Latest Videos

കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

By Nee EvideyaanuFirst Published Jul 11, 2017, 4:06 PM IST
Highlights

വലിയ ആവേശത്തോടും പ്രതീക്ഷകളോടും കൂടിയാണ് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈജിപ്തിലേയ്ക്ക് ജീവിതം പറിച്ചു നട്ടത്. എത്തി അല്‍പ്പം മാസങ്ങള്‍ കഴിഞ്ഞപ്പോഴേയ്ക്കും സിസിയുടെ ഭരണ അട്ടിമറി സംഭവിച്ചു. ഞങ്ങള്‍ താമസിച്ചിരുന്ന സ്ഥലത്ത് പ്രത്യക്ഷമായ പ്രതിഫലനം ആദ്യമുണ്ടായില്ലെങ്കിലും ഏത് നിമിഷവും കാര്യങ്ങള്‍ വഷളാവുമെന്ന അവസ്ഥ ഉണ്ടായിരുന്നു. അങ്ങനെ സംഭവിച്ചാല്‍, തിരികെ വരാന്‍ മനസ്സുകൊണ്ട് തയ്യാറെടുത്ത ദിവസങ്ങളായിരുന്നു അത്. 

വെളിയില്‍ പോയാല്‍ തോക്കുമായി പട്ടാളക്കാരും ടാങ്കുകളും സ്ഥിരം കാഴ്ചകളായി. അതിനിടെ ഭര്‍ത്താവിനും സഹപ്രവര്‍ത്തകര്‍ക്കും ജോലിയ്ക്ക് പോവാന്‍ അയക്കുന്ന വണ്ടി ഒരു ദിവസം അതിരാവിലെ തോക്കുചൂണ്ടി ആരോ തട്ടിക്കൊണ്ടു പോയി. ഭാഗ്യത്തിനു ഡ്രൈവറെ അവര്‍ ഉപദ്രവിച്ചില്ലെങ്കിലും വണ്ടി പോയതോടു കൂടി ആ മനുഷ്യന്റെ ജീവിതോപാധി നഷ്ടപ്പെട്ടു. 

പതിയെ, ഇത്തരം വാര്‍ത്തകള്‍ പലയിടത്തു നിന്നായി കേട്ടു തുടങ്ങി. അതോടെ വെളിയില്‍ പോവുന്നത് കഴിവതും ഒഴിവാക്കി. പോവുന്നതുതന്നെ ജാഗ്രതയോടു കൂടിയാക്കി. ഒത്തിരി സ്ഥലങ്ങളില്‍ യാത്ര ചെയ്യണമെന്ന ആഗ്രഹത്തോടെ വന്ന എനിക്ക് ഒരു കെട്ടിടത്തില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് താമസം മാറിയതു പോലെയായി. 

വെളിയില്‍ പോയാല്‍ തോക്കുമായി പട്ടാളക്കാരും ടാങ്കുകളും സ്ഥിരം കാഴ്ചകളായി.

താമസിക്കുന്ന കെട്ടിടത്തിലും ചുറ്റുമുള്ളവയിലും ഭൂരിഭാഗവും സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികളാണ്. അവര്‍ക്ക് ഇംഗ്ലീഷും എനിക്ക് അറബിയും അറിയാത്തതിനാല്‍ ആശയവിനിമയം വെറും ആംഗ്യങ്ങളില്‍ മാത്രം ഒതുങ്ങി. ആകെ ഒറ്റപ്പെട്ട അവസ്ഥ! ജീവിതം വിരസം!

വെള്ളിയാഴ്ചകളില്‍ ഞങ്ങള്‍ സമയം ചിലവാക്കുക ആകെ രണ്ടു സ്ഥലങ്ങളിലാണ്. അടുത്തുള്ള ക്യാരിഫോര്‍ സൂപ്പര്‍മാര്‍ക്കറ്റിലും തൊട്ടടുത്തുള്ള ടൗണിലെ ചെറിയൊരു മാളിലും. ആ ആഴ്ച മാളിനാണ് നറുക്ക് വീണത്. ചുമ്മാ ഓരോ കടകളും നോക്കി ചുറ്റിനടക്കുന്നതിനിടയില്‍ ഒരു കടയില്‍ എനിക്കിഷ്ടപ്പെട്ടൊരു ഷ്രഗ് കണ്ടു. പക്ഷേ കട പൂട്ടിയിട്ടിരിക്കുന്നു. അവിടുന്ന് നീങ്ങാന്‍ തുടങ്ങിയതും ഒരു മനുഷ്യന്‍ എവിടുന്നോ വേഗം അടുത്ത് വന്നു. തന്‍േറതാണ് കടയെന്നും എന്തെങ്കിലും വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ നോക്കൂ എന്ന് പറഞ്ഞ് അയാള്‍ കട തുറന്നു തന്നു. 

