'കോളേജ് വിദ്യാര്‍ത്ഥിയാണ്, മത്സ്യത്തൊഴിലാളിയുമാണ്, ഞങ്ങളുടെ ജീവിതം ഇങ്ങനെയൊക്കെയാണ്'

By Rini RaveendranFirst Published Aug 23, 2018, 7:17 PM IST
Highlights

ക്ലാസില്ലാത്തപ്പോള്‍ കടലില്‍ പോകും. എഞ്ചിന്‍ വര്‍ക്ക് ഷോപ്പിലും പോകും. മാമന്‍മാരുടെ കൂടെയോ, അടുത്തുള്ള ഏട്ടന്മാരുടെ കൂടെയോ ആണ് കടലില്‍ പോകുന്നത്. പതിനെട്ടാമത്തെ വയസുതൊട്ട് പോകുന്നുണ്ട്. ഓഖിയുണ്ടാകുന്നതിന് തൊട്ടുമുമ്പത്തെ ദിവസം വരെ ഞാന്‍ കടലില് പോയിരുന്നു

പ്രദീപ് 
സ്ഥലം പുതിയതുറ
വയസ് 19
കോളേജ് വിദ്യാര്‍ത്ഥി,എഞ്ചിന്‍ മെക്കാനിക്ക്, മത്സ്യത്തൊഴിലാളി

ഇതാണ്, പ്രദീപിനെ കുറിച്ചുള്ള ചുരുക്കവിവരം. ആലുവയിലെ രക്ഷാപ്രവര്‍ത്തനം കഴിഞ്ഞ്, ഞായറാഴ്ചയാണ് പ്രദീപ് തിരികെയെത്തിയത്. പ്രായം പത്തൊമ്പതാണ്. കോളേജ് വിദ്യാര്‍ത്ഥിയാണ്. തുമ്പ, സെന്‍റ് സേവിയേഴ്സ് കോളേജില്‍, മലയാളം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനാണ് വിഷയം. രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം ചേരാനായതാണ് ഏറ്റവും വലിയ സന്തോഷമെന്ന് വിശ്വസിക്കുന്നവനാണ്. ഒരുപക്ഷെ, രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്ന മത്സ്യത്തൊഴിലാളികളില്‍ ഏറ്റവും പ്രായം കുറഞ്ഞയാളും പ്രദീപായിരിക്കും.

''വീട് പുതിയതുറ ആണ്. ഇവിടുന്ന് വള്ളക്കാര് പോകുന്നുവെന്നറിഞ്ഞപ്പോഴേ ഞാനും വരുന്നുണ്ടെന്ന് പറഞ്ഞു. പക്ഷെ, അവര്‍ സമ്മതിച്ചില്ല. ബുദ്ധിമുട്ടാകും, അവിടുത്തെ അവസ്ഥ എന്താണെന്നറീല്ല എന്നൊക്കെ പറഞ്ഞായിരുന്നു അത്. ഞാനാണെങ്കില്‍ എഞ്ചിന്‍ വര്‍ക്ക് ഷോപ്പില്‍ പോകുന്നുണ്ടായിരുന്നു. അതുകൊണ്ട് എഞ്ചിന് എന്തെങ്കിലും തകരാറുണ്ടായാല്‍ അത് പരിഹരിക്കാനറിയാം. അതും പറഞ്ഞാണ് ഒടുവിലെന്നെ കൊണ്ടുപോകാമെന്ന് സമ്മതിച്ചത്. ആലുവയാണ് ആദ്യം പോയത്. പതിനേഴിനാണ് പോകുന്നത്. അന്ന് ആരേയും രക്ഷിക്കാനൊന്നും പോകാന്‍ സമ്മതിച്ചില്ല. പൊലീസും ആംബുലന്‍സുമൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ, അന്നുരാത്രി നമുക്കുറങ്ങാനായില്ല. കാരണം, അത്രയും ദയനീയാവസ്ഥയായിരുന്നു അവിടെ. കുറേപ്പേരുടെ കരച്ചിലും, സങ്കടങ്ങളും കേറിക്കേറി വരുന്ന വെള്ളവും.''

'' പക്ഷെ, പിറ്റേന്ന് രാവിലെ ഞങ്ങളെല്ലാം റെഡിയായി. വള്ളവും മറ്റുകാര്യങ്ങളുമെല്ലാം റെഡിയാക്കി വച്ചു. അങ്ങനെ ആളുകളെ എടുക്കാന്‍ തുടങ്ങി. ഓരോ ട്രിപ്പ് പോയി കുറച്ചുപേരെ കൊണ്ടുവന്നതിനുശേഷമാണ് ബാക്കിയുള്ളവരെല്ലാം വന്നത്. അതിനിടയില്‍ നേവിയുടെ എഞ്ചിന്‍ തകരാറായി. എന്നോട് നോക്കാന്‍ പറഞ്ഞു. നോക്കി. അത് ശരിയാക്കി. അവര് ഭയങ്കര കയ്യടിയൊക്കെ ആയിരുന്നു. '' 

