
പുസ്തകത്തില്‍നിന്നുള്ള ചില ഭാഗങ്ങളാണിത്. ഗോഡ്‌സേയുടെ നാല് ആരോപണങ്ങളും മറുപടികളും.
1. പഞ്ചാബില്‍ ഹിന്ദുക്കളുടെ വീടുകള്‍ കത്തിയെരിയുമ്പോള്‍ സ്വാതന്ത്ര്യ ദിനം ആര്‍ഭാടമായി ആഘോഷിച്ചു
സ്വാതന്ത്ര ദിനം ഗാന്ധി ഡല്‍ഹിയില്‍ ഉണ്ടാവണമെന്ന് നെഹ്‌റുവും സഹപ്രവര്‍ത്തകരും ആഗ്രഹിച്ചു. എന്നാല്‍ സ്വാതന്ത്ര്യ ദിനം വിഭജന ദിനം കൂടിയായിരുന്നതുകൊണ്ട് ഗാന്ധിജിക്ക് ആ ആഘോഷത്തില്‍ പങ്കെടുക്കാനുള്ള മാനസികനില ഉണ്ടായിരുന്നില്ല.
സ്വാതന്ത്ര്യ ദിന സന്ദേശം ആവശ്യപ്പെട്ടപ്പോള്‍ എന്റെ മനസ്സ് വരണ്ടിരിക്കുന്നതിനാല്‍ തനിക്കൊന്നും നല്‍കാനില്ല എന്നായിരുന്നു ഗാന്ധിയുടെ ഉത്തരം.
2. മുസ്ലീംലീഗിന്റെ ആവശ്യങ്ങളെല്ലാം ഗാന്ധിജി അംഗീകരിച്ചിരുന്നു.
ഗോഡ്‌സെ ഗാന്ധിജിയെ മുസ്ലിം പക്ഷപാതിയായി വിശേഷിപ്പിച്ചപ്പോള്‍ ജിന്ന, അദ്ദേഹത്തെ കടുത്ത ശത്രുവായിട്ടാണ് പ്രചരിപ്പിച്ചിരുന്നത്. ഇതില്‍ നിന്നുതന്നെ ഗോഡ്‌സെയുടെ ഈ ആരോപണങ്ങളുടെ പൊള്ളത്തരം വെളിവാകും.
3. ഗാന്ധിജി, ജിന്നയെ പ്രശംസിച്ച് സംസാരിച്ചിരുന്നു. ജിന്നയെ ആലിംഗനം ചെയ്തിരുന്നു. ദിവസവും ജിന്നയുടെ വീട്ടില്‍പോയിരുന്നു.
ലീഗിന്റെ സമ്മതത്തോടെ മാത്രമേ ബ്രിട്ടണ്‍ സ്വാതന്ത്ര്യം നല്‍കൂ എന്നതുകൊണ്ടാണ് ജിന്നയുമായി ഗാന്ധിജി സംഭാഷണം നടത്തിയത്. ജിന്നയുടെയും ഹിന്ദുമഹാസഭയുടെയും ആഗ്രഹമായിരുന്നു വിഭജനം നടക്കുന്നതുവരെ സ്വാതന്ത്ര്യം നീട്ടിവെയ്ക്കുക എന്നത്. ജിന്ന ഗാന്ധിജിയെ പലതരത്തിലും സ്വാധീനിക്കാന്‍ ശ്രമിച്ചു. പക്ഷേ നടന്നില്ല. അക്കാര്യം ഒരിക്കല്‍ ജിന്ന ഗാന്ധിക്കെഴുതിയ കത്തില്‍ തുറന്ന് പറയുന്നുമുണ്ട്.
ഗാന്ധിക്ക് ജിന്നയെഴുതിയ കത്ത്
താങ്കള്‍ ഹിന്ദുക്കളുടെ മാത്രം പ്രതിനിധിയാണെന്ന് വ്യക്തമാണ്. താങ്കളുടെ ഈ യാഥാര്‍ത്ഥ്യവും മറ്റു യാഥാര്‍ത്ഥ്യങ്ങളും താങ്കള്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്തിടത്തോളം താങ്കളോട് വാദിക്കാന്‍ എന്നെക്കൊണ്ടാവില്ല. അതുകൊണ്ടുതന്നെ താങ്കളെ പ്രേരിപ്പിക്കാനും യാഥാര്‍ഥ്യത്തിലേക്ക് കൂട്ടിക്കൊണ്ടു വരാനും വളരെ പ്രയാസമുണ്ട്.
