക്ഷിച്ചിരുന്നു, ആഗ്രഹിച്ചിരുന്നു. സാഹിത്യപ്രേമിയായ ഡോക്ടറുടെ തന്നെ രീതിക്കു പറഞ്ഞാല്‍ ഒരു ദൈവികമായ ഇടപെടല്‍ (Dues  ex  machina ) പോലെയൊന്ന്. ജീവശ്വാസം തന്നെ വിട്ടുപോകാന്‍ സമയമായി എന്നു തിരിച്ചറിഞ്ഞു  യാത്രപറഞ്ഞു പോള്‍ പോയപ്പോള്‍ വായനക്കാരന്  സ്വന്തമൊരാളെയാണ് നഷ്ടമായത് . 

 

ഭാര്യയും  ഡോക്ടറുമായ  ലൂസി  എഴുതിയ അവസാന ഭാഗത്തോടെ  പുസ്തകം തീരുന്നു. തീര്‍ന്നശേഷം  ഇന്റര്‍നെറ്റിലൂടെ  പരതി പോള്‍, ലൂസി ,മകള്‍ എന്നിവരുടെ ചിത്രങ്ങള്‍ കണ്ണീരോടെ കണ്ടു.

ഗദ്യമെന്നപോലെയല്ല കാവ്യാത്മകമായാണ് പോള്‍ എഴുതിയിരിക്കുന്നത് എന്നാണ്് ആമുഖം എഴുതിയ ഡോ. എബ്രഹാം വര്‍ഗീസ് പറയുന്നത്. അതിനോടു  യോജിക്കാതെ തരമില്ല . ഡോ. എബ്രഹാം  വര്‍ഗീസിനെയും  ആശ്ചര്യപ്പെടുത്തികൊണ്ട് പോള്‍  കടന്നുപോയി. 

ചെറിയ കാര്യങ്ങളില്‍ത്തന്നെ  പിടിച്ചുനില്‍ക്കാനാവാതെ ആത്മഹത്യയെയും മറ്റും  ശരണം പ്രാപിക്കുന്ന മനുഷ്യരുള്ള  കാലത്ത്  വായിച്ചിരിക്കേണ്ട പുസ്തകമാണിത്. 'ജീവിതം ക്ഷണപ്രഭാചഞ്ചലം ' എന്ന  തിരിച്ചറിവ്  ജീവിച്ചിരിക്കുന്ന ഓരോ നിമിഷത്തെയും ഫലപ്രദമായി  ഉപയോഗിക്കാനുള്ള  ഒരു കഴിവാണ് മനുഷ്യന് തരുന്നത്. താന്‍ പഠിച്ച ആംഗലേയ സാഹിത്യത്തിലെ ഏടുകള്‍ ഓര്‍മയില്‍ നിന്നും ജീവിതത്തിലേക്കു  കടമെടുക്കുന്നുണ്ട്  അദ്ദേഹം ഇടയ്ക്കിടെ.  പോള്‍ ജീവിച്ച ജീവിതം അറിയുന്നതിനു  വേണ്ടി ആദ്യവും, ആ  ഭാഷാഭംഗി അറിയുന്നതിനുവേണ്ടി രണ്ടാമതും  വായിച്ച പുസ്തകമാണിത്. 

(വിനീത പ്രഭാകര്‍. എഴുത്തുകാരി, ചിത്രകാരി. സാമൂഹ്യ മാധ്യമങ്ങളില്‍ എഴുതാറുണ്ട്. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ സെക്ഷന്‍ ഓഫീസര്‍. )

.......................................................

അവരുടെ പുസ്തകങ്ങള്‍:

അനില്‍ വേങ്കോട്: നിപയുടെയും ഫാഷിസത്തിന്റെയും കാലത്ത് പ്ലേഗ് വായിക്കുമ്പോള്‍

അബ്ബാസ് ഒ എം: രവി ബസ്സിറങ്ങിയ കൂമന്‍ കാവ് ഇപ്പോള്‍ ഇവിടെയാണ്

രൂപേഷ് കുമാര്‍: പുസ്തകമാകാതെ ഒഴുകിയ ചോരകള്‍!

അബിന്‍ ജോസഫ്: ഒരു നിഗൂഢവായനക്കാരന്റെ രഹസ്യരാത്രികള്‍

വി എം ദേവദാസ് : ടെസ്റ്റ് ക്രിക്കറ്റ് പോലൊരു നോവല്‍

സോണിയാ റഫീക്ക്: മനുഷ്യാ, നീ ജീനാവുന്നു!

ജെ. ബിന്ദുരാജ്: വിട്ടുപിരിയാത്തൊരു പുസ്തകം

ഫിറോസ് തിരുവത്ര: ഭൂപടം ഒരു കടലാസല്ല; അനേകം മനുഷ്യരുടെ ചോരയാണ്!
 

 

click me!