അന്ന് കഴിഞ്ഞതൊക്കെ ഓര്‍ക്കുമ്പോള്‍ ഒരു സ്വപ്നം പോലെയാണെന്ന് പ്രദീപ്. '' മാനസികാസ്വാസ്ഥ്യമുള്ളൊരാള് ഉണ്ടായിരുന്നു. വയ്യാതിരിക്കുവാരുന്നു. അതൊക്കെ കണ്ടപ്പോ നമ്മളാകെ തകര്‍ന്നുപോയി. അസുഖം കാരണം കാലൊന്നും വെള്ളം നനച്ചൂടാത്തവരൊക്കെ ഉണ്ടായിരുന്നു. അവരെയൊക്കെ ചുമന്ന് വള്ളത്തിലെത്തിച്ചു. വെള്ളത്തിലും ചെളിയിലുമൊക്കെ നമ്മള് തന്നെ ഇറങ്ങേണ്ടി വന്നു. പലയിടത്തും നീന്തിയാണ് പോയത്. വെള്ളം മാത്രമല്ല ഭയക്കേണ്ടിയിരുന്നത്. നെറയെ പാമ്പും ഉണ്ടായിരുന്നു.''

പതിനെട്ടാമത്തെ വയസുമുതല്‍ താന്‍ കടലില്‍ പോയിത്തുടങ്ങിയെന്ന് പ്രദീപ്. '' ക്ലാസില്ലാത്തപ്പോള്‍ കടലില്‍ പോകും. എഞ്ചിന്‍ വര്‍ക്ക് ഷോപ്പിലും പോകും. മാമന്‍മാരുടെ കൂടെയോ, അടുത്തുള്ള ഏട്ടന്മാരുടെ കൂടെയോ ആണ് കടലില്‍ പോകുന്നത്. പതിനെട്ടാമത്തെ വയസുതൊട്ട് പോകുന്നുണ്ട്. ഓഖിയുണ്ടാകുന്നതിന് തൊട്ടുമുമ്പത്തെ ദിവസം വരെ ഞാന്‍ കടലില് പോയിരുന്നു. കടലില് പോകുമ്പോ പേടിയുണ്ടാകും. അവിടെ നാല് ചുറ്റും വെള്ളമല്ലേ... എന്തെങ്കിലും സംഭവിച്ചാല്‍ രക്ഷപ്പെടാനും രക്ഷപ്പെടുത്താനും നമ്മളേയുള്ളൂ. ''

പോകുമ്പോള്‍ തുടങ്ങിയ മഴയായിരുന്നു. തിരികെ വരും വരെ ആ മഴ കൊണ്ടതിന്‍റെ തളര്‍ച്ചയിലാണ് പ്രദീപ്. മെഡിക്കല്‍ ടീം വന്ന് പരിശോധിച്ചിരുന്നു ഇന്നെന്നും പ്രദീപ് പറയുന്നു, ''മേല് വേദനയുണ്ട്. തളര്‍ച്ചയും. മഴ കൊണ്ടതിന്‍റെയാണെന്ന് തോന്നുന്നു. എന്നാലും, ഭയങ്കര സമാധാനമുണ്ട്. കാരണം, ഒരിക്കലും ഇങ്ങനെയൊരു കാര്യം നാടിനു വേണ്ടി ചെയ്യാനാകുമെന്ന് കരുതിയതല്ല. അതില്‍ പങ്കാളിയായി. എവിടെപ്പോയാലും നമ്മള്‍ കടപ്പുറത്തുകാരെ അവഗണിക്കുന്നവരുണ്ട്. അതെന്തുകൊണ്ടാണെന്ന് ചിന്തിക്കാറുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം കഴിഞ്ഞപ്പോഴാണ് പലരും നമ്മളെ കുറിച്ച് ചിന്തിച്ചെങ്കിലും തുടങ്ങിയത്. ''

എപ്പോള്‍ വേണമെങ്കിലും മാറിമറിഞ്ഞേക്കാവുന്ന കാലാവസ്ഥയില്‍, ആരും രക്ഷിക്കുമെന്നുറപ്പില്ലാതെ കടലില്‍ പോകുന്നവരാണവര്‍. ആത്മവിശ്വാസവും, കൂടെയുള്ള മനുഷ്യരുടെ മേലിലുള്ള വിശ്വാസവുമാണ് അവരെ മുന്നോട്ട് നയിക്കുന്നത്. ''ഇന്ന് നമ്മളൊരാളുടെ ജീവിതം രക്ഷിക്കുമ്പോള്‍ അവര്‍, എന്നെങ്കിലും, ഏതെങ്കിലും ഒരവസ്ഥയില്‍, തിരിച്ച് നമ്മുടെ ജീവനും രക്ഷിക്കുമെന്ന വിശ്വാസമാണ്. എല്ലാ മനുഷ്യരേയും മുന്നോട്ട് നയിക്കുന്നത് ഇത്തരം വിശ്വാസമല്ലേ... '' ഒരു പ്രപഞ്ചസത്യത്തെ എത്ര ലളിതമായി ഒരു പത്തൊമ്പതുകാരന്‍ പറഞ്ഞു തരുന്നു. അല്ലെങ്കിലും അനുഭവത്തേക്കാള്‍ വലിയ അറിവെന്താണ്. 

click me!