നവസലഫികള്‍ കേരളത്തില്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്?

By Web TeamFirst Published Jul 13, 2016, 6:06 AM IST
Highlights

ഏതാനും ആഴ്ചകള്‍ക്കുമുമ്പ്, കൗണ്‍സലറായ എന്റെ സുഹൃത്തിന് ഗള്‍ഫില്‍ നിന്ന് ഒരു കാള്‍ വന്നു. ബിരുദ വിദ്യാര്‍ത്ഥിയായ തന്റെ മകന് അടിയന്തിര കൗണ്‍സലിങ്ങ് നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആ കോള്‍. കുസാറ്റില്‍ ബി ടെക്കിന് പഠിച്ചുകൊണ്ടിരിക്കുന്ന മകന്‍ പഠനം നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണത്രേ. അടുത്ത കാലത്തായി മതാവേശം മൂത്ത് ഒരു തരം ഉന്മാദ ലക്ഷണങ്ങള്‍ കാണിക്കുന്ന അവന്‍ പഠനം അവസാനിപ്പിക്കാനുള്ള കാരണമായി പറയുന്നത്, പെണ്‍കുട്ടികള്‍ കൂടി പഠിക്കുന്ന കാമ്പസില്‍ തനിക്ക് തുടരാനാവില്ല എന്നാണ്. പെണ്‍കുട്ടികള്‍ പഠിക്കുന്ന സമ്മിശ്ര സ്ഥാപനത്തില്‍ പഠിക്കുന്നത് മതം അനുവദിക്കുന്നില്ലെന്നും ആ സാഹചര്യം തന്റെ വിശ്വാസത്തിന് കളങ്കമുണ്ടാക്കുമെന്നുമാണ് ആ വിദ്യാര്‍ത്ഥിയുടെ വാദം!

സുഹൃത്ത് ഈ അനുഭവം വിവരിച്ചപ്പോള്‍ എനിക്ക് ഒട്ടും അത്ഭുതം തോന്നിയില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ മൂടുറച്ചുകൊണ്ടിരിക്കുന്ന പ്രത്യേക വിശ്വാസി വിഭാഗത്തിന്റെ വിചിത്രമായയ പെരുമാറ്റങ്ങള്‍ക്ക് ഇത്തരം ഒരു പരിണാമം ഞാന്‍ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. ബി ടെക്ക് വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പോലും മിക്‌സഡ് സ്‌കൂളില്‍ ചേരാന്‍ വിസമ്മതിച്ച അനുഭവം മലപ്പുറം ജില്ലയില്‍ നിന്ന് ഞാന്‍ പറഞ്ഞു കേട്ടിരുന്നു. 

പല ഭാഗങ്ങളിലും യുവതീയുവാക്കളുടെ വേഷത്തില്‍ പോലും പെട്ടെന്നൊരു മാറ്റം സംഭവിച്ചിരുന്നു. നീണ്ട താടിയും മുട്ടിനു താഴെ അവസാനിക്കുന്ന പാന്റ്‌സും ജൂബയും തൊപ്പിയുമണിയുന്ന ചെറുപ്പക്കാരും മുഖംമുടി പര്‍ദ (നിഖാബ് ) ധരിക്കുന്ന യുവതികളും പെരുകി വരികയാണ്. ആ വേഷമാറ്റത്തിന് അവര്‍ക്കുള്ള ന്യായം, മതം മറ്റുമതവിശ്വാസികളുടെ വേഷം അണിയാന്‍ അനുവദിക്കുന്നില്ലെന്നാണ്. സ്ത്രീകള്‍ മുഖം മറയ്ക്കല്‍ മതപരമായ നിര്‍ബന്ധമാണെന്നാണ്. ഒരു പ്രമുഖ മുസ്ലിം പത്രത്തില്‍ ഒന്നു രണ്ട് വര്‍ഷം മുമ്പ് ഒരു വിവാഹപരസ്യം ശ്രദ്ധയില്‍ പെട്ടു. വിദ്യാസമ്പന്നയായ യുവതിക്ക് താടി നീട്ടി വളര്‍ത്തുകയും പാന്‍സ് ഞെരിയാണി വരെ മാത്രം ഇറങ്ങുകയും ചെയ്യുന്ന വരനെ മതിയെന്ന നിബന്ധന കൂടി ചേര്‍ത്തിരുന്നു!

