അര്‍മാദിച്ചോളൂ, പക്ഷേ, കൂടെ കൂട്ടിയവരെ മറക്കരുത്!

By രമണി പി വിFirst Published May 23, 2018, 6:51 PM IST
Highlights
  • മദ്യപന്റെ ഭാര്യയ്ക്ക് മാത്രം മനസ്സിലാകുന്ന ഗതികേടുകള്‍ 
  • രമണി പി വി എഴുതുന്നു

മദ്യപിക്കുന്നവര്‍ക്ക് അതൊന്നും വിഷയമല്ല. ആദ്യമൊക്കെ അവര്‍ക്ക് കുറ്റബോധം ഉണ്ടാകും.  മാപ്പ് പറച്ചില്‍, തലയില്‍ തൊട്ട് സത്യം ചെയ്യല്‍, നമ്മള്‍ പ്രതീക്ഷിക്കും.  ഇനിയുണ്ടാവില്ല,  പോട്ടെ സങ്കടങ്ങളൊക്കെ തീര്‍ന്നെന്ന്, കൂടുതല്‍ക്കൂടുതല്‍ മദ്യാസക്തരാകും തോറും അവര്‍ എല്ലാം മറക്കും. കുറ്റബോധവും, മാപ്പ് പറച്ചിലും ഒന്നും ഇല്ലാതാകും.​

കുരിയിച്ചിറക്കാരി, മോളിക്കുട്ടിക്ക്.......

ഇന്ന്, ഓര്‍മ്മദിനമല്ലേ മോളിക്കുട്ടീ. നീയും മക്കളും പള്ളിയില്‍ പോയിരിക്കും. എന്താണ് അയാള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചിരിക്കുക? എനിക്കറിയില്ലല്ലോ നിന്റെ മനസ്സിലെ പ്രാര്‍ഥനകള്‍. എനിക്ക് പ്രാര്‍ത്ഥനകളേ ഇല്ലല്ലോ.  അങ്ങിനെ ഒരാശ്രയം പോലും ഞാനില്ലാതാക്കിയിരിക്കയാണ്.

എന്നാലും ഒന്നെനിക്കറിയാം,  നീ അയാളോട് ചോദിച്ചിരിക്കും, എന്തിനാണ് എന്നെയും മക്കളെ തനിച്ചാക്കി പോയത് എന്ന്. ഉറപ്പാണ്.

ഞാനും നീയും, അതുപോലെ ഒരുപാട് പെണ്ണുങ്ങള്‍ ഇങ്ങിനെ ചോദിച്ചു കൊണ്ടിരിക്കും, സ്വയം. ഉത്തരം കിട്ടില്ലെന്നറിഞ്ഞിട്ടും.

ഏട്ടനെ നാലാമത്തെ ഐസിയുവിലേക്ക് മാറ്റിയത് ഒരുച്ച നേരത്തായിരുന്നു, മുറിയുടെ വാതില്‍ അടഞ്ഞതോടെ ഒന്നും ചെയ്യാനില്ലാതെ ഞാന്‍ കസേരയിലേക്കിരുന്നു, ഇടുങ്ങിയ ഒരു ഇടനാഴിയാണ് ഐസിയുവിനു മുന്നില്‍. ഒരുപാടാളുകളും.

നിര്‍വ്വികാരമായ മുഖങ്ങളോടെ, കരയുന്നവരും, കല്ലുപോലിരിക്കുന്നവരും, അവരവരുടെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി നിശബ്ദമായി പ്രാര്‍ഥിക്കയാണ്. 

അപ്പോഴാണ് ഞാന്‍ അവരെ കണ്ടത് കയ്യിലൊരു ജപമാലയും കൊണ്ട് അവരിങ്ങിനെ വേച്ചുവേച്ചു ആളുകള്‍ക്കിടയിലൂടെ നടക്കുന്നു. എന്റെ പ്രായം തന്നെയാകും, അനുജത്തിയെന്നു തോന്നുന്ന ഒരു പെണ്‍കുട്ടി അവര്‍ക്ക് പിന്നാലെ നടക്കുന്നുണ്ട്.

ഓരോ മണികളും എണ്ണിയെണ്ണി അവര്‍ പ്രാര്‍ത്ഥിക്കയാണ്, എന്തായിരിക്കും ആ പ്രാര്‍ത്ഥന?