ഗാന്ധി കൗശലക്കാരനായ ഒരു കുറുക്കനാണ്. പിന്തിരിപ്പനായ ഹിന്ദുവാണ് !
4. പാക്കിസ്ഥാന് 55 കോടി കൊടുപ്പിച്ചതിലൂടെ ഗാന്ധിയുടെ പാക്കിസ്ഥാന്‍ പ്രേമം വ്യക്തമായി.
ഇന്ത്യാ പാക്ക് വിഭജന കരാറില്‍ പാക്കിസ്ഥാന് 55 കോടി രൂപ കൊടുക്കാമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ പാക്കിസ്ഥാന്‍ കശ്മീരില്‍ നുഴഞ്ഞുകയറ്റം ആരംഭിച്ചതോടെ 55 കോടി തല്‍ക്കാലം നല്‍കേണ്ടതില്ലെന്ന് നെഹ്‌റു ഗവണ്‍മെന്റ് തീരുമാനമെടുത്തു. എന്നാല്‍ സര്‍ക്കാറിന്റെ ഈ തീരുമാനത്തെ ഗാന്ധിജി എതിര്‍ത്തു. പാക്കിസ്ഥാന് വ്യവസ്ഥകളില്‍ പറഞ്ഞ പ്രകാരം നല്‍കാനുള്ള തുക മുഴുവനായി നല്‍കണമെന്ന് അദ്ദേഹം വാദിച്ചു. ഹിന്ദു മുസ്ലീം കലാപത്തില്‍ വേദനിച്ച് നിരാഹാരം തുടര്‍ന്നുകൊണ്ടിരിക്കുന്ന കാലത്തായിരുന്നു ഇത്. അതോടെ നെഹ്‌റു സര്‍ക്കാറിന് പാക്കിസ്ഥാന് ആ പണം നല്‍കേണ്ടിവന്നു.
നേരത്തെ പറഞ്ഞുറപ്പിച്ച തുക കൊടുത്തില്ലെങ്കില്‍ അത് പുതിയ സര്‍ക്കാറിനെ കളങ്കപ്പെടുത്തുന്ന നടപടിയായിരിക്കുമെന്നും ഗാന്ധി വിശ്വസിച്ചിരുന്നു. ഇക്കാര്യങ്ങളാണ് പാക്കിസ്ഥാനോടുള്ള പ്രേമമായി ഗോഡ്‌സെ കോടതിയില്‍ ചിത്രീകരിച്ചത്.
ഗാന്ധി വിരോധിയും ബ്രാഹ്മണത്വ ദുരഭിമാനിയും മറ്റ് മതങ്ങളില്‍ പെട്ടവരോടുള്ള വിദ്വേഷവും പുലര്‍ത്തിയ സവര്‍ക്കറോടായിരുന്നു ഗോഡ്‌സെക്കു വിധേയത്വം. വിദ്യാഭ്യാസത്തിലും മറ്റെല്ലാ തൊഴിലിലും പരാജയപ്പെട്ട അയാള്‍ സവര്‍ക്കര്‍ നല്‍കിയ 75,000 രൂപയുടെ മൂലധനത്തില്‍ പത്രസ്ഥാപനം തുടങ്ങി. ഈ സഹായധനം വഴിയുള്ള നന്ദിയില്‍ നിന്നുഭവിച്ച മാനസിക അടിമത്വമാണ് ഗോഡ്‌സെയെ നയിച്ചത്.
'മുസ്‌ലിംകള്‍ പാക്കിസ്ഥാനില്‍ എന്തു ചെയ്തു എന്നു നോക്കാതെ ഇവിടെ ഹിന്ദുസ്ഥാനില്‍ ഭൂരിപക്ഷ സമൂഹമായ ഹിന്ദുക്കള്‍ മുസ്ലീങ്ങളോട് മാന്യമായി പെരുമാറണം.' എന്ന ഗാന്ധിജിയുടെ വാചകങ്ങളും ഗോഡ്‌സെയുടെ പകയെയും വെറുപ്പിനെയും ആളിക്കത്തിച്ചു.
(ശശിധരന്‍ കാട്ടായിക്കോണം എഴുതിയ ഗാന്ധിജിയെക്കുറിച്ച് ഗോഡ്‌സെ എന്ന പുസ്തകത്തില്‍നിന്ന്. പ്രസാധനം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്)
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.