നവസലഫിസം കേരളത്തിലേക്ക്
വിചിത്രമായ ഈ വിശ്വാസപകര്‍ച്ച നവസലഫിസത്തില്‍ നിന്ന് കടന്നുവരുന്നതാണ്. വളരെ നിശ്ശബ്ദമായി എന്നാല്‍ അതിയാഥാസ്ഥികമായി കേരള മുസ്ലിങ്ങള്‍ക്കിടയില്‍ വേരൂന്നിക്കൊണ്ടിരിക്കുന്ന ഈ സലഫികള്‍, വിപ്ലവകരവും പുരോഗമനപരവുമായ വമ്പിച്ച മാറ്റങ്ങള്‍ക്ക് കേരള മുസ്ലിങ്ങളെ പ്രേരിപ്പിച്ച മുജാഹിദ് പ്രസ്ഥാനത്തിനകത്ത് നിന്നാണ് ഉരുവം കൊണ്ടത് എന്നതാണ് ചരിത്രത്തിന്റെ ഐറണി. 

വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെയും മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെയും കെ എം സീതിസാഹിബിന്റെയുമൊക്കെ പിന്‍ഗാമികളായി, രാഷ്ട്രീയ, സാമൂഹിക, മത, വിദ്യാഭ്യാസ, സാംസ്‌കാരിക രംഗങ്ങളിലെല്ലാം വിപ്ലവം സൃഷ്ടിച്ച നവോത്ഥാന നായകരില്‍ നിന്നാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ രൂപം കൊണ്ടത്. പൗരോഹിത്യത്തെ ചോദ്യം ചെയ്തും യാഥാസ്ഥിതികതയെ വെല്ലുവിളിച്ചും മസ്ലിംങ്ങള്‍ക്കിടയിലെ പുരോഗമന സാന്നിധ്യമായി മുജാഹിദ് പ്രസ്ഥാനം നിലകൊണ്ടു. ആധുനിക വിദ്യാഭ്യാസത്തിനും സ്ത്രീ വിദ്യാഭ്യാസത്തിനും അവര്‍ പ്രോത്സാഹനം നല്‍കി. സ്‌കൂളുകളും കോളേജുകളും മതപാഠശാലകളും സ്ഥാപിച്ചു. മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും ഭാഗമായി നില്‍ക്കാന്‍ അവര്‍ ആഹ്വാനം ചെയ്തു 

പരിഷ്‌കരണ പ്രസ്ഥാനം എന്നറിയപ്പെട്ട മുജാഹിദ് പ്രസ്ഥാനം എന്നാല്‍ പില്‍ക്കാലത്ത് അല്‍പ്പാല്‍പമായി  ഗള്‍ഫ് സലഫിസത്തിന്റെ സ്വാധീന വലയത്തില്‍ അകപ്പെടുകയായിരുന്നു. സലഫി മെത്തഡോളജി (മന്‍ഹജ്) അനുസരിച്ച, മുജാഹിദ് പ്രസ്ഥാനം പിന്തുടരുന്ന പുരോഗമന പക്ഷം ആദര്‍ശത്തില്‍ നിന്നുള്ള വ്യതിയാനമായി ഗള്‍ഫ് സലഫികള്‍ പ്രചരിപ്പിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ അവിടെയുള്ള സലഫി സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മലയാളികളില്‍ ഒരു വിഭാഗം കേരളത്തില്‍ സലഫിവത്കരണത്തിന്റെ വക്താക്കളായി. ഗള്‍ഫ് സലഫികള്‍ ആളും അര്‍ത്ഥവും നല്‍കി കെട്ടിയിറക്കിയ ഒരു ധാര മുജാഹിദ് പ്രസ്ഥാനത്തില്‍ ആശയസംഘര്‍ഷം സൃഷ്ടിച്ചു. ആ സംഘര്‍ഷം മൂര്‍ച്ഛിച്ചാണ് 2002ല്‍ കേരള മുജാഹിദ് രണ്ടായി പിളര്‍ന്നത്.

