Latest Videos

ഇറോം ശര്‍മിള തോറ്റുമടങ്ങുമ്പോള്‍

By നമത്First Published Mar 11, 2017, 7:13 AM IST
Highlights

തൊണ്ണൂറു വോട്ടാണ് ഇറോം ശര്‍മിളയ്ക്കു കിട്ടിയത്. കെട്ടിവെച്ച കാശു പോലും തിരിച്ചു കിട്ടാതെ കട്ടേം പടവും മടങ്ങുമ്പോള്‍ മറ്റു ചിലതു കൂടെയാണ് പിന്‍വിളി പോലുമില്ലാതെ പടിയിറങ്ങുന്നത്. 'വിജയിക്ക് പതിനയ്യായിരത്തില്‍ ശിഷ്ടം വോട്ട്. മത്സരിച്ചത് ഗോത്രവര്‍ഗ്ഗക്കാര്‍ക്കു സംവരണം ചെയ്ത മണ്ഡലത്തിലും. 

മണിപ്പൂരി ഭാഷയില്‍ Mengoubi എന്ന വാക്കിന് നീതിഷ്ട എന്നാണര്‍ത്ഥം. സഹനത്തിനും സമരത്തിനും കാരണത്തിനുമെല്ലാം കൂടെ ജനത ചാര്‍ത്തിക്കൊടുത്ത വിളിപ്പേരാണ്. മറുപുറത്തുണ്ടായിരുന്ന മുഖ്യമന്ത്രി ഇബോബി സിങ്ങ് അഴിമതിക്കാരനെന്ന് വിക്കി ലീക്‌സുകാരെ കൊണ്ടു പോലും പറയിപ്പിച്ച കഥാപാത്രം. വാര്ത്തകളിലും പത്രങ്ങളിലും നിറഞ്ഞത് പലപ്പോഴും തെറ്റായ കാരണങ്ങള്‍ കൊണ്ട്. പക്ഷെ ജയം, ഒരുപക്ഷെ മൃഗീയ ഭൂരിപക്ഷത്തോടെയുളള ക്രൂരം പോലുമായ ജയം സിങ്ങിന്റെ കൂടെയായിരുന്നു.

എഴുത്തിന്റെ ശത്രു അമിത ഗ്ലോറിഫിക്കേഷനും വൈകാരികതയും കിടുതാപ്പും കൂടെയാണ്. ഏതാദര്‍ശവും ഏതാദര്‍ശ സമരവും ആദര്‍ശപുരുഷുവും സ്ത്രീയുമൊക്കെ കാലാന്തരത്തില്‍ വിഗ്രഹവത്കരിക്കപ്പെടും വ്യവസ്ഥിതിയാവും. ആ വ്യവസ്ഥിതി പതിയെ കടുക്കും. കുറുകും. അതായത് നിരാഹാരമിരിക്കുന്ന ഇറോം ശര്‍മ്മിളയുടെ വിപണി മൂല്യം നിരാഹാരമവസാനിപ്പിക്കുന്ന ഇറോം ശര്മ്മിളയ്ക്കില്ല. ആദര്‍ശമൂല്യം എന്ന വാക്കുപയോഗിക്കാതിരുന്നത് മനപൂര്‍വ്വമാണ്. 

വ്യവസ്ഥിതി, കൊടുക്കല്‍ വാങ്ങലുകള്‍ നിറഞ്ഞതാണ്. മൈക്ക് അണ്ണാക്കിലേക്കു കുത്തിക്കയറ്റി ഒച്ചവെക്കുന്ന ഇന്ത്യന്‍ മീഡിയ പോലെ പ്രതിഫല ശുഷ്‌കമല്ല വിദേശമീഡിയ. മിനക്കേടു കൂലിയും മാന്യമായ പ്രതിഫലവും ഉറപ്പാണ്. മീഡിയയ്ക്ക് എപ്പോഴും വേണ്ടത് സെന്‍സേഷനാണ്. നിരാഹാരം കിടന്ന ആദര്‍ശം അതായിരുന്നു. നിരാഹാരമവസാനിച്ചപ്പോള്‍ ആ സെന്‍സേഷണല്‍ വാല്യു പോയി. ചുറ്റിപ്പറ്റി നിന്ന വ്യവസ്ഥിതി പോയി. 