ഒരു ചെറിയ സോഫയുണ്ട് ആ ഇടനാഴിയില്‍. അതില്‍ എന്റെ ചെറിയ മകന്‍ ചുരുണ്ട് കിടക്കും. എല്‍എല്‍ ബിക്കു പഠിക്കുന്ന പതിനെട്ടു വയസ്സുള്ള ഒരു യുവാവാണ്. അവനെ കണ്ടാല്‍ ഒരു കൊച്ചു കുട്ടി കിടക്കുന്ന പോലെ. അവന്‍ ആരോടും ഒന്നും മിണ്ടില്ല. ഒന്നും കഴിക്കില്ല.  അച്ഛന്‍ എവിടെയാണോ ആ മുറിക്ക് മുന്നിലിങ്ങിനെ ചുരുണ്ട് കിടക്കും. എനിക്കത് കാണാന്‍ വയ്യാത്ത കാഴ്ച്ച ആയിരുന്നു. രണ്ടാമത്തെ മകനും ഉണ്ട് ആ സമയത്ത് പനിയായിട്ട്. ഒരാള്‍ മുറിയിലും, ഒരാള്‍ ഐസിയുവിലും.

ഞാന്‍ പിടയുമ്പോള്‍ ആ സ്ത്രീ എന്റെ അടുത്ത് വന്നിരുന്നു കരയാന്‍ തുടങ്ങി....

എന്തൊക്കെയാണ് നമ്മള്‍ ജീവിതത്തില്‍ സഹിക്കുക? 

പിന്നിട്ട കാലത്തേക്ക് നോക്കുമ്പോള്‍ നമ്മള്‍ അതിശയിക്കും, നാം തന്നെയാണോ അതൊക്കെ അനുഭവിച്ചത് എന്ന്.

അവരുടെ അനുജത്തി എന്റെ അടുത്ത് വന്നിരുന്നു.

'ഒരാഴ്ചയായി ചേച്ചി ഇങ്ങിനെ നടക്കുന്നു. ഏട്ടനെ ഇതിനുള്ളില്‍ ആക്കിയപ്പോള്‍ മുതല്‍. എട്ടന് ജീവന്‍ ഉണ്ടോ എന്നു പോലും അറിയില്ല ചേച്ചീ. തൊലിയൊക്കെ പോളിത്തീന്‍ കവര്‍ പോലെ'.

 ആ കുട്ടി പറഞ്ഞപ്പോള്‍ ഞാന്‍ ഒന്നും മിണ്ടാതെ...

പിന്നീട്. നേരം പാതിരാ ആയിരിക്കും, ആളുകളൊക്കെ ഒഴിഞ്ഞുപോയി. കസേരകളില്‍ കൊള്ളുന്നവര്‍ മാത്രം. മകന്‍ അപ്പോഴും കണ്ണടച്ച് കിടപ്പാണ്. അവന്‍ എന്തായിരിക്കും ഓര്‍ക്കുന്നത്? കുട്ടിക്കാലം തൊട്ടുള്ള ഓര്‍മ്മകള്‍ ഓര്‍തെടുക്കുകയാകും.

ലോ കോളേജില്‍ ചേര്‍ന്നപ്പോഴാണ് വയലിന്‍ പഠിക്കണം എന്നവന്‍ പറഞ്ഞത്. ഏട്ടനാണ് അവനു വയലിന്‍ വാങ്ങിക്കൊണ്ടു വന്നത്.

സന്ധ്യാ സമയത്ത് ഞങ്ങളുടെ വലിയ വീട്, ഒരു വലിയ വിഷാദം പേറി...

മറികടക്കാനാകാത്ത വിഷാദ സന്ധ്യകള്‍. എത്ര വെളിച്ചം കത്തിച്ചാലും നേരിയ ഇരുട്ടാണ്.

