5 വര്‍ഷം മുമ്പ് പാക് മണ്ണില്‍കടന്ന് ഇന്ത്യ നടത്തിയ  മിന്നലാക്രമണത്തിന്റെ പൂര്‍ണ്ണവിവരങ്ങള്‍!

Published : Oct 10, 2016, 10:53 AM ISTUpdated : Oct 04, 2018, 07:13 PM IST
5 വര്‍ഷം മുമ്പ് പാക് മണ്ണില്‍കടന്ന് ഇന്ത്യ നടത്തിയ  മിന്നലാക്രമണത്തിന്റെ പൂര്‍ണ്ണവിവരങ്ങള്‍!

Synopsis

സെപ്തംബര്‍ 28ന് നിയന്ത്രണ രേഖ കടന്ന് ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ ആക്രമണത്തിന്റെ വിശദാംശങ്ങള്‍ ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുകയാണ്.  പാക് മണ്ണില്‍ കടന്നു നടത്തിയ ആക്രമണത്തിന്റെ വിശദാംശങ്ങള്‍ സൈന്യം തന്നെയാണ് വാര്‍ത്താ സമ്മേളനം നടത്തി പുറത്തുവിട്ടത്.  തുടര്‍ന്ന് ഇന്ത്യയാകെ, സൈന്യത്തിന് അഭിനന്ദനങ്ങളുയര്‍ന്നു. വിശദാംശങ്ങളുമായി മാധ്യമവാര്‍ത്തകള്‍ പരന്നുഭരണകക്ഷിയായ ബി.ജെ.പി ഈ വിജയം ആഘോഷിക്കുന്നതിന് മുന്‍കൈയെടുത്തു. സൈന്യത്തെ അഭിനന്ദിച്ചുവെങ്കിലും, യു.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം ഈ സൈനിക വിജയം ബി.ജെ.പി രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നുവെന്ന് പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് വിമര്‍ശനം ഉയര്‍ത്തി. കോണ്‍ഗ്രസ് നിലപാട് സൈന്യത്തെ അപമാനിക്കുന്നതാണ് എന്നതായിരുന്നു ബി.ജെ.പിയുടെ വിമര്‍ശനം. 

എന്നാല്‍, സര്‍ജിക്കല്‍ ആക്രമണങ്ങള്‍ ഇന്ത്യയ്ക്ക് പുത്തരി ആയിരുന്നില്ലെന്നാണ് പിന്നീട് പുറത്തുവന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.  ഇതുപോലെ വലിയ കൊട്ടിഘോഷത്തോടെ ആയിരുന്നില്ലെങ്കിലും മന്‍മോഹന്‍സിംഗ ഭരിക്കുന്ന സമയത്തടക്കം സൈന്യം സമാനമായ ആക്രമണങ്ങള്‍ നടത്തിയിരുന്നു. അതീവരഹസ്യമായി നടത്തിയിരുന്ന ആ ആക്രമണങ്ങള്‍, ജനങ്ങള്‍ക്കുള്ള സന്ദേശമായിട്ടല്ല, ശത്രുപക്ഷത്തെ സൈന്യത്തിനുള്ള മുന്നറിയിപ്പായാണ് അന്ന് കൈകാര്യം ചെയ്തിരുന്നത്. 

2011ല്‍ ഇന്ത്യന്‍ സൈന്യം അത്തരത്തില്‍ നടത്തിയ ഒരു സര്‍ജിക്കല്‍ ആക്രമണത്തിന്റെ ചോരമരവിപ്പിക്കുന്ന വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. മലയാളിയും 'ദി ഹിന്ദു' നാഷനല്‍ സെക്യൂരിറ്റി എഡിറ്ററുമായ ജോസി ജോസഫും 'ദി ഹിന്ദു'വിലെ മാധ്യമപ്രവര്‍ത്തക വിജിത സിംഗുമാണ് രഹസ്യ രേഖകളും വീഡിയോകളും അടക്കം പരിശോധിച്ച് ഇക്കാര്യം പുറത്തുവിട്ടത്. 