വാദത്തിനു വേണ്ടി, നിരാഹാരം കിടന്ന ശര്‍മിളയാണ് മത്സരിച്ചതെന്നു ചിന്തിക്കുക. കെട്ടിവെച്ച കാശു പോവാന്‍ പോവുന്നത് മുഖ്യമന്ത്രിക്കായിരിക്കും.

അവിടെയാണ് സമൂഹം തെളിയുന്നത് മൂല്യങ്ങള്‍ ഓഡിറ്റ് ചെയ്യപ്പെടുന്നത്. അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്കു വരെ സമാധാനത്തിനുളള നൊബൈല്‍ സമ്മാനം കിട്ടിയ കാലമാണ്. ബര്‍മ്മയിലെ നരഹത്യയെക്കുറിച്ച് കമാ എന്നു പോലും മിണ്ടാതിരിക്കുന്ന സൂകിക്കും കിട്ടി അതേലൊന്ന്. മിക്കവാറും സമ്മാനങ്ങള്‍ പിആര്‍ വര്‍ക്കാണ്. ഒന്നുകില്‍ ചിലരുടെ ആദര്‍ശങ്ങളിലും ജീവിതത്തിലും ആകൃഷ്ടരായി മറ്റു ചിലരു നടത്തുന്ന പിആര്‍ വര്‍ക്ക്. അല്ലെങ്കില്‍ പെയ്ഡ് ജോബ്. ഇതു രണ്ടും പ്രസക്തമല്ലെങ്കിലും ഷര്‍മിളയുടെ കാര്യത്തിലൊന്നു പറയാന്‍ സാധിക്കും. ഇതിലേതെങ്കിലുമൊന്നുണ്ടായിരുന്നെങ്കില്‍ സുകിയെക്കാള്‍ കൂടുതല്‍ സാധ്യതകള്‍ ഷര്‍മിളയ്ക്കുണ്ടായിരുന്നു. പകരം നിരാഹാരമവസാനിച്ച് സാധാരണക്കാരിയായ ഇറോം ഒരു സൈക്കിളില്‍ മണിപ്പൂരങ്ങാടിയില്‍ യാത്ര ചെയ്തു.

ഷര്‍മിള നൂറില്‍ താഴെ വോട്ടുകളുമായി തോറ്റുമടങ്ങുമ്പോള്‍ കൂടെ പോവുന്നത് ഒരുപാടു വര്‍ഷങ്ങളിലെ പട്ടിണിയാണ്. വിശപ്പാണ്. ആദര്‍ശമാണ്. സമൂഹം അവനവനെയും അപരനെയും കാണുന്ന രീതിയാണ്. സമൂഹമെന്ന നിലയില്‍ വിശ്വസിക്കുന്ന മൂല്യങ്ങളാണ്. തോല്‍വിക്കു ശേഷം നടത്തിയ പ്രസ്താവനയിലും പാഴായിപ്പോയ സമരത്തെക്കുറിച്ച്, ജീവിതത്തെക്കുറിച്ച്, ഖേദത്തിന്റെ ഇരുണ്ട ഭൂഖണ്ഡങ്ങളൊന്നും കാണാന്‍ സാധിച്ചില്ല. 

പക്ഷെ വാര്‍ത്ത വായിച്ചപ്പോഴൊരു ഖേദം. 

മണിപ്പൂരുകാര്‍ ഒരു പരാജയപ്പെട്ട ജനതയാണോ?

 

 

നമത് എഴുതിയ മറ്റു കുറിപ്പുകള്‍

അമ്മ: വിമര്‍ശനങ്ങള്‍ക്ക് മറുപടിയുണ്ട്!

ടെക്കികള്‍ അറിയാന്‍ അക്കരെനിന്നും  ചില വിപല്‍ സൂചനകള്‍!

ബ്രിട്ടീഷ് ഗ്രാമീണന്റെ അടുക്കളകാര്യത്തില്‍ മലയാളിക്ക് എന്തു കാര്യം

മഴ; വാക്കായും വരയായും

click me!