
ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍.
വരണ്ട ഡിസംബർ- ജനുവരി മാസങ്ങളെയും ഏപ്രിൽ ചൂടിനെയും പഴിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്നൊരിടിവെട്ടി വേനൽമഴയിങ്ങെത്തും. പച്ചമണ്ണിന്‍റെ മണം നിറയും. 'ആയിരം വേനലിന് അര വർഷം' എന്ന കണക്കെ ഏപ്രിൽ വറുതികൾ മറക്കും. അത്രയും നാൾ മണ്ണിനടിയിൽ ഒളിച്ചിരുന്ന ലില്ലിപ്പൂക്കൾ മുറ്റത്തൊക്കെ കുട നിവർക്കും. രാത്രിയിൽ തവളക്കുട്ടന്മാർ മുറ്റം മുറിച്ചു കടക്കും. പകലാണെങ്കിൽ ഓരോ ഇടിവെട്ടുന്നതിനുമൊപ്പം പറമ്പിലെവിടെയെങ്കിലും കൂൺ മുളച്ചോന്ന് തിരഞ്ഞിറങ്ങും. കാറ്റിനൊപ്പം ആടിയുലയുന്ന കമുകിൻ തലപ്പുകളെ നോക്കി ഭീതിയോടെ കണ്ണിറുക്കിയടയ്ക്കും.
കുട്ടിക്കാലത്താണെങ്കിൽ, മക്കൾക്കൊപ്പം കൂട്ടിയെടുത്തും മോടിപിടിപ്പിച്ചെടുത്തതുമായ വീടിനുള്ളിൽ അത്തമ്മാ പാത്രങ്ങളുമായി ചോർച്ചയുള്ളിടത്തേയ്ക്ക് നീങ്ങും. ബഷീറിന്റെ 'പാത്തുമ്മയുടെ ആട്' വായിക്കുമ്പോഴൊക്കെ ആ വീടാണ് എന്‍റെ മനസിൽ നിറയുക. മക്കളുടെയൊന്നും വീട്ടിൽ രണ്ട് ദിവസത്തിൽ കൂടുതൽ അത്തമ്മ തങ്ങാറില്ലായിരുന്നു. 'എന്റെ ആടേ...കോഴിയേ...' എന്ന് എപ്പോഴും മുട്ടൻ ന്യായം നിരത്തും.
അത്തമ്മയുടെ പുന്നാര ആടെന്ന ഭാവം മാറിമാറി വരുന്ന എല്ലാ ആടുകൾക്കുമുണ്ടായിരുന്നു. അതിലൊരെണ്ണം, പ്ലാവില നിർബന്ധിച്ച് വായിൽ കുത്തിത്തിരുകിയ എന്നെ നിർദാക്ഷിണ്യം ഇടിച്ചു താഴെ ഇട്ടു. പിന്നീട് ഒരിക്കലും ആ പരിസരത്ത് ക്ഷേമാന്വേഷണവുമായി ഞാൻ ചെന്നിട്ടില്ല. വന്നുകയറി ആധിപത്യമുറപ്പിച്ച് കെട്ട്യോളും കുട്ട്യോളുമായി കഴിയുന്ന കണ്ടൻപൂച്ചകളും പൊരുന്നയിരിക്കുന്നതും അല്ലാത്തതുമായ കോഴികളും വേറെ ഉണ്ടല്ലോ. അത്തമ്മ എല്ലാ വർഷവും പുതിയ കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചു. പൊരുന്നക്കോഴിയുടെ അടുത്തെങ്ങും ചെന്നുപെടാതിരിക്കാൻ ഞാൻ എപ്പോഴും ജാഗ്രത പുലർത്തി. ഉള്ളി തൊലി കളയുന്ന ലാഘവത്തോടെ അത്തമ്മ ഓരോ കുഞ്ഞു ജീവനേയും മുട്ടത്തോടു പൊളിച്ച് മുറ്റത്തേക്കെറിഞ്ഞു. യാതൊരു കൂസലുമില്ലാതെ അവയോരോന്നും മണ്ടിമണ്ടിപ്പോകുന്നതു ഞാൻ വാ പൊളിച്ചു നോക്കിനിന്നു. അവരുടെയെല്ലാം രാസാത്തിയായി ലുങ്കിയും നിറമുള്ള ബ്ലൗസും ഉടുത്ത്, തലയിൽ പച്ചയോ ചുവപ്പോ കടുംവർണ്ണത്തിലുള്ള ചന്തമുള്ള തട്ടം മുറുക്കിക്കെട്ടി, കയ്യാലപ്പടിയിൽ കൈമുട്ടുകളൂന്നി അത്തമ്മ നാട്ടുകാര്യം തിരക്കി.