മുജാഹിദ് പിളര്‍പ്പിലേക്ക് നയിച്ച ആശയ സംഘര്‍ഷങ്ങള്‍ക്ക് സിദ്ധാന്തം ചമയ്ക്കുകയും നേതൃത്വം നല്‍കുകയും ചെയ്ത മുജാഹിദ് സംഘടനാ നേതൃത്വത്തിനു വേണ്ടി നില കൊണ്ട ശുദ്ധസലഫിസത്തിന്റെ വക്താവായിരുന്നു സുബൈര്‍ മങ്കട എന്ന യുവപണ്ഡിതന്‍. അദ്ദേഹം സിദ്ധാന്തിച്ച സലഫി മെത്തഡോളജിയുടെ മാനദണ്ഡപ്രകാരം, മുജാഹിദ് യുവജന വിഭാഗം ചെയ്തുകൊണ്ടിരുന്ന സാമൂഹിക സന്നദ്ധ പ്രവര്‍ത്തനങ്ങളും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുമൊന്നും മുന്‍ഗണന അര്‍ഹിക്കുന്നില്ലെന്ന് മാതൃസംഘടനയായ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ എന്‍ എം) സ്ഥിരീകരിച്ചു. 

എന്നാല്‍ യുവവിഭാഗം ആ വീക്ഷണത്തെ നിരാകരിച്ചു. ഗള്‍ഫ് സലഫിസം ഇന്ത്യയുടെ സാമൂഹിക സാഹചര്യത്തില്‍ അസ്വീകാര്യമാണെന്ന് അവര്‍ നിലപാടെടുത്തു. അങ്ങനെയാണ് നീണ്ട സംവാദങ്ങള്‍ക്കൊടുവില്‍ പിളര്‍പ്പ് സംഭവിച്ചത്. മുജാഹിദ് സംഘടന പിളര്‍ന്നിട്ടും അതിന്റെ സൂത്രധാരന്മാര്‍ അടങ്ങിയിരുന്നില്ല. വിഭക്ത മുജാഹിദിനെ സമ്പൂര്‍ണമായി സലഫിവത്കരിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ കെ എന്‍ എം തന്നെ ഒടുവില്‍ തിരിഞ്ഞു നിന്നു. ഈ സലഫിസം ഇവിടെ നടപ്പില്ലെന്ന് തുറന്നു പറഞ്ഞു. അതോടെയാണ്, സുബൈര്‍ മങ്കടയുടെ നേതൃത്വത്തില്‍ അനുയായി വൃന്ദത്തോടെ 'നവസലഫിസം' പ്രത്യേകമായി ആരംഭം കുറിക്കുന്നത്.

ഫോട്ടോ, ചിത്രം, സംഗീതം തുടങ്ങിയ ആസ്വാദനങ്ങള്‍ ഹറാമെന്ന് (നിഷിദ്ധം) അവര്‍ കര്‍ക്കശമായി പറയുന്നു. താടി വെട്ടിച്ചുരുക്കുകയോ വടിക്കുകയയോ ചെയ്യുന്നത് ഹറാം. സ്ത്രീകള്‍ കോളജില്‍ പഠിക്കുന്നതും ജോലി ചെയ്യുന്നതും ഹറാം. സ്ത്രീകള്‍ മുഖം മൂടുന്ന പര്‍ദ്ദ ഒഴികെയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതും വീടിന് വെളിയില്‍ വരുന്നതും വേദികളില്‍ പ്രത്യക്ഷപ്പെടുന്നതും നിഷിദ്ധം. ഇങ്ങനെ നീളുന്നു ഇവരുടെ കാര്‍ക്കശ്യം. 