ആ സമയത്ത് അവന്‍ അവന്റെ മുറിയിലിരുന്നു വയലിന്‍ പ്രാക്ടീസ് ചെയ്യും. ഞാനും ഏട്ടനും ഇപ്പുറത്തെ മുറിയിലിരുന്നു കേള്‍ക്കും. എപ്പോഴും നേരിയ വിഷാദ രാഗങ്ങള്‍ ആണ് അവന്‍ വായിക്കുക. എത്ര മധുരമുള്ളതായിരുന്നു ആ സന്ധ്യകള്‍! ഇനി ഞങ്ങളുടെ ജീവിതത്തില്‍ ഒരിക്കലും, എന്ന് ഞാന്‍ ഓര്‍ത്തതും അവന്‍ കണ്ണ് തുറന്നു എന്നെ നോക്കി.

അവനും ഇത് തന്നെയാകും ഇപ്പോള്‍ ചിന്തിച്ചത് എന്ന് ഞാന്‍ പിടയുമ്പോള്‍ ആ സ്ത്രീ എന്റെ അടുത്ത് വന്നിരുന്നു കരയാന്‍ തുടങ്ങി....

ഞാനവരുടെ കയ്യ് പിടിച്ചു അമര്‍ത്തി. എനിക്കൊന്നും ആശ്വസിപ്പിക്കാന്‍ അറിയുമായിരുന്നില്ല. പിന്നെ അവര്‍ പറഞ്ഞു, മൂന്നു പെണ്‍കുട്ടികളാണ്. അവര്‍ക്ക് അപ്പനില്ലാതെ... ഓര്‍ക്കാന്‍വയ്യ, അവര്‍ക്ക് ജോലിയുണ്ട് അയാള്‍ക്ക് സ്വര്‍ണ്ണക്കടയാണ് നഗരത്തില്‍.

എത്ര സന്തോഷത്തോടെ ജീവിക്കേണ്ട മനുഷ്യരാണ് ഞങ്ങളൊക്കെ. ഒരാളുടെ സ്വന്തം അര്‍മാദങ്ങള്‍ കൊണ്ട് കുടുംബം മുഴുവന്‍ കുറ്റവാളികളെ പോലെ തല താഴ്ത്തി ജീവിതം മുഴുവനും.

അയാള്‍ മദ്യപിക്കും. പക്ഷെ ഇത്രക്കും മോശമായ രോഗാവസ്ഥ അവര്‍ക്ക് അറിയുമായിരുന്നില്ല. അയാള്‍ ചികിത്സയ്‌ക്കൊക്കെ കൂട്ടുകാരെ കൂട്ടിയാണ് പോകുക.

ഞാനതിശയിച്ചു പോയി, ഓരോ ഘട്ടങ്ങളിലും ഞാനും മക്കളും കടന്ന് പോന്ന അനുഭവിച്ച കഠിനതകള്‍ ഒന്നിച്ച് തലയിലേക്ക് ഇരച്ചു കയറി വന്ന് നിശ്്ശബ്ദയാക്കപ്പെട്ട് ചലനമറ്റിരുന്നു.

നടന്നു വീട്ടില്‍ നിന്നും വന്നതാണ് ചേച്ചീ, നടത്തി ഒന്ന് വീട്ടില്‍ കൊണ്ടുപോയി പിറ്റേന്ന് മരിച്ചോട്ടെ, അയാളുടെ വീട്ടുകാര്‍ പറയും ഒരസുഖവും ഇല്ലാത്ത ആളായിരുന്നു ഞാന്‍ കൊണ്ട്‌പോയി കൊല്ലിച്ചു എന്ന്...അവര്‍ പറഞ്ഞു കൊണ്ടേയിരുന്നു.

അയാള്‍ മദ്യപിക്കും. പക്ഷെ ഇത്രക്കും മോശമായ രോഗാവസ്ഥ അവര്‍ക്ക് അറിയുമായിരുന്നില്ല

മദ്യപന്റെ ഭാര്യയ്ക്ക് മാത്രം മനസ്സിലാകുന്ന ഗതികേടുകള്‍ പറഞ്ഞ് അവരെന്റെ ചുമലില്‍ വീണു കരയാന്‍ തുടങ്ങി.

ചേച്ചീ... ഞാന്‍ കരുതി എനിക്ക് മൂന്നു പെണ്‍കുട്ടികള്‍ അല്ലേ, അതുകൊണ്ടാണ് പുള്ളി ഇങ്ങിനെ ആയതെന്ന്... ചേച്ചിക്കിപ്പോള്‍ മൂന്ന് ആണ്‍ മക്കള്‍ അല്ലേ...ആ വേദനയിലും ഞാന്‍ ചിരിച്ചുപോയി.