മാരകമായ പാക് സര്‍ജിക്കല്‍ ആക്രമണത്തിന് പകരമായാണ് അന്ന് ഇന്ത്യ ആക്രമണം നടത്തിയത്. പാക്ക് സൈന്യം അതിര്‍ത്തി കടന്നു കയറി  ഇന്ത്യന്‍ സൈനികരെ വധിക്കുകയും അതില്‍ രണ്ടു പേരുടെ തലയറുത്തുകൊണ്ടുപോയി പ്രദര്‍ശിപ്പിക്കുകയും ചെയ്തതിനു പിന്നാലെയാണ് ഇന്ത്യ സമാനമായ ആക്രമണം നടത്തിയത്. പകരമായി  അതിര്‍ത്തി കടന്ന് പാക് മണ്ണിലെത്തി ആക്രമണം നടത്തുകയും എട്ടു പാക് സൈനികരെ വധിക്കുകയും അവരില്‍ മൂന്നു പേരുടെ തലയറുത്തു ഇന്ത്യയിലേക്ക് കൊണ്ടു വരികയുമായിരുന്നു. കുപ്‌വാര 28 ഡിവിഷന്‍ മേധാവി ആയിരുന്ന റിട്ട. മേജര്‍ ജനറല്‍ എസ്.കെ ചക്രവര്‍ത്തിയുടെ നേതൃത്വത്തിലായിരുന്നു അന്നത്തെ സര്‍ജിക്കല്‍ ആക്രമണം. ആക്രമണം നടത്തിയതായി അദ്ദേഹം 'ദി ഹിന്ദു' പത്രത്തോട് സ്ഥിരീകരിച്ചു. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം വിസമ്മതിച്ചു. 

ഇതാണ് അന്നത്തെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ വിശദാംശങ്ങള്‍: 

തുടക്കം: 
2011 ജുലൈ 30ന് പാകിസ്താന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം അതിര്‍ത്തികടന്ന് ഇന്ത്യന്‍ മണ്ണിലെത്തി കുപ്‌വാരയിലെ ഗുഗല്‍ധാറിലുള്ള ഇന്ത്യന്‍ സൈനിക പോസ്റ്റ് ആക്രമിച്ചു. രജ്പുത്, കുമാവോണ്‍ റജിമെന്റിലെ ആറു സൈനികരായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഹവില്‍ദാര്‍ ജയ്പാല്‍ സിംഗ് ധികാരി, ലാന്‍സ് നായക് ദേവേന്ദര്‍ സിംഗ് എന്നിവരുടെ തലയറുത്ത് പാക് സൈന്യം മടങ്ങിപ്പോയി. സംഭവം റിപ്പോര്‍ട്ട് ചെയ്ത ഒരു സൈനികന്‍ പിന്നീട് ആശുപത്രിയില്‍ മരിച്ചു. പിന്നീട്, കശ്മീരില്‍ അതിര്‍ത്തി കടക്കാനുള്ള ശ്രമത്തിനിടെ ഇന്ത്യന്‍ സൈന്യം വെടിവെച്ചു കൊന്ന പാക്  ഭീകരനില്‍നിന്നും ഒരു വീഡിയോ കിട്ടി. പാക്കിസ്താന്‍ കഴുത്തറുത്തു കൊണ്ടുപോയ ഇന്ത്യന്‍ സൈനികരുടെ ശിരസ്സുകള്‍ പ്രദര്‍ശിപ്പിക്കുന്ന ദൃശ്യങ്ങളുണ്ടായിരുന്നു ഇതില്‍. ഈ വീഡിയോ 'ദി ഹിന്ദു' മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചിട്ടുണ്ട്. 

പ്രത്യാക്രമണം
ഇന്ത്യന്‍ മണ്ണില്‍ വന്നു നടത്തിയ സര്‍ജിക്കല്‍ ആക്രമണത്തിന് പകരം വീട്ടാന്‍ തീരുമാനമായി. ആകാശത്തിലൂടെയും കരയിലൂടെയും എഴ് തവണ വിശദമായ പരിശോധനകള്‍ നടത്തിയ ശേഷം ലക്ഷ്യ സ്ഥാനങ്ങള്‍ കണ്ടെത്തി. സാധ്യതയുള്ള മൂന്ന് പാക് സൈനിക പോസ്റ്റുകളെ തെരഞ്ഞെടുത്തു. ജോറിനടുത്തുള്ള പൊലീസ് ചൗക്കി പാക് സൈനിക പോസ്റ്റ്, ഹിഫാദത്ത്, ലഷ്ദത്ത് പാക് സൈനിക പോസ്റ്റുകള്‍.  ഇവയില്‍നിന്നും ഒടുവില്‍ പൊലീസ് ചൗക്കി പാക് സൈനിക പോസ്റ്റ് തെരഞ്ഞെടുത്തു. 