ആശ്രമ സലഫിസം
മതത്തിന്റെ ആദിമ വിശുദ്ധി നിലനിര്‍ത്തണമെന്ന വാദത്തെയാണ് സാമാന്യമായി സലഫിസം കൊണ്ടുദ്ദേശിക്കുന്നത്. ഇസ്ലാമിന്റെ മൗലിക വിശ്വാസത്തിലോ, കര്‍മ്മാനുഷ്ഠാനങ്ങളിലോ, വിശുദ്ധ ഖുര്‍ ആനും നബിയുടെ അദ്ധ്യാപനങ്ങള്‍ക്കും നിരക്കാത്ത യാതൊന്നും കൂട്ടിച്ചേര്‍ക്കരുതെന്ന് സലഫികള്‍ വാദിക്കുന്നു. എന്നാല്‍ സലഫി ആശയധാരയില്‍ തന്നെ ലോകവ്യാപകമായി നിരവധി ഉപവിഭാഗങ്ങളുണ്ട്. ഇവയെല്ലാം കൂട്ടിയോജിപ്പിക്കുന്ന സംഘടനയോ, നേതൃത്വമോ ഇല്ല. മാത്രമല്ല, കുഞ്ഞുകാര്യങ്ങളില്‍ പോലും അഭിപ്രായ ഭിന്നത പുലര്‍ത്തുകയും പിളരുകയും ചെയ്യുക അതിന്റെ പൊതുസ്വഭാവവുമാണ്.  സഊദി അറേബ്യയിലും മറ്റ് രാജ്യങ്ങളിലും മതപരവും രാഷ്ട്രീയവുമായ വിഷയങ്ങളില്‍ ഭിന്നതയുള്ള നിരവധി ഗ്രൂപ്പുകളുണ്ട്. അതിലൊന്നാണ് മതശാസനകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട് ജീവിക്കുന്ന 'ആത്മീയ സലഫിസം'. 

തുടക്കം സഊദിയിലായിരുന്നുവെങ്കിലും, അവിടെയുള്ള സലഫി മുഖ്യധാരയുമായി കലഹിച്ച അവര്‍ ആസ്ഥാനം യമനിലെ ദമ്മാജിലേക്ക് മാറ്റി. യമന്‍ സലഫിസം എന്നും ഇത് അറിയപ്പെടുന്നു. ആശ്രമ സമാനമായ ജീവിതമാണ് ഈ വിഭാഗത്തിന് പഥ്യം. യനമിലെ ദമ്മാജിയിലുള്ള 'ദാദുല്‍ ഹദീസ്' എന്ന സ്ഥാപനമാണ് ഇവരുടെ ലോക കേന്ദ്രം. അതിന്റെ ചുവടുപിടിച്ച് മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് അത്തിക്കാട്ട്, സുബൈര്‍ മങ്കടയുടെ നേതൃത്വത്തില്‍ ഒരു സലഫി കമ്യൂണ്‍ സ്ഥാപിച്ചിരുന്നു. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ഇപ്പോള്‍ അത് പൂട്ടി എന്നാണ് അറിയുന്നത്. കേരളത്തില്‍ നിന്ന് ഒരു സംഘം യമനിലേക്ക് പഠനാവശ്യാര്‍ഥം പലായനം ചെയ്തിരുന്നു. അതില്‍ ചിലരെ സര്‍ക്കാര്‍ ഇടപെട്ട് തിരിച്ചു കൊണ്ടുവന്നിട്ടുണ്ട്.

