'ചെറുപ്പത്തിലേ തോക്കുപയോ​ഗിക്കാൻ പഠിപ്പിച്ചു, രാസായുധം പട്ടികളിൽ പ്രയോ​ഗിച്ചു'; വെളിപ്പെടുത്തി ബിൻ ലാദന്റെ മകൻ

By Web TeamFirst Published Dec 2, 2022, 8:45 PM IST
Highlights

പിതാവിന്റെ സഹായി എന്റെ നായ്ക്കളിൽ രാസായുധം പരീക്ഷിച്ചു. ഇതിൽ ഞാൻ അതീവ ദുഖിതനായിരുന്നു. പിന്നെ എനിക്കവിടെ നിൽക്കാൻ കഴിഞ്ഞില്ല. ഞാൻ അഫ്​ഗാൻ വിടുന്നതിൽ ബിൻ ലാദൻ ദു:ഖിതനായിരുന്നെന്നും ഒമർ പറഞ്ഞു.

ലണ്ടൻ: അൽ-ഖ്വയ്ദ തലവനായിരുന്ന ഒസാമ ബിൻ ലാദൻ രാസായുധം തന്റെ വളർത്തുനായ്ക്കളിൽ പരീക്ഷിച്ചെന്ന് ഒസാമ ബിൻ ലാദന്റെ മകന്റെ വെളിപ്പെടുത്തൽ. തന്റെ പിൻ​ഗാമിയാകാൻ ലാദൻ നിർബന്ധിച്ചു. അതിനായി പരിശീലനം നൽകി. കുട്ടിക്കാലത്ത് തന്നെ തോക്കുകൾ പ്രയോഗിക്കാൻ പഠിപ്പിച്ചെന്നും ബിൻലാദന്റെ നാലാമത്തെ മകൻ ഒമർ അവകാശപ്പെട്ടു. ഖത്തർ സന്ദർശനത്തിനിടെ 'ദ സൺ' പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ബിൻ ലാദന്റെ ഇരയാണ് താനെന്നും പിതാവുമൊത്തുള്ള തന്റെ ജീവിതം മോശം സമയമായിരുന്നെന്നും മറക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഫ്രാൻസിലെ നോർമണ്ടിയിൽ ഭാര്യ സൈനയ്‌ക്കൊപ്പമാണ് 41കാരനായ ഒമർ താമസിക്കുന്നത്. തന്റെ ജോലി തുടരാൻ തെരഞ്ഞെടുത്ത മകനാണെന്ന് ബിൻ ലാദൻ പറഞ്ഞിരുന്നു. എന്നാൽ, സെപ്റ്റംബർ 11-ന് ന്യൂയോർക്കിൽ നടന്ന ഭീകരാക്രമണത്തിന് മാസങ്ങൾക്ക് മുമ്പ്, 2001 ഏപ്രിലിൽ അദ്ദേഹം അഫ്ഗാനിസ്ഥാൻ വിടാൻ തീരുമാനിച്ചെന്നും ഒമർ പറഞ്ഞു.

പിതാവിന്റെ സഹായി എന്റെ നായ്ക്കളിൽ രാസായുധം പരീക്ഷിച്ചു. ഇതിൽ ഞാൻ അതീവ ദു:ഖിതനായിരുന്നു. പിന്നെ എനിക്കവിടെ നിൽക്കാൻ കഴിഞ്ഞില്ല. ഞാൻ അഫ്​ഗാൻ വിടുന്നതിൽ ബിൻ ലാദൻ ദുഖിതനായിരുന്നെന്നും ഒമർ പറഞ്ഞു. ഇപ്പോൾ ചിത്രകാരനാണ് ഒമർ. കല തെറാപ്പി പോലെയാണെന്നും അദ്ദേഹം പറഞ്ഞു. അഫ്​ഗാനിൽ ജീവിച്ചതിനാൽ മലകളാണ് ഒമറിന്റെ ചിത്രങ്ങളുടെ പ്രധാന വിഷയം. മികച്ച വിലക്കാണ് ഒമറിന്റെ ചിത്രങ്ങൾ വിൽക്കുന്നത്. 1981 മാർച്ചിൽ ബിൻ ലാദന്റെ ആദ്യ ഭാര്യ നജ്‌വയുടെ മകനായി സൗദി അറേബ്യയിലാണ് ഒമർ ജനിച്ചത്. അൽ-ഖ്വയ്ദയിൽ ചേരാൻ എന്റെ പിതാവ് എന്നോട് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ തനിക്ക് ശേഷം സംഘടനെ നയിക്കാൻ തെരഞ്ഞെടുത്ത മകനാണ് ഞാൻ എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. എനിക്ക് താൽപര്യമില്ലെന്ന് അറിഞ്ഞപ്പോൾ ലാദൻ നിരാശനായെന്നും ഒമർ പറഞ്ഞു.

കൂടുതൽ ബുദ്ധിമാനായിരുന്നതുകൊണ്ടാകാം പിൻ​ഗാമിയായി തെരഞ്ഞെടുത്തത്. ബുദ്ധിയുള്ളതുകൊണ്ടാണ് ഇപ്പോൾ ജീവിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കടുത്ത മാനസിക സമ്മർദ്ദം, പരിഭ്രാന്തി എന്നിവ ഒമർ ഇപ്പോഴും അനുഭവിക്കുന്നുണ്ടെന്ന് ഭാര്യ സൈന പറഞ്ഞു. 2011 മെയ് 2 ന് പാകിസ്ഥാവിലെ അബട്ടാബാദിൽ യുഎസ് സൈന്യം ലാദനെ കൊലപ്പെടുത്തിയെന്ന വാർത്ത കേൾക്കുമ്പോൾ ഒമർ ഖത്തറിലായിരുന്നുവെന്ന് ‘സൺ’ റിപ്പോർട്ട് ചെയ്തു.

മൃതദേഹം കടലിൽ സംസ്‌കരിച്ചുവെന്നാണ് യുഎസ് ഔദ്യോഗികമായി അറിയിച്ചത്. പിതാവിനെ സംസ്‌കരിച്ചത് എവിടെയാണെന്ന് അറിയുന്നത് വളരെ നല്ലതായിരുന്നുവെന്നും എന്നാൽ അതിനുള്ള അവസരം അമേരിക്ക നൽകിയില്ലെന്നും ഒമർ പറഞ്ഞു. കടലിൽ സംസ്കരിച്ചെന്ന ഔദ്യോ​ഗിക വിശദീകരണത്തെ ഒമർ വിശ്വസിക്കുന്നില്ല. അമേരിക്കൻ ഭരണകൂടത്തിലെ ഉന്നതർക്ക് കാണാനായി മൃതദേഹം യുഎസിലേക്ക് കൊണ്ടുപോയതാണെന്നും ഒമർ കരുതുന്നു. 

22-കാരിയുടെ കൊടുംക്രൂരത, താന്‍ ആത്മഹത്യ ചെയ്‌തെന്ന് വരുത്താന്‍ മറ്റൊരു യുവതിയെ കൊന്നു!

click me!