ശബ്ദമില്ലാത്ത കരച്ചിലുകള്‍

By Nee EvideyaanuFirst Published Jul 15, 2017, 4:38 PM IST
Highlights

ചീരാല്‍ എന്ന ഗ്രാമത്തില്‍നിന്നും കുറച്ചകലെ, സുല്‍ത്താന്‍ ബത്തേരി പട്ടണത്തിന്റെ ഒത്ത നടുവിലേക്ക് വീടു വെച്ചു മാറുന്ന അതിയായ സന്തോഷത്തിന്റെ നാളുകളായിരുന്നു അത്. പണി തീരാറായിക്കൊണ്ടിരിക്കുന്ന വീട്ടിലേക്ക് ഇടക്കിടെ പോവും. പണി തുടരുന്ന വീടിന്റെ ഓരോ ഭാഗവും ഭാവനയില്‍ കാണും. ഇവിടെയാവും ഞാന്‍ ഇരിക്കുക. ഇവിടെയാവും ഞാന്‍ പഠിക്കുക. ഭക്ഷണം ഉണ്ടാക്കുന്നതും കഴിക്കുന്നതും ഇവിടെയാവും. ഒരു മൂന്നാം ക്ലാസുകാരിയുടെ അന്തംവിട്ട കിനാവുകളുടെ ഓരം ചേര്‍ന്ന്, ആ വീട് പതുക്കെ ഉയര്‍ന്നുയര്‍ന്നു വന്നു. 

വീടുപണിക്കു വന്ന ജോലിക്കാരുടെ ഇടയിലാണ് ആ സ്ത്രീയെ ശ്രദ്ധിച്ചത്. അവര്‍ സംസാരിക്കുന്നില്ല!

ആംഗ്യ ഭാഷയില്‍ കൂടെയുള്ളവരോട് എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നു. ഇടയ്ക്ക് ഓരോ അവ്യക്ത സ്വരങ്ങള്‍ പുറത്തുവരുന്നു. ആദ്യമായാണ് സംസാരിക്കാന്‍ കഴിയാത്ത ഒരാളെ കാണുന്നത്. കൗതുകത്തോടെയുള്ള എന്റെ നോട്ടം കൊണ്ടാണെന്ന് തോന്നുന്നു അവരെന്റെ അടുത്തുവന്ന് എന്തൊക്കെയോ ചോദിച്ചു. എനിക്കൊന്നും മനസ്സിലായില്ലെങ്കിലും, അവരോട് വല്ലാത്ത അടുപ്പം തോന്നി. 

പെരുന്നാള്‍ക്കാലം കുട്ടികളുടേതാണ്. റമദാന്‍ മാസത്തില്‍ രാത്രി കാലങ്ങളില്‍ മുതിര്‍ന്നവരോടൊന്നിച്ച് കുട്ടികളും രാത്രി നമസ്‌കാരത്തിനായി പള്ളിയില്‍ പോവും. ഭക്തിയേക്കാളേറെ സമീപത്തെ കുട്ടികളോടൊന്നിച്ച് പാതിരാത്രിയില്‍ റോഡിലൂടെ നടക്കാമെന്ന സന്തോഷമായിരുന്നു അതിന്റെ ആകര്‍ഷണം. രാത്രിയുടെ നിറവും മണവുമെല്ലാം അറിഞ്ഞറിഞ്ഞുള്ള നടത്തങ്ങള്‍. അതു കഴിഞ്ഞ് പെരുന്നാള്‍. കുട്ടികളെല്ലാം ഒന്നിച്ച് ഓരോ വീടുകളില്‍ കയറിയിറങ്ങുന്ന ദിവസം. 

വീടുപണിക്കു വന്ന ജോലിക്കാരുടെ ഇടയിലാണ് ആ സ്ത്രീയെ ശ്രദ്ധിച്ചത്. അവര്‍ സംസാരിക്കുന്നില്ല!

ആ പെരുന്നാള്‍ ദിവസം വീട്ടിലൊരതിഥി വന്നു. അവര്‍. നേരത്തെ പറഞ്ഞ സംസാരിക്കാന്‍ കഴിയാത്ത ആ സ്ത്രീ. അതിനു ശേഷം എല്ലാ പെരുന്നാള്‍ ദിവസങ്ങളിലും മുടങ്ങാതെ അവര്‍ എത്തി. 