കാര്‍ക്കശ്യവും തീവ്രവുമായ മതജീവിതവുമാണ് 'ആശ്രമ സലഫി' കളുടെ സവിശേഷത. പ്രവാചകന്‍ ആടിനെ വളര്‍ത്തിയും കച്ചവടം ചെയ്തും ജീവിതം നയിച്ചതുകൊണ്ട്, പ്രവാചകന്റെ ചര്യ എന്ന നിലയില്‍ ഇന്നും വിശ്വാസികള്‍ ആടിനെ വളര്‍ത്തിയോ കച്ചവടം നടത്തിയോ ഉപജീവനം കണ്ടെത്തുകയാണ് ഉത്തമമെന്ന് അവര്‍ കരുതുന്നു. എഞ്ചിനിയര്‍മാരും ഡോക്ടര്‍മാരുമടങ്ങുന്ന സംഘം നിലമ്പൂരിനടുത്ത് ആടു ഫാം തുടങ്ങുന്നത് അങ്ങനെയാണ്. ഫോട്ടോ, ചിത്രം, സംഗീതം തുടങ്ങിയ ആസ്വാദനങ്ങള്‍ ഹറാമെന്ന് (നിഷിദ്ധം) അവര്‍ കര്‍ക്കശമായി പറയുന്നു. താടി വെട്ടിച്ചുരുക്കുകയോ വടിക്കുകയയോ ചെയ്യുന്നത് ഹറാം. സ്ത്രീകള്‍ കോളജില്‍ പഠിക്കുന്നതും ജോലി ചെയ്യുന്നതും ഹറാം. സ്ത്രീകള്‍ മുഖം മൂടുന്ന പര്‍ദ്ദ ഒഴികെയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതും വീടിന് വെളിയില്‍ വരുന്നതും വേദികളില്‍ പ്രത്യക്ഷപ്പെടുന്നതും നിഷിദ്ധം. ഇങ്ങനെ നീളുന്നു ഇവരുടെ കാര്‍ക്കശ്യം. 

ഒരു ബഹുസ്വര സാമൂഹ്യക്രമവുമായി ചേര്‍ന്ന് പോകാന്‍ തീവ്രസലഫിസം അനുവദിക്കുന്നില്ല. ഏറ്റവും അപകടം പിടിച്ചത്, മറ്റ് മതസ്ഥരുമായി പാരസ്പര്യത്തോടെ ജീവിക്കുന്നതിനെ വിലക്കുന്ന നിലപാടുകളാണ്. മറ്റുള്ളവരുടെ ആഘോഷങ്ങളില്‍ ആശംസ അര്‍പ്പിക്കുന്നതും ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതും മതവിരുദ്ധമായി അവര്‍ ഫത്വ നല്‍കുന്നു. ബഹുദൈവ വിശ്വാസാചാരങ്ങളും സത്യനിഷേധവും മതപരമായ കലര്‍പ്പുകളും നിലനിര്‍ക്കുന്ന ഒരു സാഹചര്യത്തില്‍ , അതിനോട് രാജിയാകാതെ മതവിശ്വാസ സംരക്ഷണാര്‍ത്ഥം ഹിജ്‌റ (പലായനം) ചെയ്യല്‍ അനിവാര്യമാണെന്നും അവര്‍ വിശ്വസിക്കുന്നു. കേരളത്തില്‍ നിന്ന് യമനിലേക്കും മറ്റ് ചിലര്‍ പലായനം ചെയ്തത് ആ വിശ്വാസമനുസരിച്ചാണ്.

'ആശ്രമ സലഫി'കളുടെ ആധികാരിക പണ്ഡിതന്മാര്‍ നേരത്തെ ബിന്‍ ലാദിനെയും സായുധ ജിഹാദിനെയും തള്ളിപറഞ്ഞതു കൂടി ചേര്‍ത്തു വായിച്ചാല്‍ 'വിശ്വാസഅനുഷ്ഠാന തീവ്രവാദം' തന്നെയാണ് 'സ്വര്‍ഗ്ഗം തേടി' യാത്രയാകാന്‍ കേരളത്തിലെ ഒരു പറ്റം യുവാക്കളെ ഇപ്പോള്‍ പ്രചോദിപ്പിച്ചതെന്ന് നിരൂപിക്കേണ്ടി വരുന്നു.