അകത്ത് കയറി ഉടുപ്പുകള്‍ പരതുന്നതിനിടയില്‍ ഞങ്ങള്‍ പരിചയപ്പെട്ടു. പേര് അബ്ദുള്‍ റഹ്മാന്‍, സിറിയക്കാരനാണ്. മുമ്പ് ലിബിയയില്‍ എഞ്ചിനീയറായിരുന്നു. പ്രശ്‌നങ്ങള്‍ കടുത്തതോടെ കുടുംബസമേതം സിറിയയിലേയ്ക്ക് തിരികെ പോയി. അവിടെയും അതേ പ്രശ്‌നമായിരുന്നു. അതോടെ ഈജിപ്തിലേയ്ക്ക് താമസം മാറി. ഇപ്പോള്‍ പട്ടാള അട്ടിമറിയോടു കൂടി ഇവിടെയും അനിശ്ചിതത്വം! പോവുന്നിടത്തെല്ലാം ദുരന്തം വിടാതെ പിന്തുടരുന്ന ഒരു മനുഷ്യന്‍. പക്ഷേ അയാള്‍ക്കതില്‍ ലവലേശം കൂസലില്ല. 

Photo: ആഷ രേവമ്മ

അബ്ദുള്‍ റഹ്മാന്‍ നല്ല ഭംഗിയില്‍ ഇംഗ്ലീഷ് സംസാരിക്കും. അതിനൊപ്പം ഇടതടവില്ലാതെ സിഗരറ്റു പുകഞ്ഞുകൊണ്ടിരിക്കും.

ഈജിപ്ത് ഒരു താല്‍ക്കാലിക താവളമായിട്ടാണു കരുതുന്നത്. യൂറോപ്പിലേയ്ക്ക് കുടുംബവുമായി കുടിയേറിപ്പാര്‍ക്കണമെന്നാണ് ഉദ്ദേശം. നാലു മക്കളാണുള്ളത്. ഒരു സഹോദരന്‍ പാരീസിലുണ്ട്. അവിടേയ്ക്ക് ചെല്ലാന്‍ ക്ഷണമുണ്ടെങ്കിലും അവിടെ പോവാന്‍ അത്ര താല്പര്യമില്ല. കടല്‍മാര്‍ഗ്ഗം തനിയെ ഇറ്റലിയില്‍ പോയി പതിയെ കുടുംബത്തേയും അങ്ങോട്ടേയ്ക്ക് എത്തിക്കാനാണ് പ്ലാന്‍. 

അബ്ദുള്‍ റഹ്മാന്‍ നല്ല ഭംഗിയില്‍ ഇംഗ്ലീഷ് സംസാരിക്കും. അതിനൊപ്പം ഇടതടവില്ലാതെ സിഗരറ്റു പുകഞ്ഞുകൊണ്ടിരിക്കും. എനിക്കാണെങ്കില്‍ ഇത്രയും നാള്‍ ആരെയും മനസ്സുനിറഞ്ഞ് മിണ്ടാന്‍ കിട്ടാത്തതിന്റെ തിക്കും മുട്ടലുമെല്ലാം കൂടി പുറത്തേക്കൊഴുകിയ അവസ്ഥ. ഞങ്ങള്‍ കേറിയ കട അദ്ദേഹത്തിന്റെ ഭാര്യയുടെതാണ്.  അവര്‍ ഊണു കഴിക്കാന്‍  വീട്ടില്‍ പോയിരിക്കയാണ്. 

അബ്ദുള്‍ റഹ്മാന്റേത് തൊട്ടടുത്തായൊരു കാപ്പിക്കടയാണ്. കാപ്പി കൂടാതെ കാപ്പിക്കുരു എലയ്ക്കായും പഞ്ചസാരയുമൊക്കെ ചേര്‍ത്ത് പൊടിയാക്കി കൊടുക്കുകയും ചെയ്യും. ഞങ്ങളെ അവിടേയ്ക്ക് ക്ഷണിച്ചു കാപ്പിയുണ്ടാക്കി തന്നു. 