ഓപ്പറേഷന്‍ ജിഞ്ചര്‍
അതായിരുന്നു ആക്രമണത്തിന്റെ കോഡ് നാമം. പതിയിരിക്കാനും നാശനഷടമുണ്ടാക്കാനും സര്‍ജിക്കല്‍ ആക്രമണം നടത്താനും നിരീക്ഷണങ്ങള്‍ നടത്താനുമായി വെവ്വേറെ ടീമുകളെ തെരഞ്ഞെടുത്തു. സമയം നിശ്ചയിച്ചു. പാക് സര്‍ജിക്കല്‍ ആക്രമണം കഴിഞ്ഞ് രണ്ട് മാസം കഴിയുന്ന  ഓഗസ്റ്റ് 30ന്. അതൊരു ചൊവ്വാഴ്ച.  കാര്‍ഗില്‍ അടക്കം  പല പോരാട്ടങ്ങളിലും വിജയം കണ്ടത് ചൊവ്വാഴ്ച ആയതിനാലാണ് ആ ദിവസം തെരഞ്ഞെടുത്തത്. കൂടാതെ, അതൊരു പെരുന്നാള്‍ തലേന്നായിരുന്നു. ആ ദിവസം ഒരു തിരിച്ചടി പാക് സൈന്യം പ്രതീക്ഷിക്കാനിടയില്ല എന്നതായിരുന്നു അതിനു കാരണം. 

ആ രാത്രി
ഓഗസ്റ്റ്  29ന് പുലര്‍ച്ചെ മൂന്ന് മണിക്ക് 25 പാരാ കമാണ്ടോകള്‍ അവരവരുടെ ലോഞ്ച് പാഡിലെത്തി. കാലത്ത് 10 മണിവരെ അവരവിടെ തുടര്‍ന്നു. 10 മണിക്ക് നിയന്ത്രണ രേഖ കടന്ന് അവര്‍ പൊലീസ് ചൗക്കി പാക് സൈനിക പോസ്റ്റിന് അടുത്തേക്ക് തിരിച്ചു. പുലര്‍ച്ചെ നാല് മണിക്ക് ആക്രമണ ടീം ശത്രു ഭൂമിയിയുടെ ഉള്ളിലേക്ക് കടന്നു ചെന്നു കാത്തിരിപ്പ് തുടങ്ങി. പ്രദേശത്തിനു ചുറ്റം മൈനുകള്‍ സ്ഥാപിച്ചു. കമാണ്ടോകള്‍ നിര്‍ദേശത്തിന് കാത്തിരുന്നു. 

ആക്രമണം
കാലത്ത് ഏഴ് മണി. തങ്ങള്‍ പതിയിരിക്കുന്ന ഇടത്തേക്ക് ഒരു ജൂനിയര്‍ കമീഷന്‍ഡ് ഓഫീസറുടെ നേതൃത്വത്തില്‍ നാല് പാക് സൈനികര്‍ എത്തുന്നത് അവര്‍ കണ്ടു. അവരെത്തിയതും  കമാണ്ടോകള്‍ മൈന്‍ ആക്രമണം നടത്തി. സ്‌ഫോടനത്തില്‍ അവര്‍ നാലുപേര്‍ക്കും സാരമായി പരിക്കേറ്റു. ഉടന്‍ കമാണ്ടോകള്‍ അവര്‍ക്കു നേരെ ഗ്രനേഡ് എറിഞ്ഞു. വെടിയുതിര്‍ത്തു. ഒരു പാക് സൈനികന്‍ സമീപത്തെ ഒരു അരുവിയിലേക്ക് വീണു. ഉടന്‍തന്നെ,കമാണ്ടോകള്‍  ബാക്കി മൂന്ന് സൈനികരുടെ തലയറുത്തു. അവരുടെ യൂനിഫോമുകളും ആയുധങ്ങളും മറ്റ് സ്വകാര്യ വസ്തുക്കളും കമാണ്ടോകള്‍ എടുത്തു. ഒരു പാക് സൈനികന്റെ മൃതദേഹത്തില്‍ കമാണ്ടോകള്‍ ശക്തിയേറിയ ബോംബ് സ്ഥാപിച്ചു. ആരെങ്കിലും ആ മൃതദേഹം എടുത്താല്‍ സ്‌ഫോടനം ഉണ്ടാവുന്ന രീതിയിലായിരുന്നു അത്. 