സ്വര്‍ഗം തേടിയുള്ള പലായനങ്ങള്‍
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഏതാണ്ട് രണ്ട് ഡസനോളം ആളുകള്‍  സ്ത്രീകളും കുട്ടികളുമടക്കം തിരോഭവിച്ചതിന് പിന്നിലെ കാരണങ്ങള്‍ ഇനിയും വ്യക്തമല്ല. സിറിയയിലോ അഫ്ഗാനിസ്ഥാനിലോ ശ്രീലങ്കയിലോ അതല്ല യമനിലോ അവര്‍ എത്തിച്ചേര്‍ന്നുവെന്ന് തീര്‍ത്തു പറയാനാകില്ല. അവരില്‍ ചിലര്‍ ഐ എസില്‍ ചേര്‍ന്നിരിക്കാമെന്ന് അഭ്യൂഹമുണ്ടെങ്കിലും അന്വേഷണ ഏജന്‍സികളോ സര്‍ക്കാറോ അത് സ്ഥിരീകരിച്ചിട്ടില്ല. 

നാടുവിട്ടവരെ കുറിച്ച് ലഭ്യമായ വിവരങ്ങള്‍ വെച്ചു നോക്കുമ്പോള്‍ അവര്‍ സായുധ ജിഹാദിനുവേണ്ടി ഐ എസില്‍ ചേരാന്‍ പോയതാകാനുള്ള സാധ്യത തീരെ വിരളമാണ്. അതേ സമയം 'വിശുദ്ധമായ ഒരു വാസസ്ഥലം' തേടിയുള്ള പലായനമാകാം അവരുടെ ലക്ഷ്യമെന്ന് സംശയിക്കാന്‍ ന്യായമുണ്ട് താനും. നാടുവിട്ട യുവാക്കളില്‍ അടുത്തിടെ വന്ന മാറ്റങ്ങളെ കുറിച്ച് ബന്ധുക്കള്‍ നല്കിയ വിവരം ശരിയാണെങ്കില്‍, 'ആശ്രമ സലഫിസ'ത്തില്‍ ആകൃഷ്ടയായവര്‍ ആണവര്‍ എന്ന് ഊഹിക്കേണ്ടിയിരിക്കുന്നു.  അവര്‍ വീട്ടുകാര്‍ക്ക് അയച്ച വാട്ട്‌സ് അപ്പ് സന്ദേശങ്ങളിലും, സത്യനിഷേധവും ബഹുദൈവത്വവുമില്ലാത്ത  സംശുദ്ധ ഇസ്ലാമിക രാജ്യത്ത് തങ്ങള്‍ എത്തിചേര്‍ന്നതിലുള്ള ആഹ്‌ളാദമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തങ്ങളുടെ വിശ്വാസത്തെ അസ്വസ്ഥമാക്കുന്ന സാഹചര്യങ്ങളില്‍ നിന്ന് വിട്ടു പോരാനായതില്‍ ദൈവത്തെ വാഴത്തുകയാണ് അവരിപ്പോഴുമെന്ന് അത്തരം സന്ദേശങ്ങള്‍ സൂചിപ്പിക്കുന്നു. 

'ആശ്രമ സലഫി'കളുടെ ആധികാരിക പണ്ഡിതന്മാര്‍ നേരത്തെ ബിന്‍ ലാദിനെയും സായുധ ജിഹാദിനെയും തള്ളിപറഞ്ഞതു കൂടി ചേര്‍ത്തു വായിച്ചാല്‍ 'വിശ്വാസഅനുഷ്ഠാന തീവ്രവാദം' തന്നെയാണ് 'സ്വര്‍ഗ്ഗം തേടി' യാത്രയാകാന്‍ കേരളത്തിലെ ഒരു പറ്റം യുവാക്കളെ ഇപ്പോള്‍ പ്രചോദിപ്പിച്ചതെന്ന് നിരൂപിക്കേണ്ടി വരുന്നു.

click me!