ആദ്യമായാണ് അറബിക് സ്‌റ്റൈലിലെ കാപ്പി കുടിക്കുന്നത്,. കാപ്പിപ്പൊടിയുടെ ഫ്രഷ്‌നെസ്സും ആ മനുഷ്യന്‍ നമ്മളോട് കാണിക്കുന്ന സ്‌നേഹവും ചേര്‍ന്നപ്പോള്‍ അത്രയും രുചിയുള്ള കാപ്പി ഞാനിതുവരെ കുടിച്ചിട്ടില്ലെന്നു തോന്നി. കാപ്പിയുടെ വില എത്ര നിര്‍ബന്ധിച്ചിട്ടും വാങ്ങിയില്ല. ഇത് വെറും ഇടത്താവളം, കാശ് വരും പോവും, പക്ഷേ വല്ലപ്പോഴും വീണുകിട്ടുന്ന ഈ നിമിഷങ്ങളുടെ സന്തോഷം അതിനൊക്കെ അപ്പുറമാണ്. ഇതായിരുന്നു അദ്ദേഹത്തിന്റെ ഭാഷ്യം.

ആ മനുഷ്യന്‍ ഇപ്പോഴേത് അവസ്ഥയില്‍ ആയിരിക്കും? അറിയില്ല. 

പിന്നീടൊരിക്കല്‍ കൂടി ഞങ്ങളവിടെ പോയിരുന്നു. പുതുതായി ഒരു ഐസ്‌ക്രീം കട തുടങ്ങാന്‍ പോവുന്ന കാര്യവും മറ്റുപലതും അന്നദ്ദേഹം സംസാരിച്ചു. 

നമ്മള്‍ ചിലവഴിക്കുന്ന സമയം അദ്ദേഹത്തിന്റെ കച്ചവടത്തെ ബാധിക്കുന്നത് കൊണ്ട് അധികം നില്‍ക്കാതെ തിരികെ പോന്നു. പീന്നിട് ഞങ്ങളാ സ്ഥലത്ത് നിന്നും സിറ്റിയിലേയ്ക്ക് മാറാന്‍ തീരുമാനിച്ചു. ആ സമയമായിരുന്നു ഇറ്റലിയിലേയ്ക്ക് പോയ അഭയാര്‍ത്ഥികള്‍ (സുഡാനികള്‍ ആയിരുന്നുവെന്നാണു ഓര്‍മ്മ) ബോട്ട് മുങ്ങി മരിച്ച വിവരം പത്രത്തില്‍ വായിച്ചത്. ആ വാര്‍ത്ത അബ്ദുള്‍ റഹ്മാനെ വീണ്ടും ഓര്‍മ്മിപ്പിച്ചു. യാത്ര പറയാന്‍ ചെന്നപ്പോള്‍ ഭാര്യയെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ അല്‍പം അകലെയുള്ള പുതിയ കടയിലാണ് ആളെന്നു പറഞ്ഞു. കുറച്ചു മാസങ്ങള്‍ക്ക് ശേഷം വീണ്ടുമൊരിക്കല്‍ ഫോണില്‍ വിളിച്ചു. പക്ഷേ, പിന്നെ ഒരിക്കലും കിട്ടിയിട്ടില്ല. 

ഓരോ വട്ടവും സിറിയന്‍ അഭയാര്‍ത്ഥികളെ കുറിച്ചു വായിക്കുമ്പോള്‍, ചുരുങ്ങിയ സമയം കൊണ്ട് ഞങ്ങളുടെ ഹൃദയത്തില്‍ കൈയ്യൊപ്പ് പതിപ്പിച്ച ആ മനുഷ്യനെ ഓര്‍ക്കും. ഇപ്പോള്‍ എവിടെയായിരിക്കും ആ മനുഷ്യനെന്ന് ചിന്തിക്കും. ദുരന്തങ്ങള്‍ വിടാതെ പിന്തുടര്‍ന്നിട്ടും തളരാതിരുന്ന ആ മനുഷ്യന്‍ ഇപ്പോഴേത് അവസ്ഥയില്‍ ആയിരിക്കും? അറിയില്ല. 

എവിടെയായാലും അവിടെ പ്രകാശം പരത്തുന്നുണ്ടാവുമെന്ന് ഉറപ്പ്!

മുല്ലപ്പൂ വിപ്ലവത്തിന്റെ സംഘര്‍ഷഭരിതമായ നാളുകള്‍ക്ക് ശേഷം ആഷ രേവമ്മ ഈജിപ്ത് തെരുവുകളില്‍നിന്ന് പകര്‍ത്തിയ ചിത്രങ്ങള്‍. ആഷ പകര്‍ത്തിയ കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യാം

 


 

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

 

click me!