കച്ചവടത്തിൽ- വാങ്ങുന്നതിലും വിൽക്കുന്നതിലും- അത്തമ്മ നല്ല പ്രാഗൽഭ്യം പ്രദർശിപ്പിച്ചു. കൂടയിൽ നിറയെ പുതിയ കോഴിക്കുഞ്ഞുങ്ങളുമായി വരുന്ന തമിഴനുമായി അത്തമ്മ കച്ചവടമുറപ്പിയ്ക്കുന്നതു കാണാൻ ബഹുരസമാണ്. അതിനായി ഞങ്ങൾ ചുറ്റും കൂടും. അയാളിൽ നിന്ന് പുതിയ കോഴിക്കുഞ്ഞുങ്ങളെ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചുകൊണ്ട് വീട്ടിലേക്കുള്ള ഒതുക്കുകല്ലുകൾ ചുമടുമായിറക്കും. വില പറയുമ്പോൾ കണിശക്കാരിയായി മാറും. മൂന്നാല് തവണ ഈ കയറ്റിയിറക്കം ആവർത്തിച്ചു കഴിയുമ്പോൾ അയാൾ അത്തമ്മ പറഞ്ഞ വിലയ്ക്ക് കച്ചവടം ഉറപ്പിക്കും. അയാളോട് കുശലമൊക്കെ ചോദിച്ച് കൊട്ട താങ്ങി തലയിൽ വെച്ചുകൊടുത്ത് യാത്രയാക്കും. കോഴികൾ മാത്രമല്ല, മൺചട്ടികളും ഇങ്ങനെ ആയിരുന്നു വാങ്ങിയിരുന്നത്.
മഴക്കാലമാകുന്നതോടെ കിണർ നിറഞ്ഞ് വെള്ളം പഞ്ചാരമണൽ വിരിച്ച അടുക്കളപ്പുറത്തുകൂടി ഒഴുകി. ചിരട്ടയിൽ മണ്ണു നിറച്ച് അത്തമ്മ വീട്ടിലില്ലാത്ത നേരം നോക്കി മണ്ണപ്പം ചുട്ടെടുക്കുന്ന മുറ്റത്ത് വെള്ളം ചാലുകൾ കീറി. മാമ്പഴത്തിനു വേണ്ടിയുള്ള രാവിലത്തെ ഓട്ടവും ഉറക്കപ്പിച്ചിനിടയിലുള്ള പരതലും ഒക്കെ മറന്നു തുടങ്ങും. വീട്ടിലേക്കുള്ള വഴിയിൽ നിന്നിരുന്ന വലിയ മാവ് വെട്ടിമാറ്റിയതോടെ മാമ്പഴക്കാലങ്ങളും അധികം വൈകാതെ അകന്നുപോയി.
ഊത്ത പിടിച്ച മീനോ, വലയിട്ടു പിടിച്ച മീനോ അടുക്കളയിൽ മൊരിഞ്ഞു. നീട്ടി വിരിച്ച വലയിൽ പലതരം മീനുകൾ പിടഞ്ഞു. ഉച്ചയൂണിനിരിക്കുമ്പോൾ പക്ഷേ, അതൊക്കെ മറന്നിട്ടുണ്ടാകും. അടുക്കളത്തിണ്ടിലും കയ്യാലപ്പുറത്തുമായി നട്ടുപിടിപ്പിച്ച തഴുതാമ വള്ളികൾ ആർത്തുകയറി. വീടിനു തൊട്ടടുത്തുകൂടി ഒരു കൈത്തോടൊഴുകി. മഴക്കാലം മുഴുവൻ അത്തമ്മ അവിടെ തല്ലിയലക്കി. രാത്രിമഴയ്ക്കൊപ്പം ഉറങ്ങാൻ കിടക്കുമ്പോൾ കൂമന്‍റെയും പാക്കാന്‍റെയും കഥകൾ പടികടന്നുവന്നു. ഇരുട്ടിൽ, കള്ളുഷാപ്പിൽ നിന്ന് നടന്നുപോകുന്ന വർക്കിയാശാന്‍റെ പാട്ടുകൾ മഴയിലേക്കിറങ്ങിപ്പോയി.