'പൊട്ടിപ്പെണ്ണ്' എന്നാണവരെ എല്ലാവരും വിളിച്ചത്. ഉമ്മയോട് ഒരു പ്രത്യേക അടുപ്പമായിരുന്നു അവര്‍ക്ക്. തന്റെ വിശേഷങ്ങളെല്ലാം അവര്‍ ഉമ്മയോട് പറയും. അങ്ങനെ, ആംഗ്യഭാഷയില്‍ സംസാരിച്ചു കൊണ്ടിരിക്കെ, അവര്‍ പെട്ടെന്ന് വിങ്ങിപ്പൊട്ടുന്നത് കണ്ട് എന്റെ കുഞ്ഞു മനസ്സിനു പൊള്ളി. എന്തിനാണ്, അവര്‍ കരയുന്നത്?  അതും ശബ്ദമില്ലാത്ത, മുഖം നിറയെ സങ്കടം നിറച്ചുള്ള കരച്ചില്‍.  ഉമ്മ അവരെ ആശ്വസിപ്പിക്കുന്നത് കണ്ടു. 

അവര്‍ പോയിക്കഴിഞ്ഞ ശേഷം ഉമ്മയോട് ചോദിച്ചു, എന്തിനാ അവര്‍ കരഞ്ഞത്? ജോലിക്കിടയില്‍ പലരില്‍നിന്നും നേരിടേണ്ടി വരുന്ന ശാരീരിക പീഡനങ്ങളെക്കുറിച്ചു പറഞ്ഞപ്പോഴാണ് അവര്‍ കരഞ്ഞുപോയതെന്ന് ഉമ്മ പറഞ്ഞു. ഉമ്മയുടെ കണ്ണുകളിലും കണ്ണീര്‍ പാട കെട്ടുന്നതുപോലെ തോന്നിയപ്പോള്‍ ഞാനാ സംസാരം അവിടെവെച്ച് നിര്‍ത്തി. എന്തോ സങ്കടകരമായ കാര്യമായിരിക്കും അതെന്നുറപ്പിച്ചു. 

ഇത്തിരി കൂടി മുതിര്‍ന്നിട്ടും ആ കരച്ചില്‍ എന്റെ ഉള്ളില്‍ ബാക്കി നിന്നു. ഒന്നുറക്കെ നിലവിളിക്കാന്‍ പോലും കഴിയാതെ, കരഞ്ഞ് ആളെ കൂട്ടാന്‍ പോലുമാവാതെ എല്ലാം പൊള്ളലോടെ സഹക്കേണ്ടി വരുന്ന അവരുടെ അവസ്ഥയോര്‍ത്ത് എനിക്കും സങ്കടം വന്നു. എങ്ങെനയാവും അവര്‍ ഈ സങ്കടങ്ങളൊക്കെ സഹിക്കുന്നുണ്ടാവുക? അവരോട് സംസാരിക്കാന്‍ എനിക്കു കഴിയില്ലായിരുന്നുവെങ്കിലും അവരോടെനിക്ക് വല്ലാതെ സ്‌നേഹം തോന്നി. 

കുറേ കാലം കഴിഞ്ഞപ്പോള്‍ അവരെ കാണാതായി. അവരെവിടെ എന്ന് ഉമ്മയോട്് അന്വേഷിച്ചു. കുട്ടികളൊക്കെ മുതിര്‍ന്നു കാണും, അതാവും വരാത്തത് എന്നുമ്മ പറഞ്ഞു. തിരക്കുകളിലും ജീവിതത്തിന്റെ പാച്ചിലുകളിലും പതിയെപ്പതിയെ ഞാനവരെ മറന്നു തുടങ്ങി.

കോളജ് പഠനകാലത്ത് ഏതോ ഒരു രാത്രിയിലാണ്, അടുത്ത ഒരു ബന്ധു, ആയിടെ ജന്‍മം നല്‍കിയ ആണ്‍ കുഞ്ഞിന്റെ ആ കാര്യമറിഞ്ഞത്. അവന് സംസാരിക്കാന്‍ കഴിയിയില്ല. അക്കാര്യം അവന്റെ ഉമ്മ പറയുമ്പോള്‍ ഞെട്ടിപ്പോയി. ഒന്നര വയസ്സു വരെ ഉമ്മ, ഉപ്പ എന്നൊക്കെ പറഞ്ഞിരുന്നതാണ്. സ്വന്തം മോനെപ്പോലെ പലപ്പോഴും ഞാനവനെ താരാട്ട് പാടിയുറക്കാറുള്ളതാണ്. വലുതായാല്‍ അവന്റെ സംസാരം എങ്ങനെയാവും എന്നൊക്കെ അവന്‍ കുഞ്ഞായിരിക്കെ ആലോചിക്കാറുണ്ടായിരുന്നു. 

പഠിച്ചു കൊണ്ടിരുന്ന മേശപ്പുറത്ത് തല കുനിച്ചിരുന്ന് ആര്‍ത്തു നിലവിളിച്ചുപോയി, ഞാന്‍. 