മദ്യപിക്കുന്നവര്‍ക്ക് അതൊന്നും വിഷയമല്ല. ആദ്യമൊക്കെ അവര്‍ക്ക് കുറ്റബോധം ഉണ്ടാകും.  മാപ്പ് പറച്ചില്‍, തലയില്‍ തൊട്ട് സത്യം ചെയ്യല്‍, നമ്മള്‍ പ്രതീക്ഷിക്കും.  ഇനിയുണ്ടാവില്ല,  പോട്ടെ സങ്കടങ്ങളൊക്കെ തീര്‍ന്നെന്ന്, കൂടുതല്‍ക്കൂടുതല്‍ മദ്യാസക്തരാകും തോറും അവര്‍ എല്ലാം മറക്കും. കുറ്റബോധവും, മാപ്പ് പറച്ചിലും ഒന്നും ഇല്ലാതാകും.

മുപ്പത്തിയെട്ടു വയസ്സുമുതല്‍ മദ്യപാനം രോഗമാണെന്നറിഞ്ഞ് ഞാനും മക്കളും ചികിത്സിക്കുന്നതാണ്. ദാ കിടക്കുന്നു അമ്പത്തി മൂന്നാം വയസ്സില്‍ മരിക്കാന്‍...

എനിക്ക് ലോകത്തോട് മുഴുവന്‍ ദേഷ്യം തോന്നി,  ആ പാതിരാത്രിയില്‍ എവിടെയൊക്കെയോ ഉള്ള രണ്ടു സ്ത്രീകള്‍ ഗതിയില്ലാതെ പരസ്പരം ആശ്വസിപ്പിക്കാന്‍ പോലുമാകാതെ കണ്ണുനീര്‍ വാര്‍ക്കുന്നതിന്റെ ഗതികേട് ഓര്‍ത്ത്. 

വരുന്നത് നമുക്ക് സഹിക്കാം. പക്ഷെ നിങ്ങള്‍ വരുത്തി വെക്കുന്നതിനു ഒരു ന്യായീകരണവും ഇല്ല. കൂടെ കൂട്ടിയവരെ മറക്കരുത്. ജീവിതം അര്‍മാദിക്കുമ്പോള്‍ അവരെ മറക്കരുത്.

ഒരുപാട് സ്‌നേഹം ഉണ്ടായിട്ടും, എനിക്ക് നല്ല മുഹൂര്‍ത്തങ്ങളിലൊന്നും കൂടെയില്ലല്ലോ, മക്കളുടെ നല്ലതൊന്നും കാണാന്‍ ഇല്ലല്ലോ എന്നോര്‍ക്കുമ്പോള്‍ വെറുപ്പ് തോന്നാറുണ്ട്.

.പ്രിയപ്പെട്ട മോളിക്കുട്ടീ,

നീയെന്നെ മറന്നു കാണും ഞാന്‍ ഓരോ വര്‍ഷവും ഈ ദിവസങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നിന്നെ ഓര്‍ക്കുന്നു. നിന്നെ മാത്രമല്ല എന്നെയും നിന്നെയും പോലെ നിസ്സഹായരായി ജീവിതം കാല്‍ച്ചുവട്ടില്‍നിന്നും ഒഴുകി നീങ്ങുമ്പോഴും, ഒന്നും മിണ്ടാനാകാതെ ഒന്നും ചെയ്യാനാകാതെ നിന്ന ഒരുപാട് പെണ്ണുങ്ങള്‍ ഉണ്ടിവിടെ, അവരെയൊക്കെ ഓര്‍ക്കുന്നു. അങ്ങിനെ ഈ പന്ത്രണ്ടാം വാര്‍ഷികം ഞാന്‍ മദ്യപിച്ചു മരിച്ചവരുടെ, ജീവിച്ചിരിക്കുന്ന മദ്യപന്‍മാരുടെ വിധവകള്‍ക്കായി സമര്‍പ്പിക്കട്ടെ.

(ചോദ്യങ്ങളും ഉത്തരങ്ങളുമില്ലാത്ത ചിലരുടെ മാത്രം ഗതികേടുകള്‍)

click me!