സ്‌ഫോടന ശബ്ദം കേട്ടതും രണ്ടു പാക് സൈനികര്‍ ആ ഭാഗത്തേക്കു കുതിച്ചു. അവിടെ പതുങ്ങിയിരുന്ന രണ്ടാമതൊരു ഇന്ത്യന്‍ ടീം അവരെ തല്‍ക്ഷണം വധിച്ചു. പിന്നാലെ, മറ്റ് രണ്ട് പാക് സൈനികര്‍ കൂടി സ്ഥലത്തുവന്നു. അവര്‍ രണ്ടാം ഇന്ത്യന്‍ ടീമിനെ കുടുക്കാന്‍ നോക്കിയെങ്കിലും അവര്‍ക്കു പിറകിലായി നിന്ന മറ്റൊരു ഇന്ത്യന്‍ ടീം അവരെ രണ്ടുപേരെയും വധിച്ചു. 

അതിനിടെ, പൊലീസ് ചൗക്കിയിലേക്ക് ഒരു സംഘം പാക് സൈനികര്‍ കൂടി വന്നു. പെട്ടെന്നൊരു സ്‌ഫോടനമുണ്ടായി. മൃതദേഹത്തില്‍ സ്ഥാപിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചതാണ്. മൂന്നോളം പാക് സൈനികര്‍ ആ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം. 

അതിവേഗം മടക്കയാത്ര 
45 മിനിറ്റു നേരമാണ് ആഓപ്പറേഷന്‍ നീണ്ടു നിന്നത്. കാലത്ത് ഏഴേ മുക്കാലോടെ ഇന്ത്യന്‍ കമാണ്ടോകള്‍ നിയന്ത്രണ രേഖ മുറിച്ചുകടന്നു മടങ്ങി. ഉച്ചയ്ക്ക് 12 മണിയോടെ ആദ്യ സംഘം ഇന്ത്യന്‍ പിക്കറ്റില്‍ എത്തി. അവസാന ടീം എത്തിയത് രണ്ടരയ്ക്ക്. 48 മണിക്കൂറോളമാണ് അവര്‍ ശത്രുഭൂമിയില്‍ കഴിഞ്ഞത്. 

എട്ടു പാക് സൈനികര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മൂന്നു പാക് സൈനികര്‍ക്ക് സാരമായി പരിക്കേറ്റു. സുബേദാര്‍ പര്‍വേീസ്, ഹവില്‍ദാര്‍ അഫ്താബ്, നായിക് ഇംറാന്‍ എന്നീ പാക് സൈനികരുടെ തലയറുത്ത് കൊണ്ടുവന്നു. അവരുടെ ആയുധങ്ങളും ഒപ്പം കൊണ്ടുവന്നു. 

നെഞ്ചിടിപ്പിന്റെ നിമിഷങ്ങള്‍
അതിനിടെ ഒരു സംഭവം കൂടി നടന്നതായി രേഖകള്‍ തെളിയിക്കുന്നു. ഒരു ഇന്ത്യന്‍ സൈനികന്‍ അബദ്ധത്തില്‍ മൈനിലേക്ക് വീണ് അയാളുടെ കൈയ്ക്ക് പരിക്കു പറ്റി. സ്‌ഫോടന വിവരം അറിഞ്ഞപ്പോള്‍ ആകെ ആശങ്കകളായി. എന്നാല്‍, അല്‍പ്പനേരം കഴിഞ്ഞ് തുണക്കാരനൊപ്പം ആ സൈനികന്‍  സുരക്ഷിതനായി അവിടെ മടങ്ങിയെത്തി. 

തെളിവുകള്‍ ഇല്ല
'പാക് സൈനികരുടെ മുറിച്ചെടുക്കപ്പെട്ട ശിരസ്സുകള്‍ ഫോട്ടോ എടുത്ത ശേഷം ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം സംസ്‌കരിച്ചു. രണ്ടു ദിവസം കഴിഞ്ഞ്, മുതിര്‍ന്ന ഒരു ജനറല്‍ സൈനികരോട് ആ ശിരസ്സുകളെ കുറിച്ച് ആരാഞ്ഞു. അവ കുഴിച്ചിട്ടു എന്നറിഞ്ഞ അദ്ദേഹം കുപിതനായി. ആ തലകള്‍ വീണ്ടും കുഴിച്ച് പുറത്തെടുക്കാനും കത്തിച്ചശേഷം ചാരം കിഷന്‍ഗംഗ നദിയില്‍ ഒഴുക്കാനും അദ്ദേഹം ഉത്തരവിട്ടു. ഡിഎന്‍എ തെളിവുകള്‍ പോലും ബാക്കി വരാതിരിക്കാനായിരുന്നു അത്' -സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. 

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ
കറുവപ്പട്ടയ്ക്ക് ഗുണങ്ങൾ ഏറെ, പക്ഷേ വാങ്ങുമ്പോൾ വ്യാജനാവരുത്..!