അന്ന്, കുഞ്ഞിനെയും കൊണ്ട് അവള്‍ വീട്ടില്‍നിന്നിറങ്ങുന്നതുവരെ ഒന്നും മിണ്ടിയില്ല. അവര്‍ ഇറങ്ങിയതും ഉള്ളിലുള്ള കരച്ചിലെല്ലാം ഒന്നിച്ച് പുറത്തുവന്നു. പഠിച്ചു കൊണ്ടിരുന്ന മേശപ്പുറത്ത് തല കുനിച്ചിരുന്ന് ആര്‍ത്തു നിലവിളിച്ചുപോയി, ഞാന്‍. 

പിന്നെ, അവന്‍ വളര്‍ന്നു. അവന്റെ ഭാഷയെ ഞാനറിഞ്ഞു. അവനോട് സംസാരിക്കാന്‍ ഭാഷ എനിക്കൊരു തടസ്സമായില്ല. 

ഒരു ദിവസം അയല്‍പ്പക്കത്തെ കുട്ടികളുമായി കളിച്ചു കൊണ്ടിരിക്കുമ്പോള്‍ എന്തോ ചെറിയ സംഭവത്തിന്റെ പേരില്‍ മുതിര്‍ന്ന ഒരാള്‍ അവനെ പൊട്ടനെന്ന് വിളിച്ചു. അതറിഞ്ഞപ്പോള്‍ അവരെ ഓര്‍മ്മവന്നു. പൊട്ടിപ്പെണ്ണ് എന്ന് എല്ലാവരാലും വിളിക്കപ്പെട്ട ആ പാവം സ്ത്രീ. നല്ലൊരു പേരുണ്ടായിട്ടും അവരെ എല്ലാവരും വിളിച്ചിരുന്നത് അങ്ങനെയാണ്. ഇപ്പോഴിതാ ഈ കുഞ്ഞിനെയും. 

അന്നേരമാണ്, ഒരു മിന്നല്‍പ്പിണര്‍ പോലെ അക്കാര്യം മനസ്സില്‍വന്നു കത്തിയത്. അപ്പോള്‍, അവരുടെ പേരോ? ഞാനേറെ ഇഷ്ടപ്പെട്ട ആ സ്ത്രീയുടെ പേര് എന്തായിരുന്നു?. 

പൊട്ടിപ്പെണ്ണെന്ന് ഒരു സമൂഹം മൊത്തത്തില്‍ വിളിച്ച ആ സ്ത്രീയ്ക്കും ഉണ്ടാവും ഒരു പേര്. എന്നാല്‍, ഞാനടക്കം ഒരാളും ആ പേര് വിളിച്ചിട്ടേയില്ല. അവരുടെ സംസാര ശേഷിയില്ലായ്മയെ പരിഹസിച്ച് എല്ലാവരും കൂടെ ചാര്‍ത്തിക്കൊടുത്ത പേരിനപ്പുറം എനിക്കും അവരുടെ പേരറിയില്ല. അവര്‍ എന്നോട് സ്‌നേഹത്തോടെ പെരുമാറിയ നാളുകളില്‍ ഒരിക്കല്‍ പോലും അവരുടെ യഥാര്‍ത്ഥ പേരറിയാന്‍ ഞാനും ശ്രമിച്ചില്ലല്ലോ? ഞാനും അവരോട് ഇങ്ങനെ ചെയ്തല്ലോ എന്ന സങ്കടം തൊണ്ടക്കുഴിയില്‍വന്നു പൊള്ളിച്ചു. 

എന്തായിരിക്കും അവരുടെ പേര്? 

എനിക്കതറിയണമെന്ന് വല്ലാത്ത ആഗ്രഹമുണ്ട്. പക്ഷേ, എങ്ങനെ? അവരെ കാണണമെങ്കില്‍, അവരോട് അക്കാര്യം ചോദിക്കണമെങ്കില്‍, ആദ്യം ആ വിവരമറിയണം? എവിടെയാണ് അവര്‍? പിന്നൊരിക്കലും വീട്ടിലോ കണ്‍മുന്നിലോ വന്നിട്ടില്ലാത്ത ആ സ്ത്രീ ഇപ്പോള്‍ എവിടെയാണുണ്ടാവുക? 

അവരെ കാണുമ്പോള്‍, എനിക്കാ കൈകള്‍ മുറുക്കെ പിടിക്കണം. ഒരു പേരുണ്ടായിട്ടും അതു വിളിക്കാതെ, അതറിയാന്‍ ശ്രമിക്കാതെ, സമൂഹത്തിലെ മറ്റെല്ലാവരെയും പോലെ അവരെ ട്രീറ്റ് ചെയ്തതിന് എനിക്ക് ഒച്ച വറ്റിയ ശബ്ദത്തില്‍ അവരോട് മാപ്പ് ചോദിക്കണം. പക്ഷേ, അതിന് അവര്‍ എവിടെയാണ്? 

 

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!
